നല്ല കോരിച്ചൊരിയുന്ന മഴ....ഇടക്കിടക്ക് മുരണ്ടുകൊണ്ടിരിക്കുന്ന ഇടിനാദം വരാനിരിക്കുന്ന
തുലാവര്‍ഷത്തിന്റെ ഒരു സൂചനയായിരിക്കാം....വളരെ പണിപ്പെട്ടാണ് ബസ്സില്‍ കയറിപ്പറ്റിയത്...എന്നിട്ടും
ബസ് സ്റ്റോപ്പില്‍നിന്നും ബസ്സിലേക്ക് ചാടിക്കയറുന്നതിനിടയില്‍ ചൊരിഞ്ഞ മഴ ദേഹമാസകലം
നനയിച്ചിരിക്കുന്നു...കുട എടുക്കുന്ന പതിവില്ല...കാരണം മഴ ശമിച്ചാല്‍ അതെവിടെയെങ്കിലും
മറന്നുവെക്കും തീര്‍ച്ച....ബസ്സില്‍ നല്ല തിരക്കാണ്...സ്‌കൂള്‍ കുട്ടികളാണ് കൂടുതലും...ഓരോരുത്തരും
തങ്ങളുടെ ഇരട്ടി ഭാരമുള്ള വലിയ ബാഗുകള്‍ ചുമന്നുകൊണ്ടാണ് നില്‍പ്...ചെറുപ്പത്തില്‍
സചിത്ര പുസ്‌തകങ്ങളില്‍ കണ്ട ശൂന്യാകാശ യാത്രികരുടെ ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന
രൂപങ്ങള്‍ ......ഏതോ ഒരു കുട്ടി കാലില്‍ ചവിട്ടിക്കയറി നില്‍ക്കുന്നു...കന്നുകാലികളുടെ
കുളമ്പിട്ട കാലുകള്‍ കൊണ്ട് ചവിട്ടിയ പോലുള്ള വേദന..."മോനെ...എന്റെ കാല്..."
അറിയാതെ വന്നുപോയി....ഉടന്‍ വന്നുമറുപടി "ഇത് ബസ്സാണ് സാറേ...ബസ്സില്‍ കയറണമെങ്കില്‍
അല്‍പം ത്യാഗമൊക്കെ സഹിക്കേണ്ടി വരും...സൗകര്യമില്ലാത്തവര്‍ ടാക്‌സിയെടുത്ത് പോകണം"....മുട്ടയില്‍
നിന്ന് വിരിയാത്ത എട്ടാം ക്ലാസ്സുകാരന്റെ ഡയലോഗ് കേട്ടപ്പോള്‍ ഇരുന്നുപോയി....സ്‌കൂള്‍
കുട്ടികളോട് കളിച്ചാലുള്ള ഭവിഷ്യത്ത് ഓര്‍ത്ത് പിന്നെ ഒന്നും മിണ്ടാന്‍ പോയില്ല....
കമ്പിയില്‍ തൂങ്ങിപ്പിടിച്ച് ഇളകിയാടിയുള്ള
യാത്രക്കിടെ തൊട്ടടുത്ത സീറ്റില്‍ ഒരൊഴിവുവന്നപ്പൊ ആശ്വാസമായി...ശര്‍ക്കരയില്‍ ഈച്ച
പൊതിയുന്ന പോലെ നാല് ഭാഗത്തുനിന്നും ആളുകള്‍ ചാടിവീണെങ്കിലും ഒരു വിധം സീറ്റ് ഒപ്പിച്ചെടുത്തു...അപ്പോഴതാ
മറ്റൊരു പാര...സീറ്റില്‍ തൊട്ടടുത്തിരിക്കുന്ന കാരണവര്‍ പുകവലിച്ചുകൊണ്ടിരിക്കുന്നു...
എനിക്കാണെങ്കില്‍ ഈ സാധനം കാണുന്നതുതന്നെ അലര്‍ജിയാണ്...ഞാന്‍ പതുക്കെ ആ കാരണവരെ പരിചയപ്പെട്ട്
വളരെ സൗമ്യമായി പുകവലിയുടെ ദോശങ്ങള്‍ വിവരിച്ച് കൊടുത്തു...ഒരു നിലക്കും അയാള്‍ വഴങ്ങുന്നില്ല....അവസാനം
ഞാന്‍ പറഞ്ഞു:നിങ്ങള്‍ വലിക്കുന്നവരേക്കാള്‍ ദോഷം അതിന്റെ പുക ശ്വസിക്കുന്ന ഞങ്ങള്‍ക്കാണ്...ഉടനെ
വന്നു നല്ല നാടന്‍ ഭാഷയില്‍ അദ്ധേഹത്തിന്റെ മറുപടി:"ന്നാ...ജ്ജ് വലിച്ചൊ മോനെ...ഞാന്‍
ശ്വസിച്ചോളാ...."ആളുകളുടെ കൂട്ടച്ചിരിക്കിടയില്‍ വീണ്ടും ചെറുതാകുന്നപോലെ തോന്നി...
അപ്പോഴാണ് ഞാന്‍ ആ കാഴ്ച ശ്രദ്ധിച്ചത്.ഒരു
മദ്ധ്യവയസ്‌കന്‍ ഒരുകയ്യില്‍ ഒരു കുട്ടിയേയുമെടുത്ത് കമ്പിയില്‍ തൂങ്ങിപ്പിടിച്ച് പ്രയാസപ്പെട്ട്
യാത്രചെയ്യുന്നു....തൊട്ടടുത്ത സീറ്റിലിരിക്കുന്നവരൊന്നും അദ്ധേഹത്തെ കണ്ടഭാവം പോലും
കാണിക്കുന്നില്ല...എഴുന്നേറ്റ് കൊടുത്താലോ എന്ന് ചിന്തിച്ചു...അപ്പോഴാണ് വിഷയത്തില്‍
കണ്ടക്‌ടര്‍ ഇടപെടുന്നത്...തൊട്ടടുത്ത യാത്രക്കാരനോട് എണീറ്റ് കൊടിക്കാനാവശ്യപ്പെട്ടു
കണ്ടക്‌ടര്‍ ...അല്‍പദൂരം കൂടി യാത്ര ചെയ്യേണ്ടിയിരുന്ന അയാള്‍ എണീക്കാന്‍ സന്നദ്ധനായില്ല;പകരം കുട്ടിയെ വേണമെങ്കില്‍ മടിയില്‍ വെക്കാം എന്നായി...അങ്ങനെ ഓമനത്വം തുളുമ്പുന്ന
ആ കുഞ്ഞിനെ അദ്ധേഹം മടിയില്‍ വെച്ച് ലാളിക്കാന്‍ തുടങ്ങി...ചിരപരിചിതനെപോലെ കുട്ടിയും
അയാളുമായി ചങ്ങാത്തത്തിലായി.....
അങ്ങനെ ഇറങ്ങാനുള്ള സമയമായപ്പോള്‍ കുട്ടിയെ
തിരിച്ചേല്പിക്കാന്‍ തുനിഞ്ഞ അയാള്‍ ഞെട്ടിപ്പോയി...കുട്ടിയെ വാങ്ങാന്‍ അദ്ധേഹം തയ്യാറാവുന്നില്ല
എന്നുമാത്രമല്ല;അതെന്റെ കുട്ടിയല്ല എന്ന് അയാള്‍ വാദിക്കുകയും
ചെയ്യുന്നു....എന്തുചെയ്യും ....ആകെ പ്രശ്‌നം....യാത്രക്കാര്‍ രണ്ടുപക്ഷമായി... ആ യാത്രക്കാരന്‍
കണ്ടക്‌ടറുടെ നേരെ തിരിഞ്ഞു...നിങ്ങള്‍ പറഞ്ഞിട്ടല്ലേ ഞാന്‍ കുട്ടിയെ വാങ്ങി മടിയില്‍
വെച്ചത്...നിങ്ങള്‍ക്ക് സത്യമറിയില്ലേ....ഞാന്‍ പറഞ്ഞിട്ടു തന്നെയാണ് താങ്കള്‍ കുട്ടിയെ
വാങ്ങിയത്,പക്ഷെ അത് ആരുടെ കുട്ടിയാണെന്ന് എനിക്കുമറിയില്ല....കണ്ടക്‌ടറും
കൈ കഴുകി....ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടണമെന്നായി അയാള്‍ ....അങ്ങനെ പോലീസ് സ്റ്റേഷനിലെത്തി...രണ്ടുപേരും
തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു... പോലീസും ആകെ കുഴങ്ങി...എങ്ങനെ ഈ പ്രശ്‌നത്തിന്
പരിഹാരം കാണും....അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തി...എല്ലാവരേയും നിരത്തി നിര്‍ത്തി...ഒരു
പോലീസുകാരന്‍ കുട്ടിയേയും കൊണ്ട് എല്ലാവരുടെ മുന്നിലും ചെല്ലുക...കുട്ടി ആരുടെ അടുത്തേക്കാണോ
പോകുന്നത്...അവര്‍ തന്നെയാണ് എഥാര്‍ത്ഥ ഉടമ...ഓരോരുത്തരുടെ അടുത്തും ചെന്നു...കുട്ടി
പോകാന്‍ കൂട്ടാക്കുന്നില്ല...കുട്ടിയെയുമായി ബസ്സിലേക്ക് വന്ന ആ മനുഷ്യന്റെ അടുത്തെത്തിയപ്പോഴും
കുട്ടിയില്‍ ഭാവമാറ്റമൊന്നുമില്ല....കുട്ടിയെ മടിയില്‍ വെച്ച് താലോലിച്ച മനുഷ്യന്റെ
മുന്നിലെത്തിയതും കുട്ടി അയാളുടെ അടുത്തേക്ക് ഒരൊറ്റ ചാട്ടം....!!! (തുടരും*)
*തുടരാന്‍ ഒന്നുമില്ല....അതൊരു ഭംഗിവാക്ക്
മാത്രം...കാരണം ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്ക് എങ്ങനെ തുടര്‍ച്ചകളുണ്ടാകും...??
25 അഭിപ്രായങ്ങള്‍:
കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും എഴുതുക.... സ്വപ്ത്തിലെ കഥകള്‍.
@സബിത അനീസ്‌നന്ദി...നല്ല വാക്കുകള്‍ക്ക്.........
ബന്ധങ്ങളുടെ അടുപ്പം കുറവാണു ഈ പോസ്റ്റില്‍ കണ്ടത് പിന്നെ കാലത്തിന്റെ കപടതയും ..ഒരു നല്ല പോസ്റ്റ് അനസൂ ...
ഒരു പ്രതെകത ഉണ്ട് ഇതില്‍ ...
സ്നേഹത്തോടെ..
പ്രദീപ് പൈമ
നിഷ്കളങ്ക ഹൃദയങ്ങള്‍ സ്നേഹത്തിനു വില കല്‍പ്പിക്കുന്നു. മടിയിലുരുത്തിയ മനുഷ്യന്‍ മറ്റേ ആളെക്കാള്‍ തന്നെ സ്നേഹിക്കുന്നു എന്ന് കുട്ടിക്ക് തോന്നി.
ത്ര്രെ പ്രതീക്ഷിക്കാത്ത ഒരു അവസാനിപ്പിക്കല്‍ ആയല്ലോ. വരികള്‍ക്കിടയിലൂടെ പറഞ്ഞു വന്ന മനം മടുപ്പിക്കുന്ന പ്രതികരണങ്ങള്‍.. പലപ്പോഴും അനുഭവങ്ങള്‍ ആണ്. നന്നായിട്ടുണ്ട് ഇക്കാ ..
അത്ഭുതമെന്നു പറയട്ടെ ഇതേ കഥ ഞാനും എഴുതിയിരുന്നു...രണ്ടായിരത്തി എട്ടിലെ എന്റെ എന്റെ കോളേജ് ഡേ പ്രസിട്ദീകരണത്തില്‍... എഴുത്തിലെ ചില ചെറിയ മാറ്റങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം ഒരേ പോലെ... യാദ്രിചികം അല്ലെ...
ഇനിയും എഴുതുക... ആശംസകള്‍...
Super
കലക്കി...
ഓരോ കഥയും മികവ് പുലര്‍ത്തുന്നു ..തുടര്‍ന്നും എഴുതുക
@khaadu..തീര്‍ച്ചയായും യാദൃശ്ചികതയാവാം....നിങ്ങള്‍ ആ കഥ ഇവിടെ ഒന്ന് നല്‍കുകയാണെങ്കില്‍ നമുക്ക് ഒന്ന്‍ താരതമ്യം ചെയ്യാമായിരുന്നു......
എന്നാലും എന്റെ അനീ....വളരെ നന്നായിട്ടുണ്ട് ....അഭിനന്തനങ്ങള്‍....
നല്ല സ്വപനം നല്ല കഥ .. അതിന്റെ ഭാക്കി ഭാഗം എപ്പോഴെങ്കിലും കണ്ടാല്‍ എഴുതാന്‍ മറക്കണ്ട കുട്ടി ആരുടെ എന്നറിയാന്‍ ഒരു ആകാംക്ഷ ...
ഇഷ്ട്ടപെട്ടു ..
നല്ല സ്വപ്നം.... ചില സ്വപ്‌നങ്ങള്‍ അനുഭവമാകാറുണ്ട്
നല്ല സ്വപനം. പക്ഷെ, ഈ സ്വപ്ന കഥ കുറെ കേട്ടിട്ടുണ്ട്.... കുഴപ്പമില്ല, വീണ്ടും ഓര്‍മപ്പെടുത്തിയതിന് നന്ദി
നല്ല എഴുത്ത്.നല്ല അവതരണവും.
പ്രിയ അനീസ് .ഇവിടെ വന്നിട്ട് കുറെയായി.കുട്ടിയുടെ ' സ്വപ്നാനുഭവം പോലെ ഒരു സംഭവമില്ലേ ,ചരിത്രത്തില്‍ .കുട്ടിക്ക് വേണ്ടി തര്‍ക്കിച്ച രണ്ടു സ്ത്രീകളുടെ കഥ .അതാണ് ഓര്‍മയില്‍ വന്നത് .
കഥ നന്നായി. അക്ഷര തെറ്റുകള്‍ തിരുത്തൂ..
ആശംസകളോടെ...
കുട്ടിയുടെ പ്രായം കാണിക്കാഞ്ഞത് നന്നായി. സ്വപ്നത്തിൽ ഇതൊക്കെയാ കാണുന്നത്, അല്ലേ?. നന്നായി....
നന്നായി സ്വപ്ന കഥ.
യാത്രക്കാരുടെ മനസ്സ്.
യാത്രക്കാര്‍ ശ്രദ്ധിക്കുക ..!
നെഞ്ചോടു ചേര്‍ത്ത് ഓമനികാന്‍ സ്വന്തമായി ഒരു കുഞ്ഞ്..... സര്‍വസക്തന്‍, അവനു മാത്രം അറിയാവുന്ന കാരണകളാല്‍ നല്കാന്‍ മടിക്കുന്ന/ താമസിപ്പികുന്ന? ആ അനര്‍ഗ കനി... അതാണ് സഹോദരാ അങ്ങയുടെ നെഞ്ചകം നിറയെ,..?
അതാണ് ഇത്തരം സ്വപ്നന്കളിലൂടെ അങ്ങയുടെ പതിത മനസ്സ് സാഫല്യമാടയാന്‍ ശ്രമിക്കുന്നത്.
അല്ലാഹു അങ്ങയുടെ ആഗ്രഹം വ്കത്തില്‍ സഫലമാക്കുമാരകട്ടെ (ആമിന്‍)
Ismail Baroon
ഫെയ്സ്ബുക്കിൽ നിന്ന് മുങ്ങി ഇവിടെ കഥപറയുകയാണ് അല്ലേ.. നന്നായി. ഞാനും ബൂലോകത്തേക്ക് തിരിച്ചുവരാൻ തന്നെ തീരുമാനിച്ചു. ഇനിയും ഇങ്ങനെ സ്വപ്നം കാണുക. അഭിനന്ദനങ്ങൾ..
വളരെ വളരെ നന്നായി
ഫോണ്ട് അല്പം ചെറുതാക്കി പാരഗ്രാഫുകള്‍ക്കിടയില്‍ അല്പം സ്പേസ് നല്‍കിയാല്‍ വായിക്കാന്‍ എളുപ്പമായേനെ
ഈ കഥ കാലങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാരോട് പറഞ്ഞ് ആകാംക്ഷാഭരിതരാക്കി ഫൂളാക്കിയിട്ടുണ്ട്.ഒരു സ്ത്രീയും കുട്ടിയുമായിരുന്നു അതിലെ കഥാപാത്രങ്ങള്‍ എന്ന വ്യത്യാസം മാത്രം:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....