നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 24, 2012

സംവാദം ;ചില തിരുത്തലുകള്‍


"ഫറവോന്‍ പറഞ്ഞു: `ശിശുവായിരുന്നപ്പോള്‍ നിന്നെ ഞങ്ങള്‍ സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ വളരെ വര്‍ഷങ്ങള്‍ ഞങ്ങളില്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്. പിന്നെ നിന്റെ പേരിലുള്ള ഒരു പാതകം നീ ചെയ്തിട്ടുമുണ്ട്.നീ വളരെ നന്ദി കെട്ടവന്‍ തന്നെ.` മൂസാ ഉത്തരം കൊടുത്തു: `അന്നാളില്‍ ഞാനത് അറിവില്ലായ്മയാല്‍ ചെയ്തതായിരുന്നു." (സൂറ:ശു‌അറാഅ്‌)
                               ധിക്കാരികളുടെ പര്യായമായി വിശുദ്ധ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്ന ഫിര്‍‌ഔനും മൂസാ പ്രവാചകനും തമ്മില്‍ നടന്ന സം‌വാദത്തിന്റെ ഒരു ഭാഗമാണു ഖുര്‍‌ആനില്‍ നിന്ന് ഇവിടെ ഉദ്ധരിച്ചത്.ഇന്ന് സം‌വാദങ്ങളാല്‍ മുഖരിതമാണു കേരളീയ പരിസരം.പരസ്പര ബഹുമാനമോ ഗുണകാംക്ഷയോ ഇല്ലാതെയാണു അതില്‍ മിക്കതും നടന്നുകൊണ്ടിരിക്കുന്നത് എന്ന് അതിനെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണു. ഇത്തരുണത്തില്‍ സം‌വാദങ്ങളുടെ ഇസ്ലാമികതയിലേക്ക് ഒരെത്തിനോട്ടം നടത്താനുള്ള എളിയ ശ്രമമാണു ഇവിടെ നടത്തുന്നത്.
                                സം‌വാദങ്ങളിലൂടെ ചിന്തകളുടേയും സംസ്കാരങ്ങളുടേയും കൈമാറ്റം നടക്കുക എന്നതിനു പകരം പലപ്പോഴും പരസ്പരം തോല്പിക്കുന്നതിലും മുട്ടുകുത്തിക്കുന്നതിലും മത്സരിക്കുക എന്നതിലാണു നാം എത്തിനില്‍ക്കുന്നത്.അതുകൊണ്ടുതന്നെ അതില്‍നിന്നെന്തെങ്കിലും ഉള്‍കൊള്ളാനൊ സ്വായത്തമാക്കാനൊ നമുക്ക് സാധിക്കാതെ പോകുന്നു.മേല്‍ സൂചിപ്പിച്ച ഖുര്‍‌ആന്‍ വചനത്തില്‍ മൂസാ(അ)ന്റെ ശക്തവും പഴുതില്ലാത്തതുമായ വാദങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടിവരുന്ന ഫിര്‍‌ഔന്‍ ഉയര്‍ത്തുന്ന പരിഹാസ്യമായ വാദഗതികള്‍ നമുക്ക് കാണാന്‍ സാധിക്കും.ഇന്നത്തെ മതസംഘടനകള്‍ ഉയര്‍ത്തുന്ന അതേസ്വരം തന്നെയാണു നാമവിടെ കാണുന്നത്.അഥവാ 'നിങ്ങള്‍ അന്നത് ചെയ്തില്ലേ ? മുമ്പ് അത് ചെയ്തിട്ടില്ലേ..?' തുടങ്ങിയ ചോദ്യങ്ങളുമായി എതിരാളിയെ അടിച്ചിരുത്താന്‍ ശ്രമിക്കുന്ന ഒരു തരം പിന്തിരിപ്പന്‍ ശൈലി.
പക്ഷെ ഇവിടെ കൂടുതല്‍ ശ്രദ്ധേയമാവുന്നത് മൂസാ(അ) നല്‍കിയ മറുപടിയാണ്.കഴിഞ്ഞുപോയ കാലഘട്ടത്തില്‍ അറിയാതെ സംഭവിച്ച് പോയ തെറ്റിനെ ന്യായീകരിക്കാനൊ ശരിവെക്കാനൊ ഉള്ള വിഫല ശ്രമമല്ല മൂസാ പ്രവാചകനില്‍ നിന്നുണ്ടാകുന്നത്.മറിച്ച് അദ്ധേഹം പറയുന്നു:'അന്നാളില്‍ ഞാനത് അറിവില്ലായ്മയാല്‍ ചെയ്തതായിരുന്നു.'
                               ഇസ്ലാമിക സം‌വാദ സദസ്സുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തവും  അനിവാര്യവുമായ ഒരു പാഠമാണ് ഇത് നല്‍കുന്നത്.അഥവാ നാം മനുഷ്യരാണ്; തെറ്റുകള്‍ മനുഷ്യ സഹജമാണ്.സംഭവിച്ച തെറ്റുകള്‍ അംഗീകരിക്കാനും ഏറ്റ് പറയാനുമുള്ള മനസ്സ് വിജയത്തെയാണ് സൂചിപ്പിക്കുന്നത്,പരാജയത്തെയല്ല എന്നത് സം‌വാദങ്ങളുടെ അടിസ്ഥാന തത്വമായി മാറേണ്ടതുണ്ട്.അതിലൂടെ മാത്രമെ സമൂഹത്തിന് ദിശാബോധം നല്‍കുന്ന ചര്‍ച്ചകളും സം‌വാദങ്ങളും രൂപപ്പെടുകയുള്ളൂ.അഥവാ പരസ്പരം അറിയാനും അടുക്കാനുമുള്ളതാവണം നമ്മുടെ സം‌വാദങ്ങള്‍.
                                അതോടൊപ്പം ഒരു പ്രബോധകന്റെ ,സംസ്കരണ പ്രവര്‍ത്തകന്റെ, ഭാഷാ ശൈലിയിലും പ്രയോഗങ്ങളിലും അങ്ങേയറ്റത്തെ സൂക്ഷ്മത അനിവാര്യമാണ്.പരസ്പരം പരിഹസിക്കുന്ന, കുത്തുവാക്കുകള്‍ പ്രയോഗിക്കുന്ന നേതാക്കന്മാരും ആ പ്രസംഗങ്ങളില്‍ ആത്മ നിര്‍വൃതി കണ്ടെത്തുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന അനുയായി വൃന്ദങ്ങളും എഥാര്‍ത്ഥത്തില്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? സ്റ്റേജുകളിലാണെങ്കിലും പേജുകളിലാണെങ്കിലും ഇതെല്ലാം ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളായി മനസ്സിലാക്കാന്‍ ഒരു പ്രബോധകന് സാധ്യമാകേണ്ടതുണ്ട്."അല്ലയോ വിശ്വസിച്ചവരേ, പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നുവരാം. സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായെന്നു വരാം.പരസ്പരം അവഹേളിക്കരുത്. ദുഷ്പേരുകള്‍ വിളിക്കയുമരുത്. വിശ്വാസം കൈക്കൊണ്ടശേഷം ദുഷ്പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രെ.ഈ ദുശ്ശീലത്തില്‍നിന്നു പിന്തിരിയാത്തവര്‍ ധിക്കാരികള്‍ തന്നെയാകുന്നു." സൂറത്തുല്‍ ഹുജറാത്തിലൂടെ അല്ലാഹു സുബ്‌ഹാനഹു വ ത‌ആല നല്‍കുന്ന ഈ മുന്നറിയിപ്പിനെ ഏത് അളവുകോല്‍ വെച്ചിട്ടാണ് നാം തള്ളിക്കളയുക.
                                   മാത്രമല്ല ,മരിച്ച് കിടക്കുന്ന സ്വന്തം സഹോദരന്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമാണ് അതെന്നും ഖുര്‍‌ആന്‍ വ്യക്തമാക്കുന്നു "അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു." എറിഞ്ഞ് കൊല്ലപ്പെട്ട മാ‌ഇസ്(റ) നെ കുറിച്ച് സംസാരിച്ച രണ്ടാളുകള്‍ക്ക് ഒരു ചത്ത കഴുതയെ കാണിച്ച് കൊടുത്ത് അത് തിന്നുന്നതാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന കര്‍മ്മത്തേക്കാള്‍ ഉത്തമമെന്ന് പഠിപ്പിച്ച പ്രവാചകന്‍ നല്‍കുന്ന സൂചനയും മറിച്ചല്ല.
                              അതിനാല്‍ ഇത് നാം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.ഇസ്ലാമിന്റെ ആദര്‍ശങ്ങള്‍ ബലി കഴിച്ചുകൊണ്ടുള്ള ഒരു സം‌വാദവും -ഇസ്ലാമിന്റെ എതിരാളികള്‍ക്കെതിരെ പോലും- ഇസ്ലാമിക ചരിത്രത്തില്‍ കാണാന്‍ നമുക്ക് സാധ്യമല്ല.പിന്നെങ്ങനെയാണ് ഇസ്ലാമിലെ ആദര്‍ശ സഹോദരങ്ങള്‍ക്കെതിരെ ഇത്ര രൂക്ഷമായ ശൈലിയില്‍ പ്രതികരിക്കാന്‍ നമുക്ക് സാധിക്കുന്നത്? കപടവിശ്വാസികളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ 'സംസാരിച്ചാല്‍ കളവ് പറയും, പിണങ്ങിയാല്‍ അസഭ്യം പറയും' എന്നൊക്കെ പ്രവാചകന്‍ സൂചിപ്പിച്ചത് നമുക്ക് ബാധകമല്ല എന്നാണൊ?അതിനാല്‍ സഹോദരങ്ങളോട് ഉണര്‍ത്താനുള്ളത് പ്രവാചകന്‍(സ) യുടെ ഒരു വാക്യം തന്നെയാണ്. "ആര്‍ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവോ, അവന്‍ നല്ലത് പറയട്ടെ,അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ"

2 അഭിപ്രായങ്ങള്‍:

koolismail പറഞ്ഞു... മറുപടി

ഈ കെട്ട കാലത്ത് സംവാഭങള്‍ ഉദര പൂരണത്തിനുളളതാണ് സുഹൃെതത!!!!!!!!

നിസാം പറഞ്ഞു... മറുപടി

ഗുഡ്‌ പോസ്റ്റ്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....