നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

തിങ്കളാഴ്‌ച, മേയ് 30, 2011

മൗദൂദി;എതിരാളികള്‍ പോലും അംഗീകരിച്ച വ്യക്തിത്വം....!!!




ഒരു പുരുഷായുസ്സ് മുഴുവന്‍ ഇസ്‌ലാമിക സേവനത്തിന് ഉഴിഞ്ഞുവെച്ച മര്‍ഹും മൗലാനാ മൗദൂദി ഇസ്‌ലാമിക നവോത്ഥാന രംഗത്ത് ചലനം സൃഷ്ടിച്ച അതുല്യ വ്യക്തിത്വമായിരുന്നു. പ്രശസ്തമായ ഇസ്‌ലാമിക സേവനത്തിന് ആദ്യ കിംഗ് ഫൈസല്‍ അവാര്‍ഡിന് അര്‍ഹമായ അദ്ദേഹമാണ് ഭുവന പ്രശസ്ത യൂനിവേഴ്‌സിറ്റിയായ മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക് സിലബസ് തയാറാക്കിക്കൊടുത്തത്. ലോക മുസ്‌ലിം സംഘടനയായ മുസ്‌ലിം വേള്‍ഡ് ലീഗിന്റെ (റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി) വഴികാട്ടിയായിരുന്ന മൗലാനാ മൗദൂദിയുടെ ദര്‍ശനമാണ് ലോകത്തെങ്ങും ഇന്ന് ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക നവജാഗരണത്തിന്റെ ചാലക ശക്തി. മൗലാനാ മൗദൂദി ദിവംഗതനായപ്പോള്‍ ചന്ദ്രിക ദിനപത്രം ആ പ്രതിഭാശാലിയെക്കുറിച്ചെഴുതിയ അനുസ്മരണ മുഖപ്രസംഗവും അദ്ദേഹത്തെ സംബന്ധിച്ച് മുജാഹിദുകാരനായ എം.ഐ. തങ്ങള്‍ എഴുതിയ ലേഖനവും,മര്‍ഹൂം മൗലാനാ മൗദൂദിയുടെ അതുല്യ വ്യക്തിത്വത്തെക്കുറിച്ചറിയാന്‍
ആഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ സമര്‍പ്പിക്കുകയാണ്.
"നവോത്ഥാന രംഗത്ത് ചലനം സൃഷ്ടിച്ച മൗലാനാ മൗദൂദി'
(എം.ഐ. തങ്ങള്‍, ചന്ദ്രിക 25-09-1979)
മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി അന്തരിച്ചു. സുപ്രസിദ്ധ ഇറ്റാലിയന്‍ വിപ്ലവകാരി മാസ്സിനിയുടെ വാക്കുകളാണ് മൗലാനയുടെ നിര്യാണ വാര്‍ത്ത കേട്ടപ്പോള്‍ അനുസ്മരിച്ചുപോയത്. മാനവികതയുടെ സഞ്ചാരപഥത്തിലെ നാഴികക്കല്ലുകളായി വര്‍ത്തിക്കുന്നവരാണ് മഹാന്മാര്‍.
അര നൂറ്റാണ്ടിലേറെ കാലം ഇസ്‌ലാമിക നവോത്ഥാനത്തിന് തന്റെ ചിന്തകളും ആയൂരാരോഗ്യവും പ്രദാനം ചെയ്ത മൗലാന ഈ നൂറ്റാണ്ട് കണ്ട ഇസ്‌ലാമിക പ്രതിഭകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ആ ചിന്തകളുമായി സമരസപ്പെടുവാന്‍ സാധിക്കാതെ വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ നിരവധിയാണെങ്കിലും അവയുടെ മുമ്പില്‍ ഭക്ത്യാദരപൂര്‍വം പലപ്പോഴും നിന്നുപോയിട്ടുണ്ട്. ആ ധിഷണ, ചടുലത,വശ്യത,സര്‍വോപരി അവയില്‍ ഓളംവെട്ടുന്ന നിസ്വാര്‍ഥതയും ആത്മാര്‍ഥതയും അനിതര സാധാരണങ്ങളാണ്.

1903 സെപ്റ്റംബര്‍ 15 ന് ചരിത്രം മയങ്ങിക്കിടക്കുന്ന ഹൈദരാബാദിലെ ഔറംഗാബാദില്‍ ജനിച്ച അബുല്‍ അഅ്‌ല ജന്മനാ ഭാഗ്യവാനായിരുന്നു. കാലിട്ടടിച്ചു കരഞ്ഞ നിഷ്കളങ്കനായ ആ കുഞ്ഞിന് വളരാന്‍ ലഭിച്ചത് നൂറ് ശതമാനവും ഇസ്‌ലാമികവല്‍ക്കരിക്കപ്പെട്ട ഒരു കുടുംബമാണ്.
ഇസ്‌ലാമിക ചിട്ടകള്‍ക്കനുസരിച്ച് തന്നെ ആ സയ്യിദ് കുടുംബം അബുല്‍ അഅ്‌ലയെ വളര്‍ത്തി. വീട്ടില്‍വെച്ച് പ്രാഥമിക വിദ്യാഭ്യാസം നല്‍കപ്പെട്ടു. പ്രഗദ്ഭരായ അധ്യാപകര്‍, മാതൃകാപരമായ അന്തരീക്ഷം, അവയില്‍നിന്ന് അബുല്‍ അഅ്‌ലയുടെ മനീഷ ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കാനുള്ള കരുക്കള്‍ വാരിക്കൂട്ടി. പഠനവും വായനയും ഒരു ഭ്രാന്ത് പോലെ അദ്ദേഹത്തെ പിടികൂടി. അതിലെല്ലാവരും അണിനിരന്നു. കാന്റ് മുതല്‍ മാര്‍ക്‌സ് വരെ.
അവസാനം ഖുര്‍ആന്റെ വെളിച്ചത്തിലവ പരിശോധിക്കപ്പെട്ടു. പൊന്നുകള്‍ കാക്കപ്പൊന്നുകളാണെന്നു തെളിയിക്കാനുള്ള സാധനയായിരുന്നു തുടര്‍ന്നങ്ങോട്ട്. ഖുര്‍ആന്‍ ഏത് കാലഘട്ടത്തിലും അനുയോജ്യമായ സമഗ്ര ജീവിത പദ്ധതിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആ വിപ്ലവകാരി രംഗത്തിറങ്ങി.
തനിക്ക് ശരിയാണെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ മൗലാനക്ക് ധാരാളം ശത്രുക്കളേയും അല്‍പം സുഹൃത്തുക്കളേയും കിട്ടി. ഇമാം ഗസ്സാലിക്ക് ശേഷം ഇസ്‌ലാമിക ലോകം കണ്ട ഉന്നത ചിന്തകനായിരുന്നു. ഇഖ്ബാലിന്റെ ജന്മ നാട്ടില്‍ ഇഖ്ബാല്‍ വിഭാവന ചെയ്ത ലോകത്തിന് ഇഖ്ബാല്‍ അംഗീകരിക്കാത്ത ചിന്തകളിലൂടെ മൗലാന ഊടും പാവും പണിയാനുള്ള ശ്രമത്തിലേര്‍പ്പെട്ടു.
ഖുര്‍ആനിന്റെ അന്തസത്ത, നിഷ്ക്രിയത്വവും ആദ്ധ്യാത്മികതയുടെ തോട്ടിനുള്ളിലേക്കുള്ള പിന്മാറ്റവുമാണെന്ന ധാരണകളുടെ കോട്ടക്ക് ഉലച്ചില്‍ തട്ടാന്‍ ഏറെക്കാലം കാത്തുനില്‍ക്കേണ്ടിവന്നില്ല. ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത് ഒരു സമ്പൂര്‍ണ സമൂഹമാണെന്ന ആ ഗര്‍ജനത്തിന് മുമ്പില്‍ ഓറിയന്റലിസ്റ്റുകള്‍ പടച്ചുണ്ടാക്കിയ അസത്യത്തിന്റെ ഗോപുരങ്ങള്‍ തകര്‍ന്ന് വീണുകൊണ്ടിരുന്നു. പാശ്ചാത്യരുടെ ദിവാസ്വപ്നങ്ങളില്‍, കുരിശുയോദ്ധാക്കളുടെ തമ്പുകളില്‍ കയറിയ സുല്‍ത്താന്‍ സലാഹുദ്ദീനെ പോലെ ധീരമായി പാഞ്ഞു കയറിയ മൗലാന അവര്‍ക്കെതിരെ മുസ്‌ലിം ലോകത്ത് ഒരു പടനിര തന്നെ സൃഷ്ടിച്ചെടുത്തു. മൗലാന മൗദൂദി സാഹിബിന്റെ ചിന്തകളില്‍ മുത്തുകളെത്രയുണ്ടെന്ന് പരതാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. അതത്രയെളുപ്പവുമല്ല. ഖുര്‍ആനും ദീനും അദ്ദേഹം വ്യാഖ്യാനിച്ച രീതി, എത്ര കണ്ട് ശരിയാണെന്നും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ഇവയിലൊക്കെ ശരി കണ്ടെത്തുന്നവരും തെറ്റ് കണ്ടെത്തുന്നവരുമുണ്ട്. രണ്ടു വിഭാഗത്തിനും അവരുടേതായ വാദമുഖങ്ങളും ന്യായീകരണങ്ങളും കാണും. പക്ഷേ മൗലാനാ മൗദൂദിയെന്ന അനിതര സാധാരണയായ വ്യക്തിത്വം; അതിന്റെ തിളക്കം ഒരിക്കലും കുറച്ചു കാണാന്‍ കഴിയുന്നില്ല. ജമാലുദ്ദീന്‍ അഫ്ഗാനിക്കോ അല്ലാമാ ഇഖ്ബാലിനോ അതുപോലെ ഈ നൂറ്റാണ്ടു കണ്ട മുസ്‌ലിം ലോകത്തെ പ്രതിഭകള്‍ക്കാര്‍ക്കുമോ സാധിക്കാത്ത ഒരു മഹദ് കാര്യം ഇവരുമായൊക്കെ താരതമ്യപ്പെടുത്തുമ്പോള്‍ അത്രയൊന്നും തൂക്കമില്ലാത്ത മൗലാനാ മൗദൂദി സാഹിബിന് സാധിച്ചുവെന്ന് അംഗീകരിച്ചേ തീരൂ. അത് മറ്റൊന്നുമല്ല; ഇസ്‌ലാമിനെ ആധുനിക ചിന്താ വേദിയുടെ മുന്‍നിരയില്‍ ഉപവിഷ്ടമാക്കിയെന്നതാണത്.
നീഷേയുടേയും ഗോഡ്‌സെയുടേയും നാട്ടില്‍നിന്ന് ഇസ്‌ലാമിക സംസ്കാരത്തിന്റേയും തത്വശാസ്ത്രത്തിന്റേയും മേന്മകളെക്കുറിച്ച് പാടാന്‍ ആളുകളെ ഇഖ്ബാല്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. ഫോസ്റ്റിനെ മനുഷ്യനായി അംഗീകരിക്കാന്‍ വിധിക്കപ്പെട്ട ഗോയ്‌ഥെയെ, അതിമാനുഷനെ ചിന്തകളില്‍ ജനിപ്പിച്ച നിഷേയെ, ജര്‍മന്‍ യൂനിവേഴ്‌സിറ്റികളില്‍ തുറന്നുകാട്ടാന്‍ പഞ്ചാബിന്റെ മണവും ഇസ്‌ലാമിന്റെ മനവുമേന്തി "വൈമാറിലെ പനിനീര്‍തോപ്പുകളിലെ'ത്തിയ ഇഖ്ബാലിനെ പക്ഷേ സാധാരണക്കാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല; അദ്ദേഹത്തിന് മറിച്ചും. എന്നാല്‍ കേംബ്രിഡ്ജിന്റേയും മ്യൂണിക് യൂനിവേഴ്‌സിറ്റിയുടേയും പടി ചവിട്ടാതെ മൗദൂദി സാഹിബ് അവിടെ സ്വതന്ത്രനായി, ശത്രുതാ ഭയമില്ലാതെ വിരാജിച്ചിരുന്ന തത്വജ്ഞാനികളുടേയും ചിന്തകളുടേയും ശത്രുവായി, പേടി സ്വപ്നമായി മാറി. കുറഞ്ഞ കാലം കൊണ്ട് അവരെ ഓരോരുത്തരേയും കുന്നി പിടിച്ച് വെളിക്കു കൊണ്ടുവന്ന മൗലാനാ അവരുടെ തൊലി ഉരിച്ചു കാട്ടി. ക്രിസ്തീയ യൂറോപ്പിനെ ദൈവത്തിനും സീസര്‍ക്കുമായി ഭാഗിച്ചു കൊടുത്ത യാന്ത്രിക സംസ്കാരത്തിന്റെ സന്തതികള്‍ക്ക് ഇസ്‌ലാമിന്റെ സ്വാധീനം ലോകത്തുനിന്ന് നശിപ്പിച്ചു കളയേണ്ടതാവശ്യമായിരുന്നു. ശക്തിയിലൂടെ അതിനെ നശിപ്പിക്കാന്‍ എളുപ്പമല്ലെന്ന് മനസ്സിലാക്കിയ പാശ്ചാത്യര്‍ ദ്വിമുഖാക്രമണമാണ് മുസ്‌ലിം ലോകത്തിന് നേരെ സംഘടിപ്പിച്ചത്. ഒന്ന് ശാരീരികവും രണ്ട് മാനസികവും.
ലോറന്‍സിനെപ്പോലുള്ള വഞ്ചകരൊരുക്കിയ കെണിയില്‍ പെട്ട് ഭിന്നിച്ചു കൊണ്ട് ശാരീരികാക്രമണത്തിന് മുസ്‌ലിംകള്‍ തന്നെ കളമൊരുക്കിയെടുത്തു. യന്ത്ര സംസ്കാരത്തിന്റെ വര്‍ണാഭയില്‍ കണ്ണു മഞ്ഞളിച്ചവരെ മാനസികമായി ആക്രമിക്കുക എളുപ്പമായിരുന്നു.
ഈ ആക്രമണങ്ങളുടെ ശക്തി തടുക്കാന്‍ കഴിയാതെ പതറിവീണു കിടന്നിരുന്ന മുസ്‌ലിം മനസ്സുകളെ പിടിച്ചെഴുന്നേല്‍പിക്കുക എന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ ഒരു മുസ്‌ലിം ചിന്തകന്റെ ദൗത്യം. ഇത് നിറവേറ്റാന്‍ തന്നെയാണ് അഫ്ഗാനിയും സനൂസിയും ഇഖ്ബാലും മറ്റും ഇറങ്ങിത്തിരിച്ചത്. പക്ഷേ അവരുടെ ശ്രമങ്ങള്‍ പൂവണിഞ്ഞില്ല. ഒന്നാമത് എല്ലാവരുടേതും ഒറ്റപ്പെട്ട വഴികളായിരുന്നു. അവരവരുടെ കോണുകളില്‍നിന്ന് വീക്ഷിക്കുമ്പോള്‍ എല്ലാം കിടയറ്റതുമായിരുന്നു. പക്ഷേ മുസ്‌ലിം ലോകമാകുന്ന കാട്ടില്‍ കയറി ഒറ്റക്ക് ബഹളം കൂട്ടിയതുകൊണ്ട് ദൗത്യം വിജയിക്കില്ലെന്ന സത്യം അവരംഗീകരിച്ചില്ല, അല്ലെങ്കില്‍ ആ ഭാഗം ഗൗനിച്ചില്ല. മൗദൂദി സാഹിബ് വിജയിച്ചതിവിടെയാണ്. ചിന്തിച്ചതിലേറെ അദ്ദേഹം പ്രവര്‍ത്തിച്ചു. 1941 ഓഗസ്റ്റ് 26 ന് പത്താന്‍കോട്ടില്‍ ആ പ്രവര്‍ത്തനത്തിന്റെ തുടക്കം കുറിക്കപ്പെട്ടു. തന്റെ ചിന്തകള്‍ ഖുതുബകളായി ഒഴുകിയത് ഉള്‍ക്കൊണ്ട അല്‍പം ആളുകളെ ചേര്‍ത്ത് അദ്ദേഹം ഒരു സംഘടനക്ക് രൂപം കൊടുത്തു.
ഇഖ്ബാലില്‍നിന്നുമൊക്കെ ഭിന്നമായി അവര്‍ക്ക് ചിന്തിക്കാനുള്ളതിലേറെ ആവേശം കൊള്ളിക്കാനുള്ള ഒരു മുദ്രാവാക്യവും നല്‍കി. ഹുകൂമത്തെ ഇലാഹി. വളരെ വശ്യതയുള്ളതായിരുന്നു ആ മുദ്രാവാക്യത്തിന്. അതൊരു വിപ്ലവ ശക്തിയായി മാറാന്‍ ഏറെ കാലമെടുത്തില്ല. ഈജിപ്തിന്റെ മണ്ണില്‍നിന്നുയര്‍ന്ന ഖുത്ബ് സഹോദരന്മാരുടേയും ബന്നയുടേയും ജീവ രക്തം കലര്‍ന്ന ശബ്ദങ്ങള്‍ ആ ആവേശത്തിന് മാറ്റു കൂട്ടി.
ആ ആവേശമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ നിദാനം. കമ്യൂണിസത്തിന്റേയും പാശ്ചാത്യന്‍ ചിന്തകളുടേയും ശത്രുത പിടിച്ചുപറ്റാന്‍ കഴിഞ്ഞതോടെ വിജയത്തിന്റെ തോതും വര്‍ധിച്ചു. പതിരുള്ളതെങ്കിലും ഭാഗ്യവാനായ മൗലാനയുടെ ആ മുദ്രാവാക്യം അദ്ദേഹത്തെ അനശ്വരനാക്കി.
ആവേശ ദായകമായ ഒരു മുദ്രാവാക്യം, അതിന്റെ അടിത്തറയുള്ളൊരു സംഘടന, ഇന്നത് ലോകമാകെ പടര്‍ന്ന് കയറിക്കൊണ്ടിരിക്കുകയാണ്. ആധുനിക സമൂഹത്തിന്റെ മനശ്ശാസ്ത്രമറിയുന്നതുകൊണ്ടാണ് അദ്ദേഹത്തിനത് സാധിച്ചതെന്ന് വ്യക്തം. ആ ചിന്തകളിലെ പതിരുകള്‍ ചേറിക്കൊഴിച്ച് ശാശ്വത മൂല്യങ്ങളുള്ള ഇസ്‌ലാമിന്റെ ആദര്‍ശങ്ങളുമായി പൊരുത്തപ്പെട്ട് പോകാനുള്ള വഴിയൊരുക്കാന്‍ മറ്റൊരു മൗദൂദി ജനിക്കുമോ? ജനിക്കണം
മൗദൂദി സാഹിബ് (ചന്ദ്രിക മുഖപ്രസംഗം 25-09-1979)
മൗലാനാ സയ്യിദ് അബ്ദുല്‍ അഅ്‌ലാ മൗദൂദി അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് ഏറ്റ കനത്ത ആഘാതമാണ് മൗലാനയുടെ നിര്യാണമെന്ന കാര്യം അംഗീകരിക്കാതെ വയ്യ.
തന്റെ വര്‍ഗത്തിനവകാശപ്പെട്ടതാണ് തന്റെ ജീവിതമെന്നും തനിക്ക് ദൈവം നല്‍കിയതെന്തും തന്റെ സമൂഹത്തിന് നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും വിശ്വസിച്ച മൗലാന അക്ഷരാര്‍ഥത്തില്‍ മഹദ് വ്യക്തികളില്‍ പെടുന്നു.
അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോട് പലപ്പോഴും വിയോജിക്കേണ്ടി വന്നിട്ടുണ്ട്. അവ വിവാദാതീതങ്ങളായി പലരും അംഗീകരിച്ചിട്ടുമില്ല. പക്ഷേ ആ വ്യക്തിത്വവും ആ ധിഷണയും ആത്മാര്‍പ്പണ സ്വഭാവവും എന്നെന്നും പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്.
മുസ്‌ലിം ലോകത്തിന്റെ സംഘടിത ശക്തിക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹത്തിന്റെ വിയോഗം റാബിത്വ പോലുള്ള ആഗോള മുസ്‌ലിം സംഘടനകള്‍ക്ക് ഒരു വഴികാട്ടിയേയും നഷ്ടപ്പെടുത്തി.
മരണത്തിന്റെ രുചിയറിയാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണ്. അതില്‍നിന്ന് മൗലാനയും ഒഴിവാകയില്ലല്ലോ. വിയോജിക്കാനെങ്കിലും പണ്ഡിതന്മാരും ത്യാഗികളും ഉണ്ടായില്ലെങ്കില്‍ ചിന്ത മയങ്ങിക്കിടക്കും. അദ്ദേഹത്തെ അനുകരിക്കാത്ത മുസ്‌ലിംകള്‍ക്കു പോലും ആ നിലക്ക് അദ്ദേഹത്തോട് തീരാത്ത കടപ്പാടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ ആ നഷ്ടത്തില്‍ ദുഃഖിക്കുന്നു;മൗദൂദി സാഹിബിന്റെ മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.



0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....