നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വ്യാഴാഴ്‌ച, ജൂൺ 02, 2011

കൂടുമ്പോള്‍ ഇമ്പം നല്‍കുന്ന കുടുംബം



കുടുംബത്തെ ഏതു കാഴ്ചപ്പാടിലാണ് കാണുന്നത്. നാമോരോരുത്തരുടെയും കുടുംബം, നമ്മുടെ എല്ലാവരുടെയും കുടുംബം, മനുഷ്യന്‍ എന്ന കുടുംബം. എങ്ങനെ കണ്ടാലും അതൊന്നാണ്. കൂടുമ്പോള്‍ ഇമ്പം ഉണ്ടാകുന്നതാണ് കുടുംബം. കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ഒരു വലിയ കുടുംബമാകുമ്പോള്‍ നമ്മുടെ കുടുംബത്തിലും മനുഷ്യകുടുംബത്തിലും ഉണ്ടാകേണ്ട കുറേ നല്ല ഗുണങ്ങളുണ്ട്.
പലപ്പോഴും നമ്മുടെ പരാജയം നമ്മുടെ കുടുംബത്തില്‍ തന്നെയാണ്. നമ്മുടെ എന്ന വാക്കിനു പകരം 'എന്റെ' എന്നു പറയാം. പലരുടെയും നേട്ടം അവരുടെ കുടുംബമാണ്. ചിലരുടെ പരാജയവും ഇതേ കുടുംബമാണ്. കുടുംബം കൊണ്ട് പരാജയപ്പെടുമ്പോള്‍ അത് കുടുംബമാവുകയില്ല. കാരണം അവര്‍ കൂടിച്ചേരുമ്പോള്‍ 'ഇമ്പം' ഉണ്ടാവുന്നില്ല.
അല്ലാഹു നമ്മെ ഭൂമിയിലേക്ക് അയച്ചതുതന്നെ കുടുംബമായിട്ടാണ്. ഒരു ഇണയും തുണയുമാണല്ലോ ഭൂമിയില്‍ വന്നത്. അതുതന്നെയാണ് കുടുംബത്തിന്റെ ആദ്യ അച്ചുതണ്ട്. ഒന്ന് ആണും മറ്റൊന്ന് പെണ്ണുമായിരുന്നു. ആണില്‍നിന്നാണ് പെണ്ണിനെ പടച്ചത്. ഒന്നില്‍നിന്ന് തുടങ്ങി ആ ഒന്നിലൂടെ ഒരുപാടായി വര്‍ധിച്ചു. അതും ഇണതുണകളായി. ഇണതുണകള്‍ ഒരിണയില്‍നിന്ന് മാത്രം വരുന്ന സൃഷ്ടിപ്പ് സംവിധാനമാണ് പടച്ചതമ്പുരാന്റേത്. അത്ഭുതങ്ങളില്‍ അത്ഭുതമാണ് ഇത്. ആണില്‍നിന്നല്ലാതെ ആണും പെണ്ണും ഉണ്ടാകുന്നില്ല. വല്ലാത്തയൊരു സംവിധാനം.
കുടുംബമായി ലോകത്ത് വന്ന നാം പല കുടുംബങ്ങളായി മാറി. ഒന്നില്‍നിന്ന് വിട്ടുകടന്ന് പലതായി മാറുമ്പോള്‍ അവകാശങ്ങളും ബാധ്യതകളും ചുമതലകളും വരും. ഇവ നിര്‍ണ്ണയിക്കപ്പെടേണ്ടതുണ്ട്. നിര്‍ണ്ണയിക്കണമെങ്കില്‍ നിയമം ആവശ്യമാണ്. ആ നിയമം എവിടെനിന്നു വരണം? ഒന്നില്‍നിന്ന് ഇണയിലേക്കും ഇണകളിലേക്കും മനുഷ്യസമൂഹത്തെ നീട്ടിയ പടച്ചതമ്പുരാനില്‍നിന്ന് വരണം. നിങ്ങള്‍ നിങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമങ്ങള്‍ കണ്െടത്തുമ്പോള്‍ ഒന്നാമതായി പടച്ചതമ്പുരാന്റെ നിയമങ്ങളാണ് നിങ്ങള്‍ പരിഗണിക്കേണ്ടത്.

രണ്ടാമതായി ഒരു പിതാവില്‍നിന്ന് മാതാവിലേക്ക് നീങ്ങിയ ലോകത്തില്‍ മനുഷ്യന്‍ മുഴുവന്‍ ഒറ്റ കുടുംബത്തിലെ അംഗങ്ങളാണെന്ന പരിഗണന വെച്ചുകൊണ്ടുവേണം പ്രശ്നപരിഹാരങ്ങള്‍ക്ക് നിയമങ്ങള്‍ കണ്െടത്താന്‍. വ്യക്തി സമൂഹമായി, സമൂഹത്തിലെ അംഗമായി മാറുമ്പോള്‍ അനിവാര്യമായി വന്ന നിയമങ്ങള്‍ക്ക് രൂപകല്‍പന നല്‍കുമ്പോള്‍ രണ്ടു സുപ്രധാന അടിത്തറ അംഗീകരിക്കണം. ഒന്ന്, നിങ്ങളുണ്ടാക്കുന്ന നിയമങ്ങള്‍ പടച്ചതമ്പുരാന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാകരുത്. രണ്ട്, മനുഷ്യരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ രണ്ടു പരിഗണനകളോടെ വേണം നിങ്ങള്‍ നിങ്ങളുടെ സാമൂഹികജീവിതവും അതിന്റെ തുടക്കമായ കുടുംബജീവിതവും മുന്നോട്ടുകൊണ്ടുപോകാന്‍. ഇതു പറഞ്ഞുകൊണ്ടാണ് മനുഷ്യന്റെ കുടുംബത്തെക്കുറിച്ചുള്ള വിശദീകരണം തന്നെ ഖുര്‍ആന്‍ തുടങ്ങിയത്. കൂടുമ്പോള്‍ ഇമ്പം തോന്നുന്ന ഒരു ജീവിതരീതി നമ്മള്‍ സ്വീകരിക്കണമെങ്കില്‍ രണ്ട് അടിസ്ഥാനങ്ങള്‍ നമ്മള്‍ അംഗീകരിക്കണം. ഒന്ന്, പടച്ചതമ്പുരാനോടുള്ള ബന്ധം. രണ്ട്, നിത്യവിശാലമായ മാനിഷികകുടുംബം എന്ന ഖുര്‍ആന്റെ കാഴ്ചപ്പാട്.
ഈ കാഴ്ചപ്പാട് നേടിയെടുക്കാന്‍ നമ്മള്‍ നമ്മളില്‍ ചില നല്ല ഗുണങ്ങള്‍ വളര്‍ത്തണം. നമ്മളില്‍നിന്ന് ചില നല്ലതല്ലാത്ത ഗുണങ്ങള്‍ ഒഴിവാക്കുകയും വേണം. നമ്മള്‍ നമ്മളെക്കുറിച്ച് ആത്മപരിശോധന നടത്തുകയാണാദ്യം വേണ്ടത്. പ്രവാചകന്റെ കല്‍പനകളിലൊന്ന് ഇങ്ങനെ കാണാം: നിങ്ങളേക്കാള്‍ താഴെയുള്ള ആളുകളിലേക്ക് നോക്കുക. നിങ്ങളുടെ മുകളിലുള്ള ആളുകളെയല്ല നോക്കേണ്ടത്. അപ്പോഴേ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് നന്ദി രേഖപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. എല്ലാ രംഗത്തും യോജിച്ച ഒന്നാണീ ഉപദേശം. ഈ ഒരുപദേശം സ്വീകരിച്ചിരുന്നെങ്കില്‍ ഈ ലോകത്ത് ഒരുപാട് നല്ല മാറ്റങ്ങള്‍ വരുത്താന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു. നമ്മേക്കാള്‍ വലിയ ആളുകളെ നോക്കി അവരുടെ ഒപ്പമെത്തണമെന്നും അവരേക്കാള്‍ വലുതാകണമെന്നും ആഗ്രഹിക്കാനേ നമുക്ക് കഴിയുന്നുള്ളൂ. താഴെയുള്ള ഒരാളെ നോക്കി അവനേക്കാള്‍ എത്രയെത്ര അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നവനാണ് ഞാനെന്ന് സന്തോഷിക്കുന്ന മനസ്സ് വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ഇവിടെയാണ് നമ്മുടെ തകര്‍ച്ചയുടെ തുടക്കം. ഏതു കുടുംബനായകനെയും ഏതു കുടുംബത്തെയും അസ്വസ്ഥമാക്കുന്നത് ഇതാണ്. ഇതില്‍നിന്ന് ഒരു മോചനം നമുക്ക് വേണം. അതെങ്ങനെ നേടാന്‍ കഴിയും?
പലപ്പോഴും നമ്മള്‍ പറയാറുണ്ടല്ലോ, ജീവിതത്തിന്റെ ചുമട്, ഭാണ്ഡം, ബേജാറ്, വെപ്രാളം എന്നൊക്കെ. ഇങ്ങനെയൊരു കാഴ്ചപ്പാടുള്ളത് ശരിയാണ്. പക്ഷെ, മറ്റൊരു കാഴ്ചപ്പാടില്‍ അങ്ങനെയൊന്നില്ല. ജീവിതത്തില്‍ ബേജാറില്ല, വേവലാതിയില്ല, ഭാരമില്ല, ഭാണ്ഡമില്ല, അസ്വസ്ഥതയില്ല, സ്വൈര്യക്കേടില്ല. ജീവിതത്തെക്കുറിച്ച് ലളിതമായി കാണാന്‍ കഴിയണം. നല്ല മനുഷ്യര്‍ എത്ര നല്ലവരാണ്, ആരെയും ഭയപ്പെടാതെ നിര്‍ഭയരായി, സന്തുഷ്ടരായി ജീവിക്കുന്നു. എല്ലാമെല്ലാമുണ്ടായിട്ടും സ്വൈര്യമായി ഒന്നുറങ്ങാന്‍ കഴിയാതെ എത്രയോ ആളുകള്‍. യഥാര്‍ഥത്തില്‍ സ്വൈര്യം നേടിയെടുക്കേണ്ടത് നമ്മള്‍ ഒരു തീരുമാനമെടുത്തുകൊണ്ടാണ്. നമ്മുടെ ജീവിതത്തിലെ അത്യാവശ്യങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് കഴിയണം. അതു കഴിഞ്ഞാല്‍ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയണം. പിന്നെ അനാവശ്യങ്ങളും വേര്‍തിരിച്ചറിയണം. അത്യാവശ്യവും അനാവശ്യവും ആവശ്യവും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഒരുപാട് പ്രയാസങ്ങളില്‍നിന്ന് നമുക്ക് രക്ഷപ്പെടാന്‍ കഴിയും.
ഒരു സംഗതി എനിക്ക് അത്യാവശ്യമാണോ? അല്ല, ആവശ്യമാണ്. ശരി നടത്താം. ഇനി അനാവശ്യമാണ് എന്നാല്‍ വേണ്ട. എത്രയെളുപ്പം. ആവശ്യമില്ലാത്തത് ഒഴിവാക്കുക. ഇസ്ലാമിന്റെ ഒരു ഭാഗമാണ്. നല്ല മുസ്ലിമായ മനുഷ്യന്റെ സ്വഭാവമാണത്. ആണായാലും പെണ്ണായാലും തനിക്ക് വേണ്ടാത്തത് ഒഴിവാക്കുക. തനിക്കാവശ്യമില്ലാത്തത് ഒഴിവാക്കുക എന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ ആവശ്യമില്ലാത്തതിന്റെ പിന്നാലെ എന്തിനോടുന്നു? അപ്പോള്‍ ആദ്യം കണ്െടത്തേണ്ടത് ആവശ്യമാണോ, ആവശ്യമാണെങ്കില്‍തന്നെ നിര്‍ബന്ധമായും ആവശ്യമുള്ളതാണോ എന്നാണ്. ഇത് പഠിക്കാന്‍ നമുക്ക് കഴിയണം. ലോകം അങ്ങോട്ട് പോകുമ്പോള്‍ തിരിച്ച് ഇങ്ങോട്ട് നടക്കുക. ഒരു സമൂഹമാണെങ്കിലും ഒറ്റയ്ക്കൊരാളാണെങ്കിലും അയാളെ തിരിച്ചുനടത്തം. കാരണം, അങ്ങോട്ടല്ല പോകേണ്ടത്. ഇങ്ങോട്ടാണ് പോകേണ്ടത്. ഇങ്ങോട്ടാണ് പോകേണ്ടതെങ്കില്‍ ആരും ഇങ്ങോട്ട് വരുന്നില്ലെങ്കിലും ഇങ്ങോട്ടു തന്നെ പോകണം. ഒരാളും എന്റെ കൂടെ വരുന്നില്ലെങ്കിലും എനിക്ക് പോകേണ്ട റൂട്ടില്‍ ഞാന്‍ നടക്കുകതന്നെ. എത്രപേര്‍ കൂടെയുണ്ട് എന്നത് വിഷയമല്ല. പ്രയോജനപ്പെടുന്ന ഒന്നുമാത്രമേ ആവശ്യമുള്ളതായി തീരുകയുള്ളൂ. പ്രയോജനമില്ലാത്തത് ആവശ്യമുള്ളതായി മാറുകയില്ല.
ഞാനിന്നലെ ഉറങ്ങിയപ്പോള്‍ കറന്റ് കട്ടായിരുന്നു. ചൂടുകൊണ്ട് ഉറങ്ങാന്‍ പറ്റിയില്ല. അപ്പോള്‍ ഞാനാലോചിച്ചത് കറന്റില്ലാത്തപ്പോള്‍ ഫാന്‍ കറക്കാന്‍ ഉപയോഗിക്കുന്ന ഇന്‍വര്‍ട്ടറിനെപ്പറ്റിയായിരുന്നു. അത് ഉള്ള വീട്ടിലേക്ക് ഞാന്‍ നോക്കിയപ്പോള്‍ എനിക്ക് വിഷമം തോന്നി. അതുപോലൊരു ഇന്‍വര്‍ട്ടര്‍ വെക്കണം. അങ്ങോട്ടു നോക്കുന്നതിനുപകരം ഇപ്പുറത്തെ വീട്ടിലേക്കു നോക്കിയാല്‍ അവിടെ വെളിച്ചമില്ല, കറന്റില്ല, ഫാനുമില്ല, ഒന്നുമില്ല. അവിടെയുമുണ്െടാരു കുടുംബം. കൂടിച്ചേരുമ്പോള്‍ വളരെ ഇമ്പത്തോടു കൂടി കഴിഞ്ഞു കൂടുന്ന അല്ലലും അലട്ടുമില്ലാത്ത കുടുംബം. സ്വൈരമായി സ്വസ്ഥമായി ആ കുടുംബം കറന്റില്ലാതെ തന്നെ ഉറങ്ങി. സന്തോഷം. എനിക്കിന്നലെ മാത്രമേ കറന്റില്ലാതായുള്ളൂ. എല്ലാ ദിവസവും കറന്റില്ലാതെ ഉറങ്ങുന്ന ആ കുടുംബത്തെ നോക്കി എന്റെയും എന്റെ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ കണ്െടത്തുവാന്‍ കഴിഞ്ഞാല്‍ പിന്നെന്ത് അസ്വസ്ഥത? എന്തു പ്രയാസം? മനസ്സിന്റെ ഏറ്റവും വലിയ സന്തോഷം ഉള്ളതില്‍ തൃപ്തിപ്പെടലാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.
ഒന്നുണ്ടായാല്‍ രണ്ടാമത്തേതിനെക്കുറിച്ചും രണ്ടുണ്ടായാല്‍ അതിനപ്പുറമുള്ളതിനെക്കുറിച്ചും ആലോചിക്കുന്നവനാണ് മനുഷ്യന്‍. സ്വര്‍ണ്ണത്തിന്റെ ഒരു കൂമ്പാരമോ കുന്നോ ഉണ്ടായാലും രണ്ടാമതൊന്നിനെ ആഗ്രഹിക്കും. ആസ്വദിക്കേണ്ട എന്നും അനുഭവിക്കേണ്ട എന്നുമല്ല ഞാന്‍ പറഞ്ഞത്. സമ്പാദിക്കേണ്ട എന്നുമല്ല. കൂടുതല്‍ കൂടുതല്‍ സമ്പാദിക്കണം. കൂടുതല്‍ കൂടുതല്‍ അനുഭവിക്കണം എന്ന അത്യാഗ്രഹം ഒഴിവാക്കണം. ഖുര്‍ആന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവമാണ് അത്യാഗ്രഹം. അത്യാഗ്രഹമുള്ളവരെ ഖുര്‍ആന്‍ കളിയാക്കിയിരിക്കുന്നു. എന്തിനാണ് വ്യാമോഹം?
ബേജാറില്ല, അലട്ടില്ല, ഇന്നലെ കഴിഞ്ഞു പോയല്ലോ. നാളെ വരാന്‍ പോകുന്നേയുള്ളൂ. നാളെ ജീവിക്കുമെന്നുറപ്പുണ്ടങ്കിലല്ലേ നാളെയെക്കുറിച്ച് അസ്വസ്ഥനാവേണ്ടതുള്ളൂ. ആ ഉറപ്പ് എനിക്കില്ല. പിന്നെന്തിന് നാം അസ്വസ്ഥരാകണം? ഉണ്െടങ്കിലും ഇല്ലെങ്കിലും ഉള്ളവനും ഇല്ലാത്തവനും സംതൃപ്തമായി ജീവിക്കാനുള്ള മനസ്സ് വേണം. അല്ലാഹുവിന്റെ റസൂല്‍ നമസ്കാരത്തിനുശേഷം പറയാന്‍ പഠിപ്പിച്ചു: "പടച്ചവനേ നീ തന്നത് തടയാനാര്‍ക്കും കഴിയില്ല. നീ തടഞ്ഞത് തരാനുമാര്‍ക്കും കഴിയില്ല. നിന്റെ വിധിയെ തടുക്കാന്‍ കഴിയില്ല.'' ഇതാവര്‍ത്തിച്ച് പറയുന്ന നമ്മള്‍ നമ്മുടെ മനസ്സില്‍ തട്ടിക്കൊണ്ടാണ് ഇത് പറയുന്നതെങ്കില്‍ നമ്മെളെന്തിന് അസ്വസ്ഥരാകണം? നമ്മളെ പടച്ചവനേല്‍പിച്ച ചുമതല നിര്‍വഹിച്ചുകൊണ്ട് നമുക്കങ്ങനെ പോകാം. എവിടെ വരെ? പടച്ചോന്‍ നിശ്ചയിച്ചത് വരെ. ആ നിശ്ചയം എന്തായാലും അതു നടക്കുക തന്നെ ചെയ്യും. ആ നിശ്ചയം അവസാനിക്കുമ്പോള്‍ നമ്മളും അവസാനിക്കും. പടച്ചവന്റെ തീരുമാനമെന്താണോ അതേ നമ്മളില്‍ നടക്കുകയുള്ളൂ. മറ്റൊന്നും നടക്കുകയില്ല.
ഒരാള്‍ ഒരിടവഴിയിലേക്കിറങ്ങിയ കഥ പറയാറുണ്ട്. ഇടവഴിയിലേക്കിറങ്ങിയപ്പോള്‍ രണ്ട് ഭാഗവും കെട്ടിപ്പൊക്കിയ മതിലാണ്. അയാളാലോചിച്ചു. അവിടുന്നൊരാന വന്നാല്‍ ഞാനങ്ങോട്ടോടും? ഇവിടുന്നൊരാന വന്നാല്‍ ഞാനങ്ങോട്ടോടും? അവിടുന്നും ഇവിടുന്നും രണ്ടാന ഒപ്പം വന്നാലോ? ഓടാന്‍ കഴിയില്ലല്ലോ എന്ന് പറഞ്ഞ് അയാള്‍ ഒച്ചയിട്ടു. ആന വന്നില്ല. ഒന്നും സംഭവിച്ചില്ല. പക്ഷെ അയാള്‍ ആലോചിച്ചിട്ട് ഒച്ചയിട്ടു. ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോള്‍ ചോദിച്ചു, എന്തിനാണ് ഒച്ചയിട്ടത്. അവിടുന്നും ആവിടുന്നും ആന വന്നാല്‍ ഞാനെങ്ങോട്ടാ ഓടുക എന്നാലോചിച്ചിട്ടാണ്. ചങ്ങതീ ആന വന്നിട്ടില്ലല്ലോ. വരാത്ത ഒരു സംഗതിക്ക് നീയെന്തിനാണ് കരയുന്നത്? നമ്മുടെ ബേജാറിന്റെ ഒക്കെ അവസ്ഥയിതാണ്. വന്നിട്ടില്ലാത്ത ഒരു സംഗതിക്ക് ബേജാറാവുക. നാളെ എന്ത് സംഭവിക്കും? ആവശ്യമില്ലാത്തതില്‍ നിന്ന് നമ്മള്‍ നമ്മളെ മോചിപ്പിക്കണം. കുറെ പരിശീലനം ഇതിനാവശ്യമാണ്. മനസ്സിനെ ഒരു സമനിലയില്‍ കൊണ്ടുനിര്‍ത്താന്‍ കുറെ പരിശീലനങ്ങള്‍ നടത്തേണ്ടതുണ്ട്. അതെല്ലാവര്‍ക്കും കഴിയും. മനസ്സിനെ അങ്ങനെ ഒരു സമമായ നിലയില്‍ കൊണ്ടുനിര്‍ത്തിയാല്‍ ഇപ്പോഴുണ്ടാകുന്ന ഒരുപാടു ചാപല്യങ്ങള്‍ ഒഴിവായിക്കിട്ടും. ഒരുപാട് ദുര്‍ഗുണങ്ങള്‍ മനുഷ്യനെ ചീത്തയാക്കുന്നുണ്ട്. നമുക്കൊഴിവാക്കാനുമാവും.
ഒരു കുടുംബം എന്നു പറയുന്നത് ഒരു പുരുഷനില്‍നിന്ന് തുടങ്ങി ഇണയിലൂടെ മക്കള്‍, മാതാപിതാക്കള്‍, സഹോദരീ സഹോദരന്മാര്‍, ബന്ധുമിത്രാദികള്‍ ഇവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. ഒരു കുടുംബം പിന്നെ പല കുടുംബങ്ങളായി; അവരെല്ലാവരും കൂടി ഒരു വലിയ കുടുംബമായി. ഇങ്ങനെ ഒരു കുടുംബം പോലെ നിലനില്‍ക്കണമെങ്കില്‍ നാം സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഹുജറാത്ത്, ആഭ്യന്തര കാര്യങ്ങള്‍ വിവരിക്കുന്ന ഒരധ്യായമാണ്. ഒരു നേതൃത്വവുമായുള്ള നമ്മുടെ ബന്ധത്തെ എടുത്തു കാട്ടിക്കൊണ്ടാണ് അത് തുടങ്ങുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും മുമ്പില്‍ കടന്നുകൊണ്ട് നിങ്ങളൊന്നും ചെയ്യരുത് എന്നാണ് ആദ്യത്തെ നിര്‍ദേശം. നിങ്ങളൊരു വാഹനമാണ്. ആ വണ്ടി വലിക്കുന്ന കുതിരയോ കാളയോ വണ്ടിയുടെ പുറകിലല്ല. മുമ്പില്‍തന്നെ കെട്ടണം. നിങ്ങള്‍ പിന്നാലെ പോണം. അല്ലാഹുവിന്റെയും റസൂലിന്റെയും മുന്‍ കടന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്യരുത് എന്നു പറഞ്ഞാല്‍ അച്ചടക്കമുള്ളവരായി നേതൃത്വത്തിന്റെ പിന്നാലെ അണിനിരന്ന ഒരു വിഭാഗമാകണം നിങ്ങള്‍ എന്ന കല്‍പനയോടു കൂടിയാണധ്യായം തുടങ്ങുന്നതുതന്നെ.
നിങ്ങളുടെ അടുത്ത് നല്ല സ്വഭാവമില്ലാത്ത ഒരാള്‍, ആരെയെങ്കിലും കുറിച്ച് ഒരു വിവരം പറയാന്‍ വേണ്ടി വന്നാല്‍ അയാള്‍ പറഞ്ഞതപ്പടി അംഗീകരിച്ചു നടപടിയെടുക്കാന്‍ പോകരുത്. ആരത് പറഞ്ഞാലും പറഞ്ഞതെത്ര വിശ്വസ്തരായാലും ആത്മമിത്രം തന്നെയായാലും നിങ്ങള്‍ തെളിവെടുപ്പ് നടത്തണം. അയാളപ്പറഞ്ഞതിന് തെളിവെന്താണ്? സാക്ഷിസഹിതം തെളിവെടുപ്പ് നടത്തിയിട്ട് ഉത്തമ ബോധ്യം വന്നാലേ നടപടിയെടുക്കാവൂ. ബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ ഒന്നാമതായി അല്ലാഹു പറഞ്ഞ നിര്‍ദേശം, നേതൃത്വത്തിന്റെ പിന്നാലെ പോകണം എന്നതാണ്. രണ്ടാമതായി സൂക്ഷ്മതയോടു കൂടി പരിശോധിച്ചു കൊണ്േട കാര്യങ്ങള്‍ നീക്കാന്‍ പാടുള്ളൂ. ചെറിയ കാര്യമായാലും വലിയ കാര്യമായാലും. പിന്നെ പറയുന്നു; സത്യവിശ്വാസികളെല്ലാം ഒരൊറ്റ കുടംബമാണ്. അതുകൊണ്ട് ആ കുടുംബത്തിനിടയില്‍ നല്ലതെന്തോ അതുണ്ടാക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. ആ കുടുംബം ഒരു കുടുംബമായിത്തീരുമ്പോള്‍ ആ കുടുംബത്തിലുള്ള വിടവുകള്‍ തീര്‍ക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. വിടവുകള്‍ കൂടുതല്‍ വിടവുകളാക്കി മാറ്റി അകലമുണ്ടാക്കാനല്ല. പിന്നെ ആ വിടവുകള്‍ നികത്താനുള്ള നിര്‍ദേശങ്ങള്‍ പറയുന്നു. ഒന്നാമതായി, സത്യവിശ്വാസികളേ നിങ്ങളങ്ങോട്ടുമിങ്ങോട്ടും പരിഹസിക്കരുത്. പിഹസിക്കാന്‍ ആര്‍ക്കാണ് യോഗ്യത. പരിഹസിക്കുന്നവനേക്കാള്‍ പരിഹസിക്കപ്പെടുന്നവന്‍ നല്ലവനായ് കൂടായ്കയുണ്േടാ? ഞാനവനെ കളിയാക്കുമ്പോള്‍ അവനേക്കാള്‍ നല്ലവനാണെന്ന തോന്നലല്ലേ എനിക്കുള്ളത്. എന്നാല്‍ എന്നേക്കാള്‍ നല്ലവനായിരിക്കും അവന്‍. അല്ലെങ്കില്‍ അവള്‍. കുത്തുവാക്ക് പറയരുത്, ആക്ഷേപിക്കരുത്, ശപിക്കരുത്, ഇഷടമില്ലാത്ത പേരുകള്‍ വിളിക്കരുത്. ഇത്തരം ദുര്‍ഗുണങ്ങളൊഴിവാക്കിയിട്ടില്ലെങ്കില്‍ വളരെ മോശമാണത് എന്നു പറഞ്ഞതിനു ശേഷം 'സത്യവിശ്വാസികളെ, നിങ്ങള്‍ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കരുത്. ഊഹം നിങ്ങളൊഴിവാക്കണം. ഊഹങ്ങളില്‍ ചിലതൊക്കെ കുതന്ത്രമാണ്' എന്ന് പറയുന്നു.
ഒരാളുടെ രഹസ്യം ചുഴിഞ്ഞന്വേഷിക്കാന്‍ അയാളുടെ പിന്നാലെ നടക്കരുത്. അതേ പോലെ ഒരാള്‍ മറ്റൊരാളെ ദുഷിക്കരുത്. പരിഹാസം, ആക്ഷേപം ഇതൊക്കെ ആയാലെന്താ. വടിയെടുത്ത് തല്ലുകയാണെങ്കില്‍ വേദനയാവും. ഇതുകൊണ്ട് ഒരു വേദനയും വരുന്നില്ലല്ലോ. പിന്നെന്തിനാണ് ശക്തമായി തടഞ്ഞത്? ഇവ ബന്ധം മുറിച്ചു കളയുന്നു. സ്നേഹത്തില്‍ നിന്നുടലെടുത്തതാണ് ബന്ധം. അതങ്ങ് മുറിഞ്ഞു പോകും. മുറിഞ്ഞു പോയാല്‍ പിന്നെ തകര്‍ച്ചയാണ് സംഭവിക്കുക. അകല്‍ച്ചയുണ്ടാവും. ബന്ധം മുറിഞ്ഞുപോവാതിരിക്കാനാണ് ഇത്രയും ഗൌരവത്തോടു കൂടി പറഞ്ഞത്.
ഈ ദുര്‍ഗുണങ്ങളെ ഖുര്‍ആന്‍ ഉപമിച്ചതെന്തിനോടാണെന്നോ? സ്വന്തം സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാംസം തിന്നുന്നതിനോട്, പരിഹാസം മുതല്‍ പരദൂഷണം വരെയുള്ള മുഴുവന്‍ ദുര്‍ഗുണങ്ങളും. ഇത്തരം ദുര്‍ഗുണങ്ങളൊഴിവാക്കിയാല്‍ സമൂഹത്തിലെ ഒരുപാട് അസ്വസ്ഥതകളും പ്രയാസങ്ങളും ഇല്ലാതാകും. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ആഭ്യന്തരകാര്യങ്ങള്‍ വിവരിക്കുന്ന അധ്യായത്തിലാണ് ഇതുപറഞ്ഞത്. കുടുംബമാണല്ലോ ഏറ്റവും വലിയ ആഭ്യന്തരം. അതിനേക്കാള്‍ വലിയ ആഭ്യന്തരം ഇന്നില്ല. പിന്നെയാണ് ബാക്കിയുള്ളതൊക്കെ. ഒരു കുടുംബത്തിന്റെ ആഭ്യന്തര ഭദ്രത കാത്തുസൂക്ഷിക്കണമെങ്കില്‍ ഇതേപോലെയുള്ള ദുര്‍ഗുണങ്ങള്‍ ഒഴിവാക്കണം.
നമ്മുടെ കുടുംബത്തിന് സ്വൈരമുണ്ടാവണമെങ്കില്‍ നമ്മുടെ കുടുംബത്തിന്റെ സ്ഥിതിഗതികള്‍ കുടുംബങ്ങളറിയണം. ഇണയും തുണയും അറിയണം. ഇവരാണ് കുടുംബത്തിന്റെ രണ്ട് കല്ലുകള്‍. അവര്‍ അങ്ങോട്ടുമിങ്ങോട്ടും നന്നായി അറിയണം. എന്തറിയണം. ഭാര്യയുടെ സ്ഥിതിഗതികളും സ്വഭാവവും കഴിവും കഴിവുകേടുമൊക്കെ ഭര്‍ത്താവ് അറിയണം. എന്റെ ഭര്‍ത്താവിന് എന്തു വരുമാനമുണ്ട്. അദ്ദേഹത്തിനെന്തെല്ലാം കഴിവുകളുണ്ട്. ആരോഗ്യപരമായി അദ്ദേഹത്തിന്റെ അവസ്ഥയെന്താണ്. ബുദ്ധിപരമായി അദ്ദേഹത്തിന്റെ കഴിവെന്താണ്. വൈജ്ഞാനികമായ അദ്ദേഹത്തിന്റെ കഴിവെന്താണ്. അദ്ദേഹത്തിന്റെ ഭാരങ്ങളെന്തൊക്കെയാണ്. അദ്ദേഹത്തിനെന്തെല്ലാം ദൌര്‍ബല്യങ്ങളുണ്ട്. ഇതെല്ലാം സൂക്ഷ്മമായി അറിഞ്ഞ ഭാര്യ അദ്ദേഹത്തിന്റെ മുമ്പില്‍ വെക്കുന്ന ആവശ്യങ്ങള്‍ അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയിട്ടായിരിക്കും. ഒരുപാട് അവകാശങ്ങളും ബാധ്യതകളും അപ്പുറത്തുമുണ്ട്. ഭാര്യയുടെ കഴിവും ആഗ്രഹങ്ങളും വാസനയും ബുദ്ധിയും ചിന്തയും ആരോഗ്യവുമൊക്കെ അറിയാവുന്ന ഭര്‍ത്താവ് അവളുടെ മുമ്പിലും അവളുടെ കഴിവ് മനസ്സിലാക്കിയിട്ടാണ് തന്റെ അവകാശങ്ങള്‍ നേടാന്‍ ശ്രമിക്കുക. ഒരുപാട് പ്രശ്നങ്ങളിവിടെ അവസാനിച്ചു. എന്റെ നാണം മറക്കാനുള്ള ഒരു വസ്ത്രം എനിക്കു വേണം. തണുപ്പുകാലത്തും ചൂടുകാലത്തും ഉപയോഗിക്കുന്ന രണ്ട് വസ്ത്രമേ മനുഷ്യനു വേണ്ടൂ. മൂന്നാമത്തെ ഒന്നിന്റെ ആവശ്യമില്ല എന്നാണ് നമ്മുടെ മുന്‍ഗാമികള്‍ ചിന്തിച്ചത്. എന്നാല്‍, മൂന്നാമതല്ല മുപ്പതിന്റെ അപ്പുറം പോലും ആവശ്യമില്ല എന്നു വെക്കാന്‍ നമുക്ക് കഴിയില്ല. മുപ്പതെണ്ണമുണ്ടാകും അടുക്കി അടുക്കിവെച്ചിട്ട്. എന്നാലും ശരി അവിടുത്തെ മാര്‍ക്കകല്യാണത്തിനു പോയപ്പോള്‍ ഉടുത്തത് ഉടുക്കാന്‍ പാടില്ല. അവിടെ കൂടിയവര്‍ ഇവിടെയും വരില്ലേ? ആദ്യമായി സ്ഥിതിഗതികള്‍ അറിയേണ്ടത് ഇണയും തുണയുമാണ്. ഇണയും തുണയും അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ മക്കളിലേക്കാണത് പകരുന്നത്. മാതാപിതാക്കള്‍ക്ക് അത്ര വല്യ ആവശ്യങ്ങളൊന്നുമുണ്ടാകില്ല. ജീവിതത്തിന്റെ ഒരുപാട് ഭാരങ്ങള്‍ പേറിത്താണ്ടി ഇടങ്ങേറായി കഷ്ടപ്പെട്ട് അവരൊരു മൂലയിലൊതുങ്ങിയിരിക്കുകയാണ്. പിന്നെ മക്കളില്‍ മാറ്റം വരണമെങ്കില്‍ മക്കളില്‍ ആ ബോധം വളര്‍ത്തിയെടുക്കണം. ലളിതമായ ജീവിതത്തിന്റെ നല്ലൊരു ക്ളാസ്-അതാണ് കുട്ടികള്‍ക്ക് കൊടുക്കേണ്ടത്.
വരവെന്താണെന്ന് നോക്കാതെ ചെലവാക്കിയിട്ട് പിന്നെ, കടംവാങ്ങി പലിശ കൊടുക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ എത്തിച്ചേരുന്നവരെപ്പറ്റി കേള്‍ക്കാറുണ്ട്. ആത്മഹത്യ ചെയ്യുന്നവന്റെ വിചാരം അയാള്‍ രക്ഷപ്പെട്ടു എന്നാണ്. മരിച്ചാല്‍ രക്ഷയാണെന്നാണ്. 'കടം വാങ്ങരുത് കടം പകല് നിന്റെ മാനം കെടുത്തും രാത്രി നിന്റെ ഉറക്കം കെടുത്തും' എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. കല്യാണത്തിന് പോകാന്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയിരിക്കുന്നു. പുതിയ സാരി വേണം പുതിയ കുപ്പായം വേണം. ആ ബഹളത്തിനിടയില്‍ രാത്രി ഉറങ്ങിയിട്ടില്ല. സാരി വാങ്ങണമെങ്കില്‍ കാശ് വേണ്േട? അപ്പോള്‍ കാശ് കടം വാങ്ങി. അതും പലിശക്ക്. എന്നിട്ടതുമായി സാരി വാങ്ങി കടം വീട്ടാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്നു. നമ്മുടെ വരുമാനമിന്നതാണ്. അതിന്നപ്പുറം ചെലവാക്കിയാല്‍ കഷ്ടമാവും. എനിക്കൊരു മാസം ശമ്പളം 5000 രൂപയാണ്. അപ്പോഴൊരുദിവസം എനിക്കിത്രയേ ചെലവാക്കാന്‍ പറ്റൂ. അതിനപ്പുറം ചെലവാക്കിയാല്‍ മാസം ചെല്ലുമ്പോള്‍ കടമാകും. ആറായിരം രൂപ ചെലവാക്കിയാല്‍ അയ്യായിരം രൂപ വരുമാനമുള്ള ഞാന്‍ ഒരു മാസം കഴിയുമ്പോള്‍ ആയിരം രൂപ കടക്കാരനാകും. ഒരു വര്‍ഷം കഴിയുമ്പോള്‍ 12000 രൂപ കടക്കാരനാകും. ഇത് വീട്ടാനുള്ള കഴിവെനിക്കില്ല. ആളുകളുടെ മുമ്പില്‍ മാനം കെടും. പാതിരാക്ക് ഉറക്കം കിട്ടാതെ എന്റെ ആരോഗ്യം നഷ്ടപ്പെടും. ഇതൊക്കെ കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കണം. ഭാര്യക്കും മനസ്സിലാക്കിക്കൊടുക്കണം. അങ്ങനെ ചെയ്താല്‍ ചെലവുകള്‍ കുറയും. സൂക്ഷ്മതയോടുകൂടി ജീവിക്കാന്‍ നമ്മള്‍ തയാറാകും. നമ്മുടെ മക്കള്‍ക്ക് എന്തെല്ലാം നല്ല ശീലങ്ങള്‍ നല്‍കാന്‍ നമുക്ക് കഴിയും. ഉപയോഗപ്പെടുന്ന വസ്തുക്കളഉടെ ഉപയോഗം ക്രമീകരിക്കാന്‍ നമുക്ക് കഴിയും.
വരുമാനം തിരിച്ചറിയുന്ന കുടുംബത്തെ വളര്‍ത്തിയെടുത്ത് നമ്മുടെ വരുമാനം വര്‍ധിപ്പികക്കുന്നതില്‍ അവരെ പങ്കുവഹിപ്പിക്കുന്ന രീതി സ്വീകരിക്കണം. 5000 രൂപ വരുമാനമുള്ള ഒരു കുടുംബം 4000 രൂപ ചെലവഴിച്ച് ആയിരം രൂപ മിച്ചം വെക്കുന്ന ശീലത്തിലേക്ക് വളരണം. അതിന് ഒന്നാമതായി വേണ്ടത് അത്യാവശ്യം, ആവശ്യം, അനാവശ്യം ഇവ തിരിച്ചറിയുകയാണ്. അനാവശ്യത്തില്‍നിന്ന് വിട്ടുനിന്ന് അത്യാവശ്യം ചെയ്ത് ആവശ്യം പൂര്‍ത്തീകരിച്ച് മുമ്പോട്ടു പോകുന്ന ഒരു കുടുംബം നിര്‍മിക്കേണ്ടത് നമ്മുടെ ഗൃഹയോഗത്തില്‍ നിന്നാണ്. ഓരോ ചെറിയ വീട്ടിലുമുള്ള കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നിരുന്നുകൊണ്ട് ഒരാഴ്ചയിലൊരിക്കല്‍ അവരുടെ സ്ഥിതിഗതികള്‍ പരിശോധിക്കുക. അവരില്‍ വന്ന പോരായ്മകളും ന്യൂനതകളും അറിഞ്ഞ് തിരുത്തുക. നാളെ മറ്റൊരു ജീവിതരീതിക്ക് രൂപം നല്‍കുക. തുറന്ന് നിരൂപണം നിര്‍വഹിക്കാനുള്ള അവസരം നല്‍കിക്കൊണ്ട്, മക്കള്‍ക്ക് മാതാപിതാക്കളെയും മാതാപിതാക്കള്‍ക്ക് മക്കളെയും സഹോദരീസഹോദരങ്ങള്‍ക്ക് പരസ്പരവും നിരൂപണം ചെയ്യാനുള്ള സ്വാതന്ത്യ്രം നല്‍കിക്കൊണ്ട്, പുരുഷമേധാവിത്വം കാണിക്കാതെ കുടുംബത്തിലെ ഒരംഗമായി നിന്നുകൊണ്ട് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സ്ത്രീക്ക് അവസരം നല്‍കിക്കൊണ്ട് ഒരു ഗൃഹയോഗം സംഘടിപ്പിക്കുക. ആ ഗൃഹയോഗത്തില്‍ ഒരുപാട് അന്വേഷണം വരും. നമ്മുടെ കുടുംബാംഗങ്ങള്‍ക്ക്, മക്കള്‍ക്ക്, ഭാര്യക്ക്, സഹോദരീസഹോദരന്മാര്‍ക്ക് നമ്മെക്കുറിച്ച് പറയാനുണ്ടാകും. അതൊക്കെ കേള്‍ക്കുക, തിരുത്തേണ്ടത് തിരുത്തുക. അവരെക്കുറിച്ച് അങ്ങോട്ടും പറയുക. അവരുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുക. പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ശ്രദ്ധിക്കണം. പോരായ്മകള്‍ മാത്രം കുടുംബാംഗങ്ങളോട് പറയരുത്. അവരില്‍ പ്രകടമായ നല്ല ഗുണങ്ങള്‍ എടുത്ത് പറയണം. ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്ത കുട്ടിയോട് ആ നല്ല കാര്യങ്ങളൊന്നും പറയാതെ അവന്റെ കൈയില്‍നിന്ന് ഒരബദ്ധം ചൂണ്ടിക്കാണിക്കുമ്പോള്‍ മനസ്സില്‍ ഒരമര്‍ഷമോ വെറുപ്പോ ആവും ഉണ്ടാവുക. നല്ല ഒരുപാട് കാര്യം ചെയ്തിട്ടും എന്റെ ഉമ്മയും ഉപ്പയും അതംഗീകരിച്ചില്ല. ഒരബദ്ധം പറ്റിയപ്പോള്‍ അതുമാത്രമാണല്ലോ പറഞ്ഞത് എന്ന തോന്നലുണ്ടാവും. അതൊരു വ്രണമാകും. അത് നമ്മളോട് ഒരു വിദ്വേഷമായി മാറും. അപ്പോള്‍ പ്രേരണയും പ്രോത്സാഹനവും കൊണ്ട് തന്നെ വേണം അവരുടെ പോരായ്മകള്‍ തിരുത്താന്‍. ന്യൂനതകള്‍ മാത്രം പറഞ്ഞ് മനസ്സിനെ തളര്‍ത്തരുത്. അവന്റെ നന്മകള്‍ എടുത്ത് പറഞ്ഞ് ന്യൂനതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുക. ഈ നിലയില്‍ ഒരു ഗൃഹയോഗം പതിവായി നടത്തുകയാണെങ്കില്‍ എത്ര പ്രയാസമുള്ള കുടുംബമായാലും ആ കുടുംബത്തിന്റെ പ്രയാസങ്ങള്‍ ഉരുകിപ്പോകും.
ഇങ്ങനെ വ്യവസ്ഥാപിതമായി ഗൃഹയോഗങ്ങള്‍ ചേരുന്നവരുടെ ജീവിതത്തില്‍ അല്ലലുകളോ പ്രശ്നങ്ങളോ വിഷമങ്ങളോ ഉണ്ടാവുകയില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ അവ കുറക്കാന്‍ തീര്‍ച്ചയായും കഴിയും. നമ്മുടെ എല്ലാ പ്രയാസങ്ങളുടേയും കാരണം നമ്മുടെ മനസ്സിനെ ബാധിച്ചിട്ടുള്ള ടെന്‍ഷനാണ്. അതൊരുപാട് രോഗങ്ങളിലേക്ക് നമ്മെ എത്തിക്കും. 'പടച്ചവനെ ഭരമേല്‍പിക്കുക. നാമൊറ്റക്കല്ല, അല്ലാഹു നമ്മുടെ കൂടെയുണ്ട്. പേടിക്കരുത്' എന്ന പ്രവാചകന്റെ ഉപദേശം നമ്മുടെ മനസ്സിലുണ്ടായിരിക്കണം. 'ഞാനുണ്ട് നിങ്ങളുടെ ചുമതല നിര്‍വഹിക്കുന്നേടത്ത്. ഞാന്‍ നിങ്ങളെ കേള്‍ക്കുന്നുണ്ട്. കാണുന്നുണ്ട്' എന്ന പടച്ചതമ്പുരാന്റെ വാക്കുകള്‍ നമ്മുടെ ശ്രവണപുടങ്ങളില്‍ വന്നടിക്കണം. എങ്കില്‍ നമ്മളേറ്റെടുത്ത ചുമതല നിര്‍വഹിക്കുന്നതില്‍ നമുക്ക് ഭയപ്പെടേണ്ടി വരില്ല.

1 അഭിപ്രായങ്ങള്‍:

Mohammed Kutty.N പറഞ്ഞു... മറുപടി

നല്ല പോസ്റ്റ്‌ .K,T,യെ കുറിച്ചുള്ള ഈ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു .ആശംസകള്‍ !!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....