കേരളത്തിലെ സുന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ പരിഗണിക്കപ്പെടുന്നതും , അംഗീകരിക്കപ്പെടുന്നതുമായ കര്‍മ്മശാസ്ത്ര ഗ്രന്ഥമാണ് ഫതഹുല്‍ മുഈന്‍ .ഷാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥം എന്ന് പ്രസാധകര്‍ തന്നെ പരിചയപ്പെടുത്തുന്ന ഇതിന്റെ കര്‍ത്താവ് ഷെയ്ഖ് സൈനുദ്ധീന്‍ മഖ്തൂം ആണ്. ഇബ്രാഹീം പുത്തൂര്‍ ഫൈസി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഈ ഗ്രന്ഥം പരിശോധിച്ചതും അവതാരിക എഴുതിയതും സുന്നീ കൈരളിയുടെ അനിഷേധ്യ നേതാവ് ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ആണ്.പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളും ,കോട്ടുമല ടി.അബൂബക്കര്‍ മുസ്ലിയാരും ആശംസകള്‍ എഴുതിയ ഈ ഗ്രന്ഥം കേരളീയ സുന്നികളെ സംബന്ധിച്ചിടത്തോളം ഒട്ടും തള്ളിക്കളയാന്‍ സാധിക്കാത്തതുമാണ്. എന്നാല്‍ കേരളത്തിലെ സുന്നീ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ തര്‍ക്ക വിഷയങ്ങളായി തുടരുന്നതും ഇന്നും ഒരു മാറ്റവുമില്ലാതെ മുന്നോട്ടു പോകുന്നതുമായ ചില വിഷയങ്ങളിലെങ്കിലും ഈ ഗ്രന്ഥത്തിന്റെ നിലപാട് എന്താണ് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ത്ഥന ,ഖബര്‍ കെട്ടി പൊക്കല്‍ തുടങ്ങിയ ചില വിഷയങ്ങളില്‍ ഫതഹുല്‍ മുഈന്‍ എന്ത് പറയുന്നു എന്ന് പരിശോധിക്കാനുള്ള ഒരെളിയ ശ്രമം മാത്രമാണ് ഞാനിവിടെ നടത്തുന്നത്.
നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ത്ഥന:-
കേരളത്തിലെ സുന്നീ വിഭാഗങ്ങള്‍ നമസ്കാര ശേഷമുള്ള കൂട്ട പ്രാര്‍ഥനക്ക് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കുകയും അതിന്റെ പേരില്‍ ഇതര വിഭാഗങ്ങളുമായി നിരന്തര സംവാദങ്ങള്‍ നടന്നതുമൊക്കെ കഴിഞ്ഞ കാല ചരിത്രം.. അതിനെ കുറിച്ച് ഫതഹുല്‍ മുഈന്‍ പറയുന്നത് എന്താണെന്ന് നോക്കൂ... “നിസ്കാരത്തിന്റെ ഉടനെ പതുക്കെ ദിക്റും ദുആയും സുന്നത്താണ്.തനിച്ചു നിസ്കരിക്കുന്നവനും മഉമൂമും സ്ഥലത്തുള്ളവരെ പഠിപ്പിക്കണം എന്നോ തന്റെ പ്രാര്‍ത്ഥന കേട്ടുകൊണ്ടവര്‍ ആമീന്‍ ചൊല്ലണമെന്നോ ഉദ്ദേശമില്ലാത്ത പക്ഷം ഇമാമും ദിക്ര്‍ ദുആകള്‍ പതുക്കെ ആക്കുന്നതാണ് സുന്നത്ത്.അവ രണ്ടിന്റെയും ശ്രെഷ്ടതയില്‍ ധാരാളം നബി വചനങ്ങള്‍ വന്നിട്ടുണ്ട്.അതില്‍ കുറെയൊക്കെ എന്റെ 'ഇര്‍ഷാദുല്‍ ഇബാദ്' എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഉദ്ധരിച്ചിരിക്കുന്നു.അത് തേടി പിടിച്ചു പഠിക്കുക.അത് വളരെ ശ്രദ്ധേയമാണ്.




