നെറ്റുവര്‍ക്ക് മാര്‍ക്കറ്റിംഗ് ,മണി ചെയിന്‍ ....കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും മന:പാഠമുള്ള വാക്കുകളാണവ....കേരളത്തെ ദ്രുതഗതിയില്‍ ഗ്രസിച്ച്കൊണ്ടിരിക്കുന്ന ഈ മാരക വിപത്തിനെ കുറിച്ചു മാധ്യമം ദിനപത്രം നടത്തിയ അന്വേഷണങ്ങളിലേക്ക്.....
കേരളത്തെ കാത്തിരിക്കുന്നത് മണിചെയിന്‍ കലാപം?
ഫ്രോഡ്‌സ് ഓണ്‍ കണ്‍ട്രി
വലിയ പേക്കാച്ചി തവളയെ വേപ്പെണ്ണയിലിട്ട് ഉണക്കി സ്റ്റഫ്‌ചെയ്ത് ഉടുപ്പിടീച്ച് ലില്ലിപ്പുട്ട് എന്ന കൊച്ചുമനുഷ്യനാണെന്ന് പറഞ്ഞുപോലും മലയാളികളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയവരുണ്ട്.കാന്തക്കിടക്കയും കരാമക്കടത്തും തൊട്ട് മരുഭൂമിയില്‍ സ്ഥലം വാഗ്ദാനം ചെയ്തുള്ള നെറ്റ്‌വര്‍ക് റിയല്‍ എസ്‌റ്റേറ്റുകാര്‍ക്ക് വരെ ഒരേ ശൈലി, ഒരേ രീതി. ഒരു തട്ടിപ്പിന്റെ നിലവിളികള്‍ തീരുമ്പോള്‍ അടുത്ത വഞ്ചന വലനെയ്ത് എത്തുന്നു. 50 പൈസയുടെ തീപ്പെട്ടിവാങ്ങിയാല്‍ കൊള്ളികളെണ്ണിനോക്കി കുറവുകണ്ടെത്തി ഉപഭോക്തൃ കോടതിയെ സമീപിച്ചിരുന്ന മലയാളിയുടെ പ്രബുദ്ധതയെവിടെപ്പോയി.
വിദ്യാ സമ്പന്നരായ വിവരമില്ലാത്തവരാവുകയാണോ നാം. കോടികള്‍ തട്ടുന്ന ധന-വ്യാപാര-വാണിജ്യ ശൃംഖലകളുടെ നീരാളിക്കൈകളെക്കുറിച്ചും നോക്കുകുത്തിയാവുന്ന നിയമങ്ങളെക്കുറിച്ചും വീണ്ടും മാധ്യമം നടത്തുന്ന അന്വേഷണം ഇന്നുമുതല്അമ്പലപ്പുഴ പാല്‍പായസവും ആംവെയും തമ്മിലുള്ള ബന്ധമെന്താണ്. ജ്യോമെട്രിക്കല്‍ പ്രോഗഷനെ കുറിച്ചുള്ള ക്ലാസുകളില്‍ മാത്രമല്ല, ഐതിഹ്യമായും മലയാളി ഏറെ കേട്ട ഈ കഥയുടെ സാരാംശം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഒന്നിനുശേഷം എത്രയോ പൂജ്യങ്ങള്‍ വരുന്ന വന്‍തുകയുടെ തട്ടിപ്പില്‍നിന്ന് മലയാളി രക്ഷപ്പെടുമായിരുന്നു. ചതുരംഗപ്രിയനായ അമ്പലപ്പുഴ രാജാവിന്റെ അഹങ്കാരം ശമിപ്പിക്കുന്നതിനായി ഒരു വൃദ്ധന്റെ വേഷത്തിലെത്തിയ ഭഗവാന്‍ ശ്രീകൃഷ്ണന്‍ രാജാവിനെ കളിയില്‍ തോല്‍പിക്കുന്നു. സമ്മാനമായി എന്ത് പ്രതിഫലവും വാഗ്ദാനം ചെയ്ത രാജാവിനോട് വൃദ്ധന്‍ പറഞ്ഞത് തനിക്ക് ചതുരംഗക്കളത്തിന്റെ 64 കള്ളികളിലും നിറയുന്ന രീതിയില്‍ കുറേ നെന്മണികള്‍ വേണമെന്നാണ്. അതായത് ആദ്യകളത്തില്‍ ഒന്ന്, രണ്ടാം കളത്തില്‍ രണ്ട്, മൂന്നാംകളത്തില്‍ നാല്, നാലാം കളത്തില്‍ എട്ട് എന്നിങ്ങനെ. ഇതുകേട്ട രാജാവ്, ഇത്രയും നിസ്സാരമായ സമ്മാനമാണോ ചോദിക്കുന്നതെന്നും കുറേക്കൂടി വലിയത് ചോദിക്കാനും നിര്‍ബന്ധിച്ചെങ്കിലും വൃദ്ധന്‍ സ്‌നേഹപൂര്‍വം അക്കാര്യം തള്ളിക്കളഞ്ഞു. അരി അളന്നു തുടങ്ങിയപ്പോഴാണ് രാജാവിന്റെ കണ്ണു തള്ളിയത്.
ആദ്യ 20 കള്ളി എത്തിയപ്പോഴേക്കും ധാന്യമണികളുടെ എണ്ണം പത്തുലക്ഷമായി. 40 കള്ളിയില്‍ എത്തിയപ്പോഴേക്കും അത് ഒന്നിനു ശേഷം 12 പൂജ്യങ്ങളുള്ള മഹാസംഖ്യയായി. എങ്ങനെയെങ്കിലും ഒരു കളം നിറച്ചാല്‍ അടുത്ത കളം നിറക്കാന്‍ അതിന്റെ ഇരട്ടിവേണം (64 കളങ്ങളും നിറക്കാന്‍ വേണ്ട സംഖ്യ ഇതാണ് -18,14,46,74,40,73,70,95,51,615!). ഇങ്ങനെ ഭഗവാനുമുന്നില്‍ കടക്കാരനായ രാജാവ് അമ്പലപ്പുഴ പായസംവെച്ച് ഇന്നും കടം വീട്ടുകയാണെന്നാണ് ഐതിഹ്യം.
നിസ്സാരമായ ഈ നാലാംക്ലാസ് ഗണിതശാസ്ത്ര തത്ത്വം മറന്നുകൊണ്ടാണ് റിട്ടയേഡ് പ്രഫസര്‍മാരും എന്‍ജിനീയര്‍മാരുമൊക്കെ നാട്ടുകാര്‍ക്ക് നെറ്റ്‌വര്‍ക് കമ്പനികളുടെ ചങ്ങലക്കണ്ണികളെകുറിച്ച് ക്ലാസെടുക്കുന്നത്.
ഒരു കമ്പനിയുടെ സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ ആറു സുഹൃത്തുക്കളെ കണ്ണി ചേര്‍ക്കുന്നുവെന്നിരിക്കട്ടെ. അവര്‍ ആറുപേരും കൂടി 36 പേരെ ചേര്‍ക്കുന്നു. 36 പേരും ആറു പേരെ വീതം ചേര്‍ക്കുമ്പോള്‍ 216 പേര്‍ ചങ്ങലയില്‍ കണ്ണികളാവുന്നു. കണ്ണികളുടെ എണ്ണം വര്‍ധിക്കുംതോറും നിങ്ങള്‍ക്ക് കമീഷന്‍ ലഭിക്കുമെന്നാണ് വാഗ്ദാനം. നാനോ എക്‌സല്‍ മുതല്‍ ആംവെയും ആര്‍.എം.പിയും വരെ അനവധി കമ്പനികള്‍ ലോകമെങ്ങും ജനങ്ങളെ പറ്റിച്ച് കോടികള്‍ തട്ടുന്നത് ദിവസവും വളരുന്ന ഈ കണ്ണികളുടെ ലാഭത്തിന്റെ കഥ പറഞ്ഞ് മോഹിപ്പിച്ചാണ്. എന്നാല്‍, ഈ കണ്ണിചേര്‍ക്കല്‍ പരിപാടി നടപ്പില്ലെന്ന് മനസ്സിലാക്കാന്‍ അമ്പലപ്പുഴ മോഡല്‍ ലളിതമായ കണക്ക് മാത്രം അറിഞ്ഞാല്‍ മതി. 216 പേര്‍ ആറു പേരെ വീതം കണ്ണി ചേര്‍ക്കുമ്പോള്‍ 1296, അവരും ചേര്‍ത്താല്‍ 7776... ഇങ്ങനെ നീളുന്ന കണ്ണി 13ാമത്തെ ഘട്ടത്തില്‍ എത്തണമെങ്കില്‍ 13,06,06,94, 016 പേര്‍ ചേരണം. ഇതൊരിക്കലും നടക്കില്ല. കാരണം, ലോകജനസംഖ്യയെക്കാള്‍ വളരെ കൂടിയ എണ്ണമാണത്! ഇതു മനസ്സിലാക്കാതെയാണ് 15ാമത്തെ സ്‌റ്റേജിലെത്തിയാല്‍ 'ക്യാപ്റ്റനാക്കാമെന്നും' 20ാം സ്‌റ്റേജിലെത്തിയാല്‍ 'കിങ്' ആക്കാമെന്നുമൊക്കെയുള്ള നെറ്റ്‌വര്‍ക് കമ്പനികളുടെ തട്ടിവിടല്‍. അതുകൊണ്ടുതന്നെ എന്ത് ന്യായവാദങ്ങള്‍ നിരത്തിയാലും അടിമുടി വഞ്ചനയാണ് നെറ്റ്‌വര്‍ക്-മണിചെയിന്‍ മാര്‍ക്കറ്റിങ്ങില്‍ സംഭവിക്കുന്നത്.
നമ്മള്‍ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് എന്ന് വിളിക്കുന്ന തട്ടിപ്പിനെ ആഗോള സാമ്പത്തിക വിദഗ്ധര്‍ 'പിരമിഡ് സ്‌കീം' അഥവാ 'ശൃംഖലാ പദ്ധതി' എന്നാണ് വിളിക്കുന്നത്. അതിജീവിക്കാന്‍ കഴിയാത്ത അശാസ്ത്രീയ വ്യാപാര കുതന്ത്രം എന്നാണ് നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് രീതിയെ വാണിജ്യവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. പിരമിഡ് സ്‌കീം പല തരത്തിലുണ്ട്. നാനോ എക്‌സല്‍ മാതൃകയിലുള്ള സാധന വില്‍പന രീതി, ബിസാര്‍ മോഡല്‍ ലാഭ വാഗ്ദാനം, നിക്ഷേപം സ്വീകരിച്ച് വന്‍ പലിശ വാഗ്ദാനം ചെയ്യല്‍, പണം മുടക്കി ഒരു ഉല്‍പന്നം വാങ്ങാന്‍ അഞ്ചോ ആറോ പേരെ എത്തിച്ചാല്‍ എത്തിക്കുന്നയാള്‍ക്ക് സൗജന്യമായി ഉല്‍പന്നം നല്‍കുന്ന രീതി എന്നിങ്ങനെ പലതും. ഓരോന്നിനും കുറ്റാന്വേഷണ വിദഗ്ധര്‍ വ്യത്യസ്ത പേരുകളും നല്‍കിയിട്ടുണ്ട്. പോണ്‍സി സ്‌കീം, ഫ്രാഞ്ചൈസി ഫ്രോഡ്, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്, ബെനിഫിറ്റ് ഫ്രോഡ് എന്നിങ്ങനെ. എല്ലാത്തരം തട്ടിപ്പിലും ചൂഷണം ചെയ്യുന്നത് മനുഷ്യന്റെ ലാഭമോഹത്തെ തന്നെ.
ബിസാര്‍ മാതൃകയില്‍ ലാഭം വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകളെ 'പോണ്‍സി സ്‌കീം' എന്നാണ് ലോകമെങ്ങും വിളിക്കുന്നത്. 1920കളില്‍ ഇത്തരം തട്ടിപ്പ് നടത്തിയ ഇറ്റലിക്കാരനായ ചാള്‍സ് പോണ്‍സിയില്‍ നിന്നാണ് ഈ പേരു കിട്ടിയത്. 45 ദിവസത്തിനുള്ളില്‍ 50 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ആളുകളില്‍നിന്നാണ് ചാള്‍സ് പോണ്‍സി അക്കാലത്ത് പണം പിടുങ്ങിയത്. എന്നാല്‍, ഇത്തരം തട്ടിപ്പ് കണ്ടുപിടിച്ചത് പോണ്‍സിയൊന്നുമല്ല. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വന്‍ മണിചെയിന്‍ തട്ടിപ്പ് നടന്നത് 1899ല്‍ ആണ്. ന്യൂയോര്‍ക്കില്‍ വില്യം മില്ലര്‍ എന്ന വ്യാപാരി ആഴ്ചയില്‍ പത്തു ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നൂറുകണക്കിനാളുകളില്‍നിന്ന് പണം വാങ്ങി മുങ്ങി. 1930ല്‍ സ്വീഡനിലും 1970 മുതല്‍ പോര്‍ചുഗലിലും 84ല്‍ ദക്ഷിണാഫ്രിക്കയിലും 78ല്‍ അമേരിക്കയിലും സമാനമായ തട്ടിപ്പുകള്‍ അരങ്ങേറി. എല്ലായിടത്തും അടിസ്ഥാന തട്ടിപ്പുതന്ത്രം ഒന്നുതന്നെയായിരുന്നു. മണിചെയിന്‍ തട്ടിപ്പുകളുടെ ബുദ്ധികേന്ദ്രങ്ങള്‍ ഒരു രാജ്യത്തു മാത്രം ഒരിക്കലും ഒതുങ്ങിയിട്ടില്ല. പലകാലത്ത് പല പേരില്‍ മിക്ക രാഷ്ട്രങ്ങളിലും കണ്ണി ചേര്‍ക്കല്‍ തട്ടിപ്പ് അരങ്ങേറിയിട്ടുണ്ട്.
പക്ഷേ, ഒരു കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം. നമ്മള്‍ മാത്രമല്ല, അതിബുദ്ധിമാന്മാരെന്ന് അഭിമാനിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ പൗരന്മാരും ഒരു കാലത്ത് ഇത്തരം ശൃംഖലാ തട്ടിപ്പുകളുടെ കെണിയില്‍വീണ് പൊള്ളിയിട്ടുണ്ട്. അവിടങ്ങളിലൊക്കെ ഭരണകൂടങ്ങള്‍ക്ക് അല്‍പംകൂടി ഉത്തരവാദിത്തം ജനങ്ങളോട് ഉള്ളതിനാല്‍ തട്ടിപ്പു കമ്പനികള്‍ക്ക് വേഗം പിന്‍വലിയേണ്ടി വന്നു എന്നുമാത്രം. അമേരിക്കയടക്കം ലോകത്ത് 20 രാജ്യങ്ങളില്‍ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് നിയമവിരുദ്ധമാണ്. കണ്ണി ചേര്‍ക്കാന്‍ ഇറങ്ങിയാല്‍ അകത്താവും. ശുദ്ധതട്ടിപ്പെന്ന ഗണത്തില്‍പെടുത്തി നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് നിരോധിച്ച രാജ്യങ്ങളില്‍ അല്‍ബേനിയ, ആസ്‌ട്രേലിയ, ബ്രസീല്‍, ചൈന, കാനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഫിലിപ്പീന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, പോര്‍ചുഗല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. (എന്നാല്‍, നെറ്റ്‌വര്‍ക്കുകാര്‍ ഇതൊന്നും സമ്മതിച്ചുതരില്ല, ലോകം മുഴുക്കെ തങ്ങളുടെ കണ്ണികള്‍ വ്യാപിച്ചുകിടക്കുന്നെന്നാണ് പുളുവടി) എന്നിട്ടും ഇന്റര്‍നെറ്റ്‌വഴി ചിലപ്പോഴൊക്കെ ഈ രാജ്യങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ ഇന്നും അരങ്ങേറുന്നു.
കൂട്ടത്തോടെ അരങ്ങേറിയ മണിചെയിന്‍ തട്ടിപ്പുകള്‍ ലോകത്ത് ചില രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ നിലംപതിക്കാനും ആയിരങ്ങള്‍ മരിക്കാനും കാരണമായിട്ടുണ്ട്! യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയയില്‍ 1997ല്‍ നടന്ന മണിചെയിന്‍ കലാപം ഇത്തരത്തില്‍ ഒന്നായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ അരങ്ങേറിയ ബിസാര്‍ തട്ടിപ്പിന്റെ മാതൃകയില്‍ നിരവധി നിക്ഷേപങ്ങളിലായി പണമിട്ടവര്‍ വഞ്ചിതരായപ്പോള്‍ കൂട്ടത്തോടെ അല്‍ബേനിയക്കാര്‍ തെരുവുകളിലിറങ്ങി. 2,000 പേരാണ് മരിച്ചുവീണത്. സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തു. ജനങ്ങളെ ഇത്തരം തട്ടിപ്പുകളിലേക്ക് ആകര്‍ഷിച്ചവരില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പൊലീസുകാരും ധാരാളമായി ഉണ്ടായിരുന്നുവെന്നതാണ് അല്‍ബേനിയയില്‍ ജനരോഷം സര്‍ക്കാറിനു നേരെ തിരിച്ചുവിട്ടത്. ബിസാര്‍ മാതൃകയില്‍ ഷോപ്പിങ് വ്യാപാര മണിചെയിന്‍ നടത്തി 2003ല്‍ അമേരിക്കയില്‍ പത്തുകോടി ഡോളര്‍ തട്ടിയത് ഫിന്‍ലാന്‍ഡ് ക്രിമിനലുകളായിരുന്നു. ഇന്റര്‍നെറ്റ് വഴിയായിരുന്നു 'വിന്‍കാപിറ്റ' എന്ന വ്യാജ കമ്പനിയുടെ പ്രചാരണം. അയര്‍ലന്‍ഡില്‍ 2006ല്‍ അരങ്ങേറിയ മണിചെയിന്‍ തട്ടിപ്പുകള്‍ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തന്നെ തകര്‍ത്തു. 2008 നവംബറില്‍ കൊളംബിയയില്‍ മണിചെയിന്‍ തട്ടിപ്പിന് ഇരയായവര്‍ തെരുവിലിറങ്ങിയതോടെ ദിവസങ്ങള്‍ നീണ്ട കലാപം അരങ്ങേറി.
കോടികള്‍ വെട്ടിച്ച്, തകര്‍ന്ന് നമ്മുടെ നാടും മറ്റൊരു മണിചെയിന്‍ കലാപത്തെ കാത്തിരിക്കയാണോ
തുടര്‍ന്നുള്ള ഭാഗങ്ങള്‍ താഴെ വായിക്കുക
തുടര്‍ന്നുള്ള ഭാഗങ്ങള്‍ താഴെ വായിക്കുക
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....