നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, ജൂൺ 28, 2011

ഇസ്ലാമും മത സഹിഷ്ണുതയും



മതമാണ് സകല പ്രശ്നങ്ങളുടെയും മൂലകാരണമെന്ന മാര്‍ക്സിയന്‍ ചിന്താഗതി അല്പം ചിലരിലെങ്കിലും സ്വാധീനം ചെലുത്താനും അതുവഴി മത നിരാസമെന്ന പുതിയ 'മതം' ഉടലെടുക്കാനും ഒരു പരിധിവരെ കാരണമായത് ചരിത്രാരംഭം മുതല്‍ക്ക് നിലനില്‍ക്കുന്ന മത സംഘട്ടനങ്ങളാണെന്ന വസ്തുത പൂര്‍ണ്ണമായും തള്ളിക്കളയാന്‍ നമുക്ക് സാധ്യമല്ല.ഒരുവേള ഇതര മതങ്ങളെ അപേക്ഷിച്ച് ചരിത്രം ഏറ്റവും കൂടുതല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തി ഭേദ്യം ചെയ്തതും ക്രൂശിച്ചതും ഇസ്ലാമിനെയാണ് എന്നതും പരമാര്‍ത്ഥമാണ്. പാശ്ചാത്യ മീഡിയകളുടെ കലവറയില്ലാത്ത പിന്തുണയോട് കൂടി ആഗോള തലത്തില്‍ തന്നെ നടക്കുന്ന പ്രചണ്ഡമായ പ്രചരണങ്ങള്‍ വിജയിക്കുന്നതാണ് അതിന്റെ കാരണമെന്നത് ഇസ്ലാമിനെ ആത്മാര്‍ത്ഥമായി പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല.
അതോടൊപ്പം അറിഞ്ഞൊ,അറിയാതെയോ അവരുടെ പ്രോപഗണ്ഡകള്‍ക്ക് ചട്ടുകമായി നിന്നുകൊടുക്കുന്ന (ഒരുപക്ഷേ അവരുടെ ചെലവില്‍ വളരുന്ന) സായുധ സംഘങ്ങള്‍ മുസ്ലിം സമൂഹത്തിന്റെ ഉള്ളില്‍ തന്നെ വളരുന്നത് എതിരാളികളുടെ ജോലിഭാരം കുറക്കുകയും ചെയ്യുന്നു.അതുവഴി ഇസ്ലാമിലെ ജിഹാദ് സങ്കല്പത്തേയും,യുദ്ധ സമീപനങ്ങളേയും അവരുദ്ധേശിക്കുന്ന രൂപത്തില്‍ വികലമാക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യുന്നു. ആധുനിക കലാ സങ്കേതങ്ങള്‍ ആ രൂപത്തില്‍ മുസ്ലിമിനെയും,ഇസ്ലാമിനേയും ചിത്രീകരിക്കുകകൂടി ചെയ്യുമ്പോള്‍ ചിത്രം പൂര്‍ണ്ണമാവുന്നു.എതാര്‍ത്ഥത്തില്‍ ഇതര മതങ്ങളോടും,മതസ്ഥരോടും ഇസ്ലാമിന്റെ സമീപനം എന്താണ്..?
ദൈവം , അവന്‍ ഏകനാണ്. മുഴു ലോകത്തിന്റെയും സ്രഷ്ടാവ്. അഖില ചരാചരങ്ങളുടെയും നാഥനും നിയന്താവും അവന്‍ തന്നെ, എന്നതാണ് ഇസ്ലാമിന്റെ ദൈവസങ്കല്‍പം. മറ്റുമതങ്ങളില്‍ നിന്ന് ഇസ്ലാമിനുള്ള ഏറ്റവും വലിയ വ്യതിരിക്തത, അതിന്റെ കറയറ്റ ഏകദൈവസങ്കല്‍പമാണ്. അതാണ് സത്യമെന്നതിനാലും ജനസമൂഹം എപ്പോഴും ഏറെ തെറ്റിപ്പോയതും ദൈവത്തെക്കുറിച്ച ഈ കാഴ്ചപ്പാടിലാണ് എന്നതിനാലും ഇസ്ലാം ഏകദൈവത്വം വ്യക്തമാക്കുന്നതില്‍ വളരെ കണിശത പുലര്‍ത്തുന്നു. ഈ തത്വങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതോടൊപ്പം തന്നെ പ്രായോഗിക തലത്തില്‍ ബഹുദൈവവിശ്വാസികളോടും ദൈവനിഷേധികളോടും കപടവിശ്വാസികളോടും അതിന്റെ സമീപനം തികച്ചും സഹിഷ്ണുതാപൂര്‍വമാണ്. ലോകത്തുള്ള മുഴുവന്‍ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണ്. അവന്റെ വായു ശ്വസിക്കുന്നവരും വെള്ളം കുടിക്കുന്നവരുമാണ്. ഭൂമിയില്‍ അവന്‍ സംവിധാനിച്ച സൌകര്യങ്ങളനുഭവിച്ച് ജീവിക്കുന്നവരും. പ്രവാചകന്‍ അരുള്‍ ചെയ്തു: "നിശ്ചയം, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളുടെയെല്ലാം പിതാവും ഒരാള്‍തന്നെ. എല്ലാവരും ആദമില്‍നിന്നുള്ളവരാണ്; ആദമാണെങ്കില്‍ മണ്ണില്‍നിന്നും. അതിനാല്‍, അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.'' മനുഷ്യരാശിക്കുള്ള ദൈവനിര്‍ദിഷ്ടമായ ജീവിതപദ്ധതിയാണ് മതം. അതിനാല്‍ മതം ദൈവപ്രോക്തമാണ്. എല്ലാ മതങ്ങളുടെയും സ്രോതസ്സ് ഒന്നാണ്. ദൈവിക ജീവിതവ്യവസ്ഥ ലഭിച്ചിട്ടില്ലാത്ത ജനസമൂഹങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ ഊന്നിപ്പറയുന്നു: "ദൈവം മനുഷ്യരില്‍ എല്ലാവര്‍ക്കും ഒരു നിയമവ്യവസ്ഥയും കര്‍മമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്.'' (ഖുര്‍ആന്‍ 5:48) എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഒന്നാണ്. ഭിന്നതകളുണ്ടായത് പിന്നീടാണ്. പുരോഹിതന്മാരുടെ ഇടപെടലാണ് അതിനു കാരണം. വ്യത്യസ്ത ദൈവദൂതന്മാരിലൂടെ അവതീര്‍ണമായ ആദര്‍ശം ഒന്നായിരുന്നുവെന്ന് വിശുദ്ധഖുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കുന്നു: "നൂഹി(നോഹ)നോട് നാം അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ താങ്കള്‍ക്കവതരിപ്പിച്ചിട്ടുള്ളതും ഇബ്റാഹീം (അബ്രഹാം), മൂസാ(മോസസ്), ഈസാ(യേശു) എന്നിവരോട് അനുശാസിച്ചിരുന്നതുമായ അതേ മതം തന്നെ ദൈവം നിങ്ങള്‍ക്ക് നടപടിക്രമമായി നിശ്ചയിച്ചുതന്നിരിക്കുന്നു.''(42:13) മതങ്ങളുടെ അവതരണഘട്ടത്തില്‍ അവയുടെയെല്ലാം മൌലികാധ്യാപനങ്ങള്‍ ഒന്നുതന്നെയായിരുന്നുവെന്നര്‍ഥം. വിശദാംശങ്ങളിലും ചില ആചാരാനുഷ്ഠാനങ്ങളിലും മാത്രമാണ് കാല, ദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങളുണ്ടായിരുന്നത്. മതങ്ങള്‍ക്കിടയിലെ മൌലികാന്തരങ്ങള്‍ മനുഷ്യരുടെ ഇടപെടലുകളുടെ ഫലമത്രെ. മാനവസമൂഹത്തിന് ദൈവിക ജീവിതവ്യവസ്ഥ എത്തിച്ചുകൊടുത്ത വ്യക്തികളാണ് ദൈവദൂതന്മാര്‍. ലോകത്തിലെ എല്ലാ ജനവിഭാഗങ്ങളിലും നാടുകളിലും ഇത്തരം ദൈവദൂതന്മാര്‍ നിയോഗിതരായിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ അവകാശപ്പെടുന്നു: "നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചുകൊടുത്തിട്ടുണ്ട്.'' (ഖുര്‍ആന്‍ 42:36) ദൈവപ്രോക്തമായ ജീവിതപാത പിന്തുടരുന്നവര്‍ക്ക് ശുഭവാര്‍ത്തയും അത് നിരാകരിക്കുന്നവര്‍ക്ക് താക്കീതും നല്കുന്ന പ്രവാചകന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണി മാത്രമാണ് മുഹമ്മദുനബി. അല്ലാഹു അറിയിക്കുന്നു: "നബിയേ, താങ്കള്‍ മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. നാം താങ്കളെ സത്യവുമായി നിയോഗിച്ചിരിക്കുന്നു-ശുഭവാര്‍ത്തയറിയിക്കുന്നവനും താക്കീതുനല്കുന്നവനുമായിക്കൊണ്ട്. യാതൊരു സമുദായവും അതിലൊരു മുന്നറിയിപ്പുകാരന്‍ വരാതെ കഴിഞ്ഞുപോയിട്ടില്ല.''(ഖുര്‍ആന്‍ 35:23, 24) അതിനാല്‍ പ്രവാചകന്മാരെല്ലാം പരസ്പരം സഹോദരന്മാരാണ്. ദൈവദൂതന്മാരെന്ന നിലയില്‍ സര്‍വരും സമന്മാരും സമാദരണീയരുമാണ്. ലോകത്ത് നിയോഗിതരായ മുഴുവന്‍ പ്രവാചകന്മാരിലും വിശ്വസിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. അവരെയെല്ലാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ട്. ആദിയില്‍ ജനമൊക്കെയും ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് അവര്‍ ഭിന്നിച്ചപ്പോള്‍ സന്മാര്‍ഗചാരികള്‍ക്ക് ശുഭവാര്‍ത്തയും ദുര്‍മാര്‍ഗികള്‍ക്ക് താക്കീതും നല്‍കുന്നവരായി പ്രവാചകന്മാരെ നിയോഗിച്ചയച്ചു. ജനത്തിനിടയില്‍ ഭിന്നിപ്പുള്ള കാര്യങ്ങളില്‍ തീര്‍പ്പു കല്‍പിക്കാനായി അവരോടൊപ്പം സത്യവേദവും അവതരിപ്പിച്ചു. സത്യജ്ഞാനം എത്തിയ ശേഷമാണ് അവര്‍ ഭിന്നിച്ചത്. വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ ഭിന്നിച്ചത് അവര്‍ക്കിടയിലെ പക നിമിത്തമത്രെ.''(2:213) ഇങ്ങനെ വിവിധ വിശ്വാസവീക്ഷണങ്ങള്‍ രൂപംകൊണ്ടതോടൊപ്പം ഓരോ വിഭാഗവും തങ്ങളുടെ വശമുള്ളതില്‍ തൃപ്തിയടയുകയും അതു മാത്രമാണ് ശരിയെന്ന് അവകാശപ്പെടുകയും ചെയ്തു: "അങ്ങനെ ജനം പല കക്ഷികളായി പിരിഞ്ഞ് തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിച്ചു. ഓരോ കക്ഷിയും തങ്ങളുടെ വശമുള്ളതില്‍ തൃപ്തിയടയുന്നവരാകുന്നു.'' (ഖുര്‍ആന്‍ 23:53) മതവൈവിധ്യത്തെ ഖുര്‍ആന്‍ ഒരു യാഥാര്‍ഥ്യമായി അംഗീകരിക്കുന്നു. മനുഷ്യന് നല്‍കപ്പെട്ട ചിന്താസ്വാതന്ത്യ്രത്തിന്റെ അനിവാര്യതയായി വിലയിരുത്തുകയും ചെയ്യുന്നു: "നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും.'' (ഖുര്‍ആന്‍ 11:118) ഇസ്ലാമിക വീക്ഷണത്തില്‍, ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടി മനുഷ്യനാണ്. അവന്റെ കുടുംബവും ജാതിയും വര്‍ഗവും വര്‍ണവും ദേശവും ഭാഷയും ഏതായിരുന്നാലും ശരി. ജന്മനാ അവന്‍ ആദരണീയനാണ്. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും വിശിഷ്ടരും ശുദ്ധപ്രകൃതരുമാണ്. പ്രവാചകന്‍ പറയുന്നു: "എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധപ്രകൃതിയോടുകൂടിയാണ്.'' അതിനാല്‍ ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമായ മുഴുവന്‍ മനുഷ്യരും മൌലികമായി നിഷ്കളങ്കരും ആദരണീയരുമാണ്. പിന്നീട് സ്വന്തം ദുഷ്കര്‍മങ്ങളാണ് അവരെ അപരാധികളും അപമാനിതരുമാക്കുന്നത്. അവരെ ദുഷിപ്പിക്കുന്നതും നശിപ്പിക്കുന്നതും അവതന്നെ. മതവിശ്വാസങ്ങള്‍ക്കതീതമായി മനുഷ്യനെ മാനിക്കണമെന്ന് ഇസ്ലാം ആജ്ഞാപിക്കുന്നു. ഒരിക്കല്‍ ഒരു മൃതദേഹം കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ നബിതിരുമേനി എഴുന്നേറ്റുനിന്നു. അപ്പോള്‍ അവിടത്തെ അനുചരന്മാര്‍ അറിയിച്ചു: 'അതൊരു യഹൂദന്റേതാണല്ലോ.' ഉടനെ പ്രവാചകന്‍ പ്രതിവചിച്ചത്, 'അദ്ദേഹവും മനുഷ്യനാണല്ലോ' എന്നായിരുന്നു. അപ്രകാരം തന്നെ മതപരമായ വൈജാത്യം അന്യോന്യമുള്ള അതിക്രമങ്ങള്‍ക്ക് നിമിത്തമാവരുത്. നന്മ പ്രവര്‍ത്തിക്കുന്നതിലും തിന്മയെ പ്രതിരോധിക്കുന്നതിലും വിശ്വാസ വൈവിധ്യതകള്‍ക്കതീതമായി പരസ്പരം സഹായിക്കുകയും സഹകരിക്കുകയുമാണ് വേണ്ടത്. അല്ലാഹു ആവശ്യപ്പെടുന്നു: "പുണ്യത്തിനും ദൈവഭക്തിക്കും വേണ്ടി നിങ്ങള്‍ പരസ്പരം സഹായിക്കുക. പാപത്തിനും അക്രമത്തിനും നിങ്ങളന്യോന്യം സഹായിക്കരുത്.''(ഖുര്‍ആന്‍ 5:2) ജാതി-മത-സമുദായ പരിഗണനകള്‍ക്കതീതമായി ഭൂമിയിലെ എല്ലാ മനുഷ്യരും ആദരണീയരാണെന്നപോലെത്തന്നെ അവരുടെയൊക്കെ ജീവനും സമ്പത്തും അഭിമാനവും അമൂല്യമാണ്. അവയുടെ മേലുള്ള കയ്യേറ്റം അക്ഷന്തവ്യമായ അപരാധവും. പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ മനുഷ്യജീവന്റെയും അഭിമാനത്തിന്റെയും സമ്പത്തിന്റെയും വിലയും ആദരണീയതയും പ്രത്യേകം ഊന്നിപ്പറയുകയുണ്ടായി. അവ ഒരിക്കലും കയ്യേറ്റങ്ങള്‍ക്കിരയാകരുതെന്ന് പ്രത്യേകം ഉണര്‍ത്തുകയും ചെയ്തു. അതോടൊപ്പം സഹോദര സമുദായങ്ങള്‍ക്ക് നന്മ ചെയ്യണമെന്നും അവരോട് നീതിയോടെ വര്‍ത്തിക്കണമെന്നും പ്രത്യേകം കല്‍പിക്കുകയും ചെയ്തു. അന്യായമായി ഒരു മനുഷ്യനെ (മുസ്ലിമിനെ എന്നല്ല) വധിക്കുന്നത് മുഴുവന്‍ മനുഷ്യരേയും വധിക്കുന്നതിന് തുല്യമാണെന്നാണ് ഖുര്‍‌ആന്‍ പഠിപ്പിക്കുന്നത്.ചുരുക്കത്തില്‍ ഇസ്ലാം അനുശാസിക്കുന്ന വിധിവിലക്കുകള്‍ പാലിക്കുന്ന ഒരു മുസ്ലിമിന് മറ്റുവിഭാഗങ്ങളോട് അസഹിഷ്ണുത കാണിക്കാനാവില്ല. സംഭവലോകത്തും നിഷ്പക്ഷമായി നിരീക്ഷിച്ചാല്‍ ഈ വസ്തുത കണ്ടെത്താന്‍ കഴിയും.

1 അഭിപ്രായങ്ങള്‍:

ANSAR NILMBUR പറഞ്ഞു... മറുപടി

ഏതൊരു മുസ്‌ലിമും വായിക്കേണ്ട പോസ്റ്റ്...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....