നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

തിങ്കളാഴ്‌ച, ജൂൺ 20, 2011

ജമാഅത്തെ ഇസ്ലാമി മൌദൂദി സാഹിബിന്റെ മദ്ഹബ്!



ചോ: '97 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ശബാബ് സെമിനാര്‍ പതിപ്പ്-97 എന്ന വിശേഷാല്‍ പ്രതിയില്‍'കേരളത്തിലെ മുസ്ലിം സംഘടനകള്‍: ഒരു വിലയിരുത്തല്‍' എന്ന ശീര്‍ഷകത്തിലുള്ള കരുവള്ളി മുഹമ്മദ് മൌലവിയുടെ ലേഖനത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തിയത് ഇവിടെ ഉദ്ധരിക്കുന്നു: "അബുല്‍ അഅ്ലാ മൌദൂദി സാഹിബിന്റെ മദ്ഹബ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ജമാഅത്ത്. പൊതുജനങ്ങളില്‍ കാണുന്ന അനിസ്ലാമിക വിശ്വാസാചാരങ്ങളെ എതിര്‍ക്കുന്നതില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കുന്നു. പൊതുജനാഭിപ്രായം അനുകൂലമാക്കി എടുക്കാന്‍ ചിലപ്പോള്‍ അത്തരം അനാചാരങ്ങള്‍ക്കു നേരെ മൌനം പാലിക്കുകയും അതൊക്കെ ശാഖാപരമാണെന്നു പറഞ്ഞ് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഇസ്ലാം ഒരു ഭരണവ്യവസ്ഥിതിയാണെന്ന മൌദൂദിസാഹിബിന്റെ തത്ത്വവും ന്യായീകരണത്തിനായി മതത്തിലെ ചില സാങ്കേതിക പദങ്ങള്‍ക്ക് പൂര്‍വപണ്ഡിതന്മാരില്‍നിന്ന് വിഭിന്നമായ അര്‍ഥവ്യാഖ്യാനങ്ങള്‍ നല്‍കുന്നു. ഒരു പ്രജായത്ത മതേതരരാഷ്ട്രത്തില്‍ ദൈവിക(ഇസ്ലാമിക) അടിസ്ഥാനത്തിലുള്ള ഭരണസ്ഥാപനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇവിടത്തെ ബഹുഭൂരിപക്ഷ വിഭാഗം ഭരണം അവരുടെ മതാടിസ്ഥാനത്തിലായിരിക്കണമെന്ന് പറയാതിരിക്കില്ലല്ലോ.
അതാണ് ഇപ്പോള്‍ അനുഭവത്തില്‍ സംഭവിച്ചതും. ഹുകൂമത്തെ ഇലാഹിയുടെ അടിസ്ഥാനത്തില്‍ ഇവിടത്തെ ഭരണകൂടത്തില്‍ ഉദ്യോഗം സ്വീകരിക്കുന്നതും കോടതികളെ സമീപിക്കുന്നതും സര്‍ക്കാര്‍സഹായം തേടുന്നതും തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നതുമെല്ലാം അവര്‍ ഹറാമും ശിര്‍ക്കുമാക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ അതൊക്കെ ഹലാലായി. മദ്ഹബിലെ യാഥാസ്ഥിതിക വാദികള്‍ക്ക് അവസരോചിതം ഹറാമും ഹലാലും പറയേണ്ടി വന്ന ഗതികേട് ജമാഅത്തുകാര്‍ക്കും വന്നുപെട്ടു. ദൈവികേതര ഭരണത്തില്‍ സഹകരിക്കുന്നത് ശിര്‍ക്കാണെന്ന പദത്തില്‍നിന്ന് പിറകോട്ട് പോയി ദൈവത്തെ തന്നെ നിഷേധിക്കുന്നവരെ ഭരണത്തിലെത്തിക്കുന്നതിനായി പരിശ്രമിക്കുന്നിടത്താണ് ഇപ്പോള്‍ എത്തിയത്. വിശദീകരണം എന്തുതന്നെയായാലും, ആലോചനയും ദീര്‍ഘദൃഷ്ടിയുമില്ലാത്ത നേതൃത്വത്തെയാണ് ഇത് കുറിക്കുന്നത്. ഭരണമില്ലാത്ത മതം ഏട്ടിലെ പശുവാണെന്ന് പറയുന്ന സുഹൃത്തുക്കളോട് തൌഹീദില്ലാത്ത മതം ജീവനില്ലാത്ത ശരീരമാണെന്ന് ഉണര്‍ത്തിക്കൊള്ളട്ടെ.'' പ്രതികരണം?

ഉ: സാമാന്യം സംസ്കാരസമ്പന്നരെന്ന് കരുതപ്പെടുന്നവരെപ്പോലും അന്ധമായ കക്ഷിപക്ഷപാതിത്വം എത്രത്തോളം അധഃപതിപ്പിക്കുന്നമെന്നതിന് മികച്ച ഉദാഹരണമാണ് കരുവള്ളി മുഹമ്മദ് മൌലവിയുടെ ഉപര്യുക്ത വരികള്‍. സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയോടും ജമാഅത്തെ ഇസ്ലാമിയോടും എത്രതന്നെ അഭിപ്രായവ്യത്യാസങ്ങളുണ്െടങ്കിലും, മൌദൂദിക്ക് പ്രത്യേകമായ ഒരു മദ്ഹബ് ഉണ്ടായിരുന്നില്ലെന്നും ജമഅത്തെ ഇസ്ലാമി ഒരു മദ്ഹബ് അല്ലെന്നും അംഗീകരിക്കാനുമുള്ള ബുദ്ധിപരമായ സത്യസന്ധതപോലും കരുവള്ളി മൌലവിക്കില്ലാതെ പോയി. ഇല്‍മുല്‍ കലാം (ദൈവശാസ്ത്രം), ഫിഖ്ഹ് (കര്‍മശാസ്ത്രം) എന്നീ രണ്ട് മേഖലകളിലും പൂര്‍വീകരില്‍നിന്ന് ഭിന്നമായ മദ്ഹബുകള്‍ മൌദൂദി അവതരിപ്പിച്ചിട്ടില്ല. നേരത്തേയുള്ള ഭിന്ന വീക്ഷണങ്ങളില്‍നിന്ന് സ്വന്തമായ വിവേചനബുദ്ധി ഉപയോഗിച്ച് സ്വീകരിക്കുകയോ നിരസിക്കുകയോ ആണ് അദ്ദേഹം ചെയ്തത്. അക്കാര്യത്തില്‍തന്നെ, തന്റെ വീക്ഷണങ്ങള്‍ സ്വീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമി ബാധ്യസ്ഥമല്ലെന്നും അദ്ദേഹം തുടക്കത്തിലേ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയാകട്ടെ, ഒരു കാര്യത്തിലും മൌലാനാ മൌദൂദിയുടെ വീക്ഷണങ്ങളെ അന്ധമായി സ്വായത്തമാക്കിയില്ല. വിശുദ്ധ ഖുര്‍ആനും സുന്നത്തും പൂര്‍വീക മഹാത്മാക്കളുടെ നിഗമനങ്ങളും ആധാരമാക്കി, കൂടിയാലോചനകളിലൂടെ രൂപപ്പെട്ടതാണ് ജമാഅത്തിന്റെ ആദര്‍ശവും ലക്ഷ്യവും നയപരിപാടികളും. ജനങ്ങളില്‍ കാണുന്ന അനിസ്ലാമിക വിശ്വാസാചാരങ്ങളെ ഏറ്റവും ശക്തമായി എതിര്‍ക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. എന്നാല്‍, അനിസ്ലാമിക വിശ്വാസാചാരങ്ങള്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ശിര്‍ക്ക്-ബിദ്അത്തുകളായി കണക്കാക്കുന്നതില്‍ പരിമിതമാണെന്ന സങ്കല്‍പം ജമാഅത്തിനില്ല. മത-രാഷ്ട്രവിഭജനം,ശാസ്ത്രീയ സോഷ്യലിസം, കമ്യൂണിസം,മുതലാളിത്തം തുടങ്ങിയ ഭൌതികാദര്‍ശങ്ങളും ഇസ്ലാമിക വീക്ഷണത്തില്‍ അനിസ്ലാമികങ്ങളാണ്; ഖബ്ര്‍ പൂജയും ഇസ്തിഗാസയും മാലമൌലിദുകളും പോലെ അവയും ഉപേക്ഷിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരുമാണ്. ഇത് അംഗീകരിക്കാന്‍ കരുവള്ളിക്കും സമാന മനസ്കര്‍ക്കും സാധിക്കാതിരിക്കുന്നത് "ദൈവത്തിനുള്ളത് ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക്'' എന്ന അനിസ്ലാമിക ക്രൈസ്തവ ഭൌതികസങ്കല്‍പം പ്രയോഗത്തില്‍ സ്വീകരിച്ചതുകൊണ്ടാണ്.
ഇസ്ലാം ഒരു ഭരണവ്യവസ്ഥിതിയാണെന്ന് മൌദൂദി പറഞ്ഞില്ല. ഇസ്ലാമില്‍ ഭരണവ്യവസ്ഥിതി കൂടിയുണ്െടന്നും അതിന്റേതായ പ്രസക്തിയും പ്രാധാന്യവും അതിനുണ്െടന്നും ചൂണ്ടിക്കാട്ടി. ഖുര്‍ആനും പ്രവാചകചര്യയും ഖിലാഫതുര്‍റാശിദയുടെ മാതൃകയും അടിസ്ഥാനമാക്കി തന്റെ വീക്ഷണങ്ങളെ അദ്ദേഹം ശക്തമായി ന്യായീകരിച്ചു. ഈ വീക്ഷണങ്ങളെ പ്രഗല്‍ഭരും മുജ്തഹിദുകളുമായ ആധുനിക പണ്ഡിതന്മാര്‍ ശരിവയ്ക്കുകയും ചെയ്യുന്നു. രാഷ്ട്രം മതാധിഷ്ഠിതമോ മതേതരമോ ഏകാധിപത്യപരമോ ജനാധിപത്യപരമോ ഏതായിരുന്നാലും ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ദീന്‍ എന്നതാണ് ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിയ മുദ്രാവാക്യം. മനുഷ്യനിര്‍മിത ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍, മാനവലോകത്തിന് ദുരിതങ്ങളും ദുരന്തങ്ങളും മാത്രം സമ്മാനിച്ചുകഴിഞ്ഞ വര്‍ത്തമാനകാലത്തും മുജാഹിദ് പണ്ഡിതന്മാര്‍ക്ക് കണ്ണുതുറക്കാത്തത് ഇസ്ലാമിന്റെ സമഗ്രവും പൂര്‍ണവുമായ വിഭാവനം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക ഭരണസങ്കല്‍പമാണ്, ഭൂരിപക്ഷ മതാധിഷ്ഠിത ഭരണവാദത്തിന് നിമിത്തമായതെന്ന ദുരാരോപണം കളങ്കപങ്കിലമായ സ്വന്തം ഭൂതകാലം മറച്ചുവയ്ക്കാനുള്ള വ്യഗ്രതയല്ലാതെ മറ്റൊന്നുമല്ല. 1920-കളില്‍ ആര്‍.എസ്.എസ് നിലവില്‍ വന്നതുതന്നെ ഹിന്ദുരാഷ്ട്രവാദവുമായിട്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി രൂപീകൃതമായത് 1941-ലും. ഹിന്ദുത്വവാദികള്‍ക്ക് ശക്തിയും വാശിയും പകര്‍ന്നത് ജിന്നാസാഹിബിന്റെ നേതൃത്വത്തില്‍ മുസ്ലിംലീഗിന്റെ ദ്വിരാഷ്ട്രവാദവും രാജ്യവിഭജനവുമാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. അക്കാര്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ജന്മം നല്‍കിയ കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിലപാട് എന്തായിരുന്നു എന്ന് കരുവള്ളി മൌലവിയുടെ ലേഖനം പ്രസിദ്ധീകരിച്ച ശബാബ് സെമിനാര്‍ പതിപ്പില്‍ സംഘടനയുടെ മുതിര്‍ന്ന നേതാവ് പി.പി. അബ്ദുല്‍ ഗഫൂര്‍ മൌലവിയുടെ ലേഖനത്തില്‍ ഉണ്ട്. അത് ഇപ്രകാരമാണ്:
"1947 മാര്‍ച്ച് അവസാനം ചേര്‍ന്ന ജംഇയ്യത്തുല്‍ ഉലമായുടെ വാര്‍ഷികസമ്മേളനം ശ്രദ്ധേയമായ പല പ്രമേയങ്ങളും പാസ്സാക്കിയിരിക്കുന്നു. ഈ പ്രമേയങ്ങളില്‍ ചിലത് പരിശോധിക്കുമ്പോള്‍ ജംഇയ്യത്തുല്‍ ഉലമാ അന്നത്തെ മതപരമായ കാര്യങ്ങളില്‍ മാത്രമല്ല. രാഷ്ട്രീയ കാര്യങ്ങളിലും അവരുടെ അഭിപ്രായം പ്രഖ്യാപിക്കുന്നതില്‍ അധൈര്യം കാണിച്ചിരുന്നില്ലെന്ന് മനസ്സിലാകുന്നു. പ്രസ്തുത സമ്മേളനത്തില്‍ ഇ.കെ മൌലവി സാഹിബ് അവതരിപ്പിക്കുകയും പി.വി മുഹമ്മദ് മൌലവി പിന്താങ്ങുകയും ചെയ്ത ഒരു പ്രമേയം ഇങ്ങനെ വായിക്കാം: 'ഇന്ത്യന്‍ മുസ്ലിംകളുടെ അനിഷേധ്യനേതാവായ ഖാഇദെ അഅ്സം മുഹമ്മദലി ജിന്നാ സാഹിബിന്റെ നായകത്വത്തില്‍ കേരളത്തിലെ ഉലമാക്കള്‍ക്കുള്ള പരിപൂര്‍ണ വിശ്വാസത്തെ ഈ യോഗം രേഖപ്പെടുത്തുകയും മുസ്ലിംകളെ അവരുടെ ലക്ഷ്യത്തിലേക്ക് നയിക്കുവാന്‍ അല്ലാഹു അദ്ദേഹത്തിന് കരുത്തും തൌഫീഖും ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു'' (1947-ല്‍ നടന്ന യോഗത്തിന്റെ മിനുട്സില്‍ നിന്ന്).
ജിന്നാ സാഹിബിന്റെ നായകത്വം ദ്വിരാഷ്ട്രസിദ്ധാന്തത്തിന്; മുസ്ലിംകളുടെ ലക്ഷ്യം പാകിസ്താനും. അതിലേക്ക് നയിക്കുവാന്‍ ജിന്നാ സാഹിബിന് അല്ലാഹു കരുത്തും തൌഫീഖും നല്‍കാന്‍ പണ്ഡിതസംഘടനയുടെ പിന്തുണയും പ്രാര്‍ഥനയും. ഇതൊന്നും രാഷ്ട്രീയമല്ല, ഭരണമോഹമല്ല, ഹിന്ദുത്വവാദികളെ പ്രകോപിപ്പിക്കുന്നതുമല്ല! മറിച്ച്, ഹിന്ദു സാമുദായിക വാദത്തെയും മുസ്ലിം സാമുദായികവാദത്തെയും തദധിഷ്ഠിത ദ്വിരാഷ്ട്രസിദ്ധാന്തങ്ങളെയും ഒരുപോലെ എതിര്‍ത്ത് ദൈവരാജ്യ (ഹുകൂമത്തെ ഇലാഹി) സങ്കല്‍പം താത്ത്വികമായി ഉയര്‍ത്തിപ്പിടിച്ച മൌദൂദിയുടെ നിലപാട് മഹാപാതകവും അനിസ്ലാമികവും?!ഈ ചര്‍മസൌഭാഗ്യത്തിനുമുമ്പില്‍ മുട്ടുമടക്കാതെ വയ്യ! ഇനി, അവസരോചിതം ഹലാലും ഹറാമും പറയേണ്ടി വന്ന ഗതികേടിനെക്കുറിച്ചു കൂടി ശബാബിന്റെ സെമിനാര്‍ പതിപ്പില്‍ പി.പി. അബ്ദുല്‍ഗഫൂര്‍ മൌലവി എഴുതിയ ലേഖനത്തില്‍ തന്നെയുണ്ട് അതിനു ഒന്നാംതരം മാതൃക. മൌലവിയുടെ ചരിത്രവിവരണം : "...യോഗം ഐക്യകണ്ഠേന പാസാക്കിയ മറ്റൊരു പ്രമേയം താഴെ കൊടുക്കുന്നു: "വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തില്‍ വിശ്വസിക്കുന്ന മാര്‍ക്സിസം വിശ്വാസപ്രമാണമായി സ്വീകരിക്കുന്നതും വ്യക്തികളുടെ അഭിപ്രായസ്വാതന്ത്യ്രത്തെയും മതപ്രചാരണ സ്വാതന്ത്യ്രത്തെയും ഹനിക്കുന്നതുമായ കമ്യൂണിസം ഇസ്ലാമിന് കടകവിരുദ്ധമാണെന്ന വസ്തുത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രഖ്യാപിക്കുകയും കമ്യൂണിസത്തിന്റെ വളര്‍ച്ചക്കോ ആധിപത്യത്തിനോ സഹായകമായിത്തീരുന്ന യാതൊന്നും ചെയ്തുപോകരുതെന്നും മുസ്ലിംകളോട് അഭ്യര്‍ഥിക്കുന്നു.'' 1967-ല്‍ കേരളത്തില്‍ മുസ്ലിം ലീഗ് കമ്യൂണിസ്റ് പാര്‍ട്ടികളോട് ചേര്‍ന്ന് മുന്നണിയുണ്ടാക്കി മത്സരിക്കുകയും ജയിച്ചുവന്ന് ഇ.എം.എസ് മന്ത്രിസഭയില്‍ പങ്കാളികളായി ഭരിക്കുകയും ചെയ്തപ്പോള്‍ ഇതേ കേരള ജംഇയ്യത്തുല്‍ ഉലമാ ഘനഗംഭീരമായ മൌനം! അത് കമ്യൂണിസത്തിന്റെ വളര്‍ച്ചക്കോ ആധിപത്യത്തിനോ സഹായകമായിത്തീരുമെന്ന് സംഘടന കരുതിയില്ല. മാത്രമല്ല, കെ.സി. അബൂബക്കര്‍ മൌലവിയെപ്പോലുള്ള ജംഇയ്യത്തുല്‍ ഉലമായിലെ പണ്ഡിതന്മാര്‍ ലീഗ്-കമ്യൂണിസ്റ് ബാന്ധവത്തെ പരസ്യമായി ന്യായീകരിക്കുകയും ചെയ്തു. 1997-ലാകട്ടെ,കാസര്‍കോട്ടെ പുത്തിഗെ പഞ്ചായത്തില്‍ ഫാത്വിമത്തു സുഹാറായുടെ നേതൃത്വത്തില്‍ ധീരശൂരമുജാഹിദുകള്‍ ഒന്നടങ്കം കമ്യൂണിസ്റ് മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ അണിനിരന്ന് ഗ്രാമഭരണം പൊടിപൊടിച്ചതിന്റെ കോലാഹലം സംസ്ഥാനമൊട്ടാകെ അലയടിച്ചു. 1947-ലെ ഹറാം ഹലാലാവാന്‍ വേണ്ടി വന്നത് രണ്ട് ദശകങ്ങള്‍ മാത്രം! എന്നിട്ടോ,ഒട്ടകപ്പക്ഷിയെ നാണിപ്പിച്ചുകൊണ്ട് കരുവള്ളിയുടെ കമന്റ്: "ദൈവത്തെത്തന്നെ നിഷേധിക്കുന്നവരെ ഭരണത്തിലെത്തിക്കുന്നതിനായി പരിശ്രമിക്കുന്നിടത്താണ് ഇപ്പോള്‍ എത്തിയത്.''ആര്‍ എത്തിയത്,മുജാഹിദുകളോ ജമാഅത്തെ ഇസ്ലാമിയോ? ജമാഅത്തെ ഇസ്ലാമി ഫാഷിസ്റ്-ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായി കേരളത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കിയിട്ടുണ്െടന്നത് പരസ്യമായ വസ്തുതമാത്രം. അതേസമയം അതിനെക്കാള്‍ വ്യക്തമാണ്,കമ്യൂണിസ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രവര്‍ത്തകരെ ഒരു കാലത്തും അനുവദിച്ചിട്ടില്ലെന്നത്. ഇതു പോലൊരു പ്രഖ്യാപനം നടത്താന്‍ കേരള ജംഇയ്യത്തുല്‍ ഉലമക്കോ കേരള നദ്വത്തുല്‍ മുജാഹിദീനോ ഇപ്പോഴെങ്കിലും സാധ്യമാണോ?

3 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....