നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

മുസ്ലിം ലീഗ്: പ്രതിസന്ധികളിലെ കോട്ട നേട്ടങ്ങള്‍


രുപതാം നൂറ്റാണ്ടു മുസ്ലിം ലോകം ഒരുപാട് പരീക്ഷണങ്ങള്‍ക്കും  പരിഷ്കരണ പ്രസ്ഥാനങ്ങങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കാലം ആയിരുന്നു. ഇന്നന്നപോലെ അന്നും ലോക മുസ്ലിം ജനസംഖ്യയുടെ ഗണനീയ ഭാഗം ജീവിച്ചിരുന്നത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലായിരുന്നു. ലോകത്തിലെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും മുസ്ലിം നവീകരണ പരിഷ്കരണ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിരുന്നു. ഇതില്‍ മുസ്ലിംകളുടെ സമൂലമായ ഇസ്ലാമിക മാറ്റത്തിനു വേണ്ടി നിലകൊണ്ടവരും ഭാഗിക പരിഷ്കരണത്തിന്നു വേണ്ടി പ്രവര്‍ത്തിച്ചവരും ഉണ്ടായിരുന്നു. ഈ സംഘടനകള്‍‌ക്കും  പ്രസ്ഥാനങ്ങള്‍‌ക്കും  ഇടയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യാ ഉപഭൂഖണ്ഡത്തില് രൂപം കൊണ്ട മുസ്ലിം ലീഗിന്റെ സ്ഥാനം അത് പില്കാലത്തുണ്ടാക്കിയ പരിണിതികളെകൂടി കണക്കിലെടുത്തുകൊണ്ട് ചരിത്രപരമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത് ഒരു ചരിത്ര ഗവേഷണത്തിന്റെ പ്രമേയമാണ്.

ചരിത്രപരമായി ചിന്തിച്ചാല്‍ മുസ്ലിം ലീഗ് ഒരു നവോത്ഥാന പ്രസ്ഥാനമോ പരിഷ്കരണ പ്രസ്ഥാനമോ ആയിരുന്നില്ല. മുസ്ലിംകളെ ആദര്‍ശ പരമായോ ചിന്താപരമായോ പരിഷ്കരികുന്നതില്‍ മുസ്ലിം ലീഗ് ഒരു പങ്കും വഹിച്ചിട്ടില്ല. കുറച്ചു നല്ല മനുഷ്യന്മാര്‍ അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് ഒഴിച്ചാല്‍ നഷ്ട്ടപ്പെട്ട അധികാരം ഏതുവിധേനയും തിരിച്ചു പിടിക്കാന്‍ വെമ്പല്‍ കൊണ്ടിരുന്ന എന്നാല്‍ ഇസ്ലാമിനെ അതിന്റെ സാമൂഹ്യ രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടി സമീപിചിട്ടില്ലായിരുന്ന സുഖലോലുപരായ നവാബുമാര്‍ ഇസ്ലാമിന്നു അന്യമായ കേവല സാമുദായിക വികാരം ഉണര്‍ത്തി  എങ്ങനെയെങ്കിലും തങ്ങളുടെ അധികാര പങ്കാളിത്തം ഉറപ്പിക്കുന്നതിനു വേണ്ടി നടത്തിയ ശ്രമങ്ങളുടെ സൃഷ്ടിയായിരുന്നു മുസ്ലിം ലീഗ് അതിന്റെ ഉത്ഭവത്തില്‍ . ഇസ്ലാമിന്റെ മാനവികമായ സാംസ്കാരിക പരിസരത്തു മുഖ്യ ധാരാ ലീഗ് രാഷ്ട്രീയം ഒരിക്കലും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നില്ല. അത് എന്നും ശക്തി സംഭരിച്ചിരുന്നത് സാമുദായികതയുടെ ജീര്‍ണതയില്‍ നിന്നായിരുന്നു.
പൊതുവില്‍ ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ പ്രത്യേകിച്ചു മുസ്ലിംകളുടെയും നിര്‍ഭാഗ്യമെന്നു പറയട്ടെ,
എല്ലായെപ്പോഴും ചരിത്രത്തിന്റെ തെറ്റായ പക്ഷത്തു മാത്രം നില്കായന്‍ വിധിക്കപ്പെട്ട ഒരു പാര്‍ട്ടിയായിട്ടാണ് അത് പരിണമിച്ചത്‌ എന്നതിനു ചരിത്രം തന്നെയാണ് സാക്ഷി. ഇസ്ലാമിനെ അതിന്റെ സാമൂഹ്യ രാഷ്ട്രീയ ഉള്ളടക്കത്തില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിച്ച തദ്ദേശീയവും വിദേശീയവുമായ സകല ശക്തികളും ലീഗിന്റെ "മുസ്ലിം" ലേബല്‍ ഉപയോഗിച്ച് തന്നെ അത് സാക്ഷാല്കമരിക്കാന്‍ ശ്രമിച്ചതും അതിനെ ഇന്ത്യന്‍ മുസ്ലിംകളെ രാഷ്ട്രീയമായി പ്രതിനിധീകരിക്കുന്ന ഏക സംഘടനയായി ചിത്രീകരിച്ചതും സ്വാഭാവികം മാത്രമായിരുന്നു. ഖുര്‍‌ആന്‍ വിശേഷിപ്പിച്ചത്‌ പോലെ ഇസ്ലാമിന്റെ പേരില്‍ തിന്മയും മ്ലേച്ചതയും പ്രച്ചരിക്കുവാനാണ് ശത്രുക്കള്‍ എല്ലാ കാലത്തും ആഗ്രഹിക്കുന്നതും ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. മുസ്ലിംകളില്‍ ആഗോള തലത്തിലും ദേശീയ-പ്രാദേശിക തലങ്ങളിലും കൊള്ളരുതാത്ത നേതാക്കള്‍ക്കും  ഭരണാധികാരികള്‍ക്കും  പാര്‍ട്ടികള്‍ക്കും  മാത്രം സ്പേസ് നല്കി അവരെ പ്രൊജക്റ്റ്‌ ചെയ്തു അങ്ങനെ മുസ്ലിംകളെ കൊള്ളരുതാത്ത ഒരു സമുദായമായി ലാബേല്‍ ചെയ്യുക എന്നത് സാമ്രജ്യത്ത്വത്തിന്റെയും അതിന്റെ മീഡിയ കളുടെയും ഒരു സ്ഥിരം അജണ്ടയാണ്. അതിലൂടെ അവര്‍ അവരുടെ നിരവധി നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിന്റെ ഒരു ചെറു പതിപ്പ് കേരളത്തിലെ മുസ്ലിം ലീഗിലും കാണാം. മുസ്ലിം ലീഗ് എത്ര തന്നെ രാഷ്ട്രീയമായും സാംസ്കാരികമായും ജീര്‍ണിച്ചാലും, മുസ്ലിം സമുദായം ലീഗിനേക്കാള്‍ വളര്‍ന്ന്  പോകരുതെന്നും മുസ്‌ലിംകള്‍ക്ക്  നല്ല ഒരു പകരം ഉണ്ടാകരുതെന്നും ഉള്ള കാര്യത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള ഏതാണ്ട് എല്ലാ പാര്‍ട്ടികള്‍ക്കും  നിര്‍ബന്ധമുണ്ട്. എന്നാലല്ലേ കോണ്ഗ്രസ്‌ ഇപ്പോഴും നേരത്തെയും ചെയ്തതുപോലെ ലീഗിനെ വെച്ചുകൊണ്ടുള്ള അവകാശ നിഷേധവും മുതലെടുപ്പും നടക്കുകയുള്ളൂ. ഇസ്ലാമെന്തു,ലോകമെന്തു എന്നൊന്നും അറിയാത്ത മുല്ലമാരും മൌലവിമാരും അതിന്നു വേണ്ട കളവുമൊരുക്കിക്കൊടുത്തു കൊണ്ടേയിരിക്കുന്നു.
അതുകൊണ്ടുതന്നെ, മുസ്ലിം ലീഗ് ചരിത്രപരമായി നേടിത്തന്നതും നഷ്ടപ്പെടുത്തിയതും, വര്‍ത്തമാന കാല കേരളത്തില്‍ നേടുന്നതും നഷ്ടപ്പെടുത്തുന്നതും ഒരു നിരൂപണ ത്തിന്നു വിധേയമാക്കുന്നത് തികച്ചും സംഗതമായിരിക്കും .

ഇന്ത്യയെയും ഇന്ത്യന്‍ മുസ്ലിംകളെയും ആഗോള മുസ്ലിംകളെയും ഒരു പോലെ ദുര്‍ബലീകരിക്കുന്നതിന് കാരണമായ ഇന്ത്യാ വിഭജനത്തില്‍ പങ്കുണ്ടായിരുന്ന പാര്‍ട്ടി  ആയിരുന്നു അത്. മറ്റാര്‍ക്കൊക്കെ എന്ത് തന്നെ പങ്കുണ്ടായിരുന്നാലും, മുസ്ലിം ലീഗ്പാക്കിസ്ഥാന്‍ വേണ്ടാന്ന് പറഞ്ഞ പാര്‍ട്ടി ആയിരുന്നില്ല. മറിച്ച്, അതിന്നു വേണ്ടി നിലകൊണ്ട പാര്‍ട്ടിയായിരുന്നു. ഒരുപക്ഷെ, ഇരുപതാം നൂറ്റാണ്ടില്‍ ആഗോള മുസ്ലിംകള്‍ സാമ്രാജ്യത്വത്തിന്റെ പക്ഷത്തുനിന്നും അഭിമുഖികരിച്ച ഖിലാഫത്ത് നിര്‍ത്തലാക്കല്‍ , മധ്യപൌരസ്ത്യ ദേശത്തെ ഇസ്രേല്‍ രാഷ്ട്രത്തിന്റെ സ്ഥാപനം, പഞ്ച ശക്തികള്ക്കു  വീറ്റോ അധികാരം നല്കിധക്കൊണ്ടുള്ള സെക്യൂരിറ്റി കൌണ്സില്‍ രൂപികരണം എന്നീ മൂന്നുദുരന്തങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ നാലാമത്തെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഇന്ത്യാ വിഭജനം. വിഭജനത്തിന്നു ശേഷം പാക്കിസ്ഥാന്‍ എന്ന പ്രതിഭാസത്തിന്നു ഒരു രാഷ്ട്രത്തിന്നു ആവശ്യമായ അടിസ്ഥാന സ്തംഭങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പരാജയപ്പെടുക മാത്രമെല്ല, ആ രാജ്യത്തെ സാമ്രാജ്യത്വത്തിന്റെ ചട്ടുകമാക്കി മാറ്റുകയും ആഗോള സമൂഹത്തിന്റെ മുമ്പില്‍ കോമാളി വേഷം കെട്ടിക്കുകയും ചെയ്തു. അന്ന് പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍ , വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യ, കിഴക്കന്‍ ബംഗാള്‍ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു പാക്കിസ്ഥാന്‍ സൃഷ്‌ടിച്ച മുസ്ലിം ലീഗ് ഇന്ത്യയുടെ ഇതര പ്രദേശങ്ങളിലെ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ കണ്ടതായെ നടിച്ചില്ല. വിഭജനത്തിനു ശേഷം അവര്‍ അഭിമുഖീകരിക്കാനിരിക്കുന്ന പ്രയാസങ്ങളെ കുറിച്ച് ചിന്തിച്ചതുപോലുമില്ല. അങ്ങനെയാണ് പാക്കിസ്ഥാന്‍ എന്ന രാജ്യം അവിടുത്തെ മുസ്ലിംകള്‍ക്കും  ഇന്ത്യക്കും ഇന്ത്യന്‍ മുസ്ലിംകള്‍ക്കും  ദുരന്തമായത്. ഇന്ന്, മലപ്പുറം ജില്ല എന്ന മുസ്ലിം ഭൂരിപക്ഷ ജില്ലയുടെ '' വട്ടത്തിന്നു അപ്പുറത്ത് തങ്ങളുടെ ദൃഷ്ടി പായിക്കാന്‍ സാധിക്കാത്ത ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന മലപ്പുറം ലീഗ് അന്തിമമായി മലപ്പുറക്കാര്‍ക്കും, മലപ്പുറത്തിന്നു പുറത്തെ ഇന്ത്യന്‍ മുസ്ലിംകള്‍ക്കും  ദുരന്തമാകുന്നതും ഇതേ മനസ്ഥിതി കൊണ്ടുതന്നെയാണ്. പാക്കിസ്ഥാന്‍ ഇസ്ലാമിന്നും മുസ്ലിംകള്‍ക്കും  ഇന്ത്യയ്ക്കും ഇന്ത്യന്‍ മുസ്ലിംകള്‍ക്കും  വരുത്തിവെച്ച ദുരന്തങ്ങള്‍ ചില്ലറയല്ല. മുസ്ലിം ലീഗ് നേതാക്കള്‍ തട്ടിവിടുന്ന ക്രൂര ഫലിതം പോലെ ഉത്തരെന്ത്യന്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന ദൈന്യതക്കും പതിത്വത്തിന്നും കാരണം, അവിടെ മുസ്ലിം ലീഗ് ഇല്ലാത്തതല്ല, മറിച്ചു ഒരു കാലത്ത് മുസ്ലിം ലീഗ് ഉണ്ടായിപ്പോയതായിരുന്നു. കേരളത്തിലെ മുസ്ലിംകള്‍ താരതമ്യേന അനുഭവിക്കുന്ന സുസ്ഥിതിക്ക് കാരണം മുസ്ലിം ലീഗിന്റെ സാന്നിധ്യം കൊണ്ടുമല്ല. കേരളത്തിലെ എല്ലാ ജന വിഭാഗങ്ങളും ഉത്തരെന്ത്യന്‍ ജനങ്ങളില്‍ നിന്നും ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്നവരാണ്‍. അതുകൊണ്ടാണ്, ദാരിദ്ര്യ രേഖയുടെ വിഷയത്തില്‍ കേന്ദ്ര ആസൂത്രണ കമ്മീഷനോട് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിയോജിക്കേണ്ടി വരുന്നത്. കൂടാതെ, മുസ്ലിം ലീഗ് ഉണ്ടാകുന്നതിന്ന് മുമ്പേ തന്നെ റണ്‍ഗൂണിലും കൊളംബിലും മറ്റും പ്രവാസ ജീവിതം നയിച്ച കേരളത്തിലെ മുസ്ലിംകള്‍ താരതമ്യേന ഇതര ജനവിഭാഗങളെക്കാള്‍ ഉയര്‍ന്ന സാമ്പത്തികാവസ്ഥ പുലര്‍ത്തിയിരുന്നു. കച്ചവടക്കാരായി വന്നു കച്ചവടക്കാരായി ജീവിച്ച സമുദായമാണ് മുസ്ലിംകള്‍. 1960 കള്‍ക്ക് ശേഷമുണ്ടായ ഗള്‍ഫ് പ്രതിഭാസവും കേരളത്തിലെമുസ്ലിംകളുടെ സാമ്പത്തീക ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും സ്ഥാപനങ്ങളുടെ ഉത്ഭവത്തിനും വളര്‍ച്ചക്കും സഹായകമായിട്ടുണ്ട്. സൈനുദ്ധീന്‍ മക്തൂമിന്റെ കീഴില്‍ പറങ്കികള്ക്ക്  എതിരായി പോരാടിയവരാന് കേരള മുസ്ലിംകള്‍. മൈസൂരിലായിരുന്നു ആസ്ഥാനം എങ്കിലും, ഹൈദര്‍ അലിയും ടിപ്പു സുല്‍‌ത്താനും കേരളത്തിലെ മുസ്ലിംകളുടെ വളര്‍ച്ചയില്‍ ചരിത്രപരമായ പങ്കു നിര്‍‌വ്വഹിച്ചവരായിരുന്നു. സാമൂതിരിയുടെ ഭരണകാലത്ത് അധികാരത്തില്‍ പങ്കാളികളായവരാണ് കേരളത്തിലെ മുസ്ലിംകള്‍. മക്തി തങ്ങളുടേയും കുഞ്ഞാലി മുസല്യാരുടെയും വക്കം മൌലവിയുടെയും പാരമ്പര്യം ഉള്ളവരാണ് കേരള മുസ്ലിംകള്‍. 1921 ല് തുര്‍ക്കിയില്‍ ഖിലാഫത്ത് നിലച്ചപ്പോള്‍ അതില്‍ പ്രതികരിച്ചവരാണ് കേരള മുസ്ലിംകള്‍ . ഇസ്ലാമിന്റെ സാമൂഹ്യ രാഷ്ട്രീയ ഉള്ളടക്കത്തെ പ്രതിഫലിപ്പിച്ചിരുന്ന ഖിലാഫത്ത് പ്രക്ഷോഭത്തെ ഗാന്ധിജി അനുകൂലിച്ചപ്പോള്‍ ഇസ്ലാമിന്റെ രാഷ്ട്രീയഉള്ളടക്കത്തെ നിരാകരിക്കുകയും കേവലമായ സെകുലര്‍ സാമുദായികതയുടെ വൈകാരികതയില്‍ ആണ്ടുപൂണ്ടിരങ്ങുകയും ചെയ്തിരുന്ന ജിന്നയും ലീഗും ഗാന്ധിജിയെ ഖിലാഫത്ത് പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരില്‍ അതി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കേരളത്തിലെ മുന്നോക്ക സമുദായമായി കരുതപ്പെടുന്ന ക്രിസ്ത്യന്‍ സമുദായം ഉള്‍പെടെയുള്ള ഇതര സമുദായങ്ങള്‍ക്ക്  ഇല്ലാത്ത സമര പാരമ്പര്യമാണ് സാമ്രാജ്യത്ത്വ-കോളോണിയല്‍ ശക്തികള്‍ക്കെതിരായ സമരത്തിന്റെ വിഷയത്തില്‍ കേരള മുസ്ലിംകള്‍ക്ക് ഉള്ളത്. രമേശ്‌ ചെന്നിത്തലയുടെ കോണ്ഗ്രസില്‍ നിന്നും ഭിന്നമായി, ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ സാധാരണക്കാരനെ പോലെ പങ്കെടുക്കുകയും, ഖിലാഫത്ത് പ്രക്ഷോഭത്തെ പിന്തുണക്കുകയും ഖലീഫാ ഉമരിന്റെതുപോലുള്ള ഒരു മാനവിക ഭരണ ക്രമം ഇന്ത്യയില്‍ സ്വപ്നം കാണുകയും ചെയ്ത ഗാന്ധിജി ( 95 % ലേറെ മുസ്ലിംകള്‍ മാത്രമുള്ള പാകിസ്ഥാനെ സംബന്ധിച്ച് ജിന്നയില്‍നിന്നും ഇത്തരം ഒരു പ്രസ്താവനയെ ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്നത് ചേര്‍ത്ത് വായിക്കുക) ജിന്നയുടെയും ലീഗിന്റെയും കേവലമായ സെകുലര്‍ സാമുദായിക രാഷ്ട്രീയത്തിന്നു പകരം മുസ്ലിംകളില്‍ ഇസ്ലാമിക രാഷ്ട്രീയമാണ് അഭിലഷണീയമായി കണ്ടത് എന്നതിനു മുകളില്‍ പറഞ്ഞത് പോലുള്ള നിര്‍ണായക ഘട്ടങ്ങളില്‍ സ്വീകരിച്ച സമീപനങ്ങളാണ് സാക്ഷി.
കേരളത്തിലെ മുസ്ലിം മത സംഘടനകള്‍ അവരുടെ ഇടയിലെ മത്സരിച്ച പ്രവര്‍ത്തനങ്ങളിലൂടെ സമുദായത്തെ വിദ്യാഭ്യാസപരമായും മറ്റും ഒത്തിരി വളരാന്‍ സഹായിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ സജീവ സാനിധ്യവും ഇടതുപക്ഷത്തും കോണ്ഗ്രസിലും പ്രവര്‍ത്തിച്ച ചില മുസ്ലിം നേതാക്കളുടെ സാമുദായികപ്രതിബദ്ധതയും കേരള മുസ്ലിംകളുടെ ഉത്തരേന്ത്യന്‍ മുസ്‌ലിംകളില്‍നിന്നും ഭിന്നമായ സാമൂഹ്യ ഔനത്ത്യത്തിന്നു സഹായകമായിട്ടുണ്ടെന്നതാണ് വസ്തുത. പിന്നെ, ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മുസ്ലിം ലീഗ് സമ്മാനിച്ച വിഭജനത്തിന്റെയും വര്‍ഗ്ഗീയ കലാപത്തിന്റെയും മുറിവുകള്‍ കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവരാണ് കേരള മുസ്ലിംകള്‍ . കേരളത്തിലെ മുസ്‌ലിംകള്‍ക്ക്  മുസ്ലിം ലീഗില്‍ നിന്നും കിട്ടേണ്ടിയിരുന്നത് വിഭാജനാനന്തരമുള്ള അധികാരത്തിലെ പങ്കാളിത്തമായിരുന്നു. 2006 ലെ നിയമ സഭാ തെരഞ്ഞടുപ്പ് ഒഴിച്ചു നിര്‍ത്തിയാല്‍
കേരളത്തിലെ മറ്റേതൊരു മത വിഭാഗവും അതിന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് കൊടുത്തതിനേക്കാള്‍ വലിയ പിന്തുണ മുസ്ലിം സമുദായം മുസ്ലിം ലീഗിനു നല്‍കിയിരുന്നു. എന്നാല്‍, കേരളത്തിലെ മറ്റേതൊരു സാമുദായിക പാര്‍ട്ടിയും അത് പ്രതിനിധീകരിക്കുന്ന സമുദായത്തിനു നല്‍കിയ അധികാര പങ്കാളിത്തത്തെക്കാള്‍ വളെരെ തുച്ഛമാണ് മുസ്ലിം ലീഗില്‍നിന്നും മുസ്ലിം സമുദായത്തിനു കിട്ടിയത്. ഈ സഞ്ചിത സാധ്യതകളൊക്കെ ഉണ്ടായിട്ടും കേരളത്തിലെ മുസ്ലിംകള്‍ കേരളത്തിലെ ഇതര ജന വിഭാഗങ്ങളെക്കാള്‍ പിന്നോക്കമായതിന്റെ കാരണംഅത്ഭുതപ്പെടുത്തുന്നതാണെങ്കിലും അതാണ്‌. അധികാര പങ്കാളിത്തം നാല് മന്ത്രിമാരുടെ പണിയിലും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തിലുംകെട്ടി ച്ചുരുക്കെണ്ടതല്ല. ലീഗിന്നു നാലോ അഞ്ചോ മന്ത്രിമാരുണ്ടായത് കൊണ്ട് മാത്രം കേരളത്തിലെ മുസ്ലിംകളുടെ അധികാര പങ്കാളിത്തം ഉറപ്പുവരുത്തപ്പെടുകയില്ല. അതിന്നുള്ള തെളിവ് നേരെത്തെ എല്‍. ഡി. എഫിലും യു. ഡി. എഫിലെ കഴിഞ്ഞ കുറെ ഭരണ കൂടങ്ങളിലും ലീഗിന്നു വേണ്ടത്ര മന്ത്രിമാരുണ്ടായിട്ടും മുസ്‌ലിംകള്‍ക്ക് അവര്‍ ജനസംഖ്യാ പരമായി അര്‍‌ഹിക്കുന്ന അവകാശങ്ങളുടെ പകുതി പോലും നേടിയെടുക്കാന്‍ സാധിച്ചില്ല എന്നതാണ്. ലീഗിന്നു ഇന്നത്തെ പോലെ അന്നും തങ്ങള്‍ പേറുന്ന ജീര്‍ണതയുടെ പ്രശ്നങ്ങള്‍ ഒളിപ്പിക്കുന്നതിന്നും അതിജീവിക്കുന്നതിന്നുമുള്ള മാര്‍ഗമായിരുന്നു അധികാര പങ്കാളിത്തം. ലീഗിന്റെ ഇത്തരം വൈകല്യങ്ങളെയും വൈകൃതങ്ങളെയും സമര്‍ത്ഥമായി ഉപയോഗിച്ചു ലീഗിനെ സമ്മര്‍ദ്ധത്തിലാകി മുസ്ലിംകളുടെ ന്യായമായ അവകാശം ലീഗിനെ കൂടെ നിലനിര്‍ത്തി  നിഷേധിക്കുന്നതിന്റെ സൂത്രമാണ് കേരളത്തിലെ യു. ഡി. എഫും. കോണ്‍ഗ്രസ്സും എന്നും ആവിഷ്കരിച്ചു പോന്നിട്ടുള്ളതും. അതുകൊണ്ടാണ് മറ്റു സംസ്ഥാനക്കാരെ പോലെ വിഭജനത്തെ തുടര്‍ന്നുള്ള ചരിത്രപരമായ പ്രയാസങ്ങളൊന്നും നേരിടെണ്ടിവന്നിട്ടില്ലാത്ത,
വളരെ അധികം സഞ്ചിത സാധ്യതകള്‍ ഉണ്ടായിരുന്ന കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ അധികാര പങ്കാളിത്തത്തെ കുറിച്ചു
സച്ചാര്‍ കമ്മിറ്റി വളെരെ ദയനീയമായി ചിത്രീകരിച്ചത്. പോലീസിലും ഇതര ഉദ്യോഗങ്ങളിലും മുസ്ലിം പ്രാധിനിധ്യം നന്നേ കുറഞ്ഞത്‌ മുസ്ലിം ലീഗുണ്ടാക്കിയ അവസര നഷ്ടങ്ങളില്‍ ചിലത് മാത്രമാണ്. അങ്ങനെയാണ്, കേരളത്തിലെ മറ്റേതു സമുദായത്തെക്കാളും വിദ്യാഭ്യസത്തിന്നു വേണ്ടി ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ ചെലവു വഹിക്കുന്ന സമുദായം മുസ്ലിം ലീഗ് 30 വര്‍ഷത്തിലേറെ കയ്യാളിയ വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും ഏറെ പിന്നോക്കമായത്. എം. എസ്. എഫിനു ഇപ്പോഴും ലീഗിനെ പിന്തുണച്ചിരുന്ന മലപ്പുറം ജില്ലയില്‍ വേണ്ടത്ര സ്കൂള്‍ ഇല്ലാത്തതിന്റെ പേരില്‍ സമരം ചെയ്യേണ്ടി വരുന്നത് അതുകൊണ്ടാണ്. ഇതിനെല്ലാം അപ്പുറത്ത് മുസ്ലിം ലീഗിന്നു സ്വാധീനമുള്ള മലബാറിനും കേരളത്തിലെ ഇതര പ്രദേശങ്ങള്‍ക്കും ഇടയില്‍ അടിസ്ഥാന സൌകര്യങ്ങളുടെയും മറ്റിതര വികസന സംരംഭങ്ങളുടെയും കാര്യത്തിലുള്ള അന്തരം തന്നെ മലബാറിന്നുണ്ടായ അവസര നഷ്ടങ്ങളുടെ കണക്കു വ്യക്തമാക്കിത്തരും. സുകുമാര്‍ അഴീകോട് മുസ്ലിം ലീഗിന്നു വിദ്യാഭ്യാസ മന്ത്രി പദം നല്കുതന്നതിനെ എതിര്‍ത്തത് ഒരു പക്ഷെ വിദ്യാഭ്യാസപരമായി കേരളത്തില്‍ ഇപ്പോഴും ഏറ്റവും പിന്നോക്കം നില്കുകന്ന മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതിക്കു അത് സഹായകമാവില്ല എന്ന അര്‍ത്ഥത്തിലാവണം. കോണ്‍ഗ്രസ് ആവട്ടെ, മുസ്ലിം ലീഗ് മന്ത്രിയെ പ്രതീകാത്മകമായി നിര്‍ത്തി അവസരം നിഷേധിച്ചു ലീഗിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന സ്ഥിരം തല്ലിപ്പൊളി പെറ്റി പൊളി ട്രിക്സ് കളിച്ച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മുസ്ലിം ലീഗാവട്ടെ ഈ പ്രതിസന്ധികള്‍ക്കിടയിലും എന്തെങ്കിലും ചെയ്തുകൂട്ടുന്നതായി കാണിക്കണം എന്ന വാശിയിലും വികാരത്തിലും കാട്ടിക്കൂട്ടുന്നതൊക്കെ (കാലിക്കറ്റ്‌ യൂണിവേര്‍സിറ്റി ചാന്‍സലര്‍ മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലം, ‍ഇപ്പോള്‍ സിന്ധി കേറ്റിനെ പിരിച്ചുവിട്ടു പുന:സംഘടിപ്പിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഉദാഹരണം)  എന്തെങ്കിലും മാറ്റം ഉണ്ടാക്കുന്നതിലേറെ പി. ആര്‍ . ഓ. സ്റ്റണ്ട് ആയി മാറുകയും ബി. ജെ. പി. യെ പോലുള്ള വര്‍ഗീയ കക്ഷികളുടെ മുതലെടുപ്പിന്നു മാത്രം സഹായകമാവുകയും ചെയ്യുന്നു.
ലീഗിന്നു മന്ത്രിമാരെ ലഭിക്കുന്നതിനു സമുദായം മുസ്ലിം ലീഗിനെ വളര്‍ത്തി. ലീഗ് ആകട്ടെ,സ്വന്തം മന്ത്രിമാരെയും എം. എല്‍. എ. മാരെയും വളര്‍ത്തി . മുസ്ലിം ലീഗിനെയും അതിനെ പിന്തുണച്ചു കൊണ്ടേയിരുന്ന സമുദായത്തിലെ വലിയൊരു വിഭാഗം ജനങ്ങളെയും ബന്ധിപ്പിച്ചിരുന്നത് ലീഗിന്റെ തെരഞ്ഞടുപ്പ് ചിഹ്ന്നമായ കോണിയിലൂടെ യായിരുന്നു. കോണിയുടെ ഓരോ പടി ചവിട്ടുന്നതിനു മുമ്പും ലീഗ് നേതാക്കള്‍ അവരുടെ മുഖം കാണിച്ചു കൊടുത്തു. കയറി കഴിയുമ്പോള്‍ അതെ പടികള്ക്ക്  കാണേണ്ടി വന്നത് നേതാക്കളുടെ പ്രഷ്ടം ആയിരുന്നു.
1957 ലെ വിമോചന സമരമായാലും, ലോട്ടെറിയും മദ്യവും ആദ്യമായി കേരളത്തില്‍ അനുവദനീയമാക്കിയ മന്ത്രിസഭാ തീരുമാനമായാലും മുസ്ലിം ലീഗ് ചരിത്രത്തിന്റെ തെറ്റായ പക്ഷത്ത് തന്നെ ആയിരുന്നു. അടിയന്തിരാവസ്ഥയെ അനുകൂലിച്ചപ്പോഴും, ഭഗല്പൂതര്‍ കലാപത്തിന്റെ സമയത്ത് കോണ്‍ഗ്രസ്സിനോട് ഒട്ടിനിന്നപ്പോഴും, ശിലാന്യാസം തര്‍ക്ക ഭൂമിയിലല്ലെന്ന് വെണ്ടയ്ക്ക നിരത്തിയപ്പെഴും മുസ്‌ലിം ലീഗ് പതിവ് ശീലം തെറ്റിച്ചില്ല. വടകരയിലും ബേപ്പൂരിലും ബി ജെ പി - ആര്‍ എസ് എസ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചപ്പോഴും, ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന്  ചുരുങ്ങിയ കാലം മാത്രം അവശേഷിക്കുന്ന കോണ്ഗ്രസ്‌ മന്ത്രിസഭയില്‍ സ്വന്തം പാര്‍ട്ടിയേയും സമുദായത്തെയും ശിഥിലീകരിച്ചു അള്ളിപ്പിടിചിരുന്നപ്പോഴും മുസ്ലിം ലീഗ് അതിന്റെ ജനിതക സ്വഭാവം തന്നെ കാണിച്ചു. അബ്ദുല്‍ നാസര്‍ മഅ്ദനിയും ആയിരക്കണക്കിന്നു മുസ്ലിം യുവാക്കളും നാട്ടിന്റെ നാനാ ഭാഗത്ത്‌ ക്രൂരമായ മനുഷ്യാവകാശ നിഷേധത്തിന്നു വിധേയമായപ്പോഴും മുസ്ലിം ലീഗ് തെറ്റിന്റെ പക്ഷത്തു തന്നെ ആയിരുന്നു. ഒരു ബഹുജന സംഘടന എന്ന നിലയില്‍ ലീഗും അതിന്റെ യുവജന സംഘടനകളും ഈ വിഷയത്തില്‍ ഇപ്പോഴും തുടരുന്ന ഭീകര മൌനം, ചെയ്തുപോയ തെറ്റുകളെ തിരുത്തുവാനല്ല അരക്കിട്ടുരപ്പിക്കുവാനാണ് സഹായിക്കുന്നത്. കുഞ്ഞാലിക്കുട്ടി സംഭവം മറ്റെല്ലാ സംഭവങ്ങളില്‍ നിന്നും വിത്യസ്തമായി മുസ്ലിം ലീഗിന്റെ ജീര്‍ണതയുടെ ആഴം കൂടി പൊതു സമൂഹത്തിന്റെ മുമ്പില്‍ അനാവരണം ചെയ്യുന്നതായിരുന്നു. കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പെട്ട ലൈംഗിക അപവാദ കേസ് ഇത് ആദ്യത്തേതല്ല. 1960 കളില്‍ പി. ടി. ചാക്കോ മുതല് 2009 ലെ രാജ് മോഹന്‍ ഉണ്ണിത്താന്‍ വരെ അത് നീണ്ടു കിടക്കുന്നു. നളിനി നെറ്റോയെ ശല്യപ്പെടുത്തിയന്നു ആരോപിക്കപെട്ട നീലലോഹിദാസ് നടാരും, വിമാനത്തില്‍ വെച്ച് മുംബിലുള്ളവളെ തോണ്ടിഎന്ന് ആരോപിക്കപെട്ട പി. ജെ. ജോസെഫും, പിന്നെ പറവൂര്‍ കേസില്‍ അടുത്ത കാലത്ത് അറസ്റ്റില്‍ ആയ ഏറണാകുളം ജില്ലയിലെ ലീഗ് നേതാവിന്റെ മകനും പലരില്‍ ചിലര്‍ മാത്രമാണ് . ഐസ് ക്രീം പാര്‍ലര്‍ സംഭവത്തിനു ശേഷം കേരളത്തിലെ പെന്‍ വാണിഭ കേസുകളില്‍ ഉണ്ടായ പൊടുന്നനെയുള്ള വളര്‍ച്ച  സാമൂഹ്യ ശാസ്ത്രകാരന്മാരുടെ പഠനം അര്‍‌ഹിക്കുന്ന വിഷയമാണ്. ഇതില്‍ നിന്നൊക്കെ കുഞ്ഞാലിക്കുട്ടി എപിസോഡ് വ്യത്യസ്ഥമാകുന്നത് അതിന്നു നേരെ മുസ്ലിം ലീഗ് സ്വീകരിച്ച "തക്ക നേരെത്തെ യുക്തവും ശകതവുമായ" തീരുമാനത്താലാണ്. ഇങ്ങനെ ഒരു ആരോപണത്തിന്നു വിധേയമാകുന്ന ആരെയും ഏത് പാര്‍ട്ടിയും തല്‍ക്കാലം മാറ്റിനിര്‍ത്തുകയാണ് പതിവ്. മുസ്ലിം ലീഗ് ആകട്ടെ ആരോപണം ഉന്നയിക്കപെട്ട ഉടനെ തന്നെ നൂറ്റിക്കണക്കിന്നു കാറുകളുടെ അകമ്പടിയോടെ സ്വീകരണം കൊടുത്തുകൊണ്ടാണ് മാറ്റ് തെളിയിച്ചത്. പോരാഞ്ഞിട്ടോ, നാട്ടുകാരെ മുഴുവനും അറിയിക്കാനായി കോഴിക്കോടെ എയര്‍പോര്‍ട്ടിന്റെ മോന്തായത്തില്‍ പച്ചക്കൊടി പറപ്പിക്കുകയും ചെയ്തു. അങ്ങനെ ഏഷ്യാഡിലും ഒളിമ്പിക്‌സിലും മെഡല്‍ വാങ്ങിയാലും, വല്ല നല്ല പുസ്തകവും രചിച്ചു പ്രസിദ്ധനായാലും, തെരഞ്ഞടുപ്പില്‍ ജയിച്ചാലും മറ്റുമൊക്കെ നാം കേരളിയര്‍ കൊടുക്കുന്ന സ്വീകരണ പരിപാടി ചരിത്രത്തില്‍ ഒരു പുതിയ എട് സമുദായത്തിന്റെ പേരില്‍ മുസ്ലിം ലീഗ് തുന്നി ചേര്ത്തു . എഥാര്‍ത്ഥത്തില്‍ , അധാര്‍മ്മികതയെ അലങ്കാരമായി കൊണ്ട്നടക്കുന്ന ജീര്‍ണ സംസ്കാരത്തിന്റെ പ്രത്തിഫലനമായിരുന്നു കേരളീയ സമൂഹം അന്ന് അവിടെ കണ്ടത്. മുസ്ലിം ലീഗിന്റെ ചരിത്രവും പാരമ്പര്യവും ഒന്നും അറിയാത്ത അനുയായികള്‍ ഈ ജീര്‍ണ  സംസ്‌കാരത്തിന് നേരെ ധാര്‍മ്മികതയുടെ പക്ഷത്തുനിന്ന്കൊണ്ട് പ്രതികരിക്കാതിരുന്ന സകലരെയും ആരോപണ വിധേയനെയും തൊട്ടുടനെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ലീഗിന്റെ കോട്ടകൊത്തളങ്ങളില്‍ തന്നെ തോല്പിച്ചുവിട്ടു. അപ്പോള്‍ മാത്രമാണ് ലീഗ് നേതാക്കന്മാര്‍ക്ക് "തക്ക നേരത്തെ യുക്ത തീരുമാനം" എന്തെന്നു മനസ്സിലായത്. ആരോപണ വിധേയനെ സെക്രട്ടറി സ്ഥാനത്തുനിന്ന് കുറഞ്ഞ കാലെത്തെക്ക് മാറ്റി നിര്‍ത്തി. കേരളത്തിലെ ഏറ്റവും വലിയ മുന്നാമത്തെ പാര്ട്ടിക്ക് വേറെ മാനിപ്പുലൈറ്റ്സ് ഇല്ലാത്തതുകൊണ്ടോ, അതോ അവിവേകി സ്വന്തം അനുഭവത്തിന്നു പോലും ഒരു പാഠവും പഠിക്കുന്നില്ല എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിയതുകൊണ്ടോ എന്നറിയില്ല വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആരോപണ വിധേയനെ തന്നെ എല്ലാം കൃത്യമായും വ്യക്തമായും അറിഞ്ഞിരുന്ന ലീഗ് നേതൃ സമിതി  തലപ്പത്ത് പുനരവരോധിച്ചു. ആകെയുണ്ടായിരുന്ന വിത്യാസം അപ്പോഴേക്കും, ലീഗ് നേതൃത്വത്തിന് അറിയാമായിരുന്നത് പോലെ ആരോപണ വിധേയന്‍ അതുവരെ ആരോപിക്കപ്പെട്ടതല്ലാത്ത അദ്ദേഹം തന്നെ പിന്നീട് പത്രസമ്മേളനത്തില്‍ സമ്മതിച്ചതും അല്ലാത്തതുമായ, ഹൈ കോടതി വളരെ ഗൌരവമെറിയതെന്നു നിരീക്ഷിച്ച നിരവധി മറ്റു അരുതായ്കകള്‍ കൂടി ചെയ്തുകഴിഞ്ഞിരുന്നു എന്നതായിരുന്നു. ഇപ്പോള്‍ സമുദായത്തിന്റെ നേരെ പല്ലിളിക്കുന്ന ലീഗ് നേതൃത്വം സ്വന്തം പാര്‍ട്ടിയുടെ ജീര്‍ണത് അപരന്റെ ഗൂഢാലോചനയായി ചിത്രീകരിക്കുവാന്‍ മാത്രം പരിഹാസ്യരായി തീരുന്ന കാഴ്ചയാണ് നാം കാണുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പ് കാലത്ത് അച്യുതാനന്ദനെ മത്സരിപ്പിക്കാത്തതിന്റെ പേരില്‍ കേരളത്തിലുടനീളം മാര്‍ക്സിസ്റ്റ് അണികള്‍ പ്രതിഷേധിച്ചത് കൊണ്ട് കൂടിയായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം  ആ തീരുമാനം മാറ്റിയിരുന്നത്. ഇതുപോലെ ഒരു പ്രതിഷേധം തങ്ങളുടെ നേതാക്കളില്‍ ചിലരെ മത്സരിപ്പിക്കാതിരിക്കുവാന്‍ ലീഗിന്റെ അണികള്‍ നടത്തിയിരുന്നെങ്കില്‍ മുസ്ലിം ലീഗും, യു. ഡി. എഫും മന്ത്രിസഭയും ഇപ്പോഴനുഭവിക്കുന്ന പ്രതിസന്ധിയെ ഒഴിവാക്കുവാന്‍ സാധിക്കുമായിരുന്നു. പ്രത്യേകിച്ചും പാര്‍ട്ടിയുടേയും സമുദായത്തിന്റെയും പാര്‍ട്ടി വഹിക്കുന്ന "മുസ്ലിം" എന്ന നാമത്തിന്റെയും മാന്യത യെങ്കിലും കണക്കിലെടുത്ത് ഇത്തരത്തിലെ നേതാക്കള്‍ സ്വയം മാറിനില്‍ക്കുകയോ നേതൃത്വം  മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാത്ത പശ്ചാത്തലത്തില്‍. മധ്യ പൌരസ്ത്യ ദേശത്തെ ജനങ്ങള്‍ ഇത്തരത്തിലുള്ള നേതൃത്വത്തേയും  പാര്‍ട്ടികളേയും തെരുവില്‍ ഇറങ്ങിയാണ്‌ വലിച്ചെറിയുന്നത്. അന്നാ ഹസാരെയും സംഘവും തെരുവില്‍ ഇറങ്ങിയാണ്‌ കോണ്‍ഗ്രസ്സിനേയും കേന്ദ്ര ഗവണ്മെന്റിനേയും തിരുത്തിച്ചത്.ഇപ്പോള്‍ പാര്‍ട്ടിക്ക് മുഴുവനും ഒരു നേതാവിന്റെ അദ്ദേഹത്തിന്റെ തന്നെ അടുത്ത ബന്ധുവും ലീഗിന്റെ തന്നെ മുന്‍ പ്രവര്‍ത്തകനുമായിരുന്ന ആള്‍ കൂടി ആരോപ്പിക്കുന്ന അധാര്‍മ്മികതക്ക് മുമ്പില്‍ പാറ പോലെ ഉറച്ചു നില്ക്കേണ്ടി വരുന്ന വളരെ പരിതാപകരമായ അവസ്ഥയെയാണ് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. എന്നത്തെയും പോലെ ഇത്തവണയും ഭരണത്തിലെ പങ്കാളിത്തം മുഴുവന്‍ പാര്‍ട്ടി അനുഭവിക്കുന്ന നിയമ പരവും ധാര്‍മ്മികവും മറ്റുമായ പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള അവസരം മാത്രമായി ചുരുങ്ങി പോകുന്നത് എന്ത് മാത്രം പരിതാപകരവും ലീഗ് പ്രതിനിധാനം ചെയ്യുന്നു വെന്ന് അവകാശപ്പെടുന്ന ഒരു സമുദായത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ അവസരങ്ങളെ അത് എത്ര മാത്രം നഷ്ടപ്പെടുത്തുന്നു വെന്നും ലീഗ് നേതൃത്വവും അണികളും സഗൌരവം ആലോചിക്കെണ്ടിയിരിക്കുന്നു. ശശിയെ കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുണ്ടാവാതിരുന്ന അവസ്ഥ എന്തുകൊണ്ട് ലീഗിന്നു തങ്ങളുടെ നേതൃത്വം  കൊണ്ട് ഉണ്ടാവുന്നു എന്നത് ലീഗ് എങ്ങിനെയാണ് അവരുടെ തന്നെ പിടിപ്പുകേടുകൊണ്ട് ട്രാപ് ചെയ്യപ്പെടുന്നത് എന്നതിന്റെ വെറും ഉദാഹരണം മാത്രമാണ്. ഇനി കേരളത്തിലെ ജനങ്ങള്‍ പ്രത്യേകമായ കൊടിയില്ലാതെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്നില്‍ നിന്ന് കൊണ്ട് മോബിലൈസു ചെയ്യുന്ന കുഞ്ഞാലിക്കുട്ടിയെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് നടത്തുന്ന ഒരു പ്രക്ഷോഭത്തിന്നു ലീഗണികള്‍ കാത്തിരിക്കാതെ, സ്വയം തന്നെ നേതൃത്വത്തെ കൊണ്ട് തിരുത്തിക്കുവാന്‍ സാധിക്കുന്ന സമ്മര്‍ദ്ധങ്ങള്‍ പ്രയോഗിക്കുന്നതാവും പാര്‍ട്ടിയേയും കേരളത്തെയും രക്ഷിക്കുവാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. സി. ബി. ഐ. അന്വേഷണം തല്‍ക്കാലം വേണ്ടതില്ല എന്ന ഹൈ കോടതി വിധി കുഞ്ഞാലിക്കുട്ടിയെ അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ നിന്നും മുക്തമാക്കുന്നില്ല എന്ന് ഈ വിധിയേയും മറ്റൊരു പി. ആര്‍. ഓ. സ്റ്റണ്ട് ആക്കി മാറ്റുന്നതിനു മുമ്പ് മുസ്ലിം ലീഗ് നേതൃത്വം  മനസ്സിലാക്കണം. മാത്രവുമല്ല, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയുടെ കീഴിലെ സി. ബി. ഐ. അന്വേഷണത്തെക്കാള്‍ പ്രയാസകരവും വേഗതയോടുകൂടിയതുമായിരിക്കും ഹൈ കോടതി മേല്നോട്ടം വഹിക്കുന്ന അന്വേഷണം. ഈ അന്വേഷണത്തിലെ പുരോഗതി വീണ്ടും പുന പരിശോധിക്കപ്പെടുന്ന ഡിസംബര്‍ 22 ഉം മൂന്നു മാസത്തിനു ശേഷം വരാനിരിക്കുന്ന റിപ്പോര്‍ട്ടും  ഒക്കെ സൃഷ്ടിക്കാനിരിക്കുന്ന  പുകിലുകള്‍ കാണാനിരിക്കുന്നെയുള്ളൂ. ഒരു പക്ഷെ, കുറെ കൂടി പണം ഊറ്റിയെടുത്ത ശേഷം പിടി കൂടപ്പെടുന്ന സാഹചര്യം ഇപ്പോഴത്തെ ആശ്വാസത്തെക്കാള്‍ പാര്‍ട്ടിക്കും നേതൃത്വത്തിന്നും അനുയായികള്‍ക്കും കൂടുതല്‍ പ്രയാസങ്ങളായിരിക്കും സൃഷ്ടിക്കുക. കുഞ്ഞാലിക്കുട്ടി രാജിവേക്കാത്ത അവസ്ഥയെ മുസ്ലിം ലീഗ് അഭിമാനകരമായി കാണുന്നുണ്ടെങ്കില്‍ അത് ആ പാര്‍ട്ടി അനുഭവിക്കുന്ന ദുരന്തത്തിന്റെ ആഴത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇനി വരാനിരിക്കുന്ന കോടതിയുടെ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തലും തുടര്‍ന്ന്  സമര്‍പ്പിച്ചേക്കാവുന്ന റിപ്പോര്‍ട്ടും  അതിനെ തുടര്‍ന്നോ അതിന്നു മുമ്പ് തന്നെയോ പ്രക്ഷോഭത്തിന്‍ ഫലമായി രാജി വെക്കേണ്ടി വരുന്ന അവസ്ഥ, മുസ്ലിം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിക്കു അവസരം നല്കിയെക്കാമെങ്കിലും, അപമാനകരവും ആയിരിക്കും. ഇപ്പോള്‍ തന്നെ ശരിയായാലും തെറ്റായാലും അന്വേഷണങ്ങളില്‍ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിലൂടെ ലീഗും ഇടപെടുന്നതിനെ കോണ്ഗ്രെയസ്സിലെയും ഇതര യു. ഡി. എഫിലെ പാര്‍ട്ടികളിലെയും അനുയായികള്‍ ഉള്‍പ്പെടെ കേരള ജനത പൊതുവില്‍ സുഖകരമായല്ല നോക്കിക്കാണുന്നത്. അതുകൊണ്ട് കൂടിയാണ് പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം എന്ന് വിജിലന്‍സ് കോടതി പരാമര്‍ശിച്ചപ്പോള്‍ ലീഗിന്റെ സകല നേതാക്കളും ഉള്‍പ്പെടെ യു. ഡി. എഫ്. മുഴുവനും കഴുത്തിനു ചുറ്റും നാവുകളുമായി ഉമ്മന്‍ ചാണ്ടിക്ക് പിന്നിലും മുമ്പിലും നിന്ന് പ്രതിരോധിച്ചതുപോലെ മന്ത്രി സഭയിലെ രണ്ടാമനായ കുഞ്ഞാലിക്കുട്ടിയുടെ വിഷയത്തില്‍ യു. ഡി.എഫില്‍ . ആരെയും അദ്ദേഹത്തെ പ്രതിരോധിക്കുവാന്‍ കാണാന്‍ സാധിക്കാതെ പോയത് . ആകെ പ്രതികരിച്ച രമേശ്‌ ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുക എന്നതിലേറെ അച്ചുതാനന്തന്റെ ശ്രമത്തെ "അപഹാസ്യം" എന്ന ഒറ്റ വാക്കില്‍ വിശേഷിപ്പിച്ചു അവസാനിപ്പിക്കുകയായിരുന്നു. ഒരുപക്ഷെ അത്തരത്തിലുള്ള ഒരു ജനകീയ പ്രക്ഷോഭം കേരളത്തിലെ ജനങ്ങളെ മുസ്ലിംകള്‍ മുസീലിമേതരര്‍ എന്ന് ധ്രുവീകരിക്കുവാന്‍ പോലും കാരണമായിത്തീരും. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ മുസ്ലിം ലീഗ് കേരളത്തിനു പൊതുവിലും മുസ്ലിം സമുദായത്തിനു പ്രത്യേകിച്ചും വരുത്തിവെക്കുന്ന ഏറ്റവും വലിയ നഷ്ടമായിരിക്കും അത്.

ഇനി എന്താണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതെതരത്ത്വത്തിന്റെയും ശക്തി സവിശേഷതകളില്‍ നിന്നും കേരളത്തിലെ ഏറ്റവും വലിയ സാമുദായിക പാര്‍ട്ടിയെന്ന നിലയില്‍ മുസ്ലിം ലീഗ് കേരളീയ മുസ്ലിംകള്‍ക്ക് നേടിക്കൊടുത്തത് എന്നതും പഠന വിധേയമാക്കപ്പെടേണ്ട പ്രമേയമാണ്. ജനാധിപത്യത്തോടും മതെതരത്ത്വത്തോടും ഉള്ള മുസ്ലിം ലീഗിന്റെ സമീപനത്തെ ഒന്നാമതായി പരിശോധിക്കേണ്ടത് ആ പാര്‍ട്ടിയെ തന്നെ പഠിച്ചുകൊണ്ടാണ്. പിന്നെ അതിന്റെ വാലായി നില്‍ക്കുന്ന മത സംഘടനകളില്‍ ജനാധിപത്യത്തിന്റെയും മതെതരത്ത്വത്തിന്റെയും ശക്തി സവിശേഷതകള്‍ എത്ര മാത്രം സ്വംശീകരിക്കപ്പെട്ടിരിക്കുന്നു എന്ന് നോക്കിയുമാണ്. കേരളത്തിലെ മുസ്ലിം ലീഗിലെ പ്രസിഡന്റ്‌ മാറണമെങ്കില്‍, മരിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുന്ന ജനായത്തമാണ് ലീഗിലെ 'ജനാധിപത്യം'. അതും ഒരു തങ്ങള്‍ക്ക് പകരം മറ്റൊരു തങ്ങള്‍!. ജനാധിപത്യത്തിന്നും തങ്ങള്‍ രാഷ്ട്രീയതിന്നും ഇടയിലെ ബന്ധം എന്താണെന്ന് ആരും ചോദിച്ചു പോകരുത്. ഈ തങ്ങള്‍ രാഷ്ട്രീയത്തിലൂടെ ലീഗ് കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും  ജനാധിപത്യത്തിന്റെ ശക്തി സവിശേഷതകള്‍ സ്വാംശീകരിക്കുവാനുള്ള അവസരമാണ് നിഷേധിച്ചത്. അതാണ്‌ ലീഗിന്റെ വാലായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളില്‍ നാം കാണുന്നത്. എന്നിട്ട് പകരം നല്കിലയതോ, ജനായത്തത്തിന്റേയും മതെതരത്തിന്റെയും നേരെ കൃത്യവും വ്യക്തവുമായ ഇസ്ലാമിക സമീപനം രൂപപ്പെടുത്തിയെടുക്കുകയും അവകളിലെ നിര്മാണാത്മകമായ മുഴുവന്‍ മൂല്യങ്ങളും ഇസ്ലാമിന്റെ ഭൂമികയില്‍ നിന്ന് കൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പോലും സ്വാംശീകരിക്കുകയും ചെയ്ത മുസ്‌ലിംകളിലെ രാഷ്ട്രീയംകൂടി ഉള്‍കൊള്ളുന്ന ഇതര പ്രസ്ഥാനങ്ങള്ക്ക് ‌ നേരെ ജനായത്തവും മതേതരത്വവും പറഞ്ഞു കൊഞ്ഞനം കാട്ടുന്ന വൃത്തികെട്ട സംസ്കാരവും. കേരളത്തിലെ മുസ്ലിം സാംസ്കാരിക പരിസരത്തു അറേബ്യയിലെ മുഴുവന്‍ സുഗന്ധങ്ങളും ഉപയോഗിച്ചാലും ശുദ്ധീകരിക്കുവാന്‍ സാധിക്കാത്തത്ര നാറ്റം ഉണ്ടാക്കിയാണ് ലീഗ് ജനാധിപത്യത്തിന്റെ കാര്യത്തില്‍ മേനി നടിച്ചത്‌.
സ്വന്തം അണികളിലോ, ലീഗിന്റെ വാലായി നില്കുന്ന മത സംഘടനകളിലോ ജനായത്തത്തിന്റെ മൌലികവും പ്രാഥമികവുമായ പാഠമാകുന്ന പ്രതിപക്ഷ ബഹുമാനം പോലും ഒട്ടും സന്നിവേശിപ്പിക്കാന്‍ സാധിക്കാതെ പോയ 'ജനായത്തമാണ'ത്. ലീഗിന്റെ മതേതരത്ത്വം സാമുദായികത യിലും അതിന്റെ വാലായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളുടെ സത്വ സവിശേഷതകളിലും അധിഷ്ടിതമാണ്. ഒരു പക്ഷെ, മതത്തെ അതിന്റെ ആന്തരീക സത്തയില്‍നിന്നും വേര്‍പ്പെടുത്തുകയും അതിന്നു കൃത്രിമമായി നല്‍കിയ പുറം തോടില്‍ മാത്രം നിലനിര്‍ത്തി ഏറ്റവും സമര്‍ത്ഥമായും വഞ്ചനാത്മകമായും രാഷ്ട്രീയത്തിന്നു വേണ്ടി ദുരുപയോകം ചെയ്യുന്നതിന്റെ മികച്ച ഉദാഹരണമാണ് കേരളത്തിലെ ലീഗ് ആവിഷ്കരിച്ച തങ്ങള്‍ രാഷ്ട്രീയം. ലീഗ് ഒരു പാര്‍ട്ടിയെന്ന നിലയില്‍ കേവല സാമുദായികമാണ്; വര്‍ഗീയമല്ല . പക്ഷെ, അണികളില്‍ ഈ സാമുദായിക വികാരം നേര്‍ത്തു നേര്‍ത്തു  വര്‍ഗീയമാകനിടയുണ്ട് എന്നത് വിഭജന കാലത്തെ ചരിത്ര അനുഭവവും, വര്‍ത്തമാന കാലത്തെ മാറാടും കാസര്‍ഗോഡും നാദാപുരവും മറ്റും നല്കുന്ന പാഠമാണ്. വേണ്ടത്ര പരിണിത പ്രഞ്ഞരല്ലത്ത, വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത അണികള്ക്ക് സാമുദായികതയെ വര്‍ഗീയതയില്‍ നിന്നും വേര്‍തിരിക്കുന്ന കൃത്യതകള്‍ ഒന്നും തന്നെ ഉണ്ടാവില്ലന്നെതാണ് വസ്തുത. ലീഗിലാവട്ടെ അത് കുറച്ചൊന്നുമല്ല. ഇനി കുറച്ചു ആണെങ്കില്‍ തന്നെ, കേരളത്തിലെ ഏറ്റവും വലിയ സാമുദായിക പാര്‍ട്ടി എന്ന നിലയില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അത് വളരെ കൂടുതലും താങ്ങനാവുന്നതിലേറെയും ആയിത്തീരും. ഈ വിഷയത്തില്‍ പരിഹാരം ഒന്നേയുള്ളൂ. സ്വന്തം പാര്‍ട്ടി യിലും ഉപ പാര്‍ട്ടികളിലും പിന്തുണ നല്കുന്ന മത സംഘടനകളിലും ജനായത്തത്തിന്റെയും മതെതരത്ത്വത്തിന്റെയും നിര്മാണാത്മകമായ മുഴുവന്‍ മൂല്യങ്ങളും ഇസ്ലാമിന്റെ ഭൂമികയില്‍ നിന്ന് കൊണ്ട് തന്നെ സ്വാംശീകരിക്കുവാനുള്ള സത്വര നടപടികള്‍ സ്വീകരിക്കുക; പരിപാടികള്‍ ആവിഷ്കരിക്കുക. അല്ലാതിരുന്നാല്‍, മറ്റെല്ലാ വിഷയങ്ങളിലും എന്ന പോലെ മുസ്ലിം ലീഗ് ജനായത്തത്തിന്റെയും മതെതരത്ത്വത്തിന്റെയും നിര്‍മാണാത്മകമായ മുഴുവന്‍ മൂല്യങ്ങളുടെയും കൂടി ദുരന്തമാകുക എന്നതായിരിക്കും ഫലം. ഇത് മുമ്പാരോ പറഞ്ഞത് പോലെ ഉത്തമ പിശാചുക്കള്‍ എപ്പൊഴും ചെയ്യുന്നത് പോലെ വിശുദ്ധ പുരോഹിതന്റെ വേഷത്തിലാടി പരിഹരിക്കുവാന്‍ സാധിക്കുന്ന പ്രശ്നമല്ല.
കടപ്പാട് :അബ്ദുല്‍ റസാഖ്
സോളിഡാരിറ്റി നെറ്റ്‌‌വര്‍ക്ക്

5 അഭിപ്രായങ്ങള്‍:

ANSAR NILMBUR പറഞ്ഞു... മറുപടി

കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് മുസ്ലിം രാഷ്ട്രീയത്തില്‍ തീരെ താല്‍പര്യമില്ല. അതാണ്‌ രാഷ്ട്രീയ ലിങ്കുകളില്‍ കടന്നുവരാത്തത്. ...പാരഗ്രാഫിംഗ് മറന്നതായിരിക്കും എന്ന് കരുതുന്നു. ഫോണ്ടിന്റെ വലിപ്പം അല്‍പം കുറച്ചാലോ....?

Mansoor Babu പറഞ്ഞു... മറുപടി

കഷ്ട്ടം തോന്നുന്നു നിങ്ങളുടെ അറിവില്ലായ്മയെ ഓര്‍ത്ത്.അതോ നിങ്ങള്‍ അറിവില്ലായ്മ നടിക്കുകയാണോ? ഇന്ത്യ വിഭജനത്തിനു മുമ്പുള്ള ലീഗും . ഇന്നത്തെ ലീഗും ഒന്നാണ് എന്ന് പറയാനുള്ള നിങ്ങളുടെ തൊലികട്ടി അബാരം തന്നെ.

Mansoor Babu പറഞ്ഞു... മറുപടി

നിങ്ങള്‍ പ്രതിനിതാനം ചെയ്യുന്ന സംഘടന(ജമാഹത്തെ ഇസ്ലാമി) അന്നു ഇന്ത്യന്‍ മുസ്ലിങ്ങളുടെ പിന്നോട്ട് നയിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന പ്രസ്ഥാനം എന്ന് നിങ്ങള്‍ ഓര്‍ക്കണം. ഗവണ്‍മെന്റ് ജോലി ഹറാമും വോട്ട് ചെയ്യല്‍ ശിര്‍ക്കും ആക്കി ഒരു സമുദായത്തിന്‍റെ ഗവണ്‍മെന്റ് മേഘലയിലെ അവകാശപെട്ട ജോലി പോലും ഇല്ലാതാക്കിയവര നിങ്ങള്‍. ആയിരങ്ങളെ ജോലിയില്‍ നിന്നും രാജി വെപ്പിച്ചു പതിറ്റാണ്ടുകള്‍ കയിഞ്ഞപ്പോള്‍ വോട്ട് ചെയ്യുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക വരെ ചെയ്തു.

Nalakath പറഞ്ഞു... മറുപടി

ഇന്ത്യ സ്വതന്ത്രമായതിന്റെ പിറേറ വർഷം ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നടന്ന സമ്മേളനത്തിലാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സ്ഥാപിതമായത്. ഇതറിയാത്ത ആളാണോ ഈ ലേഖനം എഴുതിയത്?

അജ്ഞാതന്‍ പറഞ്ഞു... മറുപടി

------"ചരിത്രപരമായി ചിന്തിച്ചാല്‍ മുസ്ലിം ലീഗ് ഒരു നവോത്ഥാന പ്രസ്ഥാനമോ പരിഷ്കരണ പ്രസ്ഥാനമോ ആയിരുന്നില്ല. മുസ്ലിംകളെ ആദര്‍ശ പരമായോ ചിന്താപരമായോ പരിഷ്കരികുന്നതില്‍ മുസ്ലിം ലീഗ് ഒരു പങ്കും വഹിച്ചിട്ടില്ല."
കേരളത്തിലെ കേരളാ,എം.ജി സര്‍വ്വകലാശാലകള്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ സര്‍വ്വകലാശാലകളും മുസ്ലിം ലീഗ് മുന്‍കൈയെടുത്ത് നടപ്പിലാക്കിയാതാണന്നെങ്കിലുമുള്ള ചരിത്ര മറിയാത്തവരുടെ ചരിത്രം. ഇതിന്‍റെ പേരാണ്............

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....