(മുസ്ലിം ലീഗ് നേതാവ് ഇ.അഹമ്മദിന്റെ ദ്വി
അംഗത്വവുമായി ബന്ധപ്പെട്ട് ലീഗ് ലയന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍
ആ വിഷയവുമായി ബന്ധപ്പെട്ട് 'മാധ്യമം' പ്രസിദ്ധീകരിച്ച ലേഖനം)
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ഇപ്പോള്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി, രാജ്യത്തിന്‍െറ രാഷ്ട്രീയചരിത്രത്തില്‍തന്നെ അഭൂതപൂര്‍വമാണ്. ഏതു സംസ്ഥാന പാര്‍ട്ടിക്കും
അഭിമാനിക്കാവുന്ന ‘പ്രൊഫൈല്‍ ’ ആണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്‍േറത്. മൂന്ന് എം.പിമാര്‍ , ഒരു കേന്ദ്രമന്ത്രി, സംസ്ഥാനത്ത് നാല് മന്ത്രിമാരും 20 എം.എല്‍ .എ മാരുമായി മുന്നണിയിലും ഭരണത്തിലും സമ്പൂര്‍ണ നിയന്ത്രണം. ഇതില്‍ കൂടുതല്‍
എന്തുവേണം ഒരു സംസ്ഥാന പാര്‍ട്ടിക്ക്?എന്നാല്‍ , തെരഞ്ഞെടുപ്പ് കമീഷന്‍െറ രേഖകളില്‍ ഇതൊന്നുമല്ല ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്.
കേരളത്തില്‍ എന്നല്ല രാജ്യത്തെവിടെയും അസംബ്ലിയിലോ ഒരു കോര്‍പറേഷനില്‍പോലുമോ ഒരൊറ്റ
പ്രതിനിധിയും ഇല്ലാത്ത, അംഗീകാരമില്ലാത്ത ഒരു രജിസ്ട്രേഡ് പാര്‍ട്ടി മാത്രമാണത്. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍
മദ്രാസ് സംസ്ഥാനത്ത് അഞ്ച് എം.എല്‍.എമാരെ സൃഷ്ടിച്ച പാര്‍ട്ടി. എഴുപതുകളില്‍ യു.പിയിലും
പശ്ചിമ ബംഗാളിലുമൊക്കെ ശക്തമായ സാന്നിധ്യമറിയിച്ച പാര്‍ട്ടി. ഖാഇദെമില്ലത്ത് ഇസ്മാഈല്‍
സാഹിബ്,
സീതി സാഹിബ് തുടങ്ങി ചരിത്രപുരുഷന്മാര്‍ ജീവിതം കൊടുത്ത് കെട്ടിപ്പടുത്ത
പാര്‍ട്ടി. തെരഞ്ഞെടുപ്പ്കമീഷന്‍െറ വെബ്സൈറ്റില്‍ ഐ.യു.എം.എല്‍ എന്ന പേരിനുനേരെ ചിഹ്നത്തിന്‍െറ
കോളം ഒഴിഞ്ഞുകിടക്കുന്നു. അവിടെ ലീഗണികളുടെ വികാരമായ കോണി ചിഹ്നം കാണാനില്ല. മറ്റൊരു
പാര്‍ട്ടിയുടെ പേരിനുനേരെയാണ് കോണി. ആ പാര്‍ട്ടിയുടെ
പേര് എത്ര ലീഗ്പ്രവര്‍ത്തകര്‍ കേട്ടിട്ടുണ്ടാവും എന്നറിയില്ല. എം.എല്‍ .കെ.എസ്.സി അഥവാ
മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്നാണ് ആ പാര്‍ട്ടിയുടെ പേര്. ആ പാര്‍ട്ടിയില്‍
നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് മുകളില്‍ പറഞ്ഞ എം.പിമാരും എം.എല്‍ .എ മാരും കേന്ദ്ര-സംസ്ഥാന
മന്ത്രിമാരും എല്ലാം. കോണി അവരുടെ സ്വന്തം ചിഹ്നമാണ്. ഇതെല്ലാം ഒന്നുതന്നെയാണ് എന്നാണ്
വര്‍ഷങ്ങളായി ലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇത് രണ്ടും ഒന്നല്ല എന്ന് തെരഞ്ഞെടുപ്പ് കമീഷനും. രണ്ടും രണ്ടുതന്നെയാണെന്നും
ഒരേസമയം രണ്ടു പാര്‍ട്ടിയില്‍ അംഗമായിരിക്കുകവഴി ജനപ്രാതിനിധ്യ നിയമം ലംഘിച്ചിരിക്കുകയാണെന്നും
കാണിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്രമന്ത്രി
ഇ. അഹമ്മദിന് നോട്ടീസ് അയച്ചതോടെ ലീഗ് നേതൃത്വം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ലീഗ് നേതൃത്വം വിശദീകരിക്കുന്നപോലെ അത്ര
ലളിതമല്ല കാര്യങ്ങള്‍ . അത് ഏറ്റവും നന്നായി അറിയാവുന്നതും നേതൃത്വത്തിനുതന്നെ. അതുകൊണ്ടാണ്
ഈയടുത്ത നാളില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച ലയനം നടക്കാതിരുന്നതും ലയന നടപടിക്രമങ്ങള്‍
നടന്നുവരുന്നു എന്ന് മാധ്യമ പ്രവര്‍ത്തകരോട് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും.
സംഭവത്തിന്‍െറ കിടപ്പുവശം ഇങ്ങനെ:
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന് സമാന്തരമായി
മറ്റൊരു പാര്‍ട്ടി കേരളത്തില്‍ നിലനില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമീഷനില്‍ പ്രത്യേകം
രജിസ്റ്റര്‍ ചെയ്ത അംഗീകാരമുള്ള, സ്വതന്ത്ര വ്യക്തിത്വമുളള
മറ്റൊരു പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമീഷന്‍െറ രേഖകള്‍ പ്രകാരം എം.എല്‍ .കെ.എസ്.സി എന്ന
ഈ പാര്‍ട്ടി 1989ലാണ് രജിസ്റ്റര്‍ ചെയ്തത്. ഇ. അഹമ്മദും ഇ.ടി.
മുഹമ്മദ് ബഷീറും അടക്കം എല്ലാ ലീഗ് എം.പിമാരും പി.കെ. കുഞ്ഞാലിക്കുട്ടിയും എം. കെ.
മുനീറുമടക്കം എല്ലാ എം.എല്‍ .എമാരും തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ആ പാര്‍ട്ടിയില്‍നിന്നാണ്.
കോണി അതിന്‍െറ സ്വന്തം ചിഹ്നമാണ്. ഇത് വലിയ ആനക്കാര്യമല്ലെന്നും ഐ.യു.എം.എല്ലിന്‍െറ
സംസ്ഥാന ഘടകമാണ് എം.എല്‍ .കെ.എസ്.സി എന്നുമാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.
മുഹമ്മദ് ബഷീര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചത്. ഒരു പാര്‍ട്ടിയുടെ
സംസ്ഥാനഘടകം എന്തിന് മറ്റൊരു പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമീഷനില്‍ പ്രത്യേകം രജിസ്റ്റര്‍
ചെയ്തുവെന്ന ചോദ്യത്തിന് യുക്തിസഹമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
മറ്റൊരു പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത് എന്തുകൊണ്ടാണെന്ന്
ലീഗ് നേതൃത്വത്തിന് തുറന്നുപറയാന്‍ ആവാത്തതിന്‍െറ കാരണം വളരെ ലളിതമാണ്. അങ്ങനെ പുറത്തുപറയാന്‍
പറ്റുന്ന കാര്യമല്ല അത് എന്നതുതന്നെ. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ പാര്‍ട്ടിയിലുണ്ടായ
വിഭാഗീയതയുടെ സങ്കുചിതവും സ്വാര്‍ഥവുമായ ഒരു പരിണാമമായിരുന്നു അത്. ദേശീയ പ്രസിഡന്‍റായിരുന്ന
ഇബ്രാഹീം സുലൈമാന്‍ സേട്ടിന്‍െറ കൈയില്‍നിന്ന് പാര്‍ട്ടി പിടിച്ചെടുക്കാന്‍ പാര്‍ട്ടിയുടെ
കേരള നേതൃത്വം നടത്തിയ ഒരുനീക്കം. പാര്‍ട്ടി പിളര്‍ത്തി സേട്ട് കോണിചിഹ്നം സ്വന്തമാക്കിയാലോ
എന്നുഭയന്ന് കേരളത്തിലെ ബുദ്ധിമാന്മാരായ ലീഗ് നേതാക്കള്‍ ഒരു മുഴം നീട്ടി എറിഞ്ഞതാണ്
എം.എല്‍ . കെ.എസ്.സി എന്ന പാര്‍ട്ടിയുടെ ജനനത്തിന് കാരണമായത്. 1986ല്‍ ബാബരി മസ്ജിദ് ഹൈന്ദവ ആരാധനക്ക് തുറന്നുകൊടുത്ത രാജീവ്ഗാന്ധിയുടെ നടപടിയില്‍
വേദനിച്ച ഇബ്രാഹീം സുലൈമാന്‍ സേട്ട്, കോണ്‍ഗ്രസിനോടുള്ള സഹവര്‍ത്തിത്വം തുടരുന്നതിനെ പാര്‍ട്ടിയില്‍ ചോദ്യം ചെയ്തു.
മണ്ഡല്‍ കമീഷന്‍ ശിപാര്‍ശകള്‍ ഉയര്‍ത്തിവിട്ട ചര്‍ച്ചകളും സേട്ടിന്‍െറ രാഷ്ട്രീയ ചിന്താപദ്ധതിയെ
കാര്യമായി സ്വാധീനിച്ചു. ഈ വിഷയങ്ങളില്‍ ഒന്നുംതന്നെ സേട്ടിനൊപ്പമായിരുന്നില്ല കേരളത്തിലെ
ലീഗ് നേതൃത്വം. മുസ്ലിം ജനസമൂഹത്തിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയോ സാമൂഹികനീതി
നടപ്പാക്കുകയോ ഒന്നുമായിരുന്നില്ല, അധികാരം മാത്രമായിരുന്നു
കേരളത്തിലെ ലീഗ് നേതൃത്വത്തിന്‍െറ ലക്ഷ്യമെന്ന് കരുതേണ്ടി വരും. അല്ളെങ്കില്‍ മറ്റെന്താണ്
എം.എല്‍.കെ.എസ്.സി യുടെ ജനനരഹസ്യമെന്ന് ലീഗ്നേതൃത്വം തന്നെ വെളിപ്പെടുത്തട്ടെ.
1989ല്‍ നടന്ന നിശ്ശബ്ദമായ ഈ ‘മെറ്റമോര്‍ഫസിസ്’ (രൂപാന്തരം) അതിന് ചുക്കാന്‍പിടിച്ച കേരളത്തിലെ ലീഗ് നേതൃത്വമൊഴിച്ച് ആരുമറിഞ്ഞില്ല
-ഇബ്രാഹീം സുലൈമാന്‍ സേട്ട് പോലും. ലക്ഷക്കണക്കിന് വരുന്ന ലീഗണികള്‍ തുടര്‍ന്നും കോണിചിഹ്നത്തില്‍
വോട്ടുചെയ്തു. കോണി ഒരു ചിഹ്നം മാത്രമായിരുന്നില്ല മലബാറിലെ ലീഗുകാര്‍ക്ക്, ഒരു വികാരമായിരുന്നു, രാഷ്ട്രീയ ആശയാഭിലാഷങ്ങളുടെ പ്രതീകമായിരുന്നു
(‘ആയിരുന്നു’ എന്ന് പറയുന്നത് സമീപകാലത്ത് അതങ്ങനെ അല്ലാതായിത്തുടങ്ങിയതിന്‍െറ പ്രകടസൂചനകള്‍
കാണുന്നതുകൊണ്ടുതന്നെയാണ്). എന്നാല്‍ കണ്ണടച്ച് ‘കോണിക്ക് കുത്തു’മ്പോഴും ജനങ്ങള്‍ക്കറിയില്ല ആ ചിഹ്നം ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടേതല്ല
എന്ന്.
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് അഖിലേന്ത്യാ
പ്രസിഡന്‍റായിരിക്കെ എം.എല്‍ .കെ.എസ്.സി എന്ന പാര്‍ട്ടിയില്‍നിന്ന് എം.പിയായി തെരഞ്ഞെടുപ്പില്‍
മത്സരിച്ച ഇ. അഹമ്മദിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലീഗിന്‍െറ തമിഴ്നാട് ഘടകം
പ്രസിഡന്‍റായ ദാവൂദ് മിയാഖാന്‍ സമര്‍പ്പിച്ച പരാതിയിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ്
അയച്ചത്. രണ്ടു പാര്‍ട്ടിയില്‍ അംഗമായിരിക്കുന്നത് മുസ്ലിംലീഗ് ഭരണഘടനയനുസരിച്ച് അനുവദനീയമാണ്
എന്ന അഹമ്മദിന്‍െറ വിചിത്രമായ മറുപടി കമീഷന്‍ തള്ളി. ലീഗിന്‍െറ നിയമം അതാവാമെങ്കിലും
രാജ്യത്തിന്‍െറ ഭരണഘടന അനുശാസിക്കുന്ന നിയമം അതല്ല എന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ജനപ്രാതിനിധ്യനിയമത്തിന്‍െറ
29 എ വകുപ്പ് പ്രകാരം ഒരാള്‍ക്ക് രണ്ടു രാഷ്ട്രീയപാര്‍ട്ടികളില്‍ അംഗമാകാനാവില്ലെന്നും
മറ്റെന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ ആവാമെന്നും കാണിച്ച് കമീഷന്‍ അയച്ച നോട്ടീസിന്
മറുപടി നല്‍കാന്‍ മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രമന്ത്രി. ഗുരുതരമായ
ഈ സ്ഥിതിവിശേഷം മറികടക്കാന്‍ ലീഗ് കണ്ടെത്തിയ ഒരു മാര്‍ഗമാണ് ഇരു പാര്‍ട്ടികളുടെയും
ലയനം. അത് അത്ര എളുപ്പമല്ലെന്നും അതില്‍ സാങ്കേതികവും നിയമപരവുമായ ഒട്ടേറെ അഴിയാക്കുരുക്കളുണ്ടെന്നും
ഇപ്പോള്‍ നേതൃത്വം തിരിച്ചറിയുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത
രണ്ടു പാര്‍ട്ടികള്‍ തമ്മില്‍ ലയിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ലയിക്കുന്ന പാര്‍ട്ടിയുടെ
മൂന്നില്‍ ഒന്നില്‍ കുറയാത്ത ഭൂരിപക്ഷത്തോടെയുള്ള അനുമതി പ്രമേയമാണ് ഒരു പ്രധാന നിബന്ധന.
ഇവിടെ രണ്ടു പാര്‍ട്ടികളുടെയും ഭാരവാഹികള്‍ ഒന്നാണെന്നിരിക്കെ ആര് ആരുമായി ലയിക്കും? എം.എല്‍ .കെ.എസ്.സിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും
എങ്ങനെ ഐ.യു.എം.എല്ലിന്‍െറ പ്രാതിനിധ്യം അവകാശപ്പെടാനാവും? ആരൊക്കെയാണ് ഐ.യു.എം.എല്‍ ? ആരൊക്കെയാണ് എം.എല്‍ .കെ.എസ്.സി
?ലീഗ് നേതൃത്വം തന്നെ ഉത്തരം പറയേണ്ടി വരും. തമിഴ്നാട്ടിലെ ഒരു മുന്‍ എം.പിയുടെ
സ്ഥിതി ഇതിലും വിചിത്രമാണ്. ഐ.യു.എം.എല്ലിന്‍െറ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍
മൊയ്തീന്‍ ഡി.എം.കെയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പതിനാലാം ലോക്സഭയില്‍ വെല്ലൂരില്‍നിന്ന്
ഡി.എം.കെ ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട ഖാദര്‍ മൊയ്തീനാണ് ഈയിടെ എം.എല്‍ .കെ.എസ്.സിയും
ഐ. യു.എം.എല്ലും ലയിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചത്. ഡി.എം.കെയില്‍ അംഗമാണെന്ന്
ഖാദര്‍ മൊയ്തീന്‍തന്നെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുമുണ്ട്. ഡി.എം.കെക്കാരനായ ഒരാള്‍
എങ്ങനെയാണ് മുസ്ലിംലീഗിന്‍െറ ദേശീയ ജനറല്‍സെക്രട്ടറിയായിരിക്കുന്നത് എന്നും ലീഗ് നേതൃത്വം
വിശദീകരിക്കേണ്ടി വരും.
കേരളത്തിലേക്ക് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍
ഗുരുതരമാണ്. കേരളത്തിലെ 20 എം.എല്‍ .എമാരും തെരഞ്ഞെടുക്കപ്പെട്ടത് എം.എല്‍.കെ.എസ്.സി എന്ന പാര്‍ട്ടിയില്‍ നിന്നാണ്.
ഐ.യു.എം. എല്‍ എന്ന പാര്‍ട്ടിയുടെ പ്രതിനിധികളാണ് തങ്ങളെന്ന് ഭാവിച്ചും ആ പാര്‍ട്ടിയുടെ
ബാനറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയും ലീഗണികളെയും പൊതുജനങ്ങളെയും കാലങ്ങളായി
വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നതോ പോകട്ടെ, ഒരു പാര്‍ട്ടിയില്‍നിന്ന്
തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയില്‍ എത്തിയവര്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താക്കളായി
നിയമസഭയില്‍ സംസാരിക്കുന്നത് കൂറുമാറ്റ നിരോധ നിയമത്തിന്‍െറ പരിധിയില്‍ വന്നേക്കും
എന്ന അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യമാണ് ലീഗിന് നേരിടേണ്ടിവരുന്നത്. എം.എല്‍ .കെ.എസ്.സി
എന്ന പാര്‍ട്ടിയുടെ എം.എല്‍ .എമാര്‍ എങ്ങനെയാണ് ഐ.യു.എം. എല്‍ എന്ന മറ്റൊരു പാര്‍ട്ടിയുടെ
ദേശീയ എക്സിക്യൂട്ടിവ് ഭാരവാഹികളായിരിക്കുക? ലീഗ് നേതൃത്വം മറുപടി
കണ്ടെത്തേണ്ട ചോദ്യങ്ങള്‍ വേറെയുമുണ്ട്. യു.പി.എ സര്‍ക്കാറിലെ ഘടകകക്ഷിയായ പാര്‍ട്ടി
ഏതാണ്?
ഐ.യു.എം.എല്ലോ എം.എല്‍ .കെ.എസ്.സിയോ? അത് ഐ.യു.എം. എല്‍ ആണ് എന്നാണല്ലോ പൊതുധാരണ.
സഭയില്‍ ഒരു പ്രതിനിധി പോലുമില്ലാത്ത ആ പാര്‍ട്ടി എങ്ങനെ ഘടകകക്ഷിയാവും? കേരളത്തില്‍ യു.ഡി.എഫിന്‍െറ ഘടകകക്ഷിയായ പാര്‍ട്ടി ഏതാണ്? ഐ.യു.എം.എല്ലോ എം.എല്‍ .കെ.എസ്.സിയോ? വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച
കുറ്റത്തില്‍നിന്ന് ലീഗിന്‍െറ എം.പിമാര്‍ക്കോ എം. എല്‍ .എമാര്‍ക്കോ രക്ഷപ്പെടാനാവുമോ? 20 എം.എല്‍ .എമാര്‍ കൂറുമാറ്റ നിരോധ നിയമമനുസരിച്ച് പുറത്തുപോകുന്നത് കേവലം സര്‍ക്കാറിന്‍െറ
പതനത്തിനല്ല, മറിച്ച് യു.ഡി.എഫിന്‍െറ മരണത്തിനാണ് ഇടയാക്കുക.
ഈ രാഷ്ട്രീയ ആള്‍മാറാട്ടം വെളിച്ചത്ത് കൊണ്ടുവരാനുള്ള
നിയമപോരാട്ടം നടത്തിയത് ഖാഇദെ മില്ലത്തിന്‍െറ ചെറുമകനായ ദാവൂദ് മിയാഖാനാണ് എന്നത്
ചരിത്രപരമായ ഒരു വിരോധാഭാസമാണ്. ലീഗിന്‍െറ തമിഴ്നാട് ഘടകം പ്രസിഡന്‍റായ മിയാഖാനെ, തങ്ങള്‍ പുറത്താക്കി എന്നാണ് കേരള ലീഗ് നേതൃത്വത്തിന്‍െറ അവകാശവാദം. ഐ.യു.എം.എല്ലിന്‍െറ
മേല്‍ തങ്ങള്‍ക്കുള്ള അവകാശംതന്നെ തെരഞ്ഞെടുപ്പ് കമീഷന് മുന്നില്‍ തെളിയിക്കാന്‍ കേരളത്തിലെ
ലീഗ് നേതാക്കള്‍ ബുദ്ധിമുട്ടേണ്ടി വരും. ആ സാഹചര്യത്തില്‍ എങ്ങനെയാണ് മറ്റൊരാളെ അകത്താക്കാനോ
പുറത്താക്കാനോ കഴിയുക?
1952ല്‍ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ മലബാറില്‍
ഒറ്റക്ക് മത്സരിച്ച മുസ്ലിംലീഗ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ സീറ്റിലും
ജയിച്ചു.കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ലീഗിനോട് കടുത്ത തൊട്ടുകൂടായ്മ
ഉണ്ടായിരുന്ന കാലത്താണ് ഇത് എന്നോര്‍ക്കണം. കൂടാതെ ആന്ധ്രയിലും മദ്രാസ് സംസ്ഥാനത്തും
ലീഗ് പിന്തുണ നല്‍കിയ നാല്‍പതോളം സ്വതന്ത്രര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1957ലെ രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ ദേശീയ നേതൃത്വത്തെ പിണക്കാതെതന്നെ ലീഗിന്‍െറ പിന്തുണ
നേടാനായി മദ്രാസ് മുഖ്യമന്ത്രിയായിരുന്ന കാമരാജ് കണ്ടെത്തിയ വഴിയും അതിനോട് ഖാഇദെ
മില്ലത്ത് സ്വീകരിച്ച നിലപാടും ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതാണ്. ഖാഇദെ മില്ലത്ത്
നിര്‍ദേശിക്കുന്ന 20 പേരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കുകയും
അവരില്‍ നിന്നു കുറഞ്ഞത് രണ്ടുപേരെ മന്ത്രിമാരാക്കുകയും ചെയ്യാം. പകരം ഖാഇദെ മില്ലത്ത്
ചെയ്യേണ്ടത് ഒന്നേയുള്ളൂ: മുസ്ലിംലീഗ് എന്ന പാര്‍ട്ടി പിരിച്ചുവിടുക. സമുദായത്തിന്‍െറ
പിന്തുണ ഉറപ്പുവരുത്തുക. കാമരാജ് വെച്ചുനീട്ടിയ അധികാരസ്ഥാനങ്ങളില്‍ ഭ്രമിച്ച ചിലര്‍ക്കെങ്കിലും
ഇതില്‍ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും ഖാഇദെ മില്ലത്ത് സ്വീകരിച്ച നിലപാട് മറ്റൊന്നായിരുന്നു.
മുസ്ലിംലീഗ് പിരിച്ചുവിടാന്‍ അതിന്‍െറ നേതൃത്വത്തിന് ഒരധികാരവുമില്ല എന്നായിരുന്നു
അത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുസ്ലിംസമുദായമാണ്. പദവികളും സ്ഥാനമാനങ്ങളും
ഒന്നും കൂടാതെതന്നെ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ലീഗ് തയാറാണ്. പക്ഷേ, അത് മുസ്ലിംലീഗ് എന്ന പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള പരസ്യമായ തെരഞ്ഞെടുപ്പു
ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം എന്നു മാത്രം.‘ചത്ത കുതിര’ എന്നും ‘കാഴ്ചബംഗ്ളാവില്‍ സൂക്ഷിക്കേണ്ട പ്രദര്‍ശന വസ്തു’ എന്നുമൊക്കെ മുന്‍ പ്രധാനമന്ത്രി
ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച ലീഗ് പിന്നീട്, കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും കോണ്‍ഗ്രസിന്‍െറ വിധി നിര്‍ണയിക്കുന്ന പാര്‍ട്ടിയായത്
ഇത്തരത്തിലുള്ള ഒട്ടനവധി സ്ഥാനത്യാഗങ്ങളിലൂടെ ആയിരുന്നു. അല്ലാതെ ‘വെട്ടിനിരത്ത’ലിലൂടെ ആയിരുന്നില്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന പേരും വിലാസവും നഷ്ടപ്പെടുത്തിയുള്ള
ഒരു ഒത്തുതീര്‍പ്പിനും അന്നത്തെ പാര്‍ട്ടി നേതൃത്വം തയാറായിരുന്നില്ല.
1969ല്‍ പശ്ചിമബംഗാളിലെ അജയ് മുഖര്‍ജി മന്ത്രിസഭയില്‍
ഏഴു എം.എല്‍.എമാരും മൂന്നു മന്ത്രിമാരും ഉണ്ടായിരുന്നു ലീഗിന്. ഉത്തര്‍പ്രദേശിലും അസമിലും
പോണ്ടിച്ചേരിയിലും കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും നിയമസഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്ന
പാര്‍ട്ടിയാണ് ഇന്ന് തെരഞ്ഞെടുപ്പ് കമീഷന്‍െറ രേഖകളില്‍ അംഗീകാരമില്ലാത്ത, ചിഹ്നമില്ലാത്ത, നിയമസഭകളിലോ പാര്‍ലമെന്‍റിലോ ഒറ്റയംഗം
പോലുമില്ലാത്ത ഒരു കടലാസ് പാര്‍ട്ടിയായി മാറിയത്.
ജനപ്രാതിനിധ്യ നിയമം ലംഘിക്കപ്പെട്ടെന്നു
തെളിഞ്ഞാല്‍ എന്ത് നടപടിയെടുക്കണം എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണ്.
ഇക്കാര്യത്തില്‍ നിയമവിദഗ്ധര്‍ക്കിടയില്‍തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. രാജ്യത്തിന്‍െറ
തെരഞ്ഞെടുപ്പ് ചരിത്രത്തില്‍തന്നെ അപൂര്‍വമായ ഒരു സ്ഥിതിവിശേഷമാണിത്. ഒരു പാര്‍ട്ടിയില്‍നിന്ന്
തെരഞ്ഞെടുക്കപ്പെട്ട ശേഷം മറ്റൊരു പാര്‍ട്ടിയിലേക്ക് കൂറുമാറുന്നത് തടയാനാണ് കൂറുമാറ്റ
നിരോധ നിയമം കൊണ്ടുവന്നത്. എന്നാല്‍, തെരഞ്ഞെടുക്കപ്പെടുമ്പോള്‍തന്നെ
ഒരാള്‍ രണ്ടു പാര്‍ട്ടിയില്‍ അംഗമായിരിക്കുന്ന സവിശേഷ സാഹചര്യം തെരഞ്ഞെടുപ്പ് കമീഷന്‍
എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. ജനപ്രാതിനിധ്യനിയമത്തിന്‍െറ
29 എ എന്ന സെക്ഷനില്‍ പുതുതായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ വേണ്ട നിബന്ധനകള്‍
വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ മറ്റൊരു പാര്‍ട്ടിയിലും അംഗമല്ല എന്ന സത്യവാങ്ങ്മൂലമാണ്
ഒരു നിബന്ധന. ഒരു ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റിന്‍െറ മുമ്പാകെ ഒപ്പിട്ട നൂറില്‍ കുറയാത്ത
അംഗങ്ങളുടെ സത്യവാങ്ങ്മൂലം നല്‍കിയിരിക്കണം. ഇത്തരത്തില്‍ എല്ലാ നിബന്ധനകളും പാലിച്ചത്
കൊണ്ടു തന്നെയായിരിക്കുമല്ലോ, എം.എല്‍ .കെ.എസ്.സി എന്ന
പാര്‍ട്ടിക്ക് അംഗീകാരം കിട്ടിയത്. ഇതെങ്ങനെ സംഭവിച്ചെന്ന് ജനങ്ങളോട് വിശദീകരിക്കാനുള്ള
ഉത്തരവാദിത്തത്തില്‍നിന്ന് ലീഗ് നേതൃത്വത്തിന് എങ്ങനെ ഒഴിഞ്ഞുമാറാനാവും?
ലീഗ് ഒരു ഫെഡറല്‍ പാര്‍ട്ടിയാണെന്നും വ്യത്യസ്ത
സംസ്ഥാനങ്ങളില്‍ വെവ്വേറെ രജിസ്ട്രേഷന്‍ ഉണ്ടാവുന്നതില്‍ തെറ്റില്ലെന്നുമാണ് ലീഗിലെ
ചിലര്‍ ഉന്നയിക്കുന്ന ഒരു വാദം. ഭാവനാത്മകവും
സംവാദാത്മകവുമായ ഒരു ആശയമാണിത്. ഓരോ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യമനുസരിച്ച്
ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ബഹുസ്വത്വം ഉണ്ടാവുക എന്നത് ആകര്‍ഷകമായ ആശയംതന്നെ. പക്ഷേ, രാജ്യത്ത് നിലവിലുള്ള നിയമസംവിധാനത്തെ മറികടന്നും ജനങ്ങളെ തെറ്റിധരിപ്പിച്ചുമല്ല ഫെഡറലിസവും ബഹുസ്വത്വവും
ഉണ്ടാക്കേണ്ടത് എന്നുമാത്രം.
1 അഭിപ്രായങ്ങള്‍:
മോനെ; കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കാന്‍ ഓടരുത്. ലീഗ് വിരോധം തലയ്ക്കു കയറിയാലും ശരി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....