നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, ഡിസംബർ 20, 2011

തുള വീണ മനസ്സുകള്‍


എച്ച്.ജി വെല്‍സിന്റെ ഒരു കഥയുടെ സാരാംശം ഇങ്ങനെ വായിക്കാം.
നോഹരമായ ഒരു താഴ്‌വരയാണ് കഥയുടെ പശ്ചാത്തലം. അവിടെ വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കൊച്ചു കാറ്റുണ്ടാവുമ്പോള്‍ അവ അങ്ങോട്ടുമിങ്ങോട്ടുമാടുന്നു. ചന്തമുള്ള ചിത്രശലഭങ്ങള്‍ പൂന്തേന്‍ നുകര്‍ന്ന് പാറി നടക്കുന്നു. അങ്ങനെ ഒരായിരം മാരിവില്ലുകള്‍ പൊട്ടി വീണ പ്രതീതി ഉണര്‍ത്തുന്ന താഴ്‌വര. നിര്‍ഭാഗ്യ വശാല്‍ അവിടത്തെ താമസക്കാരൊക്കെയും അന്ധരാണ്. അതിനാലവര്‍ക്ക് ആ താഴ്‌വരയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനൊട്ടും സാധ്യമല്ല. ഒരിക്കല്‍ ഒരൊറ്റക്കണ്ണന്‍ അവിടെ എത്തിപ്പെടുന്നു. അയാള്‍ പൂക്കളുടെയും പൂമ്പാറ്റകളുടെയും മനോഹാരിത കണ്ട് അത്ഭുതസ്തബ്ധനാവുന്നു. ആഹ്ലാദഭരിതനായി അയാള്‍ വിളിച്ചു പറഞ്ഞു: ഹാ! എന്ത് സുന്ദര കുസുമങ്ങള്‍! എത്ര മനോഹരമായ പൂമ്പാറ്റകള്‍.ഇതു കേട്ട കുരുടന്മാര്‍ ഒറ്റക്കണ്ണന്‍ കള്ളം പറയുകയാണെന്ന് തറപ്പിച്ചു പറഞ്ഞു. അതവരുടെ അറിവിനും അനുഭവത്തിനും എതിരായിരുന്നു. അതിനാലവര്‍ ഒറ്റക്കണ്ണനെ കള്ളനെന്ന് വിളിച്ച് ക്രൂരമായി മര്‍ദിക്കുന്നു.
മനസ്സിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് അതാര്‍ജിച്ച അറിവാണ്. അതിന് അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്. അഭൗതികമായ അറിവ് അവക്ക് അന്യവും അതീതവുമാണ്.ഭൗതിക വിജ്ഞാനം തന്നെ വിവിധ ഇനമാണ്. അവ ഓരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. വിവിധങ്ങളായ മാനദണ്ഡങ്ങളും.
ഗണിത ശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീര ശാസ്ത്രം മനസ്സിലാക്കാനാവില്ല. ഗണിത ശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഒരു വൃത്തത്തിന് മൂന്നൂറ്റിയറുപത് ഡിഗ്രിയാണെന്നും ത്രികോണത്തിന് നൂറ്റിഎണ്‍പത് ഡിഗ്രിയാണെന്നുമുള്ള സങ്കല്‍പ്പം സ്വീകരിക്കാതെ ക്ഷേത്രഗണിതം പഠിക്കാന്‍ സാധ്യമല്ല. ബീജഗണിതത്തിന് ഭിന്നമായ മാനദണ്ഡം അനിവാര്യം. ഗോളശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഭൂമിശാസ്ത്രം പോലുള്ളവക്കെല്ലാം പ്രത്യേകം പ്രത്യേകം മാധ്യമങ്ങളാവശ്യമാണ്.
ഭൗതിക വിദ്യയുടെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കെ ആധ്യാത്മിക ജ്ഞാനം നേടാന്‍ തീര്‍ത്തും വ്യതിരിക്തമായ മാര്‍ഗം അനിവാര്യമാണ്. അല്ലാഹു, സ്വര്‍ഗം, നരകം, മാലാഖ, പിശാച് പോലുള്ളവയെപ്പറ്റി പഠിക്കാന്‍ മനുഷ്യന്റെ വശം ആര്‍ജിതമായ ഒരു മാനദണ്ഡവുമില്ല. ദൈവദൂതന്മാരിലൂടെ അവതീര്‍ണമായ ദിവ്യവെളിപാടുകളല്ലാതെ. അതിനാല്‍ ഈ ആധ്യാത്മിക അറിവിന്റെ അഭാവത്തില്‍ മനുഷ്യനെയും ജീവിതത്തെയും മരണത്തെയും മരണാനന്തര ജീവിതത്തെയും സംബന്ധിച്ച യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ആര്‍ക്കും സാധ്യമല്ല.

ദിവ്യബോധനമാകുന്ന ആറാം സ്രോതസ്സുകൊണ്ട് അനുഗ്രഹീതരായ പ്രവാചകന്മാര്‍ പറയുന്ന കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ളവര്‍ നിഷേധിക്കുന്നതും നിരാകരിക്കുന്നതും കണ്ണുള്ളവര്‍ പറയുന്നതിനെ കണ്ണില്ലാത്തവര്‍ ചോദ്യം ചെയ്യുന്നതു പോലെയാണ്. ദിവ്യബോധനങ്ങളിലൂടെ ലഭ്യമാവുന്ന അറിവുകള്‍ക്ക് പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.ഇപ്രകാരം തന്നെ നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധര്‍മവും അധര്‍മവുമൊക്കെ തീരുമാനിക്കാന്‍ മനുഷ്യമനസ്സു അശക്തമാണ്. സാഹചര്യങ്ങളുടെ സ്വാധീനത്തില്‍ നിന്ന് തീര്‍ത്തും മുക്തമായ മനുഷ്യനോ മനസ്സോ ഇല്ല. ജീവിത വീക്ഷണം, വിശ്വാസം, ആചാരങ്ങള്‍, സ്വഭാവരീതികള്‍, പെരുമാറ്റ സമ്പ്രദായങ്ങള്‍ തുടങ്ങി മുഴുമേഖലകളിലും ഓരോരുത്തര്‍ നിലകൊള്ളുന്ന പരിസരങ്ങള്‍ പ്രതിഫലിക്കാതിരിക്കില്ല. ജനിച്ചു വളര്‍ന്ന കുടുംബം, സാമൂഹിക ചുറ്റുപാടുകള്‍ , സാമ്പത്തികാവസ്ഥകള്‍ , രാഷ്ട്രീയ സാഹചര്യങ്ങള്‍ പോലുള്ള വ്യത്യസ്ത ഘടകങ്ങള്‍ മനുഷ്യമനസ്സിലും ജീവിതത്തിലും അനല്‍പമായ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ തീര്‍ത്തും നിഷ്പക്ഷമായ മനസ്സില്ല: അബദ്ധമുക്തമായ ഒന്നായി അംഗീകരിക്കാവുന്ന ഒന്നല്ല അത്. ഒരേ വ്യക്തിയുടെ തന്നെ മനസ്സ് വ്യത്യസ്ത കാരണങ്ങളാല്‍ വിഭിന്ന സമീപനം സ്വീകരിക്കുക സ്വാഭാവികമാണ്. അതിനാല്‍ ശരിയും തെറ്റും നന്മയും തിന്മയും സന്മാര്‍ഗവും ദുര്‍മാര്‍ഗവുമൊക്കെ തീരുമാനിക്കാനുള്ള അധികാരവും അവകാശവും കേവല മനസ്സിന് വിട്ടുകൊടുക്കാവതല്ല. ഇത് അനിഷേധ്യമായ വസ്തുതയത്രെ. പ്രശസ്ത ഫ്രഞ്ച് ദാര്‍ശനികനായ ആന്ത്രക്രീസോണ്‍ തന്റെ 'സദാചാര വ്യവസ്ഥയും തത്വദര്‍ശനവും' എന്ന കൃതിയിലെഴുതുന്നു: ''എല്ലാ നാടുകളിലെയും ജനങ്ങള്‍ എക്കാലത്തും സ്വന്തം മനസ്സാക്ഷിയോട് ഉപദേശം തേടിയിരുന്നു. പക്ഷേ, അവക്ക് ലഭിച്ച മറുപടി എല്ലാവര്‍ക്കും എല്ലാഴ്‌പ്പോഴും ഒരേസ്വഭാവത്തിലായിരുന്നില്ല. ഒരു കാലഘട്ടത്തിലെ ആത്മാര്‍ഥ മനസ്സുകള്‍ക്ക് നന്മയും നീതിയുമായി തോന്നിയ കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് തിന്മയും അനീതിയുമായി തോന്നി. ആ മനസ്സുകളും ആത്മാര്‍ഥതയുള്ളവയായിരുന്നു. പക്ഷേ, അവര്‍ ജീവിച്ചത് മറ്റൊരു കാലത്തും വേറെ നാട്ടിലും ആയിരുന്നുവെന്നു മാത്രം. വിവിധ കാലഘട്ടങ്ങളിലെ മനോഭാവങ്ങളെ താരതമ്യം ചെയ്താല്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.''
മനസ്സിന്റെ ഈ പരിമിതി ഉള്‍ക്കൊണ്ട് സത്യത്തിന്റെയും സന്മാര്‍ഗത്തിന്റെയും മാനദണ്ഡമായി ദൈവത്തെയും ദൈവിക വ്യവസ്ഥയെയും അംഗീകരിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. മുഴുവന്‍ ആത്മീയ അറിവുകളുടെയും അടിസ്ഥാനം ദൈവം തന്റെ ദൂതന്മാരിലൂടെ നല്‍കിയ സന്ദേശങ്ങളാണെന്നും അവയുടെ വെളിച്ചത്തിലായിരിക്കണം മനസ്സിന്റെ എല്ലാ വികാരവിചാരങ്ങളും തീരുമാനങ്ങളുമെന്നും അതനുശാസിക്കുന്നു. ഇതിനു സന്നദ്ധരാവാത്ത ധിക്കാരികളുടെ മനസ്സുകള്‍ മുദ്ര വെക്കപ്പെട്ടവയും നന്മയുടെ വെളിച്ചം കടക്കാനാവാത്തവിധം അടച്ചുമൂടപ്പെട്ടവയും സന്മാര്‍ഗത്തിന് ഒരു പ്രവേശനവുമനുവദിക്കാതെ താഴിട്ടവയും ആണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

''അല്ലാഹു അവരുടെ മനസ്സും കാതും അടച്ചു മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് മൂടിയുണ്ട്. അവര്‍ക്കാണ് കൊടിയ ശിക്ഷ''(അല്‍ബഖറ 7). ''നാം അവരുടെ മനസ്സുകള്‍ അടച്ചു പൂട്ടി മുദ്ര വെക്കും''(അന്നഹ്ല്‍ 108).ഈ സൂക്തങ്ങളില്‍ പലതിലും അല്ലാഹു ഇതിനു കാരണമായി പറഞ്ഞത് അവര്‍ തന്നിഷ്ടങ്ങളെ പിന്തുടര്‍ന്നുവെന്നതാണ്. സത്യവും സന്മാര്‍ഗവും മനസ്സിലേക്ക് കടന്നു ചെല്ലാനുള്ള അവസരംപോലും നിഷേധിച്ചവരാണവര്‍ .
ധിക്കാരികളുടെ ഈ അവസ്ഥയെ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു: ''നീ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍ നാം അദൃശ്യമായ ഒരു മറയിടുന്നു. അത് മനസ്സിലാക്കാനാവാത്ത വിധം അവരുടെ മനസ്സുകള്‍ക്ക് നാം മൂടിയിടുന്നു. കാതുകള്‍ക്ക് അടപ്പിടുന്നു. നിന്റെ നാഥനെ മാത്രം ഈ ഖുര്‍ആനില്‍ പരാമര്‍ശിക്കുമ്പോള്‍ അവര്‍ വെറുപ്പോടെ പിന്തിരിഞ്ഞു പോകുന്നു''(അല്‍ഇസ്രാഅ് 45,46).

ഇവ്വിധം സത്യം ഉള്‍ക്കൊള്ളാനും സന്മാര്‍ഗം സ്വീകരിക്കാനും സാധിക്കാതെ മനസ്സുകള്‍ക്ക് മുദ്രവെക്കപ്പെടാനുള്ള കാരണം അവയെ ശരിയാംവിധം ഉപയോഗപ്പെടുത്തി നേര്‍വഴി ചിന്തിക്കാത്തതാണ്. അങ്ങനെ മനസ്സുകളെ അന്ധത ബാധിച്ചതാണ്. അല്ലാഹു പറയുന്നു:
''അവര്‍ ഈ ഭൂമിയില്‍ സഞ്ചരിക്കാറില്ലേ? എങ്കിലവര്‍ക്ക് ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകുമായിയിരുന്നു. സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല; നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്''(അല്‍ഹജ്ജ് 46).

മനസ്സുകളെ അല്ലാഹുവിന് വിധേയമാക്കി പക്വമായ ചിന്തകളിലൂടെ വിവേകപൂര്‍വമായ തീരുമാനമെടുക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളുടെയും ചരിത്രസത്യങ്ങളുടെയും പ്രകൃതിപ്രതിഭാസങ്ങളുടെയും നേരെ തുറന്നുവെച്ച കണ്ണും കാതും മനസ്സും ജാഗ്രത്തായി നിലനിര്‍ത്തണമെന്ന് അതാവശ്യപ്പെടുന്നു. മനസ്സിന്റെ അന്ധതക്ക് പകരം ചിന്തയും നിരന്തരമായ അന്വേഷണവും അനിവാര്യമാണെന്ന് ഉല്‍ബോധിപ്പിക്കുകയും ചെയ്യുന്നു. ചിന്തയും ആലോചനയുമായി ബന്ധപ്പെട്ട് അമ്പതിലേറെ സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമുണ്ടെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ.

മനസ്സിനെ അല്ലാഹുവുമായി ബന്ധിപ്പിച്ച് ചിന്തയെ പക്വവും വിശുദ്ധവുമാക്കി സദാ സമാധാനവും സംതൃപ്തിയും സുക്ഷ്മതയും ഭക്തിയും ശക്തിയും നന്മയും ധീരതയുമുള്ളവരാത്തീരാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഇരുലോക വിജയം ഉറപ്പായും ലഭ്യമാവുക അവര്‍ക്കാണ്. അവര്‍ക്കുമാത്രം!
(കടപ്പാട്: പ്രബോധനം, ലക്കം:27)

6 അഭിപ്രായങ്ങള്‍:

Jefu Jailaf പറഞ്ഞു... മറുപടി

good article...

കെ.എം. റഷീദ് പറഞ്ഞു... മറുപടി

ലേഖനത്തിന്റെ പശ്ചാത്തലം(ബ്ലോഗിന്റെ) മാറ്റിയാല്‍ വായന കുറേക്കൂടി സുഗമാമാകുമായിരുന്നു

പൈമ പറഞ്ഞു... മറുപടി

എന്തക്കയോ കലക്കി എടുത്തിരിക്കുന്നു ..പഴയ പോസ്റ്റിന്റെ ഉഉര്ജം ഇതിനില്ല
എന്നാലും നല്ല രചനയാണിത് ..

Unknown പറഞ്ഞു... മറുപടി

തുടക്കത്തിലെ കഥ പറയുന്ന ഒരു സിനിമയുണ്ട് മലയാളത്തില്‍ .ഓസ്കാര്‍ നോമിനഷന്‍ ലഭിച്ച രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു .കാഴ്ചയില്ലാത്ത ലോകത്ത് എത്തിപ്പെട്ട നായകന്‍ കാഴ്ചയുടെ മായാലോകത്തെ കുറിച്ച് അവിടെയുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കഥ ...ഇനിയും നല്ല എഴുത്തിനായി കാത്തിരിക്കുന്നു.

basheer പറഞ്ഞു... മറുപടി

hyh

ബെഞ്ചാലി പറഞ്ഞു... മറുപടി

congrats

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....