നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, മാർച്ച് 27, 2013

സമ്പാദ്യം അവിഹിതമാകുമ്പോള്‍
"എല്ലാ സമൂഹങ്ങള്‍ക്കും ഓരോ പരീക്ഷണമുണ്ട്; എന്റെ സമൂഹത്തിന്റെ പരീക്ഷണം സമ്പത്താകുന്നു" (മുഹമ്മദ് നബി)
                                 മനുഷ്യ സമൂഹം എല്ലാ കാലഘട്ടങ്ങളിലും സാമ്പത്തിക സുസ്ഥിതിക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്, ഉള്ളവന്‍ കൂടുതല്‍ സമ്പാദിക്കാനും ഇല്ലാത്തവന്‍ അത് ഉണ്ടാക്കിയെടുക്കാനും മത്സരിച്ച് കൊണ്ടിരിക്കുന്നു.പലപ്പോഴും ഹറാം - ഹലാലുകള്‍ പോലും പരിഗണിക്കാതെ സാമ്പത്തിക സ്വപ്നങ്ങളുമായി ഓടിനടക്കുന്നവര്‍ മുകളിലുദ്ധരിച്ച പ്രവാചക വചനം ഒന്ന് ശ്രദ്ധിക്കുക. ദാരിദ്ര്യം എപ്രകാരം ഒരു വ്യക്തിക്ക് പരീക്ഷണമായി തോന്നുന്നുവോ, അതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ പരീക്ഷണമാണ് സമ്പാദ്യം എന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതുണ്ട്. ഇസ്‌ലാം സന്തുലിതമായ ഒരു ജീവിതക്രമമാണ് മുന്നോട്ട് വെക്കുന്നത്. ഐഹികജീവിതത്തെ ആസക്തിയോടെ വാരിപ്പുണരുന്നതും തീര്‍ത്തും നിരാകരിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല.ഇരുലോകത്തോടും നീതി പുലര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കുമ്പോഴാണ് ഒരു വ്യക്തി വിജയം വരിക്കുന്നത്. അതില്‍ ഒന്നാം സ്ഥാനമാണ് സമ്പത്തിനുള്ളത്. സമ്പത്ത് സ്വയം ഒരുതിന്മയോ ശാപമോ അല്ല; മറിച്ച് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും പരീക്ഷണവുമാണത്. വിശുദ്ധഖുര്‍‌ആന്‍ അതിനെ കുറിച്ച് സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്.
"അറിയുവിന്‍, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും യഥാര്‍ഥത്തില്‍ പരീക്ഷണോപാധികള്‍ മാത്രമാകുന്നു.പ്രതിഫലം നല്‍കുന്നതിനായി അല്ലാഹുവിങ്കല്‍ വളരെയേറെയുണ്ട്."(അല്‍ അന്‍‌ഫാല്‍:28).
                                നിങ്ങളില്‍ നിന്ന് ഏറ്റവും നന്നായി കാര്യങ്ങള്‍ ചെയ്യുന്നത് ആരെന്നറിയാന്‍ വേണ്ടിയാണ് ജീവിതത്തേയും മരണത്തേയും സൃഷ്ടിച്ചത് എന്ന് പ്രഖ്യാപിച്ച് കൊണ്ട് ഐഹിക ജീവിതത്തിലെ സകല ഐശ്വര്യങ്ങളും ദുരിതങ്ങളും അല്ലാഹുവിന്റെ പരീക്ഷണമാണെന്നും ഖുര്‍‌ആന്‍ മറ്റൊരിടത്ത് (അല്‍ മുല്‍ക്ക് :2) വ്യക്തമാക്കുന്നതായി നമുക്ക് കാണാം.സമ്പത്തും സുഖ സൗകര്യങ്ങളും സ്ഥാനമാനങ്ങളുമൊക്കെ പലരുടേയും വിശ്വാസത്തേയും, ധാര്‍മ്മിക-സദാചാര ബോധങ്ങളേയും വരെ നശിപ്പിക്കാന്‍ കാരണമാകുന്നുഎന്ന് ആധുനിക കാലഘട്ടത്തിലെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. "അല്ലാഹുവാണ് സത്യം, നിങ്ങള്‍ക്ക് ദാരിദ്ര്യത്തെയല്ല ഞാന്‍ ഭയക്കുന്നത്;നിങ്ങളുടെ മുന്‍‌ഗാമികളുടെ പോലെ സമ്പദ് സമൃതി നിങ്ങള്‍ക്കുണ്ടാകുന്നതിനേയാണ് ഞാന്‍ ഭയക്കുന്നത്.അങ്ങനെ അവര്‍ പരസ്പരം മത്സരിച്ചത് പോലെ നിങ്ങളും മത്സരിക്കും, അവര്‍ നശിച്ചത് പോലെ നിങ്ങളും നശിക്കും" എന്ന പ്രവാചകവചനം ഇന്നത്തെ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.വ്യക്തികള്‍ തമ്മിലും,കുടുംബങ്ങള്‍ തമ്മിലും, സമൂഹങ്ങള്‍ തമ്മിലും, രാഷ്ട്രങ്ങള്‍ തമ്മില്‍ വരേയും പരസ്പരം പോരടിക്കാനുള്ള അടിസ്ഥാന കാരണം സമ്പത്താണ് എന്ന് നമുക്കറിയാം.
                               അഥവാ സമ്പത്ത് ഒരു ലഹരിയാണ്,സകല വിധ തിന്മകളിലേക്കും മനുഷ്യനെ നയിക്കാന്‍ പ്രാപ്തിയുള്ള വീര്യമുള്ള ലഹരി. "തീര്‍ച്ചയായും സമ്പത്തിന് ഒരു ലഹരിയുണ്ട്; മദ്യത്തിന് ലഹരിയുള്ളത്പോലെ' എന്ന് ഉമര്‍ (റ) പറയാനുണ്ടായ കാരണവും അതുതന്നെയാണ്. സമ്പത്തിനുവേണ്ടി പരസ്പരം മത്സരിച്ച്, സമ്പാദ്യങ്ങളുടെ കൊടുമുടി താണ്ടിയവര്‍ പോലും പാവപ്പെട്ടവന്റെ നെഞ്ചില്‍ കയറി നിന്ന് 'റിയല്‍ എസ്റ്റേറ്റ് ബിസിനസ്' എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പകല്‍കൊള്ള നടത്തുന്നതിന്റെ പിന്നിലും ഈ ലഹരിതന്നെയാണ്. ഇത്തരം ഒരവസ്ഥ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതിനെ നാം ഭയപ്പെട്ടേ തീരൂ. ഖലീഫ ഉമര്‍ (റ)ന്റെ കാലഘട്ടത്തില്‍ ഒരിക്കല്‍ ഇറാഖ് ജയിച്ചടക്കി കുറെ സ്വര്‍ണ്ണാഭരണങ്ങളും ,സമ്പാദ്യങ്ങളും കൊണ്ട് വരപ്പെടുകയുണ്ടായി. അത് കണ്ട് ഖലീഫ പൊട്ടിക്കരയുന്നത് കണ്ടപ്പോള്‍ ഒരനുചരന്‍ ചോദിച്ചു: "അമീറുല്‍ മു‌അ്‌മിനീന്‍ ,താങ്കളെന്തിനാണ് കരയുന്നത് ?അല്ലാഹു താങ്കള്‍ക്ക് വിജയം നല്‍കുകയും, ശത്രുക്കളെ പരാജയപ്പെടുത്തുകയും, അതുവഴി താങ്കളുടെ കണ്‍ കുളിര്‍പ്പിക്കുകയും ചെയ്തിരിക്കെ" ? ഉമര്‍(റ)ന്റെ മറുപടി ഇപ്രകാരമായിരുന്നു:"അല്ലാഹുവിന്റെ റസൂല്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് - ഈ ദുനിയാവിന്റെ ഐശ്വര്യങ്ങള്‍ ഒരാള്‍ക്ക് മുന്നിലും തുറക്കപ്പെടുന്നില്ല; അവര്‍ക്കിടയില്‍ അല്ലാഹു പരസ്പര ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിട്ടല്ലാതെ, അതാണ് ഞാന്‍ നിങ്ങള്‍ക്ക് ഭയപ്പെടുന്നത്."
                                 ചില ആളുകളെങ്കിലും ധന സമ്പാദനത്തിന്റെ കാര്യത്തില്‍ കടുത്ത തെറ്റിദ്ധാരണയില്‍ അകപ്പെട്ട് പോയതായി നമുക്ക് കാണാം.ആവോളം സമ്പത്തും സുഖ സൗകര്യങ്ങളുമൊക്കെ ആയിക്കഴിഞ്ഞാല്‍ ശിഷ്ടകാലം ഇബാദത്തുകള്‍ക്കും മറ്റ് നല്ല കാര്യങ്ങള്‍ക്കും വേണ്ടി നീക്കിവെക്കാം. ഇസ്‌ലാമികമായ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കാനും സമയം ചിലവഴിക്കാനുമൊക്കെ ക്ഷണിക്കപ്പെടുമ്പോഴും അത്തരക്കാരുടെ ന്യായീകരണം അതുതന്നെയായിരിക്കും "ഇപ്പോള്‍ പരമാവധി സമ്പാദിച്ച് ബാക്കിയുള്ളകാലം ഞാന്‍ ഇസ്‌ലാമിക മാര്‍ഗ്ഗത്തില്‍ സജീവമായിരിക്കും" ഒരാളുടെ ജീവിതത്തിനും അല്ലാഹു നിയതമായ ഒരു കാലഘട്ടം ഗ്യാരണ്ടി തന്നിട്ടില്ല എന്ന പച്ചപ്പരമാര്‍ത്ഥം മാറ്റിവെച്ചാല്‍ പോലും, ഇത്തരക്കാര്‍ സമ്പത്തിന്റെ പിന്നാലെ പോയി ഇസ്‌ലാമിക മുന്‍‌ഗണനാ രീതികള്‍ പോലും മാറ്റിമറിക്കുന്നതും പലപ്പോഴും നിര്‍ബന്ധകര്‍മ്മങ്ങള്‍ പോലും മാറ്റിവെക്കുകയും എന്നിട്ട് അതിന് ന്യായീകരണങ്ങള്‍ ചമക്കുന്നതുമാണ് സാധാരണ സംഭവിക്കാറുള്ളത്. അതിന്റെ മകുടോദാഹരണമാണ് സ‌അലത്തുബ്‌നു ഹാത്തിബിന്റെ ചരിത്രം. സദാസമയവും പ്രവാചകന്റെ കൂടെ പള്ളിയില്‍ ഉണ്ടാവുക വഴി 'പള്ളിയിലെ മാടപ്രാവ് ' (ഹമാമത്തുല്‍ മസ്‌ജിദ് ) എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന സഅ്‌ലത്ത് ദാരിദ്ര്യം സഹിക്കവയ്യാതെയാണ് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പ്രവാചകനോട് ആവശ്യപ്പെടുന്നത്. പ്രവാചകന്റെ പ്രാര്‍ത്ഥനയുടെ ഫലമായി അദ്ധേഹത്തിന് ഒരാടിനെ ലഭിച്ചതും പിന്നീട് വലിയ കച്ചവടക്കാരനായി മാറിയതുമായ ചരിത്രം സുവിദിതമാണ്.ആദ്യമാദ്യം പള്ളിയില്‍ നമസ്കാരത്തിനുവേണ്ടി മാത്രം വരുന്ന അവസ്ഥയിലേക്ക് ചുരുങ്ങുകയും പിന്നീട് ചില നമസ്കാരങ്ങള്‍ക്ക് പോലും കാണാതിരിക്കുകയും അവസാനം കച്ചവടാവശ്യാര്‍ത്ഥം മദീനക്ക് പുറത്ത് പോയി താമസമാക്കി എപ്പോഴെങ്കിലുമൊന്ന് പ്രവാചകനെ കാണാന്‍ വരികയും ചെയ്യുന്ന അവസ്ഥ, പിന്നീട് അതുപോലും നിലച്ച് പോവുകയും ചെയ്തു.കാലങ്ങള്‍ക്ക് ശേഷം ഇസ്‌ലാം സകാത്ത് നിര്‍ബന്ധമാക്കിയപ്പോള്‍ അതു ശേഖരിക്കാന്‍ ചെന്ന പ്രവാചകന്റെ ഉദ്യോഗസ്ഥരോട് "ഇതുവല്ലാത്ത ഒരു നികുതി തന്നെ, ഞാനൊന്ന് ആലോചിക്കട്ടെ" എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി. ആ സന്ദര്‍ഭത്തിലാണ് വിശുദ്ധഖുര്‍ആനില്‍ അല്ലാഹു ഈ കാര്യം അറിയിച്ചത് "അല്ലാഹു ഞങ്ങളില്‍ അനുഗ്രഹം വര്‍ഷിക്കുകയാണെങ്കില്‍ ദാനധര്‍മങ്ങള്‍ നല്‍കുകയും സച്ചരിതരാവുകയും ചെയ്തുകൊള്ളാം എന്ന് അവനോടു പ്രതിജ്ഞ ചെയ്ത ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അല്ലാഹു തന്റെ ഔദാര്യത്താല്‍ അവരെ സമ്പന്നരാക്കിയപ്പോഴോ, അവര്‍ ലുബ്ധരാവുകയും സ്വന്തം പ്രതിജ്ഞയില്‍നിന്ന്, അതിനെ തികച്ചും അവഗണിച്ചുകൊണ്ട്, പിന്മാറുകയും ചെയ്തു." (തൗബ:75,76) അഥവാ സമ്പത്ത് ഒരു മനുഷ്യനെ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ ഉത്തമോദാഹരണമാണ് നാമിവിടെ കണ്ടത്. എന്നാല്‍ ഈമാന്‍ മനസ്സില്‍ കയറുന്നതോടെ ഇതിന്റെ നേരെ മറിച്ച് സംഭവിക്കുന്നതിനും ഇസ്‌ലാമിക ചരിത്രങ്ങളില്‍ എമ്പാടും ഉദാഹരണങ്ങളുണ്ട്. മക്കയിലെ ഏറ്റവും വലിയ സമ്പന്നനായിരിക്കെ തന്റെ വിശ്വാസത്തിന് വേണ്ടി അതല്ലാം ത്യജിച്ച മഹാനായ മിസ്‌അബുബ്‌നു ഉമൈറിന്റെ ചരിത്രം അതാണ് നമ്മോട് പറയുന്നത്. ഇസ്‌ലാമിക മാര്‍ഗ്ഗത്തില്‍ അടരാടി അവസാനം ശഹീദായിക്കിടക്കുമ്പോള്‍ ആ മൃത ശരീരം നോക്കി കണ്ണീരൊലിപ്പിച്ച് കൊണ്ട് പ്രവാചകന്‍ പറഞ്ഞു: "അല്ലയോ മിസ്‌അബേ, മക്കയില്‍ വെച്ച് ഞാന്‍ നിന്നെ കണ്ടിട്ടുണ്ട്, നിന്റേതിനേക്കാള്‍ മിനുസമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരും നിന്നേക്കാള്‍ മനോഹരമായ തലമുടിയുള്ളവരും അവിടെ വേറെയുണ്ടായിരുന്നില്ല, ആ നീയിതാ ഇന്നിവിടെ ജഢപിടിച്ച മുടിയുമായി ഒരു കട്ടിപ്പുതപ്പിനുള്ളില്‍ "
                                അതിനാല്‍ നാം ഒരാത്മവിശകലനത്തിന് തയ്യാറാവുക. എന്റെ സമ്പത്ത്, അത് ഞാനെവിടെ നിന്ന് എങ്ങനെ സമ്പാദിച്ചതാണ് ? അല്ലാഹുവിനിഷ്ടപ്പെടാത്ത ഒരു ദിര്‍‌ഹമെങ്കിലും എന്റെ സമ്പാദ്യത്തിലുണ്ടോ?ഉണ്ടെങ്കില്‍ എന്തായിരിക്കും അതിന്റെ അനന്തര ഫലം ? വഴിയരികില്‍ നിന്ന് കിട്ടിയ കാരക്ക കഴിച്ചതിന്റെ പേരില്‍, അതെങ്ങാനും സകാത്തില്‍ നിന്നുള്ളതാവുമോ എന്ന് ഭയപ്പെട്ട് രാത്രി ഉറക്കം വരാതെ ആശങ്കപ്പെട്ടിരുന്ന പ്രവാചകന്‍ , അനുചരന്മാര്‍ കൊണ്ടുവന്നുകൊടുക്കുന്ന ഒരു കപ്പ് പാലിനെ കുറിച്ച് പോലും അതെവിടുന്ന് കിട്ടിയതാണ് എന്നന്വേഷിച്ചതിനുശേഷം മാത്രം കുടിച്ചിരുന്ന പ്രവാചകന്‍ , ആ പ്രവാചകന്റെ പാദുകപ്പാടുകള്‍ പിന്‍‌പറ്റാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? നാം പരിശോധിക്കേണ്ടതുണ്ട്. കാരണം നിഷിദ്ധമായ ധനം  സമ്പാദിച്ച ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ ആരാധനകളും പ്രാര്‍ത്ഥനകളുമൊന്നും അല്ലാഹുവിങ്കലേക്ക് എത്തുന്നില്ല. പ്രവാചകന്‍ (സ) പറയുകയുണ്ടായി : " ആരെങ്കിലും പത്ത് ദിര്‍‌ഹമിന് ഒരു വസ്ത്രം വാങ്ങി, ആ പത്ത് ദിര്‍‌ഹമില്‍ ഒരു ദിര്‍ഹം നിഷിദ്ധമാണെങ്കില്‍ , അവന്റെ കൈവശം ആ വസ്ത്രമുള്ള കാലത്തോളം അവന്റെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല". മറ്റൊരിക്കല്‍ പ്രവാചകന്‍ ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞൂ: " സുദീര്‍ഘമായ യാത്രകൊണ്ട് മുടി ജഢപിടിച്ച്, വസ്ത്രങ്ങള്‍ മുഷിഞ്ഞ ഒരു മനുഷ്യന്‍ തന്റെ കരങ്ങള്‍ ആകാശത്തേക്കുയര്‍ത്തി യാ റബ്ബ്,യാ റബ്ബ് എന്നിങ്ങനെ തേടിക്കൊണ്ടിരിക്കുന്നു, പക്ഷെ അവന്റെ പ്രാര്‍ത്ഥന എങ്ങനെയാണ് സ്വീകരിക്കപ്പെടുക?കാരണം അവന്റെ ഭക്ഷണം ഹറാം ആണ്, അവന്റെ പാനീയം ഹറാം ആണ്, അവന്റെ വസ്ത്രം ഹറാം ആണ്, അവന്‍ ഹറാമിനാല്‍ ഊട്ടപ്പെട്ടവനാണ് ".അഥവാ നാം അനുഷ്ടിച്ചുകൊണ്ടിരിക്കുന്ന കര്‍മ്മങ്ങളും നമ്മുടെ പ്രാര്‍ത്ഥനകളും വരെ നമ്മുടെ സമ്പാദ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ സഅദ് (റ) പ്രവാചകനോട് പറഞ്ഞു "പ്രവാചകരെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നവരില്‍ എന്നെ ഉള്‍പ്പെടുത്താന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക", പ്രവാചകന്റെ മറുപടി: "സഅദേ, നീ ഹലാലായത് മാത്രം ഭക്ഷിക്കുക, നീ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നവരില്‍ ഉള്‍പ്പെടും" എന്നായിരുന്നു.എന്നിട്ട് പ്രവാചകന്‍ തുടര്‍ന്നു " മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, തീര്‍ച്ചയായും ഒരടിമ ഹറാം ആയതില്‍ നിന്ന് ഒരുരുള കഴിച്ചാല്‍ അവനില്‍ നിന്ന് നാല്പത് ദിവസം കര്‍മ്മങ്ങളൊന്നും സ്വീകരിക്കപ്പെടുകയില്ല, ഏതെങ്കിലും ഒരടിമയുടെ ശരീരത്തില്‍ ഹറാം ആയ ഭക്ഷണം കൊണ്ട് പുഷ്ടിപ്രാപിച്ചാല്‍ അവന്‍ നരകത്തോട് ഏറെ അടുത്തവനാണ്". ഒരിക്കല്‍ ഇബ്‌നു ഉമര്‍ (റ) പറഞ്ഞു: "നിങ്ങള്‍ നട്ടെല്ല് വളയുന്നത് വരെ നമസ്കരിക്കുകയും എല്ലും തൊലിയുമാകുന്നതുവരെ നോമ്പെടുക്കുകയും ചെയ്താലും ശരി നിഷിദ്ധമായത് വര്‍ജ്ജിക്കാതെ അല്ലാഹു അതൊന്നും സ്വീകരിക്കുകയില്ല." അഥവാ നശ്വരമായ ഈ ലോക ജീവിതം സുഖ സമ്പുഷ്ടമാക്കാന്‍ വേണ്ടി ഏതുവിധേനയും പരിശ്രമിക്കുന്നവര്‍ അനശ്വരമായ പരലോക സുഖങ്ങളാണ് വേണ്ടെന്ന് വെക്കുന്നത്.
                                 ചില ആളുകളെ സംബന്ധിച്ചിടത്തോളം അവര്‍ മിഥ്യാധാരണകളിലാണ് ജീവിച്ച് കൊണ്ടിരിക്കുന്നത്. ഹറാം - ഹലാലുകള്‍ പരിഗണിക്കാതെ എത്രയും സമ്പാദിച്ച് കൂട്ടി അവസാനം പശ്ചാത്തപിച്ച് ദാന ധര്‍മ്മങ്ങളൊക്കെ ചെയ്ത് ജീവിച്ചാല്‍ എല്ലാം ശുഭമായി എന്ന മൂഢധാരണയില്‍ മുന്നോട്ട് പോകുന്നവര്‍ . ജീവിതത്തില്‍ ഒരു പാട് അക്രമങ്ങളും അനീതികളുമൊക്കെ ചെയ്തുകൂട്ടി ജീവിതാവസാനം ധര്‍മ്മിഷ്ടരും പുണ്യവാന്മാരുമായി ജീവിച്ചാല്‍ മതി എന്നാണവര്‍ വിചാരിക്കുന്നത്. അതോട് കൂടി അന്യായമായി തങ്ങള്‍ സമ്പാദിച്ചത് മുഴുവന്‍ ഹലാലായി എന്നവര്‍ തെറ്റിദ്ധരിക്കുന്നു.എന്നാല്‍ പ്രവാചകന്‍ (സ) പറയുന്നത് കാണുക: "നിഷിദ്ധമായ രൂപത്തില്‍ ആരെങ്കിലും ധനം സമ്പാദിക്കുകയും എന്നിട്ട് അതുകൊണ്ട് കുടുംബ ബന്ധം ചേര്‍ക്കുകയൊ, ദാന ധര്‍മ്മങ്ങള്‍ നിര്‍‌വ്വഹിക്കുകയോ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുകയോ ചെയ്താലും ശരി, അന്ത്യനാളില്‍ അതെല്ലാം ഒരുമിച്ച് കൂട്ടപ്പെടുകയും എന്നിട്ട് അവന്റെ കൂടെ നരകത്തിലെറിയുകയും ചെയ്യും." അതുകൊണ്ടുതന്നെ നമ്മുടെ ധന സമ്പാദന ശീലങ്ങളെ കുറിച്ച് നാം ഒരു ആത്മ പരിശോധന നടത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

2 അഭിപ്രായങ്ങള്‍:

panadoll ------ ravoof പറഞ്ഞു... മറുപടി

അക്ഷര തെട്ടു ഉണ്ടു ,,

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

@panadoll ------ ravoof
"അക്ഷര തെട്ടു" ഉണ്ടോ... :) സൂചിപ്പിച്ചാല്‍ തിരുത്താം...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....