നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ഫെബ്രുവരി 16, 2014

എന്തേ നമ്മളിങ്ങനെയൊക്കെ ആവുന്നേ.....!!!???


അബൂദാബിയിലെ റൂമിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ അഞ്ച് നേരവും നമസ്കാരത്തിനെത്തുന്ന ഒരു സഹോദരനുമായി പരിചയപ്പെട്ടു.... ദിവസങ്ങള്‍ കൊണ്ട് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു....  ഒരു ദിവസം സിറ്റിയില്‍ പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ അവനുമുണ്ട് ബസ് സ്റ്റോപ്പില്‍ .... ബസ് വന്നപ്പോള്‍ രണ്ട് പേരുടേയും ചില്ലറ ഞാനിടാമെന്നു പറഞ്ഞു (അബൂദാബിയില്‍ ബസ്സില്‍ സ്ഥാപിച്ച ഒരു പെട്ടിയില്‍ ചില്ലറ നിക്ഷേപിക്കുന്ന രീതിയാണ് നിലവിലുള്ളത്)...ഉടനെ അവനെന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു, വേണ്ട എന്റെ കയ്യില്‍ ബസ് കാര്‍ഡുണ്ട്..... ബസ്സില്‍ ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ഒരു കൗതുകത്തിന് അവന്റെ കാര്‍ഡ് ഒന്ന് വാങ്ങി നോക്കി.... വളരെ ഫ്രഷ്... ഒരു ഡെയ്റ്റും സ്‌ക്രാച്ച് ചെയ്തതായി കാണുന്നില്ല (ഒരു മാസമാണ് കാര്‍ഡുകളുടെ കാലാവധി, ആദ്യം ഉപയോഗിക്കുന്ന അന്നത്തെ തിയ്യതി സ്ക്രാച്ച് ചെയ്യണം എന്നാണ് നിയമം, ഇപ്പോള്‍ ഈ തട്ടിപ്പ് തടയാല്‍ വില്പന കൗണ്ടറില്‍ നിന്ന് തന്നെ സ്‌ക്രാച്ച് ചെയ്തിട്ടാണ് കൊടുക്കാറ്)...ഞാന്‍ ചോദിച്ചു..ഇതെന്താ ഇങ്ങനെ...?? ഉടനെ വന്നു പുഞ്ചിരിയോട് കൂടി അവന്റെ മറുപടി.... ആരെങ്കിലും ചെക്കിങ്ങിന് വരുമ്പോള്‍ സ്‌ക്രാച്ച് ചെയ്താല്‍ മതിയല്ലോ...അത്രയും കാലം ഉപയോഗിക്കാമല്ലോ.... ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്‌തബ്‌ധനായിപ്പോയി.... അഞ്ചുനേരം മുറതെറ്റാതെ നമസ്കരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണോ ഇത് കേള്‍ക്കുന്നത്....?? "നിശ്ചയം, നമസ്‌കാരം തിന്മകളില്‍ നിന്നും മ്ലേച്ചതകളില്‍ നിന്നും തടയുന്നു" എന്ന സൂറ: അന്‍‌കബൂത്തിലെ നാല്പത്തി അഞ്ചാം വചനം എന്റെ മനസ്സിലൂടെ കടന്ന് പോയി..... 'അവിഹിതമായി സമ്പാദിച്ച ഒരു ദിര്‍ഹമെങ്കിലും ആരുടേയെങ്കിലും സമ്പാദ്യത്തിലുണ്ടെങ്കില്‍ അവന്‍ അനുഷ്ടിക്കുന്ന ഒരു കര്‍മ്മവും അല്ലാഹു സ്വീകരിക്കില്ല' എന്ന പ്രവാചക വചനവും ഞാനോര്‍ത്തു..... നാമെല്ലാവരും നമസ്കരിക്കുന്നു... പക്ഷെ, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കടന്നുവരുന്ന തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആ നമസ്കാരം നമ്മെ പ്രാപ്തരാക്കുന്നില്ല എന്നാണെങ്കില്‍ നമ്മുടെ നമസ്കാരത്തിന് എന്തോ പാളിച്ചകളുണ്ട്.... ഓഫീസുകളില്‍ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നവര്‍... കച്ചവടത്തില്‍ അവിഹിതമായി പണം കൊയ്യുന്നവര്‍ .... അനാവശ്യവും അശ്ലീലവുമായവ കേള്‍ക്കുകയും കാണുകയും ചെയ്യുന്നവര്‍ ...... പരദൂഷണം ശീലമാക്കിയവര്‍.... പരസ്പരം ശകാരിക്കുകയും തെറിപറയുകയും ചെയ്യുന്നവര്‍ .... തന്റെ കീഴിലെ തൊഴിലാളികളോട് മാന്യമായി പെരുമാറാത്തവര്‍ .....പലിശ ഭുജിക്കുന്നവര്‍ ..... മദ്യം സേവിക്കുന്നവര്‍ ...പരസ്ത്രീ/പുരുഷ ഗമനം നടത്തുന്നവര്‍ ..... തിന്മകളൂടെ ഒരു വലിയ നിര തന്നെ നമ്മുടെ മുന്നിലുണ്ട്.... നാം അനുഷ്ടിക്കുന്ന നമസ്കാരവും മറ്റ് കര്‍മ്മങ്ങളും ഇത്തരം തിന്മകളില്‍ നിന്ന് നമ്മെ തടയുന്നില്ല എന്നാണെങ്കില്‍ നമ്മുടെ ജീവിതത്തെ കുറിച്ചും, വരാനിരിക്കുന്ന വിചാരണയെ കുറിച്ചും നാമൊരു പുനരാലോചനക്ക് തയ്യാറാകേണ്ടതുണ്ട്.
*******************************************************

നമുക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് മറവി..... അതില്ലായിരുന്നുവെങ്കില്‍ ഒരു വേള, നാം നീറി നീറി മരിച്ച് പോകുമായിരുന്നു.... നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പ്പാടുകളും, അപകടങ്ങളുമെല്ലാം മറക്കുന്നത് കൊണ്ടാണ് ചിലപ്പോഴെങ്കിലും നാം മുന്നോട്ട് പോകുന്നത് തന്നെ.... പക്ഷെ, പലപ്പോഴും സ്വന്തത്തെ കുറിച്ചും, വരാനിരിക്കുന്ന മരണത്തെ കുറിച്ചും, ശേഷമുള്ള വിചാരണയെ കുറിച്ചുമെല്ലാം നാം മറക്കുന്നു എന്നിടത്താണ് ഈ 'മറവി' അപകടകാരിയായി മാറുന്നത്.... അഥവാ അല്ലാഹുവിനെ കുറിച്ച് തന്നെ നാം മറന്ന് പോകുന്നു.... വളരെ സന്തോഷത്തിലാണ് നാം പലപ്പോഴും ..... കുടുംബത്തേയും കുട്ടികളേയും കൂട്ടി പുറത്ത് പോകുന്നു.... ഉല്ലസിക്കുന്നു.... ആഹ്ലാദകരമായ ആസ്വാദനങ്ങളില്‍ മുഴുകുന്നു..... എല്ലാം സന്തോഷപ്രദമായ കാര്യങ്ങള്‍ ..... ഒരു പക്ഷെ, നാളെ നേരം പുലര്‍ന്നാല്‍, അല്ലെങ്കില്‍ അടുത്തമാസം, അടുത്തവര്‍ഷം എന്ത് സംഭവിക്കും എന്നുള്ള വിവരം മുന്‍‌കൂട്ടി അറിയാനുള്ള ശേഷി അല്ലാഹു നമുക്ക് നല്‍കിയിരുന്നുവെങ്കില്‍ നാമൊന്നും ഇത്രമാത്രം ആഹ്ലാദിക്കില്ലായിരുന്നു.... അഥവാ....തീര്‍ത്തും അനിശ്ചിതത്വം നിറഞ്ഞതാണ് നമ്മുടെ ജീവിതം..... നമ്മുടെ ചുറ്റുപാടുകളില്‍, നമുക്ക് വേണ്ടപ്പെട്ടവരില്‍ നാം അറിയുന്ന ഒരുപാട് പരീക്ഷണങ്ങളൂണ്ട്..... ഒരു സുപ്രഭാതത്തില്‍ പ്രിയപ്പെട്ടവര്‍ മരണത്തിന് കീഴടങ്ങിയ അനുഭവങ്ങള്‍ ..... മാരകമായ അപകടങ്ങളാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ ..... ഗുരുതരമായ അസുഖങ്ങള്‍ കൊണ്ട് നീറി നീറി കഴിയുന്നവര്‍ ..... കടുത്ത സാമ്പത്തിക പ്രതിസന്ധികളും അസുഖങ്ങളുമെല്ലാം ഒരേസമയം അനുഭവിക്കുന്നവര്‍ ..... ഓടിച്ചാടി നടക്കേണ്ടുന്ന പ്രായത്തില്‍ തന്നെ അനങ്ങാനാവാതെ കിടപ്പിലായവര്‍ ...... ഇനിയുമിനിയും എത്രയോ.... നമുക്കറിയില്ല, നാളെ നേരം പുലരുമ്പോള്‍ ഇതുപോലുള്ള എന്ത് വാര്‍ത്തയാണ് നമ്മെ തേടിയെത്താനിരിക്കുന്നത് എന്ന്.... സമ്പത്തിന്റെ പളപളപ്പില്‍ തിളക്കുമ്പോള്‍ നാളെ ദാരിദ്ര്യവും അസുഖങ്ങളും കൊണ്ട് പരീക്ഷിക്കപ്പെട്ടേക്കാം എന്ന ഒരു ചിന്തപോലും നമ്മെ അലട്ടുന്നില്ല.....!!! എന്റെ മരണവാര്‍ത്ത കേട്ടുകൊണ്ടായിരിക്കാം നാളെ നേരം പുലരുന്നത് , ഞാനില്ലാത്ത, എനിക്കൊന്നുമറിയാന്‍ സാധ്യമല്ലാത്ത ഈ ലോകത്ത് എന്റെ പ്രിയപ്പെട്ടവര്‍ തേങ്ങിക്കരയുമ്പോള്‍ ഒന്നും ഉരിയാടാനാവാതെ, അവരെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാവാതെ ഞാന്‍ നിസ്സഹായനായിരിക്കും എന്ന് നാം ചിന്തിക്കുന്നുപോലുമില്ല.... ഞാനകപ്പെട്ട ഭയാനകമായ ഒരു അപകടത്തിന്റെ വാര്‍ത്തയുമായിട്ടായിരിക്കാം നാളത്തെ പ്രഭാത പത്രങ്ങള്‍ പുറത്തിറങ്ങുന്നത് എന്ന് നാം ഓര്‍ക്കുന്നുപോലുമില്ല.... കേവലമൊരു പനിയുടെ പേരില്‍ ഡോക്ടറെ കാണാനിരിക്കുന്ന എനിക്ക് മാരകമായ അസുഖത്തെ കുറിച്ചുള്ള വിവരമായിരിക്കാം അവിടെ നിന്ന് ലഭിക്കുന്നത് എന്ന് നാം ആലോചിക്കുന്നുപോലുമില്ല..... അഥവാ, അതെല്ലാം മറ്റുള്ളവര്‍ക്ക്, എന്റെ കാര്യത്തില്‍ അതൊന്നും ബാധകമല്ല എന്നൊരു ഭാവത്തിലാണ് നാം നാളുകള്‍ കഴിച്ച് കൂട്ടുന്നത്.... പക്ഷെ, അത് നമ്മുടെ ഒരു 'അമിത വിചാരം' മാത്രമാണെന്ന് നമുക്കുതന്നെ നന്നായറിയാം.... അതുകൊണ്ട്, ഞാനെന്തെ ഇങ്ങനെയൊക്കെ ആയിപ്പോകുന്നൂ എന്ന് ചിന്തിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഇനിയും വൈകിക്കൂടാ.... "അല്ലാഹുവെ സൂക്ഷിക്കുക, നീ എവിടെയാണെങ്കിലും" (മുഹമ്മദ് നബി)

ഞായറാഴ്‌ച, ഡിസംബർ 15, 2013

ഫെയ്‌ക് പ്രൊഫൈല്‍

ആദ്യം അയാള്‍ സൃഷ്ടിച്ചത്
ഒരു ഫെയ്‌ക് പ്രൊഫൈല്‍ ആയിരുന്നു.
അതിന്റെ പ്രഥമ 'ഫോളോവറാ'യി
ഒറിജിനലിനെ പടച്ചു.
അവര്‍ക്കിടയിലൊരു പാലമായ്

ഒരു പറ്റം മ്യൂചല്‍ ഫ്രണ്ടുകളേയും ചേര്‍ത്തു.
    
    
      ഒടുവിലയാള്‍ ഫെയ്‌കിനെ കൊന്നു
      എന്നിട്ടവന്റെ പ്രൊഫൈല്‍ ചിത്രത്തിനുതാഴെ
      ഒറിജിനലിന്റെ വക ഒരനുശോചനക്കുറിപ്പും
      എവിടുന്നെന്നറിയാതെ കമന്റുകള്‍ കുമിഞ്ഞുകൂടി
      ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ ...!!!
      എണ്ണിത്തീരാത്ത നന്മകള്‍ ....!!!

സ്വന്തത്തെ കുറിച്ച നന്മകളുടെ
കൂമ്പാരം കണ്ടപ്പോള്‍
ഒറിജിനലിനൊരു സന്ദേഹം
ഞാന്‍ ഒറിജിനലോ അതോ ഫെയ്‌കോ ...??


ഞായറാഴ്‌ച, നവംബർ 17, 2013

സാജിദ് ഓര്‍മ്മയായി

കഴിഞ്ഞ നവംബര്‍ 13 ന് മരണപ്പെട്ട സഹോദരന്‍ സി.എച്ച് മുഹമ്മദ് സാജിദിനെ കുറിച്ചുള്ള ഒരു അനുസ്മരണ കുറിപ്പാണ് ഇതോടൊപ്പം ഉള്ളത് ...സി.എച്ച് അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ മൂത്ത മകനായ സാജിദ് സജീവ ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു ...മൂന്ന് മക്കളാണ് സാജിദിന്.



സാജിദ് ....എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന്റെ പ്രിയങ്കരനായ മകന്‍ ..... അവന്‍ ഇന്ന് ഈ ഭൂമിയിലില്ല എന്ന് സ്വന്തത്തെ വിശ്വസിപ്പിക്കാന്‍ പാട് പെടുകയാണ്.... അതെ, ഒരു മനുഷ്യായുസ്സില്‍ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ നിറ യൗവ്വനത്തില്‍ തന്നെ പൂര്‍ത്തീകരിച്ച് കൊണ്ടാണ് അവന്‍ മടങ്ങിയത്.... പരിചയപ്പെട്ട ആര്‍ക്കും നല്ലതല്ലാതെ ഒന്നും പറയാന്‍ അവന്‍ ഇട നല്‍കിയില്ല... വശ്യമായ പുഞ്ചിരിയും , ഹൃദ്യമായ ഇടപെടലും, നര്‍മ്മത്തില്‍ ചാലിച്ച സംസാരവും കൊണ്ട് നീ ഹൃദയങ്ങള്‍ കീഴടക്കി.... എന്നെ ഏല്പിച്ച ഒന്നും പൂര്‍ത്തീകരിക്കപ്പെടാതെ ഭൂമിയിലുണ്ടാവരുത് എന്ന നിന്റെ ദൃഡനിശ്ചയമായിരിക്കാം ഒരു പക്ഷെ ദിവസങ്ങള്‍ക്ക് ശേഷം മലപ്പുറത്ത് നടക്കേണ്ടുന്ന വെല്‍ഫയര്‍ പാര്‍ട്ടിയുടെ പരിപാടിയുടെ പോസ്റ്ററുകള്‍ മരണത്തിന് മുമ്പ് തന്നെ സ്വന്തമായി മലപ്പുറം വരെ പോയി പതിക്കാന്‍ നിനക്ക് പ്രചോദനമായത്.... നീ മാതൃകയായിരുന്നു...നമ്മുടെ കുടുംബത്തിനും സമൂഹത്തിനും...വ്യക്തിജീവിതത്തില്‍ ആത്മീയ വിശുദ്ധി കാത്ത് സൂക്ഷിക്കേണ്ടതെങ്ങനെ, കുടുംബ ജീവിതം സുന്ദരമാക്കേണ്ടത് എങ്ങനെ, മക്കളെ എങ്ങനെ വളര്‍ത്തണം..... എല്ലാം നീ കാണിച്ച് തന്നു...നിന്റെ മൂന്ന് കുഞ്ഞു മക്കള്‍ അതിന്റെ നേര്‍ സാക്ഷ്യങ്ങളാണ്.... എന്നിട്ട് ചുറ്റുമുള്ളവര്‍ പൊട്ടിക്കരഞ്ഞപ്പോള്‍ പുഞ്ചിരിച്ച് കൊണ്ട് ശാന്തനായി നീ നിന്റെ നാഥങ്കലേക്ക് യാത്രയായി.... വെണ്ണയില്‍ നിന്ന് നൂല് വലിച്ചൂരുന്നത് പോലെ മൃദുവായിട്ടായിരിക്കണം അല്ലാഹുവിന്റെ മലക്ക് നിന്റെ ആത്മാവിനെ സ്വീകരിച്ചിട്ടുണ്ടാവുക...അതുകൊണ്ടായിരിക്കുമല്ലോ നിന്റെ കൂടെ ഉറങ്ങാന്‍ കിടന്നവര്‍ക്ക് പോലും നീ ഒരു സൂചന നല്‍കാതിരുന്നത്.....

ഞായറാഴ്‌ച, ജൂൺ 23, 2013

ജീവിതത്തെ പുതുക്കി പണിയാന്‍ ഇനിയും മടിക്കുന്നതെന്തിന് ?

                           
ജീവിതത്തെ ആത്മീയ-ധാര്‍മ്മിക പാതയിലൂടെ പുതുക്കി പണിയാന്‍ നാം പലപ്പോഴും തീരുമാനമെടുക്കാറുണ്ട്. അതിനുവേണ്ടി അടുത്ത വരുന്ന ഏതെങ്കിലും ദിവസമോ സന്ദര്‍ഭമോ നാം കണക്കുകൂട്ടി വെക്കുകയും ചെയ്യും. എന്നാല്‍ പലപ്പോഴും ഇത്തരം കണക്കുകൂട്ടലുകളും ആഗ്രഹങ്ങളും നടപ്പിലാകാതെ പോകാറാണ് പതിവ്. ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പിട്ട് നിലവിലെ ജീവിത രീതികള്‍ മാറ്റം വരുത്താനാകാതെ വീണ്ടും പഴയ പോലെ തന്നെ നാം മുന്നോട്ടു നീങ്ങുകയും ചെയ്യും. 
ഒഴുക്കിനൊത്ത് നീന്തുന്ന ചണ്ടികളാകാതെ സ്വന്തം തീരുമാനങ്ങളെ നടപ്പിലാക്കാന്‍ ശേഷിയുള്ളവരായി മാറാന്‍ നമുക്ക് കഴിയണം. മണ്ണിനടിയില്‍ കുഴിച്ചു മൂടപ്പെട്ട വിത്തുകള്‍ ഭൂമിയുടെ മാറിടം കീറി അവയുടെ വഴികണ്ടെത്തുന്നു. ചേറില്‍ കിടക്കുന്ന വിത്തുകള്‍ ചളിവെള്ളത്തില്‍ വളര്‍ന്ന് വര്‍ണ്ണാഭമായ പൂക്കള്‍ ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ, ചുറ്റുപാടുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ മനുഷ്യനുമാകണം. സമയത്തെ കൃത്യമായി നിയന്ത്രിക്കാനും പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്താനും സാധിച്ചാല്‍ പ്രതികൂല സാഹചര്യത്തിലും മാന്യമായ ജീവിത രീതി പിന്തുടരാന്‍ നമുക്ക് കഴിയും.

ബുധനാഴ്‌ച, മാർച്ച് 27, 2013

സമ്പാദ്യം അവിഹിതമാകുമ്പോള്‍




"എല്ലാ സമൂഹങ്ങള്‍ക്കും ഓരോ പരീക്ഷണമുണ്ട്; എന്റെ സമൂഹത്തിന്റെ പരീക്ഷണം സമ്പത്താകുന്നു" (മുഹമ്മദ് നബി)
                                 മനുഷ്യ സമൂഹം എല്ലാ കാലഘട്ടങ്ങളിലും സാമ്പത്തിക സുസ്ഥിതിക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്, ഉള്ളവന്‍ കൂടുതല്‍ സമ്പാദിക്കാനും ഇല്ലാത്തവന്‍ അത് ഉണ്ടാക്കിയെടുക്കാനും മത്സരിച്ച് കൊണ്ടിരിക്കുന്നു.പലപ്പോഴും ഹറാം - ഹലാലുകള്‍ പോലും പരിഗണിക്കാതെ സാമ്പത്തിക സ്വപ്നങ്ങളുമായി ഓടിനടക്കുന്നവര്‍ മുകളിലുദ്ധരിച്ച പ്രവാചക വചനം ഒന്ന് ശ്രദ്ധിക്കുക. ദാരിദ്ര്യം എപ്രകാരം ഒരു വ്യക്തിക്ക് പരീക്ഷണമായി തോന്നുന്നുവോ, അതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ പരീക്ഷണമാണ് സമ്പാദ്യം എന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതുണ്ട്. ഇസ്‌ലാം സന്തുലിതമായ ഒരു ജീവിതക്രമമാണ് മുന്നോട്ട് വെക്കുന്നത്. ഐഹികജീവിതത്തെ ആസക്തിയോടെ വാരിപ്പുണരുന്നതും തീര്‍ത്തും നിരാകരിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല.ഇരുലോകത്തോടും നീതി പുലര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കുമ്പോഴാണ് ഒരു വ്യക്തി വിജയം വരിക്കുന്നത്. അതില്‍ ഒന്നാം സ്ഥാനമാണ് സമ്പത്തിനുള്ളത്. സമ്പത്ത് സ്വയം ഒരുതിന്മയോ ശാപമോ അല്ല; മറിച്ച് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും പരീക്ഷണവുമാണത്. വിശുദ്ധഖുര്‍‌ആന്‍ അതിനെ കുറിച്ച് സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്.
"അറിയുവിന്‍, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും യഥാര്‍ഥത്തില്‍ പരീക്ഷണോപാധികള്‍ മാത്രമാകുന്നു.പ്രതിഫലം നല്‍കുന്നതിനായി അല്ലാഹുവിങ്കല്‍ വളരെയേറെയുണ്ട്."(അല്‍ അന്‍‌ഫാല്‍:28).