നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, ജനുവരി 31, 2012

നബിദിനം 'ആഘോഷമോ' ?


                        അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫാ (സ) യുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നാടുനീളെ നടക്കാറുള്ള നബിദിനാഘോഷത്തിന്റെ ഇസ്‌ലാമിക സാധുതകളെ കുറിച്ച് പേജുകളിലും, സ്‌റ്റേജുകളിലും, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലുമൊക്കെ ചര്‍ച്ചകള്‍ സജീവമാകാറുള്ള മാസമാണ് റബീഉല്‍ അവ്വല്‍ .ഈ വിഷയത്തെ ഒരു മധ്യമ നിലപാടോട് കൂടി കാണാന്‍ പലപ്പോഴും നമുക്ക് സാധിക്കാത്തതിനാല്‍ ,പ്രവാചകനും വിശുദ്ധഖുര്‍‌ആനുമൊക്കെ അങ്ങേയറ്റം എതിര്‍ത്ത,വിശ്വാസികള്‍ പരസ്‌പരം ഏറ്റ് മുട്ടുക എന്ന അവസ്ഥവരെ പലപ്പോഴും സംജാതമാകാറുണ്ട്. ഇവിടെ ഈ വിഷയത്തിന്റെ ഉള്ളറകളിലേക്ക് ചെറുതായി ഒരെത്തിനോട്ടം നടത്താനാണ് ഈ സന്ദര്‍ഭം ഞാനുപയോഗപ്പെടുത്തുന്നത്.
മനുഷ്യ കുലത്തിന്റെ പ്രവാചകന്‍ :-
                                     പ്രവാചകന്‍ ,വിശുദ്ധ ഖുര്‍‌ആന്‍ ,അല്ലാഹു,ക‌അ്‌ബ എന്നിവയെ കുറിച്ചൊക്കെ മുസ്‌ലിം സമൂഹത്തിലെ ഒരു ചെറിയ വിഭാഗമെങ്കിലും പുലര്‍ത്തിപ്പോരുന്ന വിശ്വാസത്തിന്റെ ഭാഗമാണ് ഈ പറഞ്ഞതെല്ലാം മുസ്‌ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ടതും അവരുടെ സ്വകാര്യ സ്വത്തുമാണെന്നത്. എന്നാല്‍ വിശുദ്ധ ഖുര്‍‌ആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനമനുസരിച്ച് ഈ പരാമര്‍ശിച്ചതെല്ലാം, എന്തിനേറെ മുസ്‌ലിം സമൂഹം പോലും ലോകത്തുള്ള മുഴുവന്‍ ജനസമൂഹത്തിനും ജാതി-മത ഭേദമന്യേ അവകാശപ്പെട്ടതാണ്.ഓരോന്നിനെ കുറിച്ചും വിശുദ്ധഖുര്‍‌ആന്റെ പ്രഖ്യാപനം ഒരറിവിനുവേണ്ടി ഇവിടെ ചേര്‍ത്ത് വെക്കുന്നു.

വിശുദ്ധ ഖുര്‍‌ആന്‍ : "മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍ " (ബഖറ:185)
അല്ലാഹു :"പറയുക: മനുഷ്യരുടെ വിധാതാവിനോട് ഞാന്‍ ശരണം തേടുന്നു; മനുഷ്യരുടെ രാജാവിനോട്, മനുഷ്യരുടെ യഥാര്‍ഥ ദൈവത്തോട്,(സൂറത്തുന്നാസ് :1-3)
പ്രവാചകന്‍ :"(പ്രവാചകാ,) മനുഷ്യര്‍ക്കൊന്നടങ്കം സുവിശേഷകനും മുന്നറിയിപ്പുകാരനു മായിട്ടുതന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്. പക്ഷേ, അധികജനവും അറിയുന്നില്ല" (സബ‌അ്‌:128)
ക‌അ്‌ബ:"നിസ്സംശയം, മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമദേവാലയം മക്കയില്‍ സ്ഥിതിചെയ്യുന്നതുതന്നെയാകുന്നു. അതു അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശനകേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്" (ആലു ഇംറാന്‍ :96)
മുസ്‌ലിം സമുദായം:"ഇപ്പോള്‍ ലോകത്ത് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു (ആലു ഇം‌റാന്‍ :110)
പ്രവാചക സ്‌നേഹം :-
                                      ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കാന്‍ കല്പിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനേയും അവന്റെ പ്രവാചകനേയുമാണ്. നമ്മുടെ മാതാ പിതാക്കളെക്കാളും,ഭാര്യാ സന്താനങ്ങളെക്കാളും സമ്പാദ്യങ്ങളേക്കാളുമെല്ലാം അല്ലാഹുവിനേയും അവന്റെ ദൂതനേയും സ്‌നേഹിക്കാന്‍ കഴിയാത്ത കാലത്തോളം ഇസ്‌ലാമിക സൊസൈറ്റിയില്‍ നമുക്ക് സ്ഥാനമില്ല...
"നിങ്ങള്‍ക്ക് നിങ്ങളുടെ സന്താനങ്ങളേക്കാളും പിതാവിനേക്കാളും മറ്റു സര്‍‌വ്വ മനുഷ്യരേക്കാളും പ്രിയപ്പെട്ടവന്‍ ഞാന്‍ ആയിത്തീരുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല" (ബുഖാരി)
പക്ഷെ എങ്ങനെയാണ് പ്രവാചകനെ സ്‌നേഹിക്കേണ്ടത് ?അത് പ്രവാചകന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. "ആര്‍ എന്റെ ചര്യയെ സ്‌നേഹിച്ചോ,അവനെന്റെകൂടെ സ്വര്‍ഗ്ഗത്തിലാണ്".. അത് ഏതെങ്കിലും വര്‍ഷത്തിലോ,മാസത്തിലോ,ദിവസത്തിലോ ഒതുക്കേണ്ടതല്ല..മറിച്ച് ജീവിതം മുഴുവന്‍ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണത്.പലപ്പോഴും നാം കാണുന്ന കാഴ്‌ച, ജീവിതത്തില്‍ ഏറിയപങ്കും തങ്ങള്‍ക്ക് തോന്നിയപോലെ ജീവിക്കുന്നവര്‍ പ്രത്യേകമായി തെരെഞ്ഞെടുക്കപ്പെട്ട ദിവസം മാത്രം പ്രവാചകനെ സ്‌നേഹിക്കാന്‍ മത്സരിക്കുന്നതാണ്.അല്ലാഹുവിനോടുള്ള സ്‌നേഹത്തെ കുറിച്ചുപോലും ഖുര്‍‌ആന്‍ പറയുന്നത് കാണുക :" പ്രവാചകന്‍, ജനത്തോടു പറയുക: `നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു."(ഖുര്‍‌ആന്‍ )..അഥവാ അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കാനുള്ള വഴിപോലും അവന്റെ പ്രവാചകനെ പിന്തുടരുക എന്നുള്ളതാണ്...അതിനാല്‍ പ്രവാചകനെ സ്‌നേഹിക്കാന്‍ നമുക്കാവണം.അങ്ങേയറ്റത്തെ സ്‌നേഹം...പക്ഷെ അതില്‍‌പോലും അതിരുകവിയല്‍ പാടില്ല എന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. "ക്രൈസ്തവര്‍ ഈസാ(അ)യെ അതിര് കവിഞ്ഞ് പുകഴ്‌ത്തിയതുപോലെ നിങ്ങളാരും എന്നെ അതിരു കവിഞ്ഞ് പുകഴ്‌ത്തരുത്"(ബുഖാരി)
നബിദിനം 'ആഘോഷമോ' ?
പ്രവാചകന്‍ (സ)യുടെ ജന്മദിനവുമായിബന്ധപ്പെട്ട് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന ആചാരങ്ങള്‍ക്ക് ഇസ്‌ലാമികമായി വല്ല സ്ഥിരീകരണവുമുണ്ടോ എന്നതും നാം ചര്‍ച്ചക്ക് പാത്രമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.യഥാര്‍ത്ഥത്തില്‍ പ്രവാചകനോ,പ്രവാചകനെ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിച്ചിരുന്ന അനുചരന്മാരോ,പ്രവാചകന്റെ പത്നിമാരോ, ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാചകത്വ ജീവിതത്തിലൊ, അതിനു ശേഷമോ പ്രവാചകന്റെ ജന്മദിനം ആഘോഷിച്ചതായി ചരിത്രത്തിലെവിടെയും നമുക്ക് കാണാന്‍ സാധ്യമല്ല.
പ്രവാചകനോ, അനുചരന്മാരോ, ഖുലഫാഉറാഷിദുകളൊ,ഉമ്മഹാത്തുല്‍ മുഅ്‌മിനൂനുകളൊ, സലഫുസ്സ്വാലിഹുകളോ, താബിഉത്താബിഉകളൊ ,മഹാന്മാരായ മദ്‌ഹബിന്റെ നാല് ഇമാമുകളോ ആഘോഷിക്കാത്ത പ്രവാചകന്‍ (സ)യുടെ ജന്മദിനം പിന്നെയെങ്ങിനെയാണ് ആഘോഷമായി മാറിയത് ?എന്നാണ് അത് തുടങ്ങിയത്?
തഴവ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ രചിച്ച്,പഴയകാല പാതിരാ വ‌അളുകളില്‍ അര്‍ത്ഥമോര്‍ക്കാതെ ഈണത്തില്‍ പാടിയിരുന്ന 'അല്‍ മവാഹിബുല്‍ ജലിയ്യ' എന്ന ഗ്രന്ഥത്തിലെ ഈ വരികള്‍ തന്നെ അതിലേക്ക് വെളിച്ചം വീശുന്നുണ്ട്.
"മൗലൂദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ...
 അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ..."
അതെ, പ്രവാചകന്‍ (സ)യുടെ മഹത്തായ ഹിജ്‌റ  കഴിഞ്ഞ് മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം (മൂന്ന് നൂറ്റാണ്ട്) ഈജി‌പ്ത് ഭരിച്ചിരുന്ന ശീഈ രാജാവായ മുളഫ്ഫര്‍ എന്ന വ്യക്‌തിയാണ് ആദ്യമായി  നൂറ് പോത്തുകളെ അറുത്ത് ഭക്ഷണം വിളമ്പി 
മീലാദുന്നബി(നബിയുടെ ജന്മദിനം) ആഘോഷിച്ചത് എന്ന് ചരിത്രം നമ്മോട് പറയുന്നു. അതിന് അദ്ദേഹത്തിന് പ്രചോദനമായതാവട്ടെ ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്ന ക്രിസ്‌തുമസ്സും.അപ്പോള്‍ പിന്നെ നമുക്ക് പറയാനുള്ളത് അത് നല്ലതല്ലേ എന്നതാണ്.നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്ന നരകത്തില്‍ നിന്നകറ്റുന്ന എല്ലാകാര്യങ്ങളും ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചിരിക്കുന്നു എന്ന് പറഞ്ഞ പ്രവാചകന്‍ ഒരു നന്മയും നമ്മെ പഠിപ്പിക്കാതെ വിട്ടുപോയിട്ടില്ല എന്നതല്ലേ സത്യം...?

ബാക്കിവെച്ചത് :പ്രവാചകന്‍ ജനിച്ചതും,മരണമടഞ്ഞതും ഒരു ദിവസമാണെന്ന് പറയപ്പെടുന്നു... പിന്നെ ഈ ജന്മദിനാഘോഷങ്ങള്‍ക്ക് എന്ത് പ്രസക്‌തി ?

18 അഭിപ്രായങ്ങള്‍:

സദര്‍ പറഞ്ഞു... മറുപടി

ചിന്തിക്കുന്നവര്‍ക്ക് കൂടുതല്‍ ചിന്തിക്കാനും,അറിവില്ലാത്തവര്‍ക്ക് അന്വേഷിക്കാനും ഉതകുന്ന ഒരു ചര്‍ച്ച..തുടരട്ടെ എന്നുമെന്നും..

സബിത അനീസ്‌ പറഞ്ഞു... മറുപടി

http://saakshii.blogspot.in/2012/01/blog-post.html

Mohammed Kutty.N പറഞ്ഞു... മറുപടി

അഭിനന്ദനങ്ങള്‍ ....!

Unknown പറഞ്ഞു... മറുപടി

ഇസ്ലാമില്‍ ഒരു നിയമം രൂപപ്പെടുന്നത് ഖുറാന്‍ ,ഹദീസ് കൊണ്ടും,,,ആണല്ലോ? ..എങ്കില്‍ നബിദിനം അനിസ്ലാമികമാണെന്ന് ഏതാണ്കിലും അറിയെപ്പെടുന്ന മുഫസ്സിരുകലോ,മുഹദ്ദിസുകാലോ പറഞ്ഞതായി അറിയുമോ....ഖുറാന്‍ ക്രോടികരിച്ചതുപോലെ,തറാവിഹ ഒരു ജമാതിനു കീഴില്‍ കൊണ്ട് വന്നത് പോലെ,ജുമക്ക് രണ്ടു ബാങ്ക് വന്നത് പോലെ ,ഒരു നല്ല കാരിമായി കണ്ടാല്‍ പോരെ....

v.basheer പറഞ്ഞു... മറുപടി

ഡിയര്‍ അനീസ് ഭായ്,
ഇസ്തിഗാസ സംബന്ധിച്ച ചര്‍ച്ചയില്‍ പിന്നെ താങ്കളുടെ പ്രതികരണമൊന്നും കണ്ടില്ല. വിഷയം പഠിക്കുകയായിരിക്കുമെന്ന് കരുതുന്നു.
ഇസ്തിഗാസ, തവസ്സുല്‍, നബിദിനം, മൗലിദ് തുടങ്ങിയ വിഷയങ്ങളെല്ലാം സംബന്ധിച്ച് ദശകങ്ങളായി സുന്നികള്‍ക്കും വിമര്‍ശകര്‍ക്കുമിടയില്‍ സംവാദം നടന്നു വരുന്നുണ്ട്. മൗലാനാ നജീബ് മൗലവിയെ പോലുള്ള പണ്ഡിതര്‍ പ്രാമാണികമായി തല്‍ വിഷയങ്ങളില്‍ സുന്നീ വിശ്വാസ നിലപാടുകളെ സമര്‍ത്ഥിക്കുകയും വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യകരവും സത്യസന്ധവുമായ സംവാദവും സത്യാന്വേഷണവും കാംക്ഷിക്കുന്നവര്‍ അത്തരം മറിപക്ഷ നിലപാടുകളും മറുപടികളും വായിച്ച് നിരൂപണം ചെയ്ത ശേഷമാവണം വിമര്‍ശിക്കേണ്ടത്. പക്ഷെ , കേരളത്തില്‍ ഇരു പക്ഷത്തെയും ഭൂരിപക്ഷമാളുകളും അതിനു മിനക്കെടാതെ അവനവന്‍ വളര്‍ന്നു വന്ന സംഘടനാ ചുറ്റുപാടിനാല്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട് സ്വന്തം മാതാപിതാക്കളില്‍നിന്നും നേതാക്കളില്‍ നിന്നും കേട്ടുപോരുന്ന പല്ലവി അന്ധമായങ്ങനെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. താങ്കളുടെ നബിദിനാഘോഷ വിമര്‍ശനവും വ്യത്യസ്തമല്ലെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.
നബി ദിനാഘോഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് , താങ്കളുടെ വിമര്‍ശനത്തിന്‍റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ''ഇസ്ലാമിലെ ശരിതെറ്റു നിര്‍ണയത്തിന്‍റെ രീതിശാസ്ത്രം''ആണ് നമുക്ക് ആദ്യം ചര്‍ച്ചാ വിധേയമാക്കേണ്ടത്. ആദ്യമായി താങ്കളുടെ കുറിപ്പിലെ ചില പരാമര്‍ശങ്ങളെടുക്കാം. താങ്കള്‍ ചോദിക്കുന്നു; ''പ്രവാചകന്‍, സ്വഹാബത്ത് , ഉമ്മഹാത്തുല്‍ മുഅമിനീന്‍, സലഫുസ്വാലിഹുകള്‍ തുടങ്ങിയവര്‍ ആഘോഷിക്കാത്ത നബി ജന്മദിനം പിന്നെ എങ്ങിനെ ആഘോഷമായി''
താങ്കളുടെ മറ്റൊരു പരാമര്‍ശമിങ്ങനെ; ''നബിദിനത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതല്ലേ..എന്നു പറഞ്ഞ് ന്യായീകരിക്കാന്‍ പറ്റില്ല. കാരണം ''നിങ്ങളെ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്ന , നരകത്തില്‍നിന്നുമകറ്റുന്ന എല്ലാ കാര്യങ്ങളും ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചിരിക്കുന്നു ''എന്നു പറഞ്ഞ റസൂല്‍ ഒരു നന്മയും നമ്മെ പഠിപ്പിക്കാതെ വിട്ടുപോയിട്ടില്ല.
ഈ രണ്ടു പ്രയോഗങ്ങളില്‍നിന്നും , ഇസ്ലാമിലെ ആവിഷ്ക്കാരങ്ങളുടെ ശരിതെറ്റുകള്‍ നിര്‍ണയിക്കുന്നത് നബി , സ്വഹാബികള്‍ തുടങ്ങിയവര്‍ ചെയ്തിട്ടുണ്ടോ എന്നു നോക്കിയാണ്. അഥവാ നാം ചെയ്യുന്ന ഒരു കര്‍മ്മം അവരാരെങ്കിലും ചെയ്തിട്ടുള്ളതാണെങ്കില്‍ അത് ഇസ്ലാമികവും നന്മയുമാണ്. അവര്‍ ചെയ്തു കാണിക്കാത്തകാര്യമാണെങ്കില്‍ അതു തിന്മയും എന്നാണ് ഈ രീതിശാസ്ത്രം പറയുന്നത്. താങ്കള്‍ നബി ദിനാഘോഷത്തെ അനിസ്ലാമികം എന്ന് വിമര്‍ശിക്കുന്നതും ഈ രീതിശാസ്ത്ര ഭൂമികയില്‍ നിന്നുകൊണ്ടാണ്. അതിനാല്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.

v.basheer പറഞ്ഞു... മറുപടി

1.ഖുര്‍ആന്‍ പഠനം , ഇസ്ലാമിക ആദര്‍ശപ്രചാരണം, ആഘോഷങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മേല്‍ പറഞ്ഞ രീതിശാസ്ത്രത്തിന്‍റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകള്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ധാരാളം ആവിഷ്ക്കാരങ്ങളുണ്ട്. ഉദാഹരണത്തിന് ചിലത് കുറിക്കാം.
ഖുര്‍ആന്‍ ക്വിസ്സ്, ഖുര്‍ആന്‍ ചിത്ര രചനാ മല്‍സരം, ഖുര്‍ആന് പ്രബന്ധ മല്‍സരം, ഇസ്ലാമിക് അക്കാദമിക് കോണ്‍ഫ്രന്‍സ്, മദ്രസകള്‍, അറബിക്കോളജുകള്‍, അവയുടെ വാര്‍ഷികാഘോഷങ്ങള്‍, അവയിലെ കലാ സാഹിത്യ മല്‍സരങ്ങള്‍, നോന്ബും അല്ലാഹുവുമൊന്നുമില്ലാത്ത അമുസ്ലിംകളെ നോന്പു തുറപ്പിക്കല്‍, ഓണക്കിറ്റ് വിതരണം......ആങ്ങനെയങ്ങനെ ഇന്നു താങ്കളുടെ സംഘടന ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും , എന്തിനധികം പറയണം ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയും അതിന്‍റെ പോഷകസംഘടനകളും , മുന്പ്‍ റബീഉല്‍ അവ്വലില്‍ എസ്.ഐ.ഒ നടത്തിയ ഖവ്വാലി പരിപാടി, ഈ റബീഉല്‍ അവ്വലില്‍ ജമാഅത്ത് അമീര്‍ ഉല്‍ഘാടനം ചെയ്ത പ്രവാചക കാന്പയിന്‍ തുടങ്ങിയവയെല്ലാം നന്മയും ഇസ്ലാമികവുമാണെന്ന് താങ്കള്‍‌ക്ക് അഭിപ്രായമുണ്ടോ...ഉണ്ട് എങ്കില്‍ , താങ്കളും സംഘടനയും അവലംബിക്കുന്ന രീതിശാസ്ത്രമനുസരിച്ച്, ഏതു പ്രവാചകനും സ്വഹാബികളുമാണ് അപ്പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തുകാണിച്ചിരിക്കുന്നത്...അവയിലൊന്നുപോലും അവരാരും ചെയ്തതായി താങ്കള്‍ക്ക് തെളിയിക്കാനാവില്ല. തെളിവുണ്ടെങ്കില്‍ ഉദ്ധരിക്കുക.
അപ്പോള്‍ സുഹൃത്തേ വിചിത്രമായ ഈ രീതിശാസ്ത്രംവെച്ച് നിര്‍ണയിച്ചാല്‍, താങ്കളുടെ സംഘടനക്കു കീഴില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒട്ടുമിക്ക ആവിഷ്ക്കാരങ്ങളും , എന്തിനധികം താങ്കളുടെ സംഘടന തന്നെയും അനിസാലാമികവും നിഷിദ്ധവുമാണെന്ന് സമ്മതിക്കേണ്ടിവരും. അതല്ലാത്ത പക്ഷം, നബിയും സ്വഹാബത്തും ചെയ്യാത്ത കാര്യങ്ങള്‍ താങ്കളുടെ പാര്‍ട്ടി ചെയ്താല്‍ ശരിയും, സുന്നികള്‍ ചെയ്താല്‍ നിഷിദ്ധവും അനിസ്ലാമികവും ആകുന്നതെങ്ങിനെയെന്ന് താങ്കള്‍ വ്യക്തമാക്കിയേ മതിയാകൂ. (മദ്ഹബിന്‍രെ അഹ്ലുകാര്‍ക്ക് ഹറാമും ഹലാലും നിശ്ചയിക്കാന്‍ വ്യക്തവും കൃത്യവുമായ രീതിശാസ്ത്രം ഇമാമുകള്‍ നിര്‍ധാരണം ചെയ്തെടുത്തിട്ടുണ്ട് .)

v.basheer പറഞ്ഞു... മറുപടി

പിന്നെ മുളഫര്‍ രാജാവ് ശിയാ ആണെന്ന വാദം ശുദ്ധ കളവാണെന്നറിയാതെ, ആരോ പറഞ്ഞത് അപ്പടി ആവര്‍ത്തിക്കുകയാണ് താങ്കള്‍.
അദ്ദേഹത്തെക്കുറിച്ച് മഹാനായ ഇബ്നു കസീര്‍ പറയുന്നത് നോക്കൂ. ''മുളഫര്‍ രാജാവ് അത്യുദാരനും മഹാനും ഐശ്വര്യം നിറഞ്ഞ ചക്രവര്‍ത്തിയുമായിരുന്നു. ….അദ്ദേഹം റബീഉല്‍ അവ്വല്‍ മാസത്തില്‍ മൗലിദ് ഉജ്ജ്വലമായി ആഘോഷിച്ചിരുന്നു. ധീരനായ നാ.യകനും ബുദ്ധിമാനായ പണ്ഡിതനും നീതിമാനായ രാജാവുമായിരുന്നു അദ്ദേഹം.....അല്ലാഹു അദ്ദേഹത്തിന്‍റെ മേല്‍ കരുണ ചൊരിയട്ടെ.''...(അല്‍ ബിദായ,13/136)
ഇമാം ദഹബി മുളഫര്‍ രാജാവിനെക്കുറിച്ചു പറയുന്നു, ''അദ്ദേഹം തികഞ്ഞ അഹ് ലുസ്സുന്നത്ത് ആദര്‍ശക്കാരനായിരുന്നു. ''
പിന്നെ. മൗലൂദു കഴിക്കല്‍ മുന്പു പതിവില്ലാത്തതാ
അത് ഹിജ്റ മുന്നൂറിന്നു ശേഷം വന്നതാ... എന്ന വരികള്‍ അന്നും ഇന്നും സുന്നികള്‍ നല്ലോണം അര്‍ത്ഥം അറിഞ്ഞുതന്നെയാണ് പാടുന്നത്. മവാഹിബുല്‍ ജലിയ്യയിലെ തന്നെ ഈ വരികളും അവര്‍ പാടാറുണ്ട്..നബിക്കുള്ള മൗലിദ് വീട്ടിലും കഴിക്കേണ്ടതാ
അതിനാലെ വീട്ടില്‍ ബറക്കത്തേറെ വരുന്നതാ....
ഇത്െല്ലാം എഴുതിയ തഴവയും അത് താങ്കള്‍ക്ക് ഉദ്ധരിക്കാനായി ഇക്കാലമത്രയും സൂക്ഷിച്ച സുന്നികളും നബിദിനം ആഘോഷിച്ചവരാണ്. എഴുതിയ തഴവക്കും, ഇക്കാലമത്രയും അത് സൂക്ഷിച്ച സുന്നികള്‍ക്കും അതിന്‍റെ അര്‍‌ത്ഥം തിരിഞ്ഞില്ലെന്നും , താങ്കള്‍ക്കാണ് തിരിഞ്ഞതെന്നുമാണോ വിശ്വസിക്കേണ്ടത്....സുഹൃത്തേ, ഹിജ്റ മുന്നൂറിന് മുന്പ് വന്നാലേ ഹലാല്‍ ആകൂ എന്ന വിചിത്ര വാദം താങ്കളെപ്പോലെ തഴവക്കോ സുന്നികള്‍ക്കോ ഇല്ലല്ലോ... പിന്നെയെങ്ങിനെ ആ വരികള്‍ താങ്കള്‍ക്ക് എതിര്‍ പ്രമാണമാവും.....
പിന്നെ, പ്രവാചക സ്നേഹമെന്നാല്‍ വെറും ചര്യ പിന്‍പറ്റല്‍ മാത്രമാണോ അതോ പ്രവാചകന്‍ എന്ന ആളെ തന്നെ സ്നേഹിക്കലാണോ പ്രധാനം എന്ന വിഷയത്തിലേക്ക് ഉടന്‍ വരാം. ഇപ്പോള്‍ അല്‍പതിരക്കുണ്ട്. ഏതായാലും ശരി തെറ്റു് നിര്‍ണയത്തിന്‍റെ രീതിശാസ്ത്രം സംബന്ധിച്ച് ഞാനുന്നയിച്ച ചോദ്യത്തിന് മറിപടി നല്‍കുക...

CKLatheef പറഞ്ഞു... മറുപടി

പ്രവാചകന്‍ :"(പ്രവാചകാ,) മനുഷ്യര്‍ക്കൊന്നടങ്കം സുവിശേഷകനും മുന്നറിയിപ്പുകാരനു മായിട്ടുതന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്. പക്ഷേ, അധികജനവും അറിയുന്നില്ല" (സബ‌അ്‌:128)

സൂക്തം നമ്പര്‍ 128 അല്ല 28 ആണ്. തിരുത്തുമല്ലോ.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

V.B,Nee enthinaa ingane kashtapedunnooo Avattangal nannaavoola Naaya vaal poolayaa

v.basheer പറഞ്ഞു... മറുപടി

ഡിയര്‍ അജ്ഞതന്‍ , നോ കമന്റ്‌

v.basheer പറഞ്ഞു... മറുപടി

dear, hope that u r busy

v.basheer പറഞ്ഞു... മറുപടി

assalamu alaikum

അജ്ഞാതന്‍ പറഞ്ഞു... മറുപടി

why there is no reply to basheer!!!

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

പ്രിയ അജ്ഞാതൻ ...അതിന്റെ കാരണം ഞാൻ ബഷീർ സാഹിബിനു മെസ്സേജു ചെയ്തിട്ടുണ്ടു......

v.basheer പറഞ്ഞു... മറുപടി

ഡിയര്‍ അനീസ്‌ ഭായ്, നബിദിന വിഷയത്തിലെ എന്റെ കുറിപ്പുകളോട് താങ്കള്‍ പ്രതികരിച്ചു കണ്ടില്ല . തിരക്കുകൊണ്ടാണോ? അതോ വിഷയം പഠിക്കുകയാണോ?

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ബഷീർ സാബ്..എന്റെ നിലവിലെ സാഹചര്യം ഞാൻ ഫെയ്സ്ബുക്കിൽ നിങ്ങൾക്ക് മെസ്സേജ് അയച്ചിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

www.­prabodhanam.­net
www.¬jihkerala.¬org

what'sup these sites?????????? not available since long? hacked????????

മൊയ്തു പറഞ്ഞു... മറുപടി

@സബിത അനീസ്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....