നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ജൂൺ 23, 2013

ജീവിതത്തെ പുതുക്കി പണിയാന്‍ ഇനിയും മടിക്കുന്നതെന്തിന് ?

                           
ജീവിതത്തെ ആത്മീയ-ധാര്‍മ്മിക പാതയിലൂടെ പുതുക്കി പണിയാന്‍ നാം പലപ്പോഴും തീരുമാനമെടുക്കാറുണ്ട്. അതിനുവേണ്ടി അടുത്ത വരുന്ന ഏതെങ്കിലും ദിവസമോ സന്ദര്‍ഭമോ നാം കണക്കുകൂട്ടി വെക്കുകയും ചെയ്യും. എന്നാല്‍ പലപ്പോഴും ഇത്തരം കണക്കുകൂട്ടലുകളും ആഗ്രഹങ്ങളും നടപ്പിലാകാതെ പോകാറാണ് പതിവ്. ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പിട്ട് നിലവിലെ ജീവിത രീതികള്‍ മാറ്റം വരുത്താനാകാതെ വീണ്ടും പഴയ പോലെ തന്നെ നാം മുന്നോട്ടു നീങ്ങുകയും ചെയ്യും. 
ഒഴുക്കിനൊത്ത് നീന്തുന്ന ചണ്ടികളാകാതെ സ്വന്തം തീരുമാനങ്ങളെ നടപ്പിലാക്കാന്‍ ശേഷിയുള്ളവരായി മാറാന്‍ നമുക്ക് കഴിയണം. മണ്ണിനടിയില്‍ കുഴിച്ചു മൂടപ്പെട്ട വിത്തുകള്‍ ഭൂമിയുടെ മാറിടം കീറി അവയുടെ വഴികണ്ടെത്തുന്നു. ചേറില്‍ കിടക്കുന്ന വിത്തുകള്‍ ചളിവെള്ളത്തില്‍ വളര്‍ന്ന് വര്‍ണ്ണാഭമായ പൂക്കള്‍ ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ, ചുറ്റുപാടുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ മനുഷ്യനുമാകണം. സമയത്തെ കൃത്യമായി നിയന്ത്രിക്കാനും പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്താനും സാധിച്ചാല്‍ പ്രതികൂല സാഹചര്യത്തിലും മാന്യമായ ജീവിത രീതി പിന്തുടരാന്‍ നമുക്ക് കഴിയും.


തീരുമാനങ്ങളെനീട്ടിവെക്കരുത്
ഓരോരുത്തരുടെയും ഉള്ളിലുള്ള ആത്മീയ ചോദനകളെ പരിപോഷിപ്പിച്ച് അവസരങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തി മുന്നോട്ട് പോവാന്‍ ശ്രമിച്ചാല്‍ ജീവിത രീതികളില്‍ ക്രിയാത്മകമായ മാറ്റം വരുത്താന്‍ സാധിക്കും. സത്യത്തിന്റെ പാതയില്‍ അണിനിരക്കുകയും, നന്മയുടെ വ്യാപനത്തിന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവനെ സഹായിക്കാന്‍ ലോകം മുഴുവനുണ്ടാകും. എന്നാല്‍ നിഷ്‌ക്രിയനായിരിക്കുന്നവന്റെ മുമ്പില്‍ സഹായത്തിന്റെ വാതിലുകള്‍ ഒരിക്കലും തുറക്കപ്പെടുകയില്ല. അതുകൊണ്ട് ഏതെങ്കിലും അജ്ഞാത സഹായവും പ്രതീക്ഷിച്ച് ജീവിക്കുന്നതിനു പകരം സ്വന്തം ശേഷികളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി ജീവിതത്തെ ചിട്ടപ്പെടുത്താന്‍ നാം ശ്രമിക്കണം

നാം ജീവിക്കുന്ന കാലത്തെ സാഹചര്യം എത്ര മോശമായാലും നല്ലതായാലും, ഭാവി ജീവിതത്തെ പ്രഭാപൂരിതമാക്കാന്‍ പണിയെടുക്കേണ്ടത് ഈ വര്‍ത്തമാന കാലത്ത് തന്നെയാണ്. അതുകൊണ്ട് നിലവിലെ ജീവിത സന്ദര്‍ഭങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെടരുത്. പ്രവാചകന്‍(സ) പറഞ്ഞു: 'പകല്‍ പാപം ചെയ്തവന്റെ പശ്ചാതാപം സ്വീകരിക്കാനായി അല്ലാഹു രാത്രി അവന്റെ കരങ്ങള്‍ നീട്ടിയിരിക്കുന്നു, രാത്രി പാപം ചെയ്തവന്റെ പശ്ചാതാപം സ്വീകരിക്കാനായി അവന്‍ പകലിലും കൈകള്‍ നീട്ടിയിരിക്കുന്നു' (മുസ് ലിം).

പുതിയ ജീവിതക്രമത്തിലേക്ക് മാറാനുള്ള മനസ്സിന്റെ ആഗ്രഹത്തെ നീട്ടി വെക്കല്‍ അനന്തമായി അത് നീളാന്‍ മാത്രമേ ഉപകരിക്കൂ. മാത്രമല്ല, മനസ്സിന്റെ ചാഞ്ചാട്ടത്തിനടിപ്പെട്ട് തെറ്റില്‍ തന്നെ നിലകൊള്ളാന്‍ കാരണമായിത്തീരുകയും ചെയ്യും. 'ദിനരാത്രങ്ങള്‍ രണ്ട് മലകളാണ്. അതിലൂടെ പരലോകത്തിലേക്കെത്തിച്ചേരുന്നു. മരണം എപ്പോഴും സംഭവിക്കാം. സ്വര്‍ഗവും നരകവും നിന്റെ ചെരുപ്പിന്റെ വാറിനേക്കാള്‍ സമീപസ്തമാണ്. അതുകൊണ്ട് പശ്ചാതാപിക്കാന്‍ വൈകരുത്'. (ഇബ്‌നു ആദി)
'
അപ്പോള്‍ ആര്‍ ഒരണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും' (സല്‍സല 7,8) 
ഇച്ഛകള്‍ക്കും മോഹങ്ങള്‍ക്കും എളുപ്പം കീഴ്‌പ്പെട്ടു പോകുന്ന പ്രകൃതമാണ് സ്വതവേ മനുഷ്യ മനസ്സിനുള്ളത്്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെ മനസ്സിനെ നിയന്ത്രിക്കാനും ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ കാത്ത് സൂക്ഷിച്ച് ജീവിക്കുവാനും നിരന്തര പരിശ്രമം നാം നടത്തേണ്ടതുണ്ട്. പൊട്ടിയ മാലയില്‍ നിന്ന് മാലമുത്തുകള്‍ ഉതിര്‍ന്നു വീഴും പോലെ ജീവിതത്തില്‍ നാം കാത്തു സൂക്ഷിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളുടെ ശോഷണത്തിന് നമ്മുടെ അശ്രദ്ധ വഴിവെച്ചേക്കും. 
'
ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ നന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരു കവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്' (അല്‍കഹ്ഫ് 28).
പ്രവര്‍ത്തനങ്ങളിലെ നൈരന്തര്യം ആത്മീയ ഉള്‍ക്കരുത്ത് വര്‍ധിക്കാന്‍ ഉപകരിക്കുന്നതാണ്. പ്രഭാതത്തിലെ സൂര്യരശ്മികള്‍ പ്രപഞ്ചത്തില്‍ വ്യാപരിക്കുന്നതോടൊപ്പം, പുതിയ ദിനത്തില്‍ ജീവിതത്തെ കൂടുതല്‍ ഉജ്ജ്വലമാക്കാനുള്ള ദൈവിക വിളിയാളവും ഓരോ സുപ്രഭാതത്തിലും ഉണ്ടാകുന്നുണ്ട്. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് പുതിയ ദിനത്തിലേക്ക് കാലെടുത്തുവെക്കുന്ന  ശാന്തമായ വേളയില്‍, കഴിഞ്ഞ ദിവസങ്ങളിലെ ചെയ്തികളെ കുറിച്ച് ചിന്തിക്കുകയും പുതിയ ദിവസത്തില്‍ ദൈവിക കല്‍പ്പനകള്‍ക്കനുസരിച്ച് ചലിക്കാനുള്ള പ്രതിജ്ഞയെടുക്കുകയും വേണം നമ്മള്‍.
പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്: 'എല്ലാ ദിവസവും രാത്രിയുടെ അവസാന യാമങ്ങളില്‍ അല്ലാഹു ഭൂമിയോട് ഏറ്റവും അടുത്ത
ആകാശത്തേക്ക് ഇറങ്ങി വരികയും, ഇങ്ങനെ പറയുകയും ചെയ്യും: 'എന്റ പ്രീതി തേടുന്നവരായി ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഞാനത് നല്‍കും, എന്നോട് പ്രാര്‍ത്ഥിക്കുന്നവരുണ്ടെങ്കില്‍ ഞാനവര്‍ക്ക് ഉത്തരം നല്‍കും, പാപമോചനം തേടുന്നവര്‍ക്ക് ഞാന്‍ പൊറുത്ത് കൊടുക്കും'. സൂരോദ്യയം വരെ ഇത് തുടരും'  (അല്‍ ബുഖാരി).
'അല്ലാഹവിലേക്ക് അടിമ ഏറ്റവും കൂടുതല്‍ അടുത്ത സന്ദര്‍ഭം രാത്രിയുടെ മധ്യത്തിലാണ്' (തിര്‍മിദി). 
അല്ലാഹുവോട് അടുക്കാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭത്തില്‍ അവന്റെ അനുഗ്രഹങ്ങള്‍ കരസ്ഥമാക്കാനും അല്ലാഹു ഓര്‍ക്കുന്നവരുടെ കൂട്ടത്തില്‍പെടാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുക. ചെയ്തുകൂട്ടിയ പാപങ്ങളോര്‍ത്ത് ജീവിതത്തെ പുതുക്കി പണിയാന്‍ നിങ്ങള്‍ മടിക്കേണ്ടതില്ല. കടലിലെ നുര പോലെ നിങ്ങളുടെ പാപം കുന്നു കൂടിയിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥമായി പശ്ചാതപിച്ചാല്‍ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും അവന്റെ അനുഗ്രഹങ്ങള്‍ നിങ്ങളില്‍ വര്‍ഷിക്കുകയും ചെയ്യും. നിങ്ങള്‍ ചെയ്തു കൂട്ടിയ പാപങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളുടെ പശ്ചാതാപം തള്ളിക്കളയുകയില്ല. 'പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി നിങ്ങള്‍ നിരാശരാകരുത്, തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും' (സുമര്‍ 53)
ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു: ' ആദം സന്തതികളേ, നിങ്ങള്‍ എന്നില്‍ പ്രതീക്ഷയര്‍പ്പിക്കുകയും എന്നെ വിളിച്ച് സഹായം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നിടത്തോളം നിങ്ങളുടെ പാപങ്ങള്‍ ഞാന്‍ പൊറുത്തു തരുന്നതാണ്. നിങ്ങളുടെ പാപങ്ങളുടെ കൂമ്പാരം ആകാശത്തോളം ഉയര്‍ന്നതാണെങ്കിലും, എന്നോട് പാപമോചനം തേടിയാല്‍ ഞാന്‍ അതെല്ലാം പൊറുത്തു തരുന്നതാണ്, ഭൂമിയോളം പരന്നു കിടക്കുന്ന പാപങ്ങള്‍ നിങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, ശിര്‍ക്ക് ചെയ്യാതെ (അല്ലാഹുവിന് പങ്കുകാരനെ ചേര്‍ക്കാതെ) യാണ് നിങ്ങള്‍ എന്നിലേക്ക് വരുന്നതെങ്കില്‍ ഭൂമി നിറയെ പാപമോചനവുമായി ഞാന്‍ നിങ്ങളിലേക്കും വരും' (തിര്‍മിദി).
ഈ ആയത്തുകളും ഹദീസുകളും നമുക്ക് പ്രതീക്ഷ നല്‍കുന്നവയും നമ്മെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നവയുമാണ്. കഴിഞ്ഞ കാലത്തിലെ പാപങ്ങളില്‍ ദുഃഖിതനായിരിക്കാതെ അല്ലാഹവിലേക്ക് ഓടിയടുക്കുവാന്‍ ഈ ഉദ്‌ബോധനങ്ങള്‍ നമുക്ക് പ്രചോദനമാകണം.
ശൈഖ് മുഹമ്മദുല്‍ ഗസ്സാലി (കടപ്പാട് : ഇസ്ലാം പാഠശാല)

1 അഭിപ്രായങ്ങള്‍:

മുബാറക്ക് വാഴക്കാട് പറഞ്ഞു... മറുപടി

മുന്നോട്ടുള്ള കാല് വെപ്പിന് തുണയാകുമെന്ന പ്രതീക്ഷയോടെ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....