നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ഫെബ്രുവരി 16, 2014

എന്തേ നമ്മളിങ്ങനെയൊക്കെ ആവുന്നേ.....!!!???


അബൂദാബിയിലെ റൂമിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ അഞ്ച് നേരവും നമസ്കാരത്തിനെത്തുന്ന ഒരു സഹോദരനുമായി പരിചയപ്പെട്ടു.... ദിവസങ്ങള്‍ കൊണ്ട് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു....  ഒരു ദിവസം സിറ്റിയില്‍ പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ അവനുമുണ്ട് ബസ് സ്റ്റോപ്പില്‍ .... ബസ് വന്നപ്പോള്‍ രണ്ട് പേരുടേയും ചില്ലറ ഞാനിടാമെന്നു പറഞ്ഞു (അബൂദാബിയില്‍ ബസ്സില്‍ സ്ഥാപിച്ച ഒരു പെട്ടിയില്‍ ചില്ലറ നിക്ഷേപിക്കുന്ന രീതിയാണ് നിലവിലുള്ളത്)...ഉടനെ അവനെന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു, വേണ്ട എന്റെ കയ്യില്‍ ബസ് കാര്‍ഡുണ്ട്..... ബസ്സില്‍ ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ഒരു കൗതുകത്തിന് അവന്റെ കാര്‍ഡ് ഒന്ന് വാങ്ങി നോക്കി.... വളരെ ഫ്രഷ്... ഒരു ഡെയ്റ്റും സ്‌ക്രാച്ച് ചെയ്തതായി കാണുന്നില്ല (ഒരു മാസമാണ് കാര്‍ഡുകളുടെ കാലാവധി, ആദ്യം ഉപയോഗിക്കുന്ന അന്നത്തെ തിയ്യതി സ്ക്രാച്ച് ചെയ്യണം എന്നാണ് നിയമം, ഇപ്പോള്‍ ഈ തട്ടിപ്പ് തടയാല്‍ വില്പന കൗണ്ടറില്‍ നിന്ന് തന്നെ സ്‌ക്രാച്ച് ചെയ്തിട്ടാണ് കൊടുക്കാറ്)...ഞാന്‍ ചോദിച്ചു..ഇതെന്താ ഇങ്ങനെ...?? ഉടനെ വന്നു പുഞ്ചിരിയോട് കൂടി അവന്റെ മറുപടി.... ആരെങ്കിലും ചെക്കിങ്ങിന് വരുമ്പോള്‍ സ്‌ക്രാച്ച് ചെയ്താല്‍ മതിയല്ലോ...അത്രയും കാലം ഉപയോഗിക്കാമല്ലോ.... ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്‌തബ്‌ധനായിപ്പോയി.... അഞ്ചുനേരം മുറതെറ്റാതെ നമസ്കരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണോ ഇത് കേള്‍ക്കുന്നത്....?? "നിശ്ചയം, നമസ്‌കാരം തിന്മകളില്‍ നിന്നും മ്ലേച്ചതകളില്‍ നിന്നും തടയുന്നു" എന്ന സൂറ: അന്‍‌കബൂത്തിലെ നാല്പത്തി അഞ്ചാം വചനം എന്റെ മനസ്സിലൂടെ കടന്ന് പോയി..... 'അവിഹിതമായി സമ്പാദിച്ച ഒരു ദിര്‍ഹമെങ്കിലും ആരുടേയെങ്കിലും സമ്പാദ്യത്തിലുണ്ടെങ്കില്‍ അവന്‍ അനുഷ്ടിക്കുന്ന ഒരു കര്‍മ്മവും അല്ലാഹു സ്വീകരിക്കില്ല' എന്ന പ്രവാചക വചനവും ഞാനോര്‍ത്തു..... നാമെല്ലാവരും നമസ്കരിക്കുന്നു... പക്ഷെ, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കടന്നുവരുന്ന തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആ നമസ്കാരം നമ്മെ പ്രാപ്തരാക്കുന്നില്ല എന്നാണെങ്കില്‍ നമ്മുടെ നമസ്കാരത്തിന് എന്തോ പാളിച്ചകളുണ്ട്.... ഓഫീസുകളില്‍ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നവര്‍... കച്ചവടത്തില്‍ അവിഹിതമായി പണം കൊയ്യുന്നവര്‍ .... അനാവശ്യവും അശ്ലീലവുമായവ കേള്‍ക്കുകയും കാണുകയും ചെയ്യുന്നവര്‍ ...... പരദൂഷണം ശീലമാക്കിയവര്‍.... പരസ്പരം ശകാരിക്കുകയും തെറിപറയുകയും ചെയ്യുന്നവര്‍ .... തന്റെ കീഴിലെ തൊഴിലാളികളോട് മാന്യമായി പെരുമാറാത്തവര്‍ .....പലിശ ഭുജിക്കുന്നവര്‍ ..... മദ്യം സേവിക്കുന്നവര്‍ ...പരസ്ത്രീ/പുരുഷ ഗമനം നടത്തുന്നവര്‍ ..... തിന്മകളൂടെ ഒരു വലിയ നിര തന്നെ നമ്മുടെ മുന്നിലുണ്ട്.... നാം അനുഷ്ടിക്കുന്ന നമസ്കാരവും മറ്റ് കര്‍മ്മങ്ങളും ഇത്തരം തിന്മകളില്‍ നിന്ന് നമ്മെ തടയുന്നില്ല എന്നാണെങ്കില്‍ നമ്മുടെ ജീവിതത്തെ കുറിച്ചും, വരാനിരിക്കുന്ന വിചാരണയെ കുറിച്ചും നാമൊരു പുനരാലോചനക്ക് തയ്യാറാകേണ്ടതുണ്ട്.
*******************************************************

നമുക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് മറവി..... അതില്ലായിരുന്നുവെങ്കില്‍ ഒരു വേള, നാം നീറി നീറി മരിച്ച് പോകുമായിരുന്നു.... നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പ്പാടുകളും, അപകടങ്ങളുമെല്ലാം മറക്കുന്നത് കൊണ്ടാണ് ചിലപ്പോഴെങ്കിലും നാം മുന്നോട്ട് പോകുന്നത് തന്നെ.... പക്ഷെ, പലപ്പോഴും സ്വന്തത്തെ കുറിച്ചും, വരാനിരിക്കുന്ന മരണത്തെ കുറിച്ചും, ശേഷമുള്ള വിചാരണയെ കുറിച്ചുമെല്ലാം നാം മറക്കുന്നു എന്നിടത്താണ് ഈ 'മറവി' അപകടകാരിയായി മാറുന്നത്.... അഥവാ അല്ലാഹുവിനെ കുറിച്ച് തന്നെ നാം മറന്ന് പോകുന്നു.... വളരെ സന്തോഷത്തിലാണ് നാം പലപ്പോഴും ..... കുടുംബത്തേയും കുട്ടികളേയും കൂട്ടി പുറത്ത് പോകുന്നു.... ഉല്ലസിക്കുന്നു.... ആഹ്ലാദകരമായ ആസ്വാദനങ്ങളില്‍ മുഴുകുന്നു..... എല്ലാം സന്തോഷപ്രദമായ കാര്യങ്ങള്‍ ..... ഒരു പക്ഷെ, നാളെ നേരം പുലര്‍ന്നാല്‍, അല്ലെങ്കില്‍ അടുത്തമാസം, അടുത്തവര്‍ഷം എന്ത് സംഭവിക്കും എന്നുള്ള വിവരം മുന്‍‌കൂട്ടി അറിയാനുള്ള ശേഷി അല്ലാഹു നമുക്ക് നല്‍കിയിരുന്നുവെങ്കില്‍ നാമൊന്നും ഇത്രമാത്രം ആഹ്ലാദിക്കില്ലായിരുന്നു.... അഥവാ....തീര്‍ത്തും അനിശ്ചിതത്വം നിറഞ്ഞതാണ് നമ്മുടെ ജീവിതം..... നമ്മുടെ ചുറ്റുപാടുകളില്‍, നമുക്ക് വേണ്ടപ്പെട്ടവരില്‍ നാം അറിയുന്ന ഒരുപാട് പരീക്ഷണങ്ങളൂണ്ട്..... ഒരു സുപ്രഭാതത്തില്‍ പ്രിയപ്പെട്ടവര്‍ മരണത്തിന് കീഴടങ്ങിയ അനുഭവങ്ങള്‍ ..... മാരകമായ അപകടങ്ങളാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ ..... ഗുരുതരമായ അസുഖങ്ങള്‍ കൊണ്ട് നീറി നീറി കഴിയുന്നവര്‍ ..... കടുത്ത സാമ്പത്തിക പ്രതിസന്ധികളും അസുഖങ്ങളുമെല്ലാം ഒരേസമയം അനുഭവിക്കുന്നവര്‍ ..... ഓടിച്ചാടി നടക്കേണ്ടുന്ന പ്രായത്തില്‍ തന്നെ അനങ്ങാനാവാതെ കിടപ്പിലായവര്‍ ...... ഇനിയുമിനിയും എത്രയോ.... നമുക്കറിയില്ല, നാളെ നേരം പുലരുമ്പോള്‍ ഇതുപോലുള്ള എന്ത് വാര്‍ത്തയാണ് നമ്മെ തേടിയെത്താനിരിക്കുന്നത് എന്ന്.... സമ്പത്തിന്റെ പളപളപ്പില്‍ തിളക്കുമ്പോള്‍ നാളെ ദാരിദ്ര്യവും അസുഖങ്ങളും കൊണ്ട് പരീക്ഷിക്കപ്പെട്ടേക്കാം എന്ന ഒരു ചിന്തപോലും നമ്മെ അലട്ടുന്നില്ല.....!!! എന്റെ മരണവാര്‍ത്ത കേട്ടുകൊണ്ടായിരിക്കാം നാളെ നേരം പുലരുന്നത് , ഞാനില്ലാത്ത, എനിക്കൊന്നുമറിയാന്‍ സാധ്യമല്ലാത്ത ഈ ലോകത്ത് എന്റെ പ്രിയപ്പെട്ടവര്‍ തേങ്ങിക്കരയുമ്പോള്‍ ഒന്നും ഉരിയാടാനാവാതെ, അവരെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാവാതെ ഞാന്‍ നിസ്സഹായനായിരിക്കും എന്ന് നാം ചിന്തിക്കുന്നുപോലുമില്ല.... ഞാനകപ്പെട്ട ഭയാനകമായ ഒരു അപകടത്തിന്റെ വാര്‍ത്തയുമായിട്ടായിരിക്കാം നാളത്തെ പ്രഭാത പത്രങ്ങള്‍ പുറത്തിറങ്ങുന്നത് എന്ന് നാം ഓര്‍ക്കുന്നുപോലുമില്ല.... കേവലമൊരു പനിയുടെ പേരില്‍ ഡോക്ടറെ കാണാനിരിക്കുന്ന എനിക്ക് മാരകമായ അസുഖത്തെ കുറിച്ചുള്ള വിവരമായിരിക്കാം അവിടെ നിന്ന് ലഭിക്കുന്നത് എന്ന് നാം ആലോചിക്കുന്നുപോലുമില്ല..... അഥവാ, അതെല്ലാം മറ്റുള്ളവര്‍ക്ക്, എന്റെ കാര്യത്തില്‍ അതൊന്നും ബാധകമല്ല എന്നൊരു ഭാവത്തിലാണ് നാം നാളുകള്‍ കഴിച്ച് കൂട്ടുന്നത്.... പക്ഷെ, അത് നമ്മുടെ ഒരു 'അമിത വിചാരം' മാത്രമാണെന്ന് നമുക്കുതന്നെ നന്നായറിയാം.... അതുകൊണ്ട്, ഞാനെന്തെ ഇങ്ങനെയൊക്കെ ആയിപ്പോകുന്നൂ എന്ന് ചിന്തിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഇനിയും വൈകിക്കൂടാ.... "അല്ലാഹുവെ സൂക്ഷിക്കുക, നീ എവിടെയാണെങ്കിലും" (മുഹമ്മദ് നബി)

ഞായറാഴ്‌ച, ഡിസംബർ 15, 2013

ഫെയ്‌ക് പ്രൊഫൈല്‍

ആദ്യം അയാള്‍ സൃഷ്ടിച്ചത്
ഒരു ഫെയ്‌ക് പ്രൊഫൈല്‍ ആയിരുന്നു.
അതിന്റെ പ്രഥമ 'ഫോളോവറാ'യി
ഒറിജിനലിനെ പടച്ചു.
അവര്‍ക്കിടയിലൊരു പാലമായ്

ഒരു പറ്റം മ്യൂചല്‍ ഫ്രണ്ടുകളേയും ചേര്‍ത്തു.
    
    
      ഒടുവിലയാള്‍ ഫെയ്‌കിനെ കൊന്നു
      എന്നിട്ടവന്റെ പ്രൊഫൈല്‍ ചിത്രത്തിനുതാഴെ
      ഒറിജിനലിന്റെ വക ഒരനുശോചനക്കുറിപ്പും
      എവിടുന്നെന്നറിയാതെ കമന്റുകള്‍ കുമിഞ്ഞുകൂടി
      ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ ...!!!
      എണ്ണിത്തീരാത്ത നന്മകള്‍ ....!!!

സ്വന്തത്തെ കുറിച്ച നന്മകളുടെ
കൂമ്പാരം കണ്ടപ്പോള്‍
ഒറിജിനലിനൊരു സന്ദേഹം
ഞാന്‍ ഒറിജിനലോ അതോ ഫെയ്‌കോ ...??


ഞായറാഴ്‌ച, നവംബർ 17, 2013

സാജിദ് ഓര്‍മ്മയായി

കഴിഞ്ഞ നവംബര്‍ 13 ന് മരണപ്പെട്ട സഹോദരന്‍ സി.എച്ച് മുഹമ്മദ് സാജിദിനെ കുറിച്ചുള്ള ഒരു അനുസ്മരണ കുറിപ്പാണ് ഇതോടൊപ്പം ഉള്ളത് ...സി.എച്ച് അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ മൂത്ത മകനായ സാജിദ് സജീവ ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു ...മൂന്ന് മക്കളാണ് സാജിദിന്.



സാജിദ് ....എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന്റെ പ്രിയങ്കരനായ മകന്‍ ..... അവന്‍ ഇന്ന് ഈ ഭൂമിയിലില്ല എന്ന് സ്വന്തത്തെ വിശ്വസിപ്പിക്കാന്‍ പാട് പെടുകയാണ്.... അതെ, ഒരു മനുഷ്യായുസ്സില്‍ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ നിറ യൗവ്വനത്തില്‍ തന്നെ പൂര്‍ത്തീകരിച്ച് കൊണ്ടാണ് അവന്‍ മടങ്ങിയത്.... പരിചയപ്പെട്ട ആര്‍ക്കും നല്ലതല്ലാതെ ഒന്നും പറയാന്‍ അവന്‍ ഇട നല്‍കിയില്ല... വശ്യമായ പുഞ്ചിരിയും , ഹൃദ്യമായ ഇടപെടലും, നര്‍മ്മത്തില്‍ ചാലിച്ച സംസാരവും കൊണ്ട് നീ ഹൃദയങ്ങള്‍ കീഴടക്കി.... എന്നെ ഏല്പിച്ച ഒന്നും പൂര്‍ത്തീകരിക്കപ്പെടാതെ ഭൂമിയിലുണ്ടാവരുത് എന്ന നിന്റെ ദൃഡനിശ്ചയമായിരിക്കാം ഒരു പക്ഷെ ദിവസങ്ങള്‍ക്ക് ശേഷം മലപ്പുറത്ത് നടക്കേണ്ടുന്ന വെല്‍ഫയര്‍ പാര്‍ട്ടിയുടെ പരിപാടിയുടെ പോസ്റ്ററുകള്‍ മരണത്തിന് മുമ്പ് തന്നെ സ്വന്തമായി മലപ്പുറം വരെ പോയി പതിക്കാന്‍ നിനക്ക് പ്രചോദനമായത്.... നീ മാതൃകയായിരുന്നു...നമ്മുടെ കുടുംബത്തിനും സമൂഹത്തിനും...വ്യക്തിജീവിതത്തില്‍ ആത്മീയ വിശുദ്ധി കാത്ത് സൂക്ഷിക്കേണ്ടതെങ്ങനെ, കുടുംബ ജീവിതം സുന്ദരമാക്കേണ്ടത് എങ്ങനെ, മക്കളെ എങ്ങനെ വളര്‍ത്തണം..... എല്ലാം നീ കാണിച്ച് തന്നു...നിന്റെ മൂന്ന് കുഞ്ഞു മക്കള്‍ അതിന്റെ നേര്‍ സാക്ഷ്യങ്ങളാണ്.... എന്നിട്ട് ചുറ്റുമുള്ളവര്‍ പൊട്ടിക്കരഞ്ഞപ്പോള്‍ പുഞ്ചിരിച്ച് കൊണ്ട് ശാന്തനായി നീ നിന്റെ നാഥങ്കലേക്ക് യാത്രയായി.... വെണ്ണയില്‍ നിന്ന് നൂല് വലിച്ചൂരുന്നത് പോലെ മൃദുവായിട്ടായിരിക്കണം അല്ലാഹുവിന്റെ മലക്ക് നിന്റെ ആത്മാവിനെ സ്വീകരിച്ചിട്ടുണ്ടാവുക...അതുകൊണ്ടായിരിക്കുമല്ലോ നിന്റെ കൂടെ ഉറങ്ങാന്‍ കിടന്നവര്‍ക്ക് പോലും നീ ഒരു സൂചന നല്‍കാതിരുന്നത്.....

ഞായറാഴ്‌ച, ജൂൺ 23, 2013

ജീവിതത്തെ പുതുക്കി പണിയാന്‍ ഇനിയും മടിക്കുന്നതെന്തിന് ?

                           
ജീവിതത്തെ ആത്മീയ-ധാര്‍മ്മിക പാതയിലൂടെ പുതുക്കി പണിയാന്‍ നാം പലപ്പോഴും തീരുമാനമെടുക്കാറുണ്ട്. അതിനുവേണ്ടി അടുത്ത വരുന്ന ഏതെങ്കിലും ദിവസമോ സന്ദര്‍ഭമോ നാം കണക്കുകൂട്ടി വെക്കുകയും ചെയ്യും. എന്നാല്‍ പലപ്പോഴും ഇത്തരം കണക്കുകൂട്ടലുകളും ആഗ്രഹങ്ങളും നടപ്പിലാകാതെ പോകാറാണ് പതിവ്. ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പിട്ട് നിലവിലെ ജീവിത രീതികള്‍ മാറ്റം വരുത്താനാകാതെ വീണ്ടും പഴയ പോലെ തന്നെ നാം മുന്നോട്ടു നീങ്ങുകയും ചെയ്യും. 
ഒഴുക്കിനൊത്ത് നീന്തുന്ന ചണ്ടികളാകാതെ സ്വന്തം തീരുമാനങ്ങളെ നടപ്പിലാക്കാന്‍ ശേഷിയുള്ളവരായി മാറാന്‍ നമുക്ക് കഴിയണം. മണ്ണിനടിയില്‍ കുഴിച്ചു മൂടപ്പെട്ട വിത്തുകള്‍ ഭൂമിയുടെ മാറിടം കീറി അവയുടെ വഴികണ്ടെത്തുന്നു. ചേറില്‍ കിടക്കുന്ന വിത്തുകള്‍ ചളിവെള്ളത്തില്‍ വളര്‍ന്ന് വര്‍ണ്ണാഭമായ പൂക്കള്‍ ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ, ചുറ്റുപാടുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ മനുഷ്യനുമാകണം. സമയത്തെ കൃത്യമായി നിയന്ത്രിക്കാനും പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്താനും സാധിച്ചാല്‍ പ്രതികൂല സാഹചര്യത്തിലും മാന്യമായ ജീവിത രീതി പിന്തുടരാന്‍ നമുക്ക് കഴിയും.

ബുധനാഴ്‌ച, മാർച്ച് 27, 2013

സമ്പാദ്യം അവിഹിതമാകുമ്പോള്‍




"എല്ലാ സമൂഹങ്ങള്‍ക്കും ഓരോ പരീക്ഷണമുണ്ട്; എന്റെ സമൂഹത്തിന്റെ പരീക്ഷണം സമ്പത്താകുന്നു" (മുഹമ്മദ് നബി)
                                 മനുഷ്യ സമൂഹം എല്ലാ കാലഘട്ടങ്ങളിലും സാമ്പത്തിക സുസ്ഥിതിക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്, ഉള്ളവന്‍ കൂടുതല്‍ സമ്പാദിക്കാനും ഇല്ലാത്തവന്‍ അത് ഉണ്ടാക്കിയെടുക്കാനും മത്സരിച്ച് കൊണ്ടിരിക്കുന്നു.പലപ്പോഴും ഹറാം - ഹലാലുകള്‍ പോലും പരിഗണിക്കാതെ സാമ്പത്തിക സ്വപ്നങ്ങളുമായി ഓടിനടക്കുന്നവര്‍ മുകളിലുദ്ധരിച്ച പ്രവാചക വചനം ഒന്ന് ശ്രദ്ധിക്കുക. ദാരിദ്ര്യം എപ്രകാരം ഒരു വ്യക്തിക്ക് പരീക്ഷണമായി തോന്നുന്നുവോ, അതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ പരീക്ഷണമാണ് സമ്പാദ്യം എന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതുണ്ട്. ഇസ്‌ലാം സന്തുലിതമായ ഒരു ജീവിതക്രമമാണ് മുന്നോട്ട് വെക്കുന്നത്. ഐഹികജീവിതത്തെ ആസക്തിയോടെ വാരിപ്പുണരുന്നതും തീര്‍ത്തും നിരാകരിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല.ഇരുലോകത്തോടും നീതി പുലര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കുമ്പോഴാണ് ഒരു വ്യക്തി വിജയം വരിക്കുന്നത്. അതില്‍ ഒന്നാം സ്ഥാനമാണ് സമ്പത്തിനുള്ളത്. സമ്പത്ത് സ്വയം ഒരുതിന്മയോ ശാപമോ അല്ല; മറിച്ച് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും പരീക്ഷണവുമാണത്. വിശുദ്ധഖുര്‍‌ആന്‍ അതിനെ കുറിച്ച് സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്.
"അറിയുവിന്‍, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും യഥാര്‍ഥത്തില്‍ പരീക്ഷണോപാധികള്‍ മാത്രമാകുന്നു.പ്രതിഫലം നല്‍കുന്നതിനായി അല്ലാഹുവിങ്കല്‍ വളരെയേറെയുണ്ട്."(അല്‍ അന്‍‌ഫാല്‍:28).

ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2012

ഫതഹുല്‍ മുഈനും കേരളീയ സുന്നികളും


കേരളത്തിലെ സുന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ പരിഗണിക്കപ്പെടുന്നതും , അംഗീകരിക്കപ്പെടുന്നതുമായ കര്‍മ്മശാസ്ത്ര ഗ്രന്ഥമാണ് ഫതഹുല്‍ മുഈന്‍ .ഷാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥം എന്ന് പ്രസാധകര്‍ തന്നെ പരിചയപ്പെടുത്തുന്ന ഇതിന്റെ കര്‍ത്താവ് ഷെയ്ഖ്‌ സൈനുദ്ധീന്‍ മഖ്തൂം ആണ്. ഇബ്രാഹീം പുത്തൂര്‍ ഫൈസി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഈ ഗ്രന്ഥം പരിശോധിച്ചതും അവതാരിക എഴുതിയതും സുന്നീ കൈരളിയുടെ അനിഷേധ്യ നേതാവ് ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ആണ്.പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളും ,കോട്ടുമല ടി.അബൂബക്കര്‍ മുസ്ലിയാരും ആശംസകള്‍ എഴുതിയ ഈ ഗ്രന്ഥം കേരളീയ സുന്നികളെ സംബന്ധിച്ചിടത്തോളം ഒട്ടും തള്ളിക്കളയാന്‍ സാധിക്കാത്തതുമാണ്‌. എന്നാല്‍ കേരളത്തിലെ സുന്നീ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ തര്‍ക്ക വിഷയങ്ങളായി തുടരുന്നതും ഇന്നും ഒരു മാറ്റവുമില്ലാതെ മുന്നോട്ടു പോകുന്നതുമായ ചില വിഷയങ്ങളിലെങ്കിലും ഈ ഗ്രന്ഥത്തിന്റെ നിലപാട് എന്താണ് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ത്ഥന ,ഖബര്‍ കെട്ടി പൊക്കല്‍ തുടങ്ങിയ ചില വിഷയങ്ങളില്‍ ഫതഹുല്‍ മുഈന്‍ എന്ത് പറയുന്നു എന്ന് പരിശോധിക്കാനുള്ള ഒരെളിയ ശ്രമം മാത്രമാണ് ഞാനിവിടെ നടത്തുന്നത്.
നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ത്ഥന:-
                                                കേരളത്തിലെ സുന്നീ വിഭാഗങ്ങള്‍ നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ഥനക്ക് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കുകയും അതിന്റെ പേരില്‍ ഇതര വിഭാഗങ്ങളുമായി നിരന്തര സംവാദങ്ങള്‍ നടന്നതുമൊക്കെ കഴിഞ്ഞ കാല ചരിത്രം.. അതിനെ കുറിച്ച് ഫതഹുല്‍ മുഈന്‍ പറയുന്നത് എന്താണെന്ന് നോക്കൂ... “നിസ്കാരത്തിന്റെ ഉടനെ പതുക്കെ ദിക്റും ദുആയും സുന്നത്താണ്.തനിച്ചു നിസ്കരിക്കുന്നവനും മഉമൂമും സ്ഥലത്തുള്ളവരെ പഠിപ്പിക്കണം എന്നോ തന്റെ പ്രാര്‍ത്ഥന കേട്ടുകൊണ്ടവര്‍ ആമീന്‍ ചൊല്ലണമെന്നോ ഉദ്ദേശമില്ലാത്ത പക്ഷം ഇമാമും ദിക്ര്‍ ദുആകള്‍ പതുക്കെ ആക്കുന്നതാണ് സുന്നത്ത്.അവ രണ്ടിന്റെയും ശ്രെഷ്ടതയില്‍ ധാരാളം നബി വചനങ്ങള്‍ വന്നിട്ടുണ്ട്.അതില്‍ കുറെയൊക്കെ എന്റെ 'ഇര്‍ഷാദുല്‍ ഇബാദ്' എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഉദ്ധരിച്ചിരിക്കുന്നു.അത് തേടി പിടിച്ചു പഠിക്കുക.അത് വളരെ ശ്രദ്ധേയമാണ്.

ബുധനാഴ്‌ച, ഓഗസ്റ്റ് 29, 2012

സെക്സും ദാമ്പത്യവും



അവലംബം :ഇസ്ലാം ഓണ്‍ ലൈവ്
ഡോ.യൂസുഫുല്‍ ഖറദാവി   
വിവ:അഹ്മദ് നസീഫ് തിരുവമ്പാടി
ദീനീ വിഷയങ്ങള്‍ പഠിക്കുന്നതിലും മനസിലാക്കുന്നതിലും ലജ്ജിക്കേണ്ടതില്ല. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) അന്‍സാരി സ്ത്രീകളെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിച്ചിരുന്നു. ആര്‍ത്തവം, പ്രസവരക്തം പോലുള്ള വിഷയങ്ങളെ സംബന്ധിച്ച് അവര്‍ പ്രവാചകനോട് സംശയം ചോദിച്ചിരുന്നു. നേരിട്ട് മുഖത്ത് നോക്കി കാര്യങ്ങള്‍ ചോദിക്കുന്ന രീതിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. എഴുതി ചോദിക്കുന്നതിനേക്കാളും ഫോണിലൂടെ ചോദിക്കുന്നതിനേക്കാളും പ്രയാസകരമാണ് നേരിട്ട് ചോദിക്കുകയെന്നത്. ലൈംഗിക വിദ്യാഭ്യാസം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. പ്രത്യേകിച്ചും ആധുനിക സാമൂഹികക്രമത്തില്‍. ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദുരീകരിക്കേണ്ടതുണ്ട്. അതിശയോക്തി കലരാതെ അത്തരം വിഷയങ്ങള്‍ പഠിതാക്കള്‍ക്ക് ലഭ്യമാവേണ്ടതുണ്ട്.
ദമ്പതികള്‍ക്കിടയിലെ ലൈംഗികതയുടെ ഗുണവും ദോഷവുമെല്ലാം ദാമ്പത്യ ജീവിതത്തില്‍ പ്രതിഫലിക്കുന്നതാണ്. അതിനെ പറ്റെ അവഗണിക്കുന്നതും അമിത പ്രാധാന്യം നല്‍കുന്നതും ജീവിതം ദുഷ്‌കരമാക്കും. ജീവിതത്തിലെ സുപ്രധാനമായ ഈ ഭാഗത്തെ ഇസ്‌ലാം അവഗണിച്ചിരിക്കുകയാണെന്ന് ചിലയാളുകള്‍ ധരിച്ചിട്ടുണ്ട്. ദീന്‍ എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ നിന്നൊക്കെ ശുദ്ധവും ഉന്നതവുമായ ഒന്നാണെന്ന് അവര്‍ വിലയിരുത്തുന്നു. ലൈംഗികതയെ മാലിന്യവും മൃഗീയവാസനയിലേക്ക് തരം താഴലുമായി കാണുന്ന ചില മതങ്ങളുമുണ്ട്.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 24, 2012

സംവാദം ;ചില തിരുത്തലുകള്‍


"ഫറവോന്‍ പറഞ്ഞു: `ശിശുവായിരുന്നപ്പോള്‍ നിന്നെ ഞങ്ങള്‍ സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ വളരെ വര്‍ഷങ്ങള്‍ ഞങ്ങളില്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്. പിന്നെ നിന്റെ പേരിലുള്ള ഒരു പാതകം നീ ചെയ്തിട്ടുമുണ്ട്.നീ വളരെ നന്ദി കെട്ടവന്‍ തന്നെ.` മൂസാ ഉത്തരം കൊടുത്തു: `അന്നാളില്‍ ഞാനത് അറിവില്ലായ്മയാല്‍ ചെയ്തതായിരുന്നു." (സൂറ:ശു‌അറാഅ്‌)
                               ധിക്കാരികളുടെ പര്യായമായി വിശുദ്ധ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്ന ഫിര്‍‌ഔനും മൂസാ പ്രവാചകനും തമ്മില്‍ നടന്ന സം‌വാദത്തിന്റെ ഒരു ഭാഗമാണു ഖുര്‍‌ആനില്‍ നിന്ന് ഇവിടെ ഉദ്ധരിച്ചത്.ഇന്ന് സം‌വാദങ്ങളാല്‍ മുഖരിതമാണു കേരളീയ പരിസരം.പരസ്പര ബഹുമാനമോ ഗുണകാംക്ഷയോ ഇല്ലാതെയാണു അതില്‍ മിക്കതും നടന്നുകൊണ്ടിരിക്കുന്നത് എന്ന് അതിനെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണു. ഇത്തരുണത്തില്‍ സം‌വാദങ്ങളുടെ ഇസ്ലാമികതയിലേക്ക് ഒരെത്തിനോട്ടം നടത്താനുള്ള എളിയ ശ്രമമാണു ഇവിടെ നടത്തുന്നത്.
                                സം‌വാദങ്ങളിലൂടെ ചിന്തകളുടേയും സംസ്കാരങ്ങളുടേയും കൈമാറ്റം നടക്കുക എന്നതിനു പകരം പലപ്പോഴും പരസ്പരം തോല്പിക്കുന്നതിലും മുട്ടുകുത്തിക്കുന്നതിലും മത്സരിക്കുക എന്നതിലാണു നാം എത്തിനില്‍ക്കുന്നത്.അതുകൊണ്ടുതന്നെ അതില്‍നിന്നെന്തെങ്കിലും ഉള്‍കൊള്ളാനൊ സ്വായത്തമാക്കാനൊ നമുക്ക് സാധിക്കാതെ പോകുന്നു.മേല്‍ സൂചിപ്പിച്ച ഖുര്‍‌ആന്‍ വചനത്തില്‍ മൂസാ(അ)ന്റെ ശക്തവും പഴുതില്ലാത്തതുമായ വാദങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടിവരുന്ന ഫിര്‍‌ഔന്‍ ഉയര്‍ത്തുന്ന പരിഹാസ്യമായ വാദഗതികള്‍ നമുക്ക് കാണാന്‍ സാധിക്കും.ഇന്നത്തെ മതസംഘടനകള്‍ ഉയര്‍ത്തുന്ന അതേസ്വരം തന്നെയാണു നാമവിടെ കാണുന്നത്.അഥവാ 'നിങ്ങള്‍ അന്നത് ചെയ്തില്ലേ ? മുമ്പ് അത് ചെയ്തിട്ടില്ലേ..?' തുടങ്ങിയ ചോദ്യങ്ങളുമായി എതിരാളിയെ അടിച്ചിരുത്താന്‍ ശ്രമിക്കുന്ന ഒരു തരം പിന്തിരിപ്പന്‍ ശൈലി.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 16, 2012


വ്യാഴാഴ്‌ച, ജൂലൈ 19, 2012

വിശ്വാസിയുടെ കണ്ണുനീര്‍



കടപ്പാട് : അബ്ദുല്‍ വദൂദ് 



പള്ളിയുടെ മുകളില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു പണ്ഡിതനായ ഹസനുല്‍ ബസ്വരി. ചെയ്തു പോയ തിന്മകളെക്കുറിച്ചും പരലോകവിചാരണയെക്കുറിച്ചും ഓര്‍ത്തു ഹൃദയം ലോലമാവുകയും കണ്ണുകള്‍ നിറഞ്ഞു കവിയുകയും ചെയ്തു. ഇടയ്ക്ക് താഴേക്കൊന്ന് നോക്കിയപ്പോള്‍ ഏതാനും കണ്ണീര്‍ തുള്ളികള്‍ അടര്‍ന്നു വീണു. താഴെ നില്‍ക്കുകയായിരുന്ന ആളുടെ വസ്ത്രത്തിലാണ് അത് പതിച്ചത്. മുകളിലേക്ക് നോക്കിയ അയാള്‍ ഹസനുല്‍ ബസ്വരിയെ വിളിച്ചു ചോദിച്ചു: “സഹോദരാ, ഈ വീണത്‌ ശുദ്ധിയുള്ള വെള്ളം തന്നെയാണോ?”

“പ്രിയസഹോദരാ, പോയി വസ്ത്രം കഴുകൂ. പാപിയായ മനുഷ്യന്‍റെ കണ്ണീരാണത്” ഹസനുല്‍ ബസ്വരി മറുപടി നല്‍കി. പൊടിപടലങ്ങള്‍ പതിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുമ്പോള്‍, വീണ്ടും വീണ്ടും കഴുകിക്കളയുമ്പോള്‍ ലഭിക്കുന്ന ഒരു സുഖമുണ്ട്. ആനന്ദകരമായ അനുഭവമാണത്. അല്ലേ? തൗബ നല്‍കുന്ന ആനന്ദമതാണ്. തിന്മകളുടെ പൊടിയും പുകയുമേറ്റ് മുഷിഞ്ഞ മനസ്സിനെയും ജീവിതത്തെയാകെയും പശ്ചാത്താപത്തിന്‍റെ തെളിജലം കൊണ്ട് കഴുകിത്തുടക്കുമ്പോള്‍ ഹൃദയത്തില്‍ തുടിക്കുന്ന ഒരു സുഖമുണ്ട്. ആ സുഖത്തിലേക്ക് അല്ലാഹു നമ്മെ നിരന്തരം ക്ഷണിക്കുന്നു.
തിന്മകള്‍ വന്നുപോവാത്തവരല്ല വിശ്വാസികള്‍.. പക്ഷെ, അവരുടെ സവിശേഷത തൗബയാണ്. ചെയ്തുപോയ തിന്മയില്‍ പിന്നീടൊരിക്കലും അകപ്പെടാതെ ജാഗ്രത്താവുന്നവരാണ് അവരെന്ന് വിശുദ്ധ ഖുര്‍ആന്‍ (3: 135) പറയുന്നുണ്ട്. അപരാധങ്ങള്‍ ആവര്‍ത്തിക്കാത്തവര്‍!, തൗബയിലൂടെ തുടരെ തെള്ളിയുന്നവരാണവര്‍.. കറകളെയും കളങ്കങ്ങളെയും തുടച്ചുവെടിപ്പാക്കി സംശുദ്ധരാകുന്നവര്‍.. മസ്ജിദുന്നബവിയില്‍ നിന്നും നമസ്ക്കരിച്ചിറങ്ങവെ, പണ്ഡിതനായ ഇബ്രാഹീമുബ്നു അദ്ഹമിനോട് ചിലര്‍ ചോദിച്ചു: “ഞങ്ങള്‍ ധാരാളമായി പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുന്നില്ല. ഇതെന്തുകൊണ്ടാണ്?”



ബുധനാഴ്‌ച, ജൂലൈ 04, 2012

ബറാഅത്ത് രാവ് ; സത്യവും മിഥ്യയും

  വളരെ പഴക്കം ചെന്ന ഒരു അനാചാരമാണ് ശഅബാന്‍ പാതിരാവില്‍ ആചരിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നു. ഒന്നാമത്തെ യാസീന്‍ രിസ്ക് [ഭക്ഷണം] ലഭിക്കാനും രണ്ടാമത്തേത് ആയുസ്സ് ദീര്‍ഘിച്ചുകിട്ടാനും മൂന്നാമത്തേത് പാപം പൊറുക്കാനുമാണ്. ഈ രാവിനു ലൈലത്തുല്‍ ബറാഅത്ത് [പാപങ്ങളില്‍ നിന്നും മുക്തമാകുന്ന രാവ്] എന്നാണു പേരിട്ടിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ചില സിദ്ധാന്തങ്ങളുടെ പിന്‍ബലത്തില്‍ ഈ രാവില്‍ പ്രത്യേക നമസ്കാരങ്ങളും നോമ്പും ആചരിച്ചു വരുന്നു. ശാമുകാരായ ചില താബിഉകളാണ് ഈ അനാചാരത്തിന്റെ വക്താക്കള്‍ എന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു ഹജറുല്‍ ഹൈത്തമി അദ്ധേഹത്തിന്റെ ഫതാവല്‍ കുബ്റയില്‍ [2 :80,81] രേഖപ്പെടുത്തുന്നു.

ചൊവ്വാഴ്ച, ജനുവരി 31, 2012

നബിദിനം 'ആഘോഷമോ' ?


                        അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫാ (സ) യുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നാടുനീളെ നടക്കാറുള്ള നബിദിനാഘോഷത്തിന്റെ ഇസ്‌ലാമിക സാധുതകളെ കുറിച്ച് പേജുകളിലും, സ്‌റ്റേജുകളിലും, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലുമൊക്കെ ചര്‍ച്ചകള്‍ സജീവമാകാറുള്ള മാസമാണ് റബീഉല്‍ അവ്വല്‍ .ഈ വിഷയത്തെ ഒരു മധ്യമ നിലപാടോട് കൂടി കാണാന്‍ പലപ്പോഴും നമുക്ക് സാധിക്കാത്തതിനാല്‍ ,പ്രവാചകനും വിശുദ്ധഖുര്‍‌ആനുമൊക്കെ അങ്ങേയറ്റം എതിര്‍ത്ത,വിശ്വാസികള്‍ പരസ്‌പരം ഏറ്റ് മുട്ടുക എന്ന അവസ്ഥവരെ പലപ്പോഴും സംജാതമാകാറുണ്ട്. ഇവിടെ ഈ വിഷയത്തിന്റെ ഉള്ളറകളിലേക്ക് ചെറുതായി ഒരെത്തിനോട്ടം നടത്താനാണ് ഈ സന്ദര്‍ഭം ഞാനുപയോഗപ്പെടുത്തുന്നത്.
മനുഷ്യ കുലത്തിന്റെ പ്രവാചകന്‍ :-
                                     പ്രവാചകന്‍ ,വിശുദ്ധ ഖുര്‍‌ആന്‍ ,അല്ലാഹു,ക‌അ്‌ബ എന്നിവയെ കുറിച്ചൊക്കെ മുസ്‌ലിം സമൂഹത്തിലെ ഒരു ചെറിയ വിഭാഗമെങ്കിലും പുലര്‍ത്തിപ്പോരുന്ന വിശ്വാസത്തിന്റെ ഭാഗമാണ് ഈ പറഞ്ഞതെല്ലാം മുസ്‌ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ടതും അവരുടെ സ്വകാര്യ സ്വത്തുമാണെന്നത്. എന്നാല്‍ വിശുദ്ധ ഖുര്‍‌ആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനമനുസരിച്ച് ഈ പരാമര്‍ശിച്ചതെല്ലാം, എന്തിനേറെ മുസ്‌ലിം സമൂഹം പോലും ലോകത്തുള്ള മുഴുവന്‍ ജനസമൂഹത്തിനും ജാതി-മത ഭേദമന്യേ അവകാശപ്പെട്ടതാണ്.ഓരോന്നിനെ കുറിച്ചും വിശുദ്ധഖുര്‍‌ആന്റെ പ്രഖ്യാപനം ഒരറിവിനുവേണ്ടി ഇവിടെ ചേര്‍ത്ത് വെക്കുന്നു.

ബുധനാഴ്‌ച, ജനുവരി 18, 2012

268-10@കേരളസര്‍ക്കാര്‍ .കോം


                 സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയോടെ അഭ്യന്തര വകുപ്പും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് നടത്തിയ ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മാധ്യമം പുറത്ത് വിട്ട ഹോട്ട് ന്വൂസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സം‌വാദങ്ങള്‍ കൊഴുക്കുകയാണ് മാധ്യമ ലോകത്തും സൈബര്‍ ലോകത്തും പിന്നെ അനന്തപുരിയിലും.എപ്പോഴും സംഭവിക്കുന്നത് പോലെതന്നെ കിട്ടിയ അവസരം മാധ്യമത്തിനും ജമാഅത്തിനുമെതിരെ കുതിരകയറാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും.അതവരെ പറഞ്ഞിട്ട് കാര്യമില്ല;സ്വന്തം അടുക്കളയില്‍ നിന്ന് ദുര്‍ഗന്ധമുയരുമ്പോള്‍ അത് മൂടിവെച്ച് അയല്‍ വീട്ടിലേക്ക് കൈചൂണ്ടുക എന്ന നാട്ടുനടപ്പാണല്ലോ ഇവര്‍ ശീലിച്ചിട്ടുള്ളത്... പക്ഷെ ചീഞ്ഞളിഞ്ഞാല്‍ ഒന്നും മൂടിവെക്കാനാവില്ലെന്ന സത്യം മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്...ഇതെങ്ങാനും ഇടതുപക്ഷ ഭരണകാലത്തായിരുന്നെങ്കില്‍ കാണാമായിരുന്നു പുകില്...
                               കേട്ടപാതി കേള്‍ക്കാത്തപാതി അന്വേഷണത്തിനുത്തരവിട്ട മുഖ്യമന്ത്രിയെ സ്വബോധത്തിലേക്ക് തിരിച്ച് കൊണ്ടൂവന്നതും മുസ്‌ലിം ലീഗ് നേതാക്കളാണ്.ഞങ്ങള്‍ക്ക് പ്രശ്‌നമില്ല, നിങ്ങള്‍ എന്ത് ചെയ്താലും അധികാരം കിട്ടുന്ന കാലത്തോളം ഞങ്ങള്‍ നിങ്ങള്‍കൊപ്പമുണ്ടാവുമെന്ന് ഉറപ്പുകിട്ടിയതോടെ സി.എമ്മിന്റെ മട്ടും ഭാവവും മാറി...സിമിയുമായി ബന്ധപ്പെട്ടവര്‍ എന്ന പരാമര്‍ശമുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് ഹേമചന്ദ്രന് പറ്റിയ കൈയ്യബദ്ധമായിരുന്നു,മാധ്യമം ചെയ്തത് ഹീനമായിപ്പോയെന്ന് മുഖ്യമന്ത്രി.... അതിന് മുമ്പ് വന്നു ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ പ്രസ്താവന "ഇ-മെയില്‍ ചോര്‍ത്തുന്നുവെന്നതരത്തില്‍ ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാണ് മനസ്സിലാക്കിയത്. അത് അടിസ്ഥാനരഹിതമാണ്. ഇ-മെയില്‍ ചോര്‍ത്തുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇ-മെയില്‍ ഐഡികള്‍ പരിശോധിക്കുന്നത് സ്വാഭാവികമാണ്"...

ചൊവ്വാഴ്ച, ജനുവരി 10, 2012

ദുബൈ മെട്രോയും ഇന്ത്യന്‍ റെയില്‍‌വേയും; ഒരു ഇന്തോ - അറബ് താരതമ്യം


കഴിഞ്ഞ ദിവസം ഒരു ആശുപത്രി ആവശ്യാര്‍ത്ഥമുള്ള യാത്രക്കിടയില്‍ ദുബൈ ഊദ് മെഹ്‌ത മെട്രോ സ്റ്റേഷനില്‍ ട്രൈന്‍ കാത്തുനില്‍ക്കേണ്ടുന്ന ഒരു അവസരമുണ്ടായി..ഞങ്ങള്‍ (ഞാനും ഭാര്യയും)പ്ലാറ്റ് ഫോമിലെത്തുമ്പോള്‍ ഞങ്ങള്‍ക്ക് പോകേണ്ടുന്ന ഒരു ട്രൈന്‍ കടന്നുപോയി...ഇനി അടുത്ത ട്രൈന്‍ എപ്പോഴാണെന്ന് വ്യാകുലപ്പെട്ട് നില്‍ക്കുമ്പോഴാണ് അറിയാതെ അവിടെയുള്ള കൗണ്ട് ഡൗണ്‍ ടൈമറില്‍ ശ്രദ്ധ പതിച്ചത്...അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു "NEXT TRAIN after 4 Minutes"..സമാധാനമായി, ഇനി നാല് മിനിറ്റ് കാത്തിരുന്നാല്‍ മതിയല്ലോ...?ടൈമറിലെ അക്കങ്ങള്‍ മിനിറ്റ് കൗണ്ടിംഗിലാണ്..നാല് മൂന്നായി...രണ്ട്...ഒന്ന്..നിമിഷങ്ങള്‍ വേണ്ടിവന്നില്ല അതാ ഞങ്ങള്‍ക്ക് പോകേണ്ടുന്ന അടുത്ത ട്രൈനും എത്തിയിരിക്കുന്നു....ഒരു നിമിഷം എന്റെ ചിന്ത വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഒരു തിരുവനന്തപുരം യാത്രയിലേക്ക് മടങ്ങി....രാവിലെ ആറ് മണിക്ക് പോകേണ്ടുന്ന ഇന്ത്യന്‍ റെയില്‍‌വെയുടെ ട്രൈന്‍ എത്തുമ്പോള്‍ വൈകുന്നേരം മൂന്ന് മണി...!!! മിമിക്‌സ് പരേഡുകളിലും,കോമഡി ട്രാക്കുകളിലും സ്ഥിര സാന്നിദ്ധ്യമായി ലോകത്തെ ഏറ്റവും വലിയ റെയില്‍‌വേ വകുപ്പ് ഇന്നും അതിന്റെ അലസ ഗമനം തുടരുന്നു.......
 *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *   *  
രാവിലെ ഓഫീസിലെത്തിയപ്പോള്‍ ഒരുമാസമായി അവധിയിലായിരുന്ന ബഷീര്‍ ചിരിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു...സലാം പറഞ്ഞ് സുഖവിവരങ്ങള്‍ തിരക്കിയ ശേഷം സ്വാഭാവിക ചോദ്യം എടുത്തിട്ടു...."യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു...?ഫ്ലൈറ്റ് സമയത്തിന് ലാന്റ് ചെയ്തോ...?" പ്രതീക്ഷിക്കാത്തതായിരുന്നു അവന്റെ മറുപടി

ചൊവ്വാഴ്ച, ഡിസംബർ 20, 2011

തുള വീണ മനസ്സുകള്‍


എച്ച്.ജി വെല്‍സിന്റെ ഒരു കഥയുടെ സാരാംശം ഇങ്ങനെ വായിക്കാം.
മനോഹരമായ ഒരു താഴ്‌വരയാണ് കഥയുടെ പശ്ചാത്തലം. അവിടെ വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കൊച്ചു കാറ്റുണ്ടാവുമ്പോള്‍ അവ അങ്ങോട്ടുമിങ്ങോട്ടുമാടുന്നു. ചന്തമുള്ള ചിത്രശലഭങ്ങള്‍ പൂന്തേന്‍ നുകര്‍ന്ന് പാറി നടക്കുന്നു. അങ്ങനെ ഒരായിരം മാരിവില്ലുകള്‍ പൊട്ടി വീണ പ്രതീതി ഉണര്‍ത്തുന്ന താഴ്‌വര. നിര്‍ഭാഗ്യ വശാല്‍ അവിടത്തെ താമസക്കാരൊക്കെയും അന്ധരാണ്. അതിനാലവര്‍ക്ക് ആ താഴ്‌വരയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനൊട്ടും സാധ്യമല്ല. ഒരിക്കല്‍ ഒരൊറ്റക്കണ്ണന്‍ അവിടെ എത്തിപ്പെടുന്നു. അയാള്‍ പൂക്കളുടെയും പൂമ്പാറ്റകളുടെയും മനോഹാരിത കണ്ട് അത്ഭുതസ്തബ്ധനാവുന്നു. ആഹ്ലാദഭരിതനായി അയാള്‍ വിളിച്ചു പറഞ്ഞു: ഹാ! എന്ത് സുന്ദര കുസുമങ്ങള്‍! എത്ര മനോഹരമായ പൂമ്പാറ്റകള്‍.ഇതു കേട്ട കുരുടന്മാര്‍ ഒറ്റക്കണ്ണന്‍ കള്ളം പറയുകയാണെന്ന് തറപ്പിച്ചു പറഞ്ഞു. അതവരുടെ അറിവിനും അനുഭവത്തിനും എതിരായിരുന്നു. അതിനാലവര്‍ ഒറ്റക്കണ്ണനെ കള്ളനെന്ന് വിളിച്ച് ക്രൂരമായി മര്‍ദിക്കുന്നു.
മനസ്സിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് അതാര്‍ജിച്ച അറിവാണ്. അതിന് അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്. അഭൗതികമായ അറിവ് അവക്ക് അന്യവും അതീതവുമാണ്.ഭൗതിക വിജ്ഞാനം തന്നെ വിവിധ ഇനമാണ്. അവ ഓരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. വിവിധങ്ങളായ മാനദണ്ഡങ്ങളും.

ബുധനാഴ്‌ച, ഡിസംബർ 07, 2011

ലീഗ് ലയനത്തിലെ ചുഴികള്‍


(മുസ്‌ലിം ലീഗ് നേതാവ് ഇ.അഹമ്മദിന്റെ ദ്വി അംഗത്വവുമായി ബന്ധപ്പെട്ട് ലീഗ് ലയന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആ വിഷയവുമായി ബന്ധപ്പെട്ട് 'മാധ്യമം' പ്രസിദ്ധീകരിച്ച ലേഖനം)

ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ഇപ്പോള്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി, രാജ്യത്തിന്‍െറ രാഷ്ട്രീയചരിത്രത്തില്‍തന്നെ അഭൂതപൂര്‍വമാണ്. ഏതു സംസ്ഥാന പാര്‍ട്ടിക്കും അഭിമാനിക്കാവുന്ന ‘പ്രൊഫൈല്‍ ’ ആണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്‍േറത്. മൂന്ന് എം.പിമാര്‍ , ഒരു കേന്ദ്രമന്ത്രി, സംസ്ഥാനത്ത് നാല് മന്ത്രിമാരും 20 എം.എല്‍ .എ മാരുമായി മുന്നണിയിലും ഭരണത്തിലും സമ്പൂര്‍ണ നിയന്ത്രണം. ഇതില്‍ കൂടുതല്‍ എന്തുവേണം ഒരു സംസ്ഥാന പാര്‍ട്ടിക്ക്?എന്നാല്‍ , തെരഞ്ഞെടുപ്പ് കമീഷന്‍െറ രേഖകളില്‍ ഇതൊന്നുമല്ല ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്. കേരളത്തില്‍ എന്നല്ല രാജ്യത്തെവിടെയും അസംബ്ലിയിലോ ഒരു കോര്‍പറേഷനില്‍പോലുമോ ഒരൊറ്റ പ്രതിനിധിയും  ഇല്ലാത്ത, അംഗീകാരമില്ലാത്ത ഒരു രജിസ്ട്രേഡ് പാര്‍ട്ടി മാത്രമാണത്. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ മദ്രാസ് സംസ്ഥാനത്ത് അഞ്ച് എം.എല്‍.എമാരെ സൃഷ്ടിച്ച പാര്‍ട്ടി. എഴുപതുകളില്‍ യു.പിയിലും പശ്ചിമ ബംഗാളിലുമൊക്കെ ശക്തമായ സാന്നിധ്യമറിയിച്ച പാര്‍ട്ടി. ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ്, സീതി സാഹിബ് തുടങ്ങി ചരിത്രപുരുഷന്മാര്‍ ജീവിതം കൊടുത്ത് കെട്ടിപ്പടുത്ത പാര്‍ട്ടി. തെരഞ്ഞെടുപ്പ്കമീഷന്‍െറ വെബ്സൈറ്റില്‍ ഐ.യു.എം.എല്‍ എന്ന പേരിനുനേരെ ചിഹ്നത്തിന്‍െറ കോളം ഒഴിഞ്ഞുകിടക്കുന്നു. അവിടെ ലീഗണികളുടെ വികാരമായ കോണി ചിഹ്നം കാണാനില്ല. മറ്റൊരു പാര്‍ട്ടിയുടെ പേരിനുനേരെയാണ്  കോണി. ആ പാര്‍ട്ടിയുടെ പേര് എത്ര ലീഗ്പ്രവര്‍ത്തകര്‍ കേട്ടിട്ടുണ്ടാവും എന്നറിയില്ല. എം.എല്‍ .കെ.എസ്.സി അഥവാ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്നാണ് ആ പാര്‍ട്ടിയുടെ പേര്. ആ പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് മുകളില്‍ പറഞ്ഞ എം.പിമാരും എം.എല്‍ .എ മാരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എല്ലാം. കോണി അവരുടെ സ്വന്തം ചിഹ്നമാണ്. ഇതെല്ലാം ഒന്നുതന്നെയാണ് എന്നാണ് വര്‍ഷങ്ങളായി ലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇത് രണ്ടും ഒന്നല്ല എന്ന്  തെരഞ്ഞെടുപ്പ് കമീഷനും. രണ്ടും രണ്ടുതന്നെയാണെന്നും ഒരേസമയം രണ്ടു പാര്‍ട്ടിയില്‍ അംഗമായിരിക്കുകവഴി ജനപ്രാതിനിധ്യ നിയമം ലംഘിച്ചിരിക്കുകയാണെന്നും കാണിച്ച്  തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന് നോട്ടീസ് അയച്ചതോടെ ലീഗ് നേതൃത്വം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

തിങ്കളാഴ്‌ച, നവംബർ 28, 2011

ശരിക്കും അത് ആരുടെ കുട്ടിയായിരുന്നു....??


നല്ല കോരിച്ചൊരിയുന്ന മഴ....ഇടക്കിടക്ക് മുരണ്ടുകൊണ്ടിരിക്കുന്ന ഇടിനാദം വരാനിരിക്കുന്ന തുലാവര്‍ഷത്തിന്റെ ഒരു സൂചനയായിരിക്കാം....വളരെ പണിപ്പെട്ടാണ് ബസ്സില്‍ കയറിപ്പറ്റിയത്...എന്നിട്ടും ബസ് സ്റ്റോപ്പില്‍നിന്നും ബസ്സിലേക്ക് ചാടിക്കയറുന്നതിനിടയില്‍ ചൊരിഞ്ഞ മഴ ദേഹമാസകലം നനയിച്ചിരിക്കുന്നു...കുട എടുക്കുന്ന പതിവില്ല...കാരണം മഴ ശമിച്ചാല്‍ അതെവിടെയെങ്കിലും മറന്നുവെക്കും തീര്‍ച്ച....ബസ്സില്‍ നല്ല തിരക്കാണ്...സ്‌കൂള്‍ കുട്ടികളാണ് കൂടുതലും...ഓരോരുത്തരും തങ്ങളുടെ ഇരട്ടി ഭാരമുള്ള വലിയ ബാഗുകള്‍ ചുമന്നുകൊണ്ടാണ് നില്‍‌പ്...ചെറുപ്പത്തില്‍ സചിത്ര പുസ്‌തകങ്ങളില്‍ കണ്ട ശൂന്യാകാശ യാത്രികരുടെ ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന രൂപങ്ങള്‍ ......ഏതോ ഒരു കുട്ടി കാലില്‍ ചവിട്ടിക്കയറി നില്‍ക്കുന്നു...കന്നുകാലികളുടെ കുളമ്പിട്ട കാലുകള്‍ കൊണ്ട് ചവിട്ടിയ പോലുള്ള വേദന..."മോനെ...എന്റെ കാല്..." അറിയാതെ വന്നുപോയി....ഉടന്‍ വന്നുമറുപടി "ഇത് ബസ്സാണ് സാറേ...ബസ്സില്‍ കയറണമെങ്കില്‍ അല്‍‌പം ത്യാഗമൊക്കെ സഹിക്കേണ്ടി വരും...സൗകര്യമില്ലാത്തവര്‍ ടാക്‌സിയെടുത്ത് പോകണം"....മുട്ടയില്‍ നിന്ന് വിരിയാത്ത എട്ടാം ക്ലാസ്സുകാരന്റെ ഡയലോഗ് കേട്ടപ്പോള്‍ ഇരുന്നുപോയി....സ്‌കൂള്‍ കുട്ടികളോട് കളിച്ചാലുള്ള ഭവിഷ്യത്ത് ഓര്‍ത്ത് പിന്നെ ഒന്നും മിണ്ടാന്‍ പോയില്ല....

തിങ്കളാഴ്‌ച, നവംബർ 21, 2011

ഇസ്‌തിഗാസ ന്യായീകരണത്തിലെ ചതിക്കുഴികള്‍

Isthigasa- nyayeekarathile chadikkuzhikal

ഞായറാഴ്‌ച, നവംബർ 20, 2011

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ (പോരേ) മതിയോ ?


                              സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് വ്യത്യസ്ഥമായ സന്ദര്‍ഭങ്ങളില്‍ നാം നേരിടാറുള്ള ഒരു ചോദ്യമാണ് ഈ ബ്ലോഗിന്റെ തലക്കെട്ടായി ഞാന്‍ നല്‍കിയിട്ടുള്ളത്.അതില്‍ കുറച്ചൊക്കെ കാര്യമില്ലേ എന്ന് ചിലരെങ്കിലും സംശയം പ്രകടിപ്പിക്കാറുമുണ്ട്.പ്രസ്തുത വിഷയത്തിലേക്ക് ഒന്ന് കണ്ണോടിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.അവലംബം :ഇസ്‌ലാം മലയാളം.
                              മാനവസമൂഹത്തിന് ദൈവം നല്‍കിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേര്‍വഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം തന്റെ സമഗ്രമായ ഈ ജീവിതവ്യവസ്ഥ കാലദേശഭേദമില്ലാതെ എല്ലാ ജനസമൂഹങ്ങള്‍ക്കും സമ്മാനിച്ചിട്ടുണ്ട്. തന്റെ സന്ദേശവാഹകരിലൂടെയാണത് അവതരിപ്പിച്ചത്. എല്ലാ ദൈവദൂതന്മാരും മനുഷ്യരാശിക്കു നല്‍കിയ ജീവിതാദര്‍ശം മൌലികമായി ഒന്നുതന്നെയാണ്. അല്ലാഹു അറിയിക്കുന്നു: "എല്ലാ സമുദായങ്ങളിലേക്കും നാം ദൂതനന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ ദൈവത്തെ മാത്രം വണങ്ങി, വഴങ്ങി, വിധേയമായി ജീവിക്കുക. പരിധിലംഘിച്ച അതിക്രമകാരികളെ നിരാകരിക്കുക.''(ഖുര്‍ആന്‍ 16: 36)

വ്യാഴാഴ്‌ച, നവംബർ 10, 2011

പരലോകമുണ്ടെന്നതിന് തെളിവുണ്ടോ....?


                  അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാധ്യമങ്ങള്‍ വേണം. ഒരു വൃത്തത്തിന് മുന്നൂറ്ററുപത് ഡിഗ്രിയും ത്രികോണത്തിന് നൂറ്റിയെണ്‍പതു ഡിഗ്രിയുമാണെന്ന സങ്കല്‍പം സ്വീകരിക്കാതെ ക്ഷേത്രഗണിതം അഭ്യസിക്കാനാവില്ല. ബീജഗണിതത്തിന് ഭിന്നമായ മാനദണ്ഡം അനിവാര്യമത്രെ. ഗോളശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം പോലുള്ളവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം മാധ്യമങ്ങളാവശ്യമാണ്.
                                  ഭൌതിക വിദ്യയുടെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കെ, ആധ്യാത്മിക ജ്ഞാനം നേടാന്‍ തീര്‍ത്തും ഭിന്നമായ മാര്‍ഗം അനിവാര്യമാണ്. ദൈവം, പരലോകം, സ്വര്‍ഗം, നരകം, മാലാഖ, പിശാച് പോലുള്ള അഭൌതിക കാര്യങ്ങളെ സംബന്ധിച്ച അറിവ് ആര്‍ജിക്കാന്‍ മനുഷ്യന്റെ വശം സ്വന്തമായൊരു മാധ്യമവുമില്ല; ചരിത്രത്തിന്റെ വ്യത്യസ്ത ദശാസന്ധികളില്‍ വിവിധ ദേശങ്ങളില്‍ നിയോഗിതരായ ദൈവദൂതന്മാരിലൂടെ ലഭ്യമായ ദിവ്യസന്ദേശങ്ങളല്ലാതെ.