നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വ്യാഴാഴ്‌ച, ജൂലൈ 21, 2011

കുടുംബ ജീവിതം ആഹ്ലാദകരമാക്കാന്‍ .........


                                            ജീവിതം മുഴുവന്‍ അല്ലാഹുവിന് സമര്‍പ്പിച്ച് സ്വര്‍ഗമെന്ന മഹാ സ്വപ്നത്തിലേക്ക് തുഴഞ്ഞ് നീങ്ങണമെന്നാഗ്രഹിക്കുന്നവരാണ് നാം.        നാം സ്വര്‍ഗത്തിലേക്ക് വഴിവെട്ടുമ്പോള്‍ നമ്മുടെ എല്ലാമെല്ലാമായ കുടുംബം കൂടെയുണ്ടാവണമെന്ന ആഗ്രഹം സ്വാഭാവികമാണ്."അല്ലയോ സത്യവിശ്വാസികളെ നിങ്ങളേയും,നിങ്ങളുടെ കുടുംബത്തേയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുക" എന്ന ഖുര്‍‌ആന്‍ വചനമാണ് അതിന്റെ അടിസ്ഥാനം.നാം മുന്നോട്ട് പോകുന്നത് സത്യത്തിന്റെ പാതയിലാണെന്ന ഉറച്ചബോധം നമുക്കുണ്ടെങ്കില്‍ നമ്മുടെ കുടുംബവും ആ വഴിയിലായിരിക്കണമെന്ന ആഗ്രഹം നമുക്കുണ്ടാവേണ്ടതല്ലേ.
                                  ഐഹിക ജീവിതത്തില്‍ തന്റെ ഇണയുടെയും മക്കളുടേയും എന്താഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ എത്ര പ്രയാസങ്ങള്‍ സഹിച്ചും പെടാപാട് പെടുന്നവരാണ് നമ്മള്‍ .തനിക്ക് കിട്ടുന്ന എന്ത് സൗഭാഗ്യങ്ങളും തന്നെക്കാള്‍ കൂടുതല്‍ അവര്‍ക്ക് കിട്ടണമെന്നാഗ്രഹിക്കുന്ന മനസ്സാണ് നമ്മുടേത്.പക്ഷെ ഇസ്ലാമികമായ സംസ്കാരങ്ങളുടെയും,സ്വര്‍ഗ സ്വപ്നങ്ങളുടെയും കാര്യത്തില്‍ ആ ഒരു താല്പര്യം പലപ്പോഴും കാണാറില്ല.
                                   ഇസ്ലാമികബോധമുള്ളവരെന്ന് നാം ധരിക്കുന്ന പലരുടേയും ഇണകളും മക്കളുമൊക്കെ പുറത്തിറങ്ങുന്നത് കാണുമ്പോള്‍ നമ്മുടെ സകല ധാരണകളും കീഴ്മേല്‍ മറിയുന്ന അവസ്ഥകളുണ്ടാകാറുണ്ട്. തനിക്ക് മാത്രം ആസ്വദിക്കാന്‍ അനുവദിക്കപ്പെട്ട തന്റെ ഇണയുടെ ശരീരഭംഗി പൊതു സമൂഹ ത്തിനുമുമ്പില്‍ പരക്കെ വെളിവാക്കുന്നതിന് പലര്‍ക്കും ഒരു ലജ്ജയും കാണാറില്ല.അഥവാ അത്തരം കാര്യങ്ങള്‍ അവരുടെ ഇഷ്ടങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ഒരനിസ്ലാമിക രീതി,അങ്ങനേയൂ പുറത്തിറങ്ങാവൂ എന്ന് ഇണകളെ നിര്‍ബന്ധിക്കുന്ന അല്പന്മാരും കുറവല്ല.നാളെ പടച്ച റബ്ബിന്റെ സ്വര്‍ഗപ്പൂങ്കാവനം അവര്‍ക്കുമുന്നില്‍ കൊട്ടിയടക്കപ്പെടുമെന്ന ഭീകരസത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.
                                   വിശുദ്ധ ഖുര്‍‌ആനിന്റെ വചനമനുസരിച്ച് 'ബലിഷ്ഠമായ കരാറിലൂടെ' കുടുംബ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചവരാണ് നമ്മള്‍ .വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് കടന്നുവന്നവരായത്കൊണ്ടുതന്നെ പൊട്ടലും ചീറ്റലും സ്വാഭാവികമാണ്.അവിടെയാണ് ഒരു യഥാര്‍ത്ഥ ഇസ്ലാമിക കുടുംബത്തിന്റെ വ്യതിരക്തത നാം മനസ്സിലാക്കേണ്ടത്.പലപ്പോഴും ഇണകളില്‍ ആരെങ്കിലും ഒരാളെ ശക്തമായ ഇസ്ലാമിക ചുറ്റുപാടുകളില്‍ നിന്ന് വന്നവരായി ഉണ്ടാവൂ.ചിലപ്പോള്‍ രണ്ട് പേരും അത്തരം ചുറ്റുപാടുകളില്‍ നിന്ന് വന്നവരായിരിക്കാം,അവരെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വളരെ എളുപ്പവുമായിരിക്കും.ഇനിയും ചില കുടുംബങ്ങളില്‍ അത്തരം ഇസ്ലാമിക ചുറ്റുപാട് ലഭിക്കാത്തവരായിരിക്കും രണ്ട് പേരും. ഇത്തരം വ്യത്യസ്ത സാഹചര്യങ്ങളെ ഗുണകാംക്ഷാ പൂര്‍‌വ്വം നേരിടാന്‍ നമുക്ക് സാധിക്കണം.അതിന് പരസ്പര വിശ്വാസവും, സ്നേഹവുമാണ് കുടുംബജീവിതത്തിന്റെ ആണിക്കല്ല് എന്ന സത്യം ആദ്യമായി നാം തിരിച്ചറിയണം.ഇണയും തുണയും പരസ്പര തിരിച്ചറിവോട് കൂടി മുന്നോട്ട് പോകുന്ന ഒരവസ്ഥ സംജാതമാക്കണം.പരസ്പര ആവശ്യങ്ങളും,അവകാശങ്ങളും,ഉത്തരവാദിത്വങ്ങളും,അവസ്ഥകളുമെല്ലാം തിരിച്ചറിയാന്‍ സാധിക്കണം.                                   
                                 കുടുംബത്തില്‍ ഒരിസ്ലാമിക അന്തരീക്ഷ മുണ്ടാക്കിയെടുക്കുക എന്നതാണ് ഇതില്‍ ഒന്നാമത്തെ പടി. ഭാര്യ - ഭര്‍ത്താവ് (ഭരിക്കപ്പെടുന്നവള്‍ - ഭരിക്കുന്നവന്‍ )എന്ന അവസ്ഥ തന്നെ തൂത്തെറിഞ്ഞ് ഇണയും,തുണയുമായിമാറുക എന്നതാണതിനുള്ള പ്രഥമ ദൗത്യം.വീട്ടുജോലികളില്‍ ഇണയെ സഹായിക്കാനും, ജോലികഴിഞ്ഞ് വരുന്ന തുണയുടെ മാനസികാവസ്ഥ മനസ്സിലാക്കാനും രണ്ട് പേര്‍ക്കും സാധിക്കണം.ഇണയും തുണയും മക്കളുമൊക്കെ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരവസ്ഥ സംജാതമാകണം. ഉള്ളതെന്ത്,ഇല്ലാത്തതെന്ത്,വരവെത്ര,ചെലവെത്ര എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ രീതിയെ നമുക്ക് ഗൃഹയോഗമെന്ന് വിളിക്കാം.പൊതുമണ്ഡലത്തില്‍ ഒരുമുഖവും, വീട്ടില്‍ മറ്റൊരു മുഖവുമെന്നത് യഥാര്‍ത്ഥ വിശ്വാസിക്ക് യോജിച്ചതല്ല.
                                       ഖുര്‍‌ആന്‍ പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു വീടായിമാറണം നമ്മുടെ വീടുകള്‍ .പൈങ്കിളി വായനകള്‍ക്കും,പൈങ്കിളി സീരിയലുകള്‍ക്കും വിട നല്‍കി നല്ലത് വായിക്കുകയും,നല്ലത് കാണുകയും,നല്ലതുമാത്രം കേള്‍ക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് മാറുമ്പോള്‍ നമ്മുടെ കുടുംബത്തില്‍ സന്തോഷവും,ആഹ്ലാദവും തിരതല്ലുന്നത് നമുക്ക് കാണാം.നിര്‍ബന്ധ കര്‍മ്മങ്ങളിലെ സൂക്ഷ്മത കുടുംബാംഗങ്ങളെ സ്നേഹപൂര്‍‌വ്വം ഉണര്‍ത്തുന്നതോടൊപ്പം ഇണയേയും മക്കളേയും കൂട്ടി സുന്നത്ത് കര്‍മ്മങ്ങള്‍ കൂട്ടമായെടുക്കുന്ന ഒരു ശീലവും നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.അര്‍ദ്ധരാത്രിയില്‍ ലോകം മുഴുവന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ റബ്ബിന്റെ മുമ്പില്‍ സുജൂദ് ചെയ്യാന്‍ ഉണര്‍ന്നെണീക്കുകയും,തന്റെ ഇണയുടെ മുഖത്ത് സ്നേഹപൂര്‍‌വ്വം വെള്ളം തെളിച്ച് അവളെ/അവനെ കൂടി വിളിച്ചെണീപ്പിക്കുകയും ചെയ്യുന്ന ദമ്പതികളെയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവര്‍ എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചത്.

                                            രണ്ട്പേരും തങ്ങളുടെ മാതാ പിതാക്കളെ അങ്ങോട്ടുമിങ്ങോട്ടും നന്നായി സ്നേഹിക്കുകയും, പരിചരിക്കുകയും ആ വിഷയത്തില്‍ സ്വന്തം മക്കളുടെ മുന്നില്‍ മാതൃകകളാവുകയും ചെയ്യുക.മക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യാന്‍ ശ്രമിക്കുക,പരസ്പര പെരുമാറ്റത്തിലും വസ്ത്രധാരണ രീതികളിലും മാതാപിതാക്കള്‍ മക്കള്‍ക്ക്മുന്നില്‍ മാതൃകകളായിമാറുക.പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായവര്‍ തങ്ങളുടെ സമയത്തിന്റെ ഒരു നിശ്ചിതഭാഗം കുടുംബത്തിനുവേണ്ടിയും നീക്കിവെക്കാന്‍ തയ്യാറാവുക. ഇണയുടെയും മക്കളുടേയും കൂടെ വിനോദങ്ങള്‍ക്കും കളികള്‍ക്കും സമയം കണ്ടെത്തുക. ഓഫീസ് ജോലികഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഓഫീസ് കാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന സ്വഭാവം നമുക്കുണ്ടെങ്കില്‍ അത് മാറ്റിയെടുക്കുക...ഇങ്ങനെ വിവിധങ്ങളായ ആസൂത്രണങ്ങളിലൂടെ നമ്മുടെ കുടുംബത്തെ ഇസ്ലാമികവും അതുവഴി സന്തുഷ്ടവുമാക്കിമാറ്റാന്‍ നമുക്ക് സാധിക്കും.അങ്ങനെയുള്ള ഒരു സുന്ദരമായ കുടുംബ ജീവിതത്തെ കുറിച്ചൊന്ന് ചിന്തിച്ച് നോക്കൂ...നാളെ പടച്ച റബ്ബിന്റെ സുഖലോക സ്വര്‍ഗത്തില്‍ സ്വന്തം ഇണയും സന്താനങ്ങളുമായി ഒന്നിച്ച് വസിക്കാന്‍ അവസരം ലഭിക്കുന്ന ആ അസുലഭ സന്ദര്‍ഭം ഒന്ന് സ്വപ്നം കണ്ടുനോക്കൂ...നമുക്കും വേണ്ടേ ആ സൗഭാഗ്യങ്ങള്‍ ...അതേ നമുക്ക് തുടങ്ങാം ഒരു പുതിയ കുടുംബ ജീവിതം...അതിനുള്ള അവസരമായിരിക്കട്ടേ ഈ പരിശുദ്ധ റമദാന്‍ .

5 അഭിപ്രായങ്ങള്‍:

സബിത അനീസ്‌ പറഞ്ഞു... മറുപടി

.ഇങ്ങനെ വിവിധങ്ങളായ ആസൂത്രണങ്ങളിലൂടെ നമ്മുടെ കുടുംബത്തെ ഇസ്ലാമികവും അതുവഴി സന്തുഷ്ടവുമാക്കിമാറ്റാന്‍ നമുക്ക് സാധിക്കും.അങ്ങനെയുള്ള ഒരു സുന്ദരമായ കുടുംബ ജീവിതത്തെ കുറിച്ചൊന്ന് ചിന്തിച്ച് നോക്കൂ...നാളെ പടച്ച റബ്ബിന്റെ സുഖലോക സ്വര്‍ഗത്തില്‍ സ്വന്തം ഇണയും സന്താനങ്ങളുമായി ഒന്നിച്ച് വസിക്കാന്‍ അവസരം ലഭിക്കുന്ന ആ അസുലഭ സന്ദര്‍ഭം ഒന്ന് സ്വപ്നം കണ്ടുനോക്കൂ...നമുക്കും വേണ്ടേ ആ സൗഭാഗ്യങ്ങള്‍ ...അതേ നമുക്ക് തുടങ്ങാം ഒരു പുതിയ കുടുംബ ജീവിതം...അതിനുള്ള അവസരമായിരിക്കട്ടേ ഈ പരിശുദ്ധ റമദാന്‍ .അള്ളാഹു അനുഗ്രഹിക്കട്ടെ ........ആമീന്‍ ..................

ANSAR NILMBUR പറഞ്ഞു... മറുപടി

സ്വന്തം അവകാശങ്ങള്‍ വിസ്മരിക്കുക...ബാദ്ധ്യതകള്‍ എപ്പോഴും ഓര്‍ക്കുക നിര്‍വഹിക്കുക...ഒരു വിധം കുടുംബ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും...പിന്നെ എല്ലാറ്റിനും നാഥന്റെ ഒരു അനുഗ്രഹവും വേണം...അതിനായി പ്രാര്‍ഥിക്കാം.......നല്ല ഒരു ഒര്മിപ്പിക്കല്‍......അല്ലാഹു പ്രതിഫലം നല്‍കട്ടെ..ആമീന്‍....

Mohamed പറഞ്ഞു... മറുപടി

ആർത്തികൊണ്ട് ഭ്രാന്തു പിടിച്ച ലോകത്ത് സ്വന്തം മക്കളെ നഷ്ടപ്പെടാതിരിക്കാൻ ഭദ്രവും ഊഷ്മളവുമായ അകത്തളങ്ങൾ നിലനിർത്തുകയേ വഴിയുള്ളൂ. അല്ലാഹു അനുഗ്രഹിക്കട്ടെ.

AMEER MOHAMMED POTTENGAL പറഞ്ഞു... മറുപടി

നല്ല ലിഖിതങ്ങള്‍, യതാര്‍ത്യവുമായി വളരെ അടുത്തു നില്കുന്നു, സമൂഹത്തിന് ഒരു നല്ല ചിന്ത ഇത്തരം കുറിപ്പിലൂടെ വഴി കാണികും ,എല്ലാ ഭാവുകങ്ങളും നേരുന്നു...

vallithodika പറഞ്ഞു... മറുപടി

നല്ല ലേഖനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....