നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, ഓഗസ്റ്റ് 29, 2012

സെക്സും ദാമ്പത്യവും



അവലംബം :ഇസ്ലാം ഓണ്‍ ലൈവ്
ഡോ.യൂസുഫുല്‍ ഖറദാവി   
വിവ:അഹ്മദ് നസീഫ് തിരുവമ്പാടി
ദീനീ വിഷയങ്ങള്‍ പഠിക്കുന്നതിലും മനസിലാക്കുന്നതിലും ലജ്ജിക്കേണ്ടതില്ല. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) അന്‍സാരി സ്ത്രീകളെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിച്ചിരുന്നു. ആര്‍ത്തവം, പ്രസവരക്തം പോലുള്ള വിഷയങ്ങളെ സംബന്ധിച്ച് അവര്‍ പ്രവാചകനോട് സംശയം ചോദിച്ചിരുന്നു. നേരിട്ട് മുഖത്ത് നോക്കി കാര്യങ്ങള്‍ ചോദിക്കുന്ന രീതിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. എഴുതി ചോദിക്കുന്നതിനേക്കാളും ഫോണിലൂടെ ചോദിക്കുന്നതിനേക്കാളും പ്രയാസകരമാണ് നേരിട്ട് ചോദിക്കുകയെന്നത്. ലൈംഗിക വിദ്യാഭ്യാസം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. പ്രത്യേകിച്ചും ആധുനിക സാമൂഹികക്രമത്തില്‍. ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദുരീകരിക്കേണ്ടതുണ്ട്. അതിശയോക്തി കലരാതെ അത്തരം വിഷയങ്ങള്‍ പഠിതാക്കള്‍ക്ക് ലഭ്യമാവേണ്ടതുണ്ട്.
ദമ്പതികള്‍ക്കിടയിലെ ലൈംഗികതയുടെ ഗുണവും ദോഷവുമെല്ലാം ദാമ്പത്യ ജീവിതത്തില്‍ പ്രതിഫലിക്കുന്നതാണ്. അതിനെ പറ്റെ അവഗണിക്കുന്നതും അമിത പ്രാധാന്യം നല്‍കുന്നതും ജീവിതം ദുഷ്‌കരമാക്കും. ജീവിതത്തിലെ സുപ്രധാനമായ ഈ ഭാഗത്തെ ഇസ്‌ലാം അവഗണിച്ചിരിക്കുകയാണെന്ന് ചിലയാളുകള്‍ ധരിച്ചിട്ടുണ്ട്. ദീന്‍ എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ നിന്നൊക്കെ ശുദ്ധവും ഉന്നതവുമായ ഒന്നാണെന്ന് അവര്‍ വിലയിരുത്തുന്നു. ലൈംഗികതയെ മാലിന്യവും മൃഗീയവാസനയിലേക്ക് തരം താഴലുമായി കാണുന്ന ചില മതങ്ങളുമുണ്ട്.


ജീവിതത്തിന്റെയും കുടുംബത്തിന്റെയും സുപ്രധാനമായ ഈ വശം ഇസ്‌ലാം ഒരിക്കലും അവഗണിച്ചിട്ടില്ല. ഇവ്വിഷയകമായി ഇസ്‌ലാം ചില കല്‍പനകളും നിരോധങ്ങളും നിയമമാക്കിയിട്ടുണ്ട്. അവയില്‍ ചിലതിന് ധാര്‍മികോപദേശങ്ങളുടെ മുഖമാണെങ്കില്‍, മറ്റുള്ളവക്ക് നിര്‍ബന്ധ കല്‍പനകളുടെ തലമാണുള്ളത്. മനുഷ്യന്റെ ലൈംഗിക ചോദനകളും പ്രകൃതവും അംഗീകരിക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. അതിലെ അതിരുവിട്ട വീക്ഷണങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്നു. ലൈംഗികവികാരം എന്നന്നേക്കുമായി ഇല്ലാതാക്കുന്ന ബ്രഹ്മചര്യവും, വന്ധീകരണവും ഇസ്‌ലാം വിലക്കിയിരിക്കുന്നു. സ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത ചില അനുചരന്‍മാര്‍ക്ക് പ്രവാചകന്‍(സ) നല്‍കിയ മറുപടി വളരെ പ്രശസ്തമാണ്. 'നിങ്ങളേക്കാള്‍ അല്ലാഹുവെ അറിയുകയും ഭയപ്പെടുകയും ചെയ്യുന്നുവനാണ് ഞാന്‍. ഞാന്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. നോമ്പെടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യുന്നു. സ്ത്രീകളെ വിവാഹം ചെയ്തിട്ടുമുണ്ട്. എന്റെ ചര്യയെ വെറുക്കുന്നുന്നവന്‍ നമ്മില്‍ പെട്ടവനല്ല.'
നിയമപരമായി വിവാഹിതരായ ഇണകള്‍ക്ക് തങ്ങളുടെ ലൈംഗികാശ്യങ്ങള്‍ പരസ്പരം പൂര്‍ത്തീകരിക്കാവുന്നതാണ് എന്ന് മാത്രമല്ല അപ്രകാരം ചെയ്യുന്നത് പ്രതിഫലാര്‍ഹവുമാണ്. സ്വഹീഹായ ഒരു ഹദീസില്‍ പറയുന്നു: 'നിങ്ങളുടെ ഗുഹ്യസ്ഥാനത്തിലും പ്രതിഫലമുണ്ട്.' സ്വഹാബികള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ വികാര പൂര്‍ത്തീകരണം നടത്തുന്നതിന് പുണ്യം ലഭിക്കുമോ?' പ്രവാചകന്‍ പറഞ്ഞു: 'നിങ്ങള്‍ നിഷിദ്ധമായതിലാണ് അത് വെക്കുന്നതെങ്കില്‍ അതിന് ശിക്ഷയില്ലേ, അപ്രകാരം അനുവദനീയകരമായ കാര്യത്തിലാകുമ്പോള്‍ അതിന് പ്രതിഫലവുമുണ്ട്. ദോഷം മാത്രം പ്രതീക്ഷിക്കുകയും, പ്രതിഫലം പ്രതീക്ഷിക്കാതിരിക്കുകയുമാണോ നിങ്ങള്‍?' (മുസ്‌ലിം)
മനുഷ്യന്റെ പ്രകൃതിയും ശൈലിയും അനുസരിച്ച് പുരുഷന്‍ തന്റെ ആവശ്യം സ്ത്രീയോട് ഉന്നയിക്കുകയാണ് ചെയ്യുകയെന്ന് ഇസ്‌ലാം സൂചിപ്പിക്കുന്നു. കാരണം പുരുഷനാണ് ഈ വിഷയത്തില്‍ വികാരം കൂടുതലുള്ളവനും അതിനെ അടക്കിവെക്കാന്‍ കൂടുതല്‍ പ്രയാസപ്പെടുന്നവനും. സ്ത്രീയുടെ വികാരമാണ് പുരുഷന്റേതിനേക്കാള്‍ ശക്തമെന്ന് ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല എന്നതിന് ശരീഅത്തില്‍ തെളിവുകളും കാണാം.
1) ഭാര്യയെ ഭര്‍ത്താവ് കിടക്കയിലേക്ക് ക്ഷണിച്ചാല്‍ അവള്‍ മറുപടി നല്‍കേണ്ടതാണ്്. ന്യായമായ കാരണങ്ങളാലല്ലാതെ ഭര്‍ത്താവിന്റെ ക്ഷണം നിരസിക്കാവതല്ല എന്നാണ് ഹദീസ് പറയുന്നത്. 'പുരുഷന്‍ തന്റെ ഭാര്യയെ തന്റെ ആവശ്യത്തിന് വിളിച്ചാല്‍, അവര്‍ അടുക്കളയിലാണെങ്കിലും അവന്റെ അരികെയെത്തട്ടെ.'
2) ഒരു പുരുഷന്‍ തന്റെ ഭാര്യയെ കിടക്കയിലേക്ക് വിളിക്കുമ്പോള്‍ ന്യായമായ കാരണമില്ലാതെ അവള്‍ വിസമ്മതിക്കുകയും അക്കാരണത്താല്‍ അവന്‍ കോപിച്ച് കിടക്കുകയും ചെയ്യുന്നതിനെ കുറിച്ച് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കുന്നു. 'പുരുഷന്‍ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും അവള്‍ വിസമ്മതിക്കുകയും ചെയ്തു. അവളോട് കോപിച്ച് അവന്‍ കിടന്നാല്‍ നേരം പുലരുവോളം മാലാഖമാര്‍ അവളെ ശപിച്ചുകൊണ്ടിരിക്കും.'
രോഗം, രക്തവാര്‍ച്ച, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശറഈയായ കാരണങ്ങളില്ലാത്ത അവസ്ഥയില്‍ വിസമ്മതിച്ചാലാണിത്. ഇത്തരം കാരണങ്ങളെല്ലാം ഭര്‍ത്താവ് പരിഗണിക്കേണ്ടതുണ്ട്. മനുഷ്യരെ സൃഷ്ടിച്ച അല്ലാഹു അവന്റെ അവകാശങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് വിട്ടുവീഴ്ച നല്‍കിയിട്ടുണ്ടെന്നത് അവന്റെ അടിമകളും മാതൃകയാക്കേണ്ടതാണ്.
3) ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഐഛിക നോമ്പെടുക്കുന്ന ഭാര്യ അദ്ദേഹത്തിന്റെ അനുവാദം നേടിയിരിക്കണം. കാരണം സുന്നത്ത് നോമ്പിന്റെ പ്രതിഫലം നേടുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഭര്‍ത്താവിന്റെ അവകാശത്തിനാണ്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ പറയുന്നു: 'ഭര്‍ത്താവ് അടുത്തുണ്ടായിരിക്കെ അവന്റെ അനുവാദത്തോട് കൂടിയല്ലാതെ സ്ത്രീ നോമ്പെടുക്കരുത്.' പരസ്പര ധാരണയോട് കൂടിയായിരിക്കണം സുന്നത്ത് നോമ്പെടുക്കുന്നത് എന്ന് സാരം.
ഇസ്‌ലാം പുരുഷന്റെ വികാരങ്ങളെ പരിഗണിക്കുമ്പോള്‍ തന്നെ സ്ത്രീയുടെ വികാരങ്ങളെ ഒട്ടും തന്നെ മറന്നിട്ടില്ല. അവരുടെ പ്രകൃതിപരമായ സ്‌െ്രെതണ വികാരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. പകല്‍ നോമ്പെടുക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്ന അബ്ദുല്ലാഹിബിനു അംറിനെ പോലുള്ള അനുചരന്‍മാരോട് നബി(സ) പറഞ്ഞു: 'നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്, നിന്റെ ഭാര്യയോട് നിനക്ക് ബാധ്യതയുണ്ട്.'
ഇമാം ഗസ്സാലി പറയുന്നു: 'ഓരോ നാല് രാത്രി കൂടുമ്പോഴും നീ അവളുടെ അടുക്കല്‍ ചെല്ലല്‍ അനിവാര്യമാണ്. നാല് ഭാര്യമാരുണ്ടെങ്കില്‍ അതാണ് ഏറ്റവും നീതിയുക്തമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ആ പരിധിവരെ പിന്തിക്കുന്നത് ഒരാള്‍ക്ക് അനുവദനീയമാണ്. സ്ത്രീയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമനുസരിച്ച് അതില്‍ കുറവ് വരുത്തുകയോ അധികരിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. വിശുദ്ധി കാത്തുസൂക്ഷിക്കല്‍ അവന് നിര്‍ബന്ധമാണ്.'
പുരുഷന്‍ തന്റെ ഭാര്യയുടെ താല്‍പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും യാതൊരു പരിഗണനയും നല്‍കാതെ തന്റെ ആവശ്യപൂര്‍ത്തീകരണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കരുത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് പൂര്‍വ്വകേളികള്‍ക്കും ചുംബനങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന ഹദീസുകള്‍ നമുക്ക് കാണാം. കേവലം മൃഗങ്ങളുടെ ബന്ധം പോലെയാവാതിരിക്കാനാണിത്.
ഇണകളില്‍ ചിലര്‍ അശ്രദ്ധരായിരിക്കുന്ന ഇത്തരം വിഷയങ്ങളെക്കുറിച്ച് ഉണര്‍ത്തുന്നത് കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരോ ഇമാമുമാരോ അനൗചിത്യമായി മനസിലാക്കിയിരുന്നില്ല. തസവ്വുഫിന്റെയും ഫിഖ്ഹിന്റെയും ഇമാമായ അബൂ ഹാമിദുല്‍ ഗസ്സാലി ഇഹ്‌യാ ഉലൂമുദ്ദീനില്‍ സംയോഗ മര്യാദകള്‍ വിവരിക്കുന്നുണ്ട്. സൂക്ഷമതയും തഖ്‌വയും പുലര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗ പ്രവേശനത്തിനുള്ള മാര്‍ഗമായിട്ടാണദ്ദേഹം പ്രസ്തുത ഗ്രന്ഥം രചിച്ചിട്ടുള്ളത്.
അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുക എന്നത് സുന്നത്തായ കാര്യമാണ്. നബി(സ) പറയുന്നു: 'നിങ്ങളിലാരെങ്കിലും തന്റെ ഭാര്യയെ സമീപിച്ചാല്‍ അവന്‍ പറയട്ടെ, അല്ലാഹുവേ, പിശാചിനെ എന്നില്‍ നിന്നുമകറ്റേണമേ, ഞങ്ങള്‍ക്ക് പ്രദാനം ചെയ്തവയില്‍ നിന്നും പിശാചിനെ അകറ്റേണമേ, എന്ന് ചൊല്ലിയതിന് ശേഷം ലഭിക്കുന്ന കുട്ടിയെ പിശാച് ഉപദ്രവിക്കുകയില്ല.' അവനും ഭാര്യയും വസ്ത്രം കൊണ്ട് മൂടട്ടെ, കളികൊഞ്ചലുകളും ചുംബനങ്ങളും പങ്കുവെക്കുന്നതിനാണത്. പ്രവാചകന്‍(സ) പറഞ്ഞു: 'നിങ്ങളിലാരും തങ്ങളുടെ ഭാര്യമാരുടെ മേല്‍ മൃഗങ്ങളെ പോലെ വീഴരുത്, അവര്‍ക്കിടയില്‍ ഒരു ദൂതന്‍ ഉണ്ടായിരിക്കണം. അപ്പോള്‍ ആരോ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരെ, ഏന്താണ് ആ ദൂതന്‍? നബി(സ)പറഞ്ഞു: ചുംബനവും സംസാരവുമാണത്.' ഒരിക്കല്‍ പ്രവാചകന്‍(സ) പുരുഷനിലെ മൂന്ന് ദൗര്‍ബല്യങ്ങളെ കുറിച്ച് സൂചിപ്പിച്ചു. പുരുഷന്‍ തന്റെ ഭാര്യയെ സമീപിക്കുകയും അവളോട് സംസാരിക്കുകയും കൊഞ്ചുകയും ഒരുമിച്ച് കിടക്കുകയും ചെയ്തതിന് ശേഷം അവളുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്റെ ആവശ്യം പൂര്‍ത്തീകരിച്ച് എഴുന്നേറ്റ് പോവുകയെന്നത് ഇവയിലൊന്നാണ്.'
ഗസ്സാലി പറയുന്നു: 'അവന്‍ തന്റെ ആവശ്യം പൂര്‍ത്തീകരിച്ചാല്‍ തന്റെ ഭാര്യയുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നത വരെ അവന്‍ സാവധാനം കാണിക്കണം. പലപ്പോഴും അവള്‍ക്ക് സ്ഖലനം വൈകിയേക്കും. വികാരമൂര്‍ച്ചയില്‍ എത്തിനില്‍ക്കുന്ന അവസ്ഥയില്‍ അവളില്‍ നിന്ന് പിന്മാറുന്നത് അവളോട് ചെയ്യുന്ന ദ്രോഹമാണ്. സ്ഖലനത്തിലുള്ള പ്രകൃതിപരമായ വ്യത്യാസം പരസ്പര പൊരുത്തകേടുകള്‍ക്ക് കാരണമായേക്കും. ഒരേ സമയത്ത് സ്ഖലനം നടക്കുന്നതായിരിക്കും അവള്‍ക്കും കൂടുതല്‍ ആസ്വാദ്യകരമായിരിക്കുക. ഭര്‍ത്താവ് അത് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാത്തപ്പോള്‍ അവള്‍ അത് പറയാന്‍ പലപ്പോഴും ലജ്ജിക്കുന്നു.'
ഇമാം ഗസ്സാലിക്ക് ശേഷം വന്ന, വളരെ തഖ്‌വയും സൂക്ഷ്മയും പുലര്‍ത്തിയിരുന്ന ഇബ്‌നുല്‍ ഖയ്യിം തന്റെ 'സാദുല്‍ മആദി'ല്‍ സംയോഗത്തില്‍ പ്രവാചകന്‍(സ)യുടെ മാതൃക വിവരിക്കുന്നുണ്ട്. അത് പറയുന്നത് മതപരമായി തെറ്റോ, ധാര്‍മ്മികമായി ന്യൂനതയോ അല്ല. ഇക്കാലത്ത് പലരും അങ്ങനെ ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ നമുക്കത് മനസിലാക്കാം.
'വിവാഹത്തിലും സംയോഗത്തിലും അദ്ദേഹത്തിന്റെ(പ്രവാചകന്‍) ചര്യയാണ് ഏറ്റവും സമ്പൂര്‍ണ്ണമായിട്ടുള്ളത്. അതിലൂടെ ആരോഗ്യത്തിന് സംരക്ഷണവും മനസിന്ന് സന്തോഷവും ആനന്ദവും ലഭിക്കുന്നു. അതിലൂടെ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടികൊടുക്കുകയും ചെയ്യുന്നു. സംയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ മൂന്നെണ്ണമാണ്:
1) വംശ സംരക്ഷണം, ഓരോ വംശവും ഭൂമിയില്‍ നിലനില്‍ക്കുന്നതിനായി അല്ലാഹു ഒരുക്കിയിട്ടുള്ള സംവിധാനമാണത്.
2) ശരീരത്തില്‍ കെട്ടികിടന്നാല്‍ ദോഷം ചെയ്യുന്ന ദ്രവങ്ങളെ പുറത്ത് കളയല്‍.
3) വികാര പൂര്‍ത്തീകരണവും ആനന്ദവും ആസ്വാദനവും.
അതിന്റെ പ്രയോജനങ്ങളെ പറ്റി അദ്ദേഹം പറയുന്നു: 'നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും മനസ്സിനെ നിയന്ത്രിക്കലും സ്ത്രീക്കും പുരുഷനും ഇഹ-പരലോകങ്ങളില്‍ പ്രയോജനം ചെയ്യുന്ന കാര്യമാണ്. ഇക്കാരണത്താല്‍ തന്നെ നബി(സ) ഇത് പ്രാവര്‍ത്തികമാക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. തന്റെ സമുദായത്തെ അദ്ദേഹമതിന് പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'നിങ്ങള്‍ വിവാഹം ചെയ്യുക അതിലൂടെയാണ് എന്റെ ഉമ്മത്ത് വര്‍ദ്ധിക്കുക.' 'യുവാക്കളേ, നിങ്ങളില്‍ സാധ്യമാകുന്നവര്‍ വിവാഹം ചെയ്യട്ടെ. തീര്‍ച്ചയായും അത് കണ്ണിനെ താഴ്ത്തുന്നതും ലൈംഗികാവയവങ്ങള്‍ക്ക് സംരക്ഷണവുമാണ്.'.
ഇമാം ഇബനു ഖയ്യിം തുടരുന്നു 'സംയോഗത്തിന് മുമ്പ് ഇണയുമായി പൂര്‍വ്വകേളികളില്‍ ഏര്‍പ്പെടുകയും ചുംബിക്കുകയും അവളുടെ നാവ് ഊമ്പുകയും ചെയ്യണം. പ്രവാചകന്‍(സ) ഭാര്യയോടൊപ്പം കേളികളിലേര്‍പ്പെടുകയും ചുംബിക്കുകയും ചെയ്യാറുണ്ടായിരുന്നു.' ജാബിര്‍(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ പറയുന്നു: 'പൂര്‍വ്വകേളികളിലേര്‍പ്പെടുന്നതിന് മുമ്പ് സംയോഗം നടത്തുന്നത് നബി(സ) വിലക്കിയിരിക്കുന്നു.'
ഇസ്‌ലാമിക കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ യാഥാസ്ഥികരോ അരാജകത്വ വാദികളോ ആയിരുന്നില്ലെന്ന് കുറിക്കുന്ന തെളിവുകളാണിതെല്ലാം. മറിച്ച് അവരെല്ലാം യാഥാര്‍ത്ഥ്യ ലോകത്തിന് വേണ്ടത്ര പരിഗണന നല്‍കിയവരായിരുന്നു. ചുരുക്കത്തില്‍ ദമ്പതികള്‍ക്കിടയില്‍ ലൈംഗികതക്കുള്ള സ്ഥാനം ഇസ്‌ലാം വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ രണ്ടിടങ്ങളില്‍ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. നോമ്പിനെ കുറിച്ച് വിവരിക്കുന്നിടത്താണ് അവയിലൊന്ന്. 'നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനിമുതല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കനുവദിച്ചത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ എല്ലാം വര്‍ജിച്ച് രാവുവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.' (അല്‍ബഖറ: 187)
'അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും' എന്ന വളരെ സുന്ദരവും അര്‍ത്ഥഗംഭീരവുമായ പ്രയോഗമാണ് ഖുര്‍ആന്‍ ദമ്പതികള്‍ക്കിടയിലെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചിരിക്കുന്നത്. മറക്കല്‍, സംരക്ഷണം, ചൂടില്‍ നിന്നും തണുപ്പില്‍ നിന്നുമുള്ള രക്ഷ, ഒട്ടിചേര്‍ന്ന് നില്‍ക്കല്‍, സൗന്ദര്യം, അലങ്കാരം തുടങ്ങിയ അര്‍ത്ഥങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന പ്രയോഗമാണ് 'വസ്ത്രം' എന്നുള്ളത്.
രണ്ടാമതായി ഖുര്‍ആന്‍ പ്രയോഗിക്കുന്നത് അശുദ്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ്. 'ആര്‍ത്തവത്തെ സംബന്ധിച്ചും അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല്‍ ആര്‍ത്തവ വേളയില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്നകന്നു നില്‍ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര്‍ ശുദ്ധി നേടിയാല്‍ അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്‌നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു. നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ ഭാവിക്കു വേണ്ടത് നിങ്ങള്‍ നേരത്തെ തന്നെ ചെയ്തുവെക്കണം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങള്‍ അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക.'(അല്‍ബഖറ: 222)
ആര്‍ത്തവകാലത്ത് എന്തൊക്കെ കാര്യങ്ങളില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടതെന്ന് ഹദീസുകളിലൂടെ പ്രവാചകന്‍(സ) വിശദീകരിച്ചിട്ടുണ്ട്. സംയോഗത്തില്‍ നിന്നുമാത്രമാണ് വിട്ടുനില്‍ക്കാന്‍ കല്‍പ്പിച്ചിട്ടുള്ളത്. ചുംബിക്കുന്നതിനോ ആലിംഗനം ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ ഒന്നും അത് തടസ്സമല്ല. അപ്രകാരം തന്നെ സൂക്തത്തില്‍ പറയുന്ന 'നിങ്ങളാഗ്രഹിക്കുംവിധം' എന്നതിനെ വിശദീകരിക്കുന്നത് നിങ്ങള്‍ സ്വീകരിക്കുന്ന ഏത് രീതിയും എന്നാണ്. കൃഷിയിടം എന്നതിന്റെ വ്യാഖ്യാനം പ്രത്യേകം പഠിക്കേണ്ടതാണ്. ഇസ്‌ലാമിന്റെ ഭരണഘടനയായ വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം വിശദീകരിക്കുന്നുവെന്നത് തന്നെ അതിന്റെ പ്രാധാന്യത്തിന് മതിയായ തെളിവാണ്.

3 അഭിപ്രായങ്ങള്‍:

Ziyahul Haque പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്. ഇസ്ലാമിലെ ലൈങ്ങികത പറയാന്‍ മടിക്കുകയാണ് പതിവ്.. ഇസ്ലാമിലെ ഈ വിദ്യാഭ്യാസം കാലത്തിനും ശാസ്ത്രത്തിനും അനുയോജ്യമെന്ന് മനസ്സിലാക്കുന്ന ലേഖനം ...

അസി ഹസീബ് പറഞ്ഞു... മറുപടി

അള്ളാഹു അനുഗ്രഹിക്കട്ടെ..വളരെ ഉപകാരപ്രദം.!!

Shahjahan T Abbas പറഞ്ഞു... മറുപടി

ഒരു കാലത്ത് ഇസ്ലാമിനെ ജനാബത് മതം എന്ന് പറഞ്ഞു കളിയാക്കിയിരുന്നു. ജനാബത്തു കുളിയും പ്രസവ ഹൈദ് കുളികലുമാണ് ഇസ്ലാം എന്ന് ധ്വനിപ്പിക്കുന്ന വിധത്തില്‍ മുല്സിയാക്കന്മാര്‍ പാതിരാ വയളുകള്‍ സജീവമാക്കിയിരുന്നത്‌ അതിന്നൊരു കാരണവുമായിട്ടുണ്ട്‌.., ഒരു തിരച്ചു പോക്കിലെക്കല്ല യധാര്‍ഹാമായ വഴിയിലെക്കാന് കാല്‍പ്പാടുകള്‍ ഊന്നെണ്ടത് എന്നാണു കഴിഞ്ഞ കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌.......,,,,,,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....