നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ശനിയാഴ്‌ച, ഓഗസ്റ്റ് 27, 2011

അസ്സലാമു അലൈക്ക യാ ശഹ്‌റു റമദാന്‍ ........


വിശുദ്ധ റമദാനിന്റെ അനുഗ്രഹീത ദിനരാത്രങ്ങള്‍ നമ്മോട് വിടപറയുകയാണ്.അനുഗ്രഹീതമായ ലൈലത്തുല്‍ ഖദ്‌ര്‍ അനുഭവിക്കുന്ന പുണ്യവാന്മാരില്‍ നാമും ഉള്‍പ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം;പ്രാര്‍ത്ഥിക്കാം.ഇനിയൊരു റമദാനെ കണ്ടുമുട്ടാന്‍ നമുക്ക് ഭാഗ്യമുണ്ടാവുമോ എന്നറിയില്ല, അതിനാല്‍ നിര്‍‌വ്വഹിക്കുന്ന ഓരോ നോമ്പും വിടപറയുന്നവന്റെ മനസ്സോടെ ആയിരിക്കാന്‍ ശ്രദ്ധിക്കുക. ഇനി നാം ചിന്തിക്കുക...ഈ റമദാനില്‍ ഞാനെന്ത് നേടി ?നേടാമായിരുന്നത്,നേടേണ്ടിയിരുന്നത് നേടിക്കൊണ്ടാണോ നാം ഈ റമദാനിന് വിടനല്‍കുന്നത് ?ഈ ചിന്ത ഒരു വിഷാദമായി, ഒരസ്വസ്ഥതയായി നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടോ ? എങ്കില്‍ ആ വിഷാദ ഭാവത്തോടെ നാം ഈ റമദാനിന് യാത്രയപ്പേകുക...السّلام عليك يا شهر رمضان                               
നാം ചിന്തിക്കുക,എന്തായിരുന്നു ഈ റമദാനില്‍ ഞാന്‍ നേടേണ്ടിയിരുന്നത് ?നോമ്പിന്റെ ഉദ്ധേശമായി ഖുര്‍‌ആന്‍ സൂചിപ്പിച്ച തഖ്‌വ എത്രത്തോളം എന്റെ ജീവിതത്തിലേക്ക് ചേര്‍ത്തുവെക്കുന്നതില്‍ ഞാന്‍ വിജയിച്ചു ?നമ്മുടെ സ്വഭാവ പെരുമാറ്റങ്ങളിലും, ഇടപെടലുകളിലും അതെത്രമാത്രം സ്വാധീനം ചെലുത്തി ?നാം ആര്‍ജിച്ച തഖ്‌വ കേവലം നോമ്പ് സമയത്തേക്ക് മാത്രമുള്ളതോ ?എന്താണ് ഈ തഖ്‌വ ?പ്രവാചകന്‍ (സ) വിശദീകരിക്കുന്നത് കാണുക.
                                 "മുആദ് (റ) പറഞ്ഞു:എന്നെ ഉപദേശിച്ചാലും പ്രവാചകരെ,റസൂല്‍ (സ) പറഞ്ഞു:അല്ലാഹുവിലുള്ള തഖ്‌വകൊണ്ട് ഞാന്‍ നിന്നെ ഉപദേശിക്കുന്നു.സംസാരത്തില്‍ സത്യസന്ധത പാലിക്കണമെന്നും,കരാര്‍ പാലിക്കണമെന്നും,വിശ്വസ്തത കാത്ത് സൂക്ഷിക്കണമെന്നും,വഞ്ചന ഉപേക്ഷിക്കണമെന്നും,അയല്പക്ക ബന്ധം കാത്ത് സൂക്ഷിക്കണമെന്നും,അനാഥരോട് കാരുണ്യം കാണിക്കണമെന്നും,സംസാരത്തില്‍ സൗമ്യത പാലിക്കണമെന്നും സലാം വ്യാപിപ്പിക്കണമെന്നും,കര്‍മ്മങ്ങള്‍ നന്നാക്കണമെന്നും,ആഗ്രഹങ്ങള്‍ ചുരുക്കണമെന്നും,ഈമാന്‍ മുറുകെ പിടിക്കണമെന്നും,ഖുര്‍‌ആനില്‍ അവഗാഹം നേടണമെന്നും,പരലോകത്തെ സ്നേഹിക്കണമെന്നും,വിചാരണയെ കുറിച്ച് ഉത്കണ്ഡപ്പെടണമെന്നും,വിനയം കാത്ത് സൂക്ഷിക്കണമെന്നും,ഓരോ കല്ലിലും,മണ്ണിലും,മരത്തിലും അല്ലാഹുവിനെ സൂക്ഷിക്കണമെന്നും ,എല്ലാ പാപങ്ങളില്‍ നിന്നും പക്ഷാതപിക്കണമെന്നും ഞാന്‍ നിന്നോട് ഉപദേശിക്കുന്നു."
                                അഥവാ ,തഖ്‌വയുടെ വിശാലമായ രൂപമാണ് സുദീര്‍ഘമായ ഒരു ഹദീസിലൂടെ പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നത്.അതിലോരോന്നും സ്വയം വിലയിരുത്തുമ്പോള്‍ ,ജീവിതത്തിന്റെ സമൂലമായ മാറ്റമാണ് തഖ്‌വകൊണ്ട് ഉദ്ധേശിക്കുന്നത് എന്ന് നമുക്ക് മനസ്സിലാവും.അത്തരത്തിലുള്ള ഒരു തഖ്‌വ ആര്‍ജ്ജിച്ചെടുക്കാന്‍ നമുക്ക് സാധ്യമായിട്ടുണ്ടോ ?കഴിഞ്ഞ കാലങ്ങളിലെ തെറ്റുകളെ കുറിച്ചോര്‍ത്ത് ഒരു തുള്ളി കണ്ണുനീര്‍ വാര്‍ക്കാന്‍ നമുക്ക് സാധിച്ചോ ?ഉത്തരവാദിത്വ ബോധമുള്ള ഒരു വിശ്വാസിയാവാന്‍ നാം പരിശ്രമിച്ചോ ? ഒരു പാട് റമദാനുകള്‍ നമ്മുടെ ജീവിതത്തില്‍ കഴിഞ്ഞ് പോയി...കഴിഞ്ഞ റമദാനില്‍ നാം ആര്‍ജിച്ചെടുത്ത ശീലങ്ങള്‍ ഈ റമദാന്‍ വരെ നിലനിര്‍ത്തുന്നതില്‍ നാം വിജയിച്ചിരുന്നോ ?
                                 തീര്‍ച്ചയായും നാം ഒരുപാട് ഖുര്‍‌ആന്‍ പാരായണം ചെയ്തിട്ടുണ്ട്,ക്ലാസ്സുകളിലും ,പ്രഭാഷണങ്ങളിലും പങ്കു കൊണ്ടിട്ടുണ്ട്,പള്ളികളില്‍ ഒത്ത് കൂടിയിട്ടുണ്ട്,രാത്രിനമസ്കാരങ്ങളിലും പ്രാര്‍ത്ഥനകളിലും സജീവമായിട്ടുണ്ട്...എല്ലാം നല്ല കാര്യങ്ങള്‍..പക്ഷെ ആ നല്ല കാര്യങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വല്ല സ്വാധീനവും ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടോ..?നമ്മെ വിശുദ്ധിയുടെ നെറുകയിലേക്ക് ഉയര്‍ത്താന്‍ അത് നമ്മെ സഹായിച്ചോ ?മേലില്‍ പാപങ്ങളിലേക്ക് വിളിക്കപ്പെടുമ്പോള്‍ انّي اخاف اللّه ربّ العالمين എന്നുപറഞ്ഞ് യൂസുഫ് (അ)യുടെ പാത പിന്തുടരാന്‍ എനിക്ക് സാധിക്കുമോ..?
                              ഈ റമദാനോട് കൂടി പലരും പുതിയ നല്ല ശീലങ്ങള്‍ ആരംഭിച്ചിട്ടുണ്ടാവാം..നമസ്കാരം ആരംഭിച്ചവരുണ്ട്,ജമാഅത്ത് നമസ്കാരങ്ങളില്‍ കൂടുതല്‍ നിഷ്ഠപുലര്‍ത്താന്‍ തുടങ്ങിയവരുണ്ടാവാം, സുന്നത്ത് നമസ്കാരങ്ങള്‍ ആരംഭിച്ചവരുണ്ടാവാം...അതോടൊപ്പം പല തിന്മകളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചവരും നമ്മുടെ കൂട്ടത്തിലുണ്ട്....ചീത്തവാക്കും പ്രവര്‍ത്തിയും ഉപേക്ഷിച്ചവര്‍ ....അശ്ലീലങ്ങളില്‍ നിന്ന് അകന്ന് നിന്നവര്‍ , പുകവലി അവസാനിപ്പിച്ചവര്‍ ....അങ്ങനെ ഒരുപാട് പേര്‍ .....പക്ഷെ ഇതാ അന്തരീക്ഷം മാറാന്‍ പോവുകയാണ്....സജീവവും ,ചൈതന്യവത്തുമായ മസ്ജിദുകളും, വിശ്വാസിയുടെ അകത്തളങ്ങളും വീണ്ടും നിശ്ശബ്ദതയിലേക്ക്...മൂകതയിലേക്ക് ...ഇവിടെ നാം സ്വയം ചോദിക്കേണ്ട സുപ്രധാനമായ ചോദ്യം 'ഞാനെന്ത് ചെയ്യും ?'
                              പുതുതായി ആരംഭിച്ച നന്മകള്‍ തുടരുമോ...?അതോ നിര്‍ത്തി വെക്കുമോ...?ഉപേക്ഷിച്ച തിന്മകളിലേക്ക് തിരിച്ച് നടക്കുമോ...?അതൊ ആര്‍ജ്ജവത്തോടെ തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുമോ...?ഈ ചോദ്യങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ ഉത്തരങ്ങള്‍ കണ്ടെത്തിയിട്ട് വേണം നാം ശവ്വാലിലേക്ക് പ്രവേശിക്കാന്‍ ....അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ....ആമീന്‍                               

4 അഭിപ്രായങ്ങള്‍:

mohammedkutty irimbiliyam പറഞ്ഞു... മറുപടി

അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ !

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ആമീന്‍

T.S. sathar പറഞ്ഞു... മറുപടി

വളരെ നന്നായിടുണ്ട്

Jefu Jailaf പറഞ്ഞു... മറുപടി

ചിന്തിക്കാന്‍ അവസരം നല്‍കുന്ന, ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊണ്ട നല്ലൊരു നോട്ട. അള്ളാഹു സ്വീകരിക്കട്ടെ നമ്മില്‍ നിന്നും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....