നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വ്യാഴാഴ്‌ച, ഏപ്രിൽ 28, 2011

ദീനും, ദുനിയാവും ;ജമാഅത്തിന്റെ പുതിയ പാര്‍ട്ടിയും





ജമാഅത്തെ ഇസ്ലാമിയുടെ ആശിര്‍വാദത്തോടെ അഖിലേന്ത്യാ തലത്തില്‍ പുതുതായി രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചുള്ള ചര്‍ച്ചകളാണെങ്ങും.പ്രസ്ഥാനത്തില്‍ നിന്നും വിടപറഞ്ഞ ഹമീദ് സാഹിബിന്റെ വാക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാവരും ചോദിക്കുന്നു 'നിങ്ങള്‍ ഇതര മുസ്ലിം സംഘടനകള്‍ക്കെതിരെ ഉപയോഗിച്ചിരുന്ന പ്രധാന ആരോപണം അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു നേതാവും,മതത്തില്‍ മറ്റൊരു നേതാവുമാണ്,അഥവാ ദീനും ദുനിയാവും രണ്ടാണ് എന്നുള്ളതാണ്;ഇപ്പോള്‍ നിങ്ങളും അത് പോലെ ആയില്ലേ...?എന്നാണ്. എന്താണ് ഈ വാദത്തിന്റെ സത്യാവസ്ഥ....?
അതിന് ആദ്യമായി ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയും ഇതര മുസ്ലിം സംഘടനകളും പിന്തുടര്‍ന്നിരുന്ന രീതി എന്താണ് എന്നുള്ളതാണ് വിശകലന വിധേയമാക്കേണ്ടത്.രാജ്യത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഏത് സംഘടനയിലും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് യെഥേഷ്ടം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയാണ് ഇതര സംഘടനകള്‍ ചെയ്തിട്ടൂള്ളത്.തത്വത്തില്‍ അത് നിഷേധിക്കുന്നവര്‍ക്ക്പോലും പ്രയോഗത്തില്‍ അത് നിരാകരിക്കാന്‍ സാധ്യമല്ല എന്നാണ് നമ്മുടെ മുന്നിലുള്ള ചിത്രങ്ങള്‍ നമ്മോട് പറയുന്നത്.
അതേ സമയം കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം അത് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടൂണ്ട്. സുന്നികള്‍ക്കും സലഫികള്‍ക്കുംഇന്ത്യയിലെ ഏത് രാഷ്ട്രീയ പാര്‍ട്ടികളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാം.കാരണം അവരത് തൌഹീദിന് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല [വിചിന്തനം, ഫെബ്രുവരി 6, 2009 ലേഖനം: ജമാഅത്തെ ഇസ്ലാമി ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു]
അത്കൊണ്ട് തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി (നിരീശ്വര-നിര്‍‌മ്മത പ്രസ്ഥാനങ്ങള്‍‌ക്ക് വേണ്ടി പോലും) വിയര്‍പ്പൊഴുക്കിക്കൊണ്ടിരിക്കുന്ന ഇതര മുസ്ലിം സംഘടനാ പ്രവര്‍ത്തകരെ നമുക്ക് എവിടെയും കാണാം.മതപരമായി ഒരു സംഘടനയുടെ കീഴില്‍ അണിനിരക്കുന്നവര്‍ തന്നെ രാഷ്ട്രീയമായി വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന് പരസ്പരം പോരടിക്കുന്ന വിരോധാഭാസവും അതിനാല്‍ തന്നെ പലപ്പോഴും നാം കാണേണ്ടി വരുന്നു. അതിനാല്‍ തന്നെ മതപരമായി/സംഘടനാപരമായി തങ്ങള്‍ നിഷിദ്ധമായി കരുതുന്ന പലതും രാഷ്ട്രീയത്തിന്റെ ഭാഗമായി അവര്‍ക്ക് സ്വീകരിക്കേണ്ടതായും വന്നു. സമൂഹത്തിലെ ശിര്‍ക്ക് ബിദ്അത്തുകള്‍ തൂത്തെറിയാന്‍ വേണ്ടി ആര്‍ക്കെതിരെയാണോ തങ്ങള്‍ പടനയിച്ച്കൊണ്ടിരിക്കുന്നത് അതെ ആളുകളുടെ കീഴില്‍ രാഷ്ട്രീയത്തിന് വേണ്ടി അനുസരണയുള്ള പ്രവര്‍ത്തകരായി നിലകൊള്ളേണ്ടുന്ന നിസ്സഹായാവസ്ഥയും അവര്‍ക്ക് വന്നു ചേര്‍ന്നു. ഈ വൈരുധ്യത്തെയാണ് പ്രവാചകന്റെ സുന്നത്തും പ്രാവചകന്റെയും അനുചരന്മാരുടെയും ചരിത്രങ്ങളും മുന്നില്‍ വെച്ച് കൊണ്ട് ജമാഅത്ത് ചോദ്യം ചെയ്തിരുന്നത്.ജമാഅത്ത് അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഒരു കാലത്തും ഇങ്ങനെ ഒരവസരം നല്‍കിയിട്ടില്ല,കാരണം ഒരിസ്ലാമിക സംഘടനയെ സംബന്ധിച്ചിടത്തോളം അത് സാധ്യമല്ല എന്നത് തന്നെ.ഇസ്ലാമികമായ കര്‍മങ്ങളില്‍ പ്രവാചകന്റെകൂടെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാചകന്റെ ശത്രുപക്ഷത്തും നിലയുറപ്പിച്ചിരുന്ന സ്വഹാബത്തിന്റെ ചിത്രം നമുക്ക് ചിന്തിക്കാനാവില്ലല്ലോ.
ഇനി നമുക്ക് പുതിയ പാര്‍‌ട്ടിയിലേക്ക് വരാം. നിലവിലുള്ള മുഴുവന്‍ സംഘടനകളും രാഷ്ട്രീയ സുതാര്യത കളഞ്ഞ് കുളിക്കുകയും,അഴിമതിയിലും,സ്വജന പക്ഷപാതത്തിലും,അധാര്‍മികതകളിലും പരസ്പരം മത്സരിക്കുകയും ജനവിരുദ്ധവും പ്രക്രുതി വിരുദ്ധവുമായി മാറുകയും ജനക്ഷേമത്തിന് പകരം പാര്‍ലിമന്റെറി വ്യാമോഹങ്ങള്‍ക്ക്

മുന്‍‌ഗണന നല്‍കുകയും ചെയ്ത ഒരു സന്ദിഗ്ത ഘട്ടത്തിലാണ് ഇത്തരം ഒരു സംഘടനയുടെ രൂപീകരണത്തില്‍‌ സഹകരിക്കാന്‍ ജമാഅത്ത് തീരുമാനിച്ചത്. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഈ പാര്‍‌ട്ടിയുമായുള്ള ബന്ധം, തികച്ചും മൂല്യാധിഷ്ടിതമായി പ്രവര്‍ത്തിക്കാന്‍‌ തീരുമാനിച്ച ഒരു സംഘടന എന്ന നിലക്ക് പ്രവര്‍‌ത്തകര്‍‌ക്ക് അതില്‍ അംഗത്വം എടുക്കാം എന്നുള്ളതാണ്. എന്ന്, പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് ആ സംഘടന അകലുന്നുവോ അതോടുകൂടി അവസാനിക്കുന്ന ബന്ധമേ ജമാഅത്ത് പ്രവര്‍ത്തകര്‍ക്കും ആ സംഘടനയുമായി ഉണ്ടാവുകയുള്ളൂ എന്ന് സാരം. ആഗോള തലത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മാത്രുകകളില്‍നിന്ന് വ്യത്യസ്ഥമായൊന്നും ഈ വിഷയത്തില്‍ ജമാഅത്തും കൈകൊണ്ടിട്ടില്ല.അതെ സമയം ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തന പരിസരം ഇന്ത്യയെ പോലൂള്ള ഒരു രാജ്യമായത്കൊണ്ട് സ്വാഭാവികമായും ഉണ്ടാകേണ്ടുന്ന ചില മാറ്റങ്ങള്‍ ഉണ്ട്താനും.
ഇവിടെ ഒരു ജമാഅത്ത്കാരനും ഇനിമുതല്‍ ഞങ്ങള്‍ക്ക് മതവും രാഷ്ട്രീയവും (ദീനും,ദുനിയാവും)രണ്ടാണ് മതത്തില്‍ ഹറാം ആയതൊക്കെ പയറ്റാനുള്ള ഒരുവേദിയാണ് ഈ രാഷ്ട്രീയപ്പാര്‍ട്ടി എന്ന് തോന്നിയിരിക്കാന്‍ സാധ്യതയില്ല.കാരണം രാഷ്ട്രീയം കൂടി ഉള്‍കൊണ്ടിട്ടുള്ള ഒരു ഇസ്ലാമിനെ കുറിച്ച് മാത്രമേ അവര്‍‌ പഠിച്ചിട്ടുള്ളൂ,തങ്ങളുടെ രാഷ്ട്രീയ-ഭരണ കാര്യങ്ങളൊക്കെ മറ്റുള്ളവര്‍‌ക്ക് തീരുമാനിക്കാന്‍ വിട്ടുകൊടുത്ത് കേവല ആചാരങ്ങളില്‍ ഒതുക്കപ്പെട്ട ഒരു സാധു മതത്തെ കുറിച്ച് അവര്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം.
അതുകൊണ്ടുതന്നെ ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം അവന്റെ ഭൂതവും ഭാവിയും തമ്മില്‍ അടിസ്ഥാനപരമായ ഒരുവ്യത്യാസവും ഉണ്ടാവുക സാധ്യമല്ല.അവന്റെ ഇസ്ലാമികവും,പ്രാസ്ഥാനികവുമായ നിലപാടുകള്‍‌‌ (രാഷ്ട്രീയ നിലപാടുകള്‍ ഉള്‍പ്പെടെ) രൂപപ്പെടുക തീര്‍‌ത്തും സുതാര്യവും,ഇസ്ലാമിക അടിത്തറകളില്‍ നിലയുറപ്പിച്ച് കൊണ്ടും പ്രസ്ഥാന നേത്രുത്വം കൈകൊള്ളുന്ന തീരുമാനങ്ങളിലൂടെ തന്നെ ആയിരിക്കും. ജമാഅത്തുകാരേക്കാള്‍ മറ്റുള്ളവര്‍ക്കാണ് ഈ വിഷയത്തില്‍ വലിയ ബേജാറ് എന്നതാണ് കൂടുതല്‍ രസകരം.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....