പൗരസഞ്ചയം, ദേശാഭിമാനവും രാജ്യസ്നേഹവുമുള്ളവരായിരിക്കുക എന്നത് ഏതു രാജ്യത്തിന്റെയും കെട്ടുറപ്പിന്റെ ഈടുവെപ്പാണ്. ബഹുഭാഷാ-ജാതി-മതങ്ങളുള്ള രാജ്യത്തില്‍ വിശേഷിച്ചും. ദേശാഭിമാനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും ഉറപ്പുള്ള പാശത്തില്‍ കോര്‍ക്കപ്പെടാത്ത ജനത പൊട്ടിയ മാലയിലെ മണികളെന്നോണം പരസ്പര ബന്ധമില്ലാതെ ചിതറിപ്പോകും. ഈ ദേശം എന്റേതാണ്, ഇവിടെയുള്ളവരെല്ലാം എന്റെ സഹോദരങ്ങളാണ് എന്ന വികാരവും, ദേശത്തെ പൂര്‍വികരോടും അവരുടെ മഹച്ചരിതങ്ങളോടുമുള്ള ആദരവും, ദേശത്തിന്റെ ശക്തിയും ക്ഷേമവും അന്തസ്സും കൂടുതല്‍ ഭാസുരമാക്കുന്നതിനു വേണ്ടി പ്രയത്നിക്കാനുള്ള സന്നദ്ധതയുമാണ് ദേശസ്നേഹത്തിന്റെ യാഥാര്‍ഥ്യം. ദേശത്തിന്റെ അതിരുകള്‍ക്കുള്ളിലെ മണ്ണിനോടുള്ളതിലേറെ അതില്‍ വാഴുന്ന മനുഷ്യരോടുള്ള സ്നേഹമാണ്, അവരുടെ ജീവനും ധനവും അഭിമാനവും കാത്തുസൂക്ഷിക്കുന്നതിലുള്ള ജാഗ്രതയാണ് രാജ്യസ്നേഹം.
അധികമായാല്‍ അമൃതും വിഷം എന്ന പഴമൊഴി രാജ്യ സ്നേഹത്തിന്റെ കാര്യത്തിലും ഒട്ടും പതിരില്ലാത്തതാണ്. ദേശാഭിമാനം അതിരു കടന്നാല്‍ പരദേശനിന്ദയും വിരോധവുമായി മാറുന്നു. രാജ്യസ്നേഹം രാജ്യത്തെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളോടു മാത്രമുള്ള സ്നേഹമാകുമ്പോള്‍ അത് വര്‍ഗീയതയും ഫാഷിസവുമായിത്തീരുന്നു. കശ്മീരിനോടുള്ള നമ്മുടെ സ്നേഹം കശ്മീരികളോടുള്ള സ്നേഹവുമായിരിക്കണം. കശ്മീര്‍ ഇന്ത്യയുടേതാണ് എന്നു പറയുന്നതിനര്‍ഥം കശ്മീരികള്‍ ഇന്ത്യക്കാരും നമ്മുടെ സഹോദരങ്ങളുമാണെന്നാണ്. കശ്മീരികളെ മുഴുവന്‍ കൊന്നുതള്ളിയിട്ടായാലും കശ്മീര്‍ മണ്ണ് ഇന്ത്യയുടേതാക്കണം എന്ന് മോഹിക്കുകയാണെങ്കില്‍ അത് രാജ്യസ്നേഹമല്ല; മണ്ണിനോടുള്ള ആര്‍ത്തി മാത്രമാണ്.
സ്വാതന്ത്ര്യലബ്ധി തൊട്ടേ അസ്വസ്ഥ ബാധിത പ്രദേശമാണ് കശ്മീര്‍ . കുറേക്കാലമായി പ്രത്യേകാധികാര നിയമത്തിന്റെ പിന്‍ബലമുള്ള സൈന്യത്തിന്റെ വിപുലമായ സാന്നിധ്യമുണ്ടവിടെ. പട്ടാളത്തെ പിന്‍വലിക്കണമെന്നും പ്രത്യേകാധികാര നിയമം റദ്ദാക്കണമെന്നും കശ്മീരികള്‍ ആവശ്യപ്പെട്ടുതുടങ്ങിയിട്ട് നാളുകളേറെയായി. ഏറ്റുമുട്ടലുകളെന്ന പേരില്‍ നിത്യേനയെന്നോണം നടക്കുന്ന സിവിലിയന്മാരുടെ കൊലകളും ഇടക്കിടെ കണ്ടെത്തുന്ന ആയിരങ്ങളുടെ കൂട്ടക്കുഴിമാടങ്ങളും അവരുടെ ആവശ്യത്തെ ന്യായീകരിക്കുന്നു. കശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ പോംവഴികള്‍ കണ്ടെത്തുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച മധ്യസ്ഥ സമിതി ഈ ഒക്ടോബര്‍ 12ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, പട്ടാളത്തിന്റെ പ്രത്യേകാധികാര നിയമം ഭാഗികമായെങ്കിലും ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. സൈന്യത്തിന് എതിര്‍പ്പുണ്ടെങ്കിലും സര്‍ക്കാര്‍ ഈ നിര്‍ദേശം നടപ്പിലാക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഒക്ടോബര്‍ 12-നു തന്നെയാണ് കശ്മീരിനെച്ചൊല്ലി, പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിക്കടുത്തുള്ള അദ്ദേഹത്തിന്റെ ചേമ്പറില്‍ ശ്രീരാമ സൈനികരാല്‍ അതിനികൃഷ്ടമായി ആക്രമിക്കപ്പെട്ടത്. അടുത്തിടെ കശ്മീര്‍ സന്ദര്‍ശിച്ച അദ്ദേഹം കശ്മീരിന്റെ മണ്ണിനു മുമ്പ് കശ്മീരികളുടെ മനസ്സ് നമ്മുടേതാക്കാന്‍ ശ്രമിക്കണം, നമുക്കതിനു കഴിയുന്നില്ലെങ്കില്‍ അവരുടെ ഭാഗധേയം സ്വയം നിശ്ചയിക്കാന്‍ അവര്‍ക്ക് അവസരം നല്‍കണം എന്ന് അഭിപ്രായപ്പെട്ടതാണത്രെ കാരണം. രാമസേനാ ഗുണ്ടകള്‍ അദ്ദേഹത്തെ പൊതിരെ തല്ലുകയും നിലത്ത് വലിച്ചിട്ട് ചിവിട്ടി ഞെരിക്കുകയും ചെയ്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും അഴിമതി വിരുദ്ധ പ്രവര്‍ത്തകനും കൂടിയാണ് പ്രശാന്ത് ഭൂഷണ്‍. അഞ്ഞൂറോളം പൊതു താല്‍പര്യ ഹര്‍ജികളില്‍ ഫീസില്ലാതെ കോടതിയില്‍ ഹാജരായിട്ടുള്ള ജനസേവകന്‍ . അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവ്. ഇന്ത്യയുടെ അത്യുന്നത ന്യായാസനത്തിന്റെ മൂക്കിനു താഴെ രാംസേനാ ഗുണ്ടകള്‍ ചവിട്ടിമെതിച്ചത് പ്രശാന്ത് ഭൂഷണ്‍ എന്ന വ്യക്തിയെയല്ല; രാജ്യത്തിന്റെ ഭരണഘടനയെയും നിയമവാഴ്ചയെയുമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും മൌലികാവകാശങ്ങളും സംരക്ഷിക്കുന്നതാണ് യഥാര്‍ഥ രാജ്യസ്നേഹം. അവയെ നിന്ദിക്കുന്ന നീക്കമേതും കറകളഞ്ഞ രാജ്യദ്രോഹമാണ്.
നേരത്തെ എം.എഫ് ഹുസൈന്നും അരുന്ധതി റോയിക്കും എതിരെ തലപൊക്കിയ വ്യാജദേശാഭിമാനം അതിന്റെ കൂടുതല്‍ രൌദ്രമായ മുഖം കാഴ്ചവെച്ചിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍ സംഭവത്തിലൂടെ. ഈ രീതിയിലാണ് ഇന്ത്യന്‍ ദേശീയത വളരുന്നതെങ്കില്‍ നാം എത്തിച്ചേരുക ഹിറ്റ്ലറുടെ നാസിസത്തിലായിരിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. ഇത്തരം സംഭവങ്ങളെ മുറപ്രകാരം പതിവിന്‍പടി ശക്തമായി അപലപിച്ചതുകൊണ്ടു മാത്രം സര്‍ക്കാറിന്റെയും രാഷ്ട്രീയ കക്ഷികളുടെയും ചുമതല തീരുന്നില്ല. യഥാര്‍ഥ ദേശാഭിമാനവും രാജ്യസ്നേഹവും സംബന്ധിച്ച് രാജ്യവ്യാപകമായ ഒരു ബോധവത്കരണം നടക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ദേശാഭിമാനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും മൂടുപടമണിഞ്ഞ ഫാഷിസവും നാസിസവും രാജ്യത്ത് താണ്ഡവമാടാന്‍ അവസരം സൃഷ്ടിക്കപ്പെടും. പുതിയ പുതിയ രഥയാത്രകള്‍ അതിനുവേണ്ട പശ്ചാത്തലമൊരുക്കിക്കൊണ്ടിരിക്കുകയാണ്. വ്യാജദേശഭക്തിയുടെ തിക്തഫലമനുഭവിക്കേണ്ടിവരുന്നത് യഥാര്‍ഥ രാജ്യസ്നേഹികളും രാജ്യത്തിന്റെ മതേതര ജനാധിപത്യവ്യവസ്ഥയും മൊത്തത്തിലായിരിക്കും.
(2011 ഒക്‌ടോബര്‍ 22 ലെ പ്രബോധനം വാരികയുടെ മുഖക്കുറിപ്പില്‍ നിന്നെടുത്തത്)
5 അഭിപ്രായങ്ങള്‍:
കള്ളും പെണ്ണും വിറ്റ് സേവനത്തിന് പണം കണ്ടെത്തുന്ന ഇന്ത്യാ രാജ്യം വലിയ സ്നേഹമൊന്നും അര്‍ഹിക്കുന്നില്ല. നികുതി പിരിക്കല്‍ എന്ന പേരില്‍ ലക്കും ലഗാനുമില്ലാത്ത പിടിച്ചു പറി നടത്തുന്ന ഇന്ത്യാ രാജ്യത്തിന്‍റെ കാര്യത്തില്‍ ബുദ്ധിയുള്ളവര്‍ അഭിമാനിക്കുകയുമില്ല. രാജ്യസ്നേഹം ഈമാനില്‍ പെട്ടതാണ് എന്ന ഹദീസ് തെളിവിനു പറ്റാത്ത വിധം അങ്ങേയറ്റം ദുര്‍ബലവുമാണ്. താമസിക്കുന്ന രാജ്യത്തോട് അല്‍പം കൂറ് തോന്നല്‍ നല്ലത് തന്നെ. എന്നാല്‍ രാജ്യസ്നേഹം, രാജ്യാഭിമാനം എന്നീ സങ്കല്‍പ്പങ്ങള്‍ ഫാഷിസത്തിന് വളര്‍ച്ചക്ക് ആക്കം കൂട്ടുന്നവ എന്ന നിലക്ക് എന്നെ തോട്ടില്‍ എറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. മറ്റു ഗ്രഹങ്ങളില്‍ മനുഷ്യരെ കണ്ടെത്തുന്നത് വരെയെങ്കിലും ഭൂമിയാണ് എന്‍റെ രാജ്യം എല്ലാ മനുഷ്യരും എന്‍റെ സഹോദരീ സഹോദരന്മാരാണ് എന്നിങ്ങനെ പ്രതിഞ്ജ തിരുത്തേണ്ടി യിരിക്കുന്നു. ഇന്ത്യാ രാജ്യം ഒരു ശരാശരി രാജ്യം എന്നല്ലാതെ നെഗളിക്കാന്‍ മാത്രം അത്ര വലിയ സംഭവ മൊന്നുമല്ല......
രാജ്യസ്നേഹം എന്നാല്‍ രാജ്യകാരോടുള്ള സ്നേഹമാണ്, സ്നേഹമായിരിക്കണം, നാട്ടിലുള്ള കോടിക്കണക്കായ മനുഷ്യമക്കളോട് ഒരു സ്നേഹവും പ്രതിബദ്ധതയുമില്ലാതെ രാജ്യസ്നേഹവും ദേശാഭിമാനവും വിജ്ര്യംഭിക്കുന്നത് വ്യര്‍ത്ഥമാണ്, കാശ്മീരിന്റെ കാര്യവും തഥൈവ.. കാശ്മീരികളോട് വെറുപ്പ്, കാശ്മീര്‍ നമുക്ക് വേണം താനും ഇതാണ്‍` ദേശാഭിമാനത്തിന്റെ ഇന്ത്യന്‍ പതിപ്പ്..!!
ഞാനൊരു രാജ്യ സ്നേഹിയാണ് എന്ന് വിളിച്ചു പറയേണ്ടി വരുന്ന അവസ്ഥയാണ് ഏറ്റവും പരിതാപകരം. ഇന്ന് ഇന്ത്യയിലെ മുസ്ലിം ജന വിഭാഗം ആ ഒരു അവസ്ഥയെ ഭിയ്ത്യോടെ നോക്കി കാണുന്നു..
Liquor & Prostitution are made as earnings by countries in Middle East & Pakistan not by India..You should imm go out from this great country & enjoy either Pakistan or other stupid countries like KSA / UAE etc
@Santhosh.......അധികമായാല്‍ അമൃതും വിഷം എന്ന പഴമൊഴി രാജ്യ സ്നേഹത്തിന്റെ കാര്യത്തിലും ഒട്ടും പതിരില്ലാത്തതാണ്. ദേശാഭിമാനം അതിരു കടന്നാല്‍ പരദേശനിന്ദയും വിരോധവുമായി മാറുന്നു. രാജ്യസ്നേഹം രാജ്യത്തെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളോടു മാത്രമുള്ള സ്നേഹമാകുമ്പോള്‍ അത് വര്‍ഗീയതയും ഫാഷിസവുമായിത്തീരുന്നു. കശ്മീരിനോടുള്ള നമ്മുടെ സ്നേഹം കശ്മീരികളോടുള്ള സ്നേഹവുമായിരിക്കണം. കശ്മീര്‍ ഇന്ത്യയുടേതാണ് എന്നു പറയുന്നതിനര്‍ഥം കശ്മീരികള്‍ ഇന്ത്യക്കാരും നമ്മുടെ സഹോദരങ്ങളുമാണെന്നാണ്. കശ്മീരികളെ മുഴുവന്‍ കൊന്നുതള്ളിയിട്ടായാലും കശ്മീര്‍ മണ്ണ് ഇന്ത്യയുടേതാക്കണം എന്ന് മോഹിക്കുകയാണെങ്കില്‍ അത് രാജ്യസ്നേഹമല്ല; മണ്ണിനോടുള്ള ആര്‍ത്തി മാത്രമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....