നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ജൂലൈ 31, 2011

പ്രതിഫലദായകമായ രാത്രിനമസ്കാരം


ബാദത്തുബ്നുസ്സ്വാമിതി(റ)ല്‍നിന്ന് നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "ആരെങ്കിലും ഉറക്കില്‍നിന്നെഴുന്നേറ്റ് 
അല്ലാഹുവല്ലാതെ യാതൊരു
 ഇലാഹുമില്ല, അവന്‍ 
ഏകനാകുന്നു, അവന് 
പങ്കുകാരാരുമില്ല, അവന്നാകുന്നു ആധിപത്യം, അവന്നാകുന്നു 
സര്‍വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രെ. അല്ലാഹു പരിശുദ്ധനാകുന്നു. അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല. അല്ലാഹുവാകുന്നു മഹാന്‍. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും യാതൊരു കഴിവും ശക്തിയുമില്ല എന്ന് പറയുകയും തുടര്‍ന്ന് എന്റെ നാഥാ എനിക്ക് പൊറുത്തുതരേണമേ എന്നു പറഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ പ്രാര്‍ഥന സ്വീകരിക്കും. പിന്നീടവന്‍ വുദൂ ചെയ്ത് നമസ്കരിച്ചാല്‍ അവന്റെ നമസ്കാരവും അല്ലാഹു സ്വീകരിക്കും'' (ബുഖാരി).
അല്‍പം ഉറങ്ങിയെണീറ്റ് നമസ്കരിക്കുന്ന നിശാനമസ്കാരത്തിന്റെ (തഹജ്ജുദ്) പ്രാധാന്യവും പുണ്യവും ഊന്നിപ്പറയുന്ന അനേകം ഹദീസുകളിലൊന്നാണിത്. പൂര്‍വഗാമികളുടെ ചര്യകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു രാത്രിനമസ്കാരം. പ്രവാചകന്‍(സ) മരണം വരെ തുടര്‍ന്ന ചര്യയും. റസൂല്‍(സ) തന്റെ അവസാനനാളുകളില്‍ കാലില്‍ നീരുവന്ന് വീര്‍ക്കുവോളം ദീര്‍ഘമായി ഖിയാമുല്ലൈല്‍ നിര്‍വഹിച്ചിരുന്നു. 'വരാനിരിക്കുന്ന പാപങ്ങളുള്‍പ്പെടെ പൊറുക്കപ്പെട്ട താങ്കളെന്തിന് ഇത്ര കഷ്ടപ്പെടുന്നു' എന്നാരാഞ്ഞ അനുചരന്മാര്‍ക്ക് അവിടുന്ന് നല്‍കിയ മറുപടി ഇതായിരുന്നു: 'ഞാനൊരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?'

അല്ലാഹുവിനോടുള്ള ഹൃദയാനുരാഗവും അടുപ്പവുമാണ് വിശ്വാസിയെ ഉറക്കംവിട്ടുണര്‍ന്ന് നമസ്കാരത്തിലും ഖുര്‍ആന്‍പാരായണത്തിലും പ്രാര്‍ഥനയിലും മുഴുകാന്‍ പ്രേരിതനാക്കുന്നത്. വലിയ ത്യാഗം ആവശ്യപ്പെടുന്ന കര്‍മമാണ് രാത്രിനമസ്കാരം. തണുപ്പുള്ള രാത്രിയില്‍ സുഖനിദ്ര വെടിഞ്ഞ് തണുത്തുറഞ്ഞ വെള്ളം കൊണ്ട് വുദൂ ചെയ്ത് നമസ്കരിക്കുന്ന വിശ്വാസി അല്ലാഹുവിന്റെ പ്രീതിക്കായി എന്തും സമര്‍പ്പിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് പ്രഖ്യാപിക്കുകയാണല്ലോ ചെയ്യുന്നത്. നല്ല ഈമാനും ദൈവബോധവുമുള്ളവര്‍ക്കേ അത് സാധ്യമാകൂ. അര്‍ധരാത്രിക്കുശേഷമുള്ള നമസ്കാരത്തേക്കാള്‍ പ്രയാസകരമായ മറ്റൊരു കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ഹസന്‍ ബസ്വരി (റ) പറഞ്ഞത് അതിനാലാണ്.
നിശാസമയത്തെ പ്രാര്‍ഥനയും നമസ്കാരവും അല്ലാഹു സ്വീകരിക്കുമെന്ന കാര്യമാണ് ഉദ്ധൃതഹദീസില്‍ പ്രവാചകന്‍(സ) ഊന്നിപ്പറയുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ അവിടുന്ന് പറഞ്ഞു: "രാത്രിയില്‍ ഒരു സമയമുണ്ട്. ആ സമയത്ത് ഒരടിമ അല്ലാഹുവിനോടു ചോദിക്കുന്ന ഏതു നന്മയും അല്ലാഹു അവന് നല്‍കും. എല്ലാ രാത്രിയിലും ആ സമയമുണ്ട്'' (മുസ്ലിം). അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവുമാണ് വിശ്വാസിയുടെ ഏറ്റവും വലിയ ലക്ഷ്യവും ആഗ്രഹവും. അത് കരഗതമാക്കാനുള്ള അസുലഭാവസരമാണ് അര്‍ധരാത്രിയിലെ ദൈവസ്മരണ വഴി അവര്‍ക്ക് ലഭിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വവും പരിശുദ്ധിയും കഴിവും മഹത്വവുമെല്ലാമാണ്, രാത്രിവേളയിലെ സ്വീകരിക്കപ്പെടുന്ന പ്രാര്‍ഥനയില്‍ പ്രവാചകന്‍(സ) ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എപ്പോള്‍ ഉരുവിട്ടാലും വലിയപ്രതിഫലം റസൂല്‍ വാഗ്ദാനം ചെയ്ത ദിക്റുകളാണ് ലാ ഇലാഹ ഇല്ലല്ലാഹ്, സുബ്ഹാനല്ലാഹ്, അല്ലാഹു അക്ബര്‍ എന്നിവ. ഏകാന്തതയില്‍ അല്ലാഹുവുമായി സന്ധിക്കാന്‍ വിശ്വാസി തെരഞ്ഞെടുക്കുന്ന അനര്‍ഘവേളയില്‍ ആ ദിക്റുകള്‍ ഉരുവിടുന്നത് ഏറെ അര്‍ഥഗര്‍ഭവും പ്രതിഫലദായകവുമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. 'അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരേണമേ' എന്ന പാപമോചനപ്രാര്‍ഥനയാണ് മറ്റൊന്ന്. ഉറക്കമെണീറ്റ് അപ്രകാരം പ്രാര്‍ഥിച്ചാല്‍ അത് സ്വീകരിക്കപ്പെടുമെന്നാണ് റസൂല്‍(സ) സന്തോഷവാര്‍ത്ത അരുളിയിരിക്കുന്നത്.
രാത്രിനമസ്കാരക്കാര്‍ നിശാസമയലബ്ധിയില്‍ വലിയ ആനന്ദവും ആഹ്ളാദവുമാണനുഭവിക്കുന്നത്. രാത്രിയില്ലെങ്കില്‍ ഈ ലോകത്തെ ജീവിതം തന്നെ ഇഷ്ടപ്പെടാത്തവരായിരുന്നു മഹാന്മാര്‍. മനസ്സും കര്‍മവും ഒന്നായിച്ചേരുന്ന സന്ദര്‍ഭമാണത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ അത്യാവശ്യകാര്യങ്ങള്‍ക്കേ മനുഷ്യന്‍ എഴുന്നേല്‍ക്കാറുള്ളൂ. കാരണം വെറുതെ ഉറക്കം കളയുന്നത് വെറുക്കുന്നവരാണ് മനുഷ്യര്‍. എന്നാല്‍, ഏറ്റവും അമൂല്യമായ ആ സമയത്ത് നമസ്കാരത്തിന് എഴുന്നേല്‍ക്കുന്നവര്‍ അതേറ്റവും വലിയ ഒരാവശ്യമായി മനസ്സിലാക്കുന്നതുകൊണ്ടാണല്ലോ അപ്രകാരം ചെയ്യുന്നത്. മനസ്സും കര്‍മവും ഒന്നായിച്ചേര്‍ന്ന പ്രസ്തുത സമയത്തെ തേട്ടങ്ങള്‍ ചൈതന്യവത്തായിത്തീരുന്നത് അതിനാലാണ്. ആ ത്യാഗമാകട്ടെ അല്ലാഹു ഏറെ വിലമതിക്കുകയും ചെയ്യുന്നു. പ്രവാചകന്‍(സ) അരുളി: "ആരെങ്കിലും രാത്രിയില്‍ ഉണരുകയും സ്വന്തം ഭാര്യയെ വിളിച്ചുണര്‍ത്തുകയും ഇരുവരും രണ്ടു റക്അത്ത് നമസ്കരിക്കുകയുമാണെങ്കില്‍ അല്ലാഹുവിനെ ധാരാളം സ്മരിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു അവരുടെ പേരുകളും എഴുതിച്ചേര്‍ക്കും'' (അബൂദാവൂദ്).
(കടപ്പാട് ;എഫ്.ആര്‍ )

5 അഭിപ്രായങ്ങള്‍:

സബിത അനീസ്‌ പറഞ്ഞു... മറുപടി

അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ .............

ANSAR NILMBUR പറഞ്ഞു... മറുപടി

രാത്രിയുടെ അവസാന യാമത്തില്‍ കിയാമുല്ലൈല്‍ നിര്‍വഹിക്കല്‍ ആണ് ഏറെ ശ്രേഷ്ഠകരം. ആ സമയത്തെ നമസ്കാരത്തില്‍ മലക്കുകളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് റസൂല്‍ പറഞ്ഞിട്ടുണ്ട്......

Jefu Jailaf പറഞ്ഞു... മറുപടി

രാത്രി നിസ്കാരത്തിന്റെ പരിചയപ്പെടുത്തുന്ന നല്ലൊരു പോസ്റ്റ്‌.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

"റസൂല്‍(സ) തന്റെ അവസാനനാളുകളില്‍ കാലില്‍ നീരുവന്ന് വീര്‍ക്കുവോളം ദീര്‍ഘമായി ഖിയാമുല്ലൈല്‍ നിര്‍വഹിച്ചിരുന്നു. 'വരാനിരിക്കുന്ന പാപങ്ങളുള്‍പ്പെടെ പൊറുക്കപ്പെട്ട താങ്കളെന്തിന് ഇത്ര കഷ്ടപ്പെടുന്നു' എന്നാരാഞ്ഞ അനുചരന്മാര്‍ക്ക് അവിടുന്ന് നല്‍കിയ മറുപടി ഇതായിരുന്നു: 'ഞാനൊരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?"...................നമുക്കൊന്നും നന്ദിയുള്ള അടിമകള്‍ ആകെണ്ടതില്ലേ............??

jameel ahmed പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....