നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ഫെബ്രുവരി 16, 2014

എന്തേ നമ്മളിങ്ങനെയൊക്കെ ആവുന്നേ.....!!!???


അബൂദാബിയിലെ റൂമിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ അഞ്ച് നേരവും നമസ്കാരത്തിനെത്തുന്ന ഒരു സഹോദരനുമായി പരിചയപ്പെട്ടു.... ദിവസങ്ങള്‍ കൊണ്ട് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു....  ഒരു ദിവസം സിറ്റിയില്‍ പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ അവനുമുണ്ട് ബസ് സ്റ്റോപ്പില്‍ .... ബസ് വന്നപ്പോള്‍ രണ്ട് പേരുടേയും ചില്ലറ ഞാനിടാമെന്നു പറഞ്ഞു (അബൂദാബിയില്‍ ബസ്സില്‍ സ്ഥാപിച്ച ഒരു പെട്ടിയില്‍ ചില്ലറ നിക്ഷേപിക്കുന്ന രീതിയാണ് നിലവിലുള്ളത്)...ഉടനെ അവനെന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു, വേണ്ട എന്റെ കയ്യില്‍ ബസ് കാര്‍ഡുണ്ട്..... ബസ്സില്‍ ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ഒരു കൗതുകത്തിന് അവന്റെ കാര്‍ഡ് ഒന്ന് വാങ്ങി നോക്കി.... വളരെ ഫ്രഷ്... ഒരു ഡെയ്റ്റും സ്‌ക്രാച്ച് ചെയ്തതായി കാണുന്നില്ല (ഒരു മാസമാണ് കാര്‍ഡുകളുടെ കാലാവധി, ആദ്യം ഉപയോഗിക്കുന്ന അന്നത്തെ തിയ്യതി സ്ക്രാച്ച് ചെയ്യണം എന്നാണ് നിയമം, ഇപ്പോള്‍ ഈ തട്ടിപ്പ് തടയാല്‍ വില്പന കൗണ്ടറില്‍ നിന്ന് തന്നെ സ്‌ക്രാച്ച് ചെയ്തിട്ടാണ് കൊടുക്കാറ്)...ഞാന്‍ ചോദിച്ചു..ഇതെന്താ ഇങ്ങനെ...?? ഉടനെ വന്നു പുഞ്ചിരിയോട് കൂടി അവന്റെ മറുപടി.... ആരെങ്കിലും ചെക്കിങ്ങിന് വരുമ്പോള്‍ സ്‌ക്രാച്ച് ചെയ്താല്‍ മതിയല്ലോ...അത്രയും കാലം ഉപയോഗിക്കാമല്ലോ.... ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്‌തബ്‌ധനായിപ്പോയി.... അഞ്ചുനേരം മുറതെറ്റാതെ നമസ്കരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നാണോ ഇത് കേള്‍ക്കുന്നത്....?? "നിശ്ചയം, നമസ്‌കാരം തിന്മകളില്‍ നിന്നും മ്ലേച്ചതകളില്‍ നിന്നും തടയുന്നു" എന്ന സൂറ: അന്‍‌കബൂത്തിലെ നാല്പത്തി അഞ്ചാം വചനം എന്റെ മനസ്സിലൂടെ കടന്ന് പോയി..... 'അവിഹിതമായി സമ്പാദിച്ച ഒരു ദിര്‍ഹമെങ്കിലും ആരുടേയെങ്കിലും സമ്പാദ്യത്തിലുണ്ടെങ്കില്‍ അവന്‍ അനുഷ്ടിക്കുന്ന ഒരു കര്‍മ്മവും അല്ലാഹു സ്വീകരിക്കില്ല' എന്ന പ്രവാചക വചനവും ഞാനോര്‍ത്തു..... നാമെല്ലാവരും നമസ്കരിക്കുന്നു... പക്ഷെ, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കടന്നുവരുന്ന തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആ നമസ്കാരം നമ്മെ പ്രാപ്തരാക്കുന്നില്ല എന്നാണെങ്കില്‍ നമ്മുടെ നമസ്കാരത്തിന് എന്തോ പാളിച്ചകളുണ്ട്.... ഓഫീസുകളില്‍ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നവര്‍... കച്ചവടത്തില്‍ അവിഹിതമായി പണം കൊയ്യുന്നവര്‍ .... അനാവശ്യവും അശ്ലീലവുമായവ കേള്‍ക്കുകയും കാണുകയും ചെയ്യുന്നവര്‍ ...... പരദൂഷണം ശീലമാക്കിയവര്‍.... പരസ്പരം ശകാരിക്കുകയും തെറിപറയുകയും ചെയ്യുന്നവര്‍ .... തന്റെ കീഴിലെ തൊഴിലാളികളോട് മാന്യമായി പെരുമാറാത്തവര്‍ .....പലിശ ഭുജിക്കുന്നവര്‍ ..... മദ്യം സേവിക്കുന്നവര്‍ ...പരസ്ത്രീ/പുരുഷ ഗമനം നടത്തുന്നവര്‍ ..... തിന്മകളൂടെ ഒരു വലിയ നിര തന്നെ നമ്മുടെ മുന്നിലുണ്ട്.... നാം അനുഷ്ടിക്കുന്ന നമസ്കാരവും മറ്റ് കര്‍മ്മങ്ങളും ഇത്തരം തിന്മകളില്‍ നിന്ന് നമ്മെ തടയുന്നില്ല എന്നാണെങ്കില്‍ നമ്മുടെ ജീവിതത്തെ കുറിച്ചും, വരാനിരിക്കുന്ന വിചാരണയെ കുറിച്ചും നാമൊരു പുനരാലോചനക്ക് തയ്യാറാകേണ്ടതുണ്ട്.
*******************************************************

നമുക്ക് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് മറവി..... അതില്ലായിരുന്നുവെങ്കില്‍ ഒരു വേള, നാം നീറി നീറി മരിച്ച് പോകുമായിരുന്നു.... നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പ്പാടുകളും, അപകടങ്ങളുമെല്ലാം മറക്കുന്നത് കൊണ്ടാണ് ചിലപ്പോഴെങ്കിലും നാം മുന്നോട്ട് പോകുന്നത് തന്നെ.... പക്ഷെ, പലപ്പോഴും സ്വന്തത്തെ കുറിച്ചും, വരാനിരിക്കുന്ന മരണത്തെ കുറിച്ചും, ശേഷമുള്ള വിചാരണയെ കുറിച്ചുമെല്ലാം നാം മറക്കുന്നു എന്നിടത്താണ് ഈ 'മറവി' അപകടകാരിയായി മാറുന്നത്.... അഥവാ അല്ലാഹുവിനെ കുറിച്ച് തന്നെ നാം മറന്ന് പോകുന്നു.... വളരെ സന്തോഷത്തിലാണ് നാം പലപ്പോഴും ..... കുടുംബത്തേയും കുട്ടികളേയും കൂട്ടി പുറത്ത് പോകുന്നു.... ഉല്ലസിക്കുന്നു.... ആഹ്ലാദകരമായ ആസ്വാദനങ്ങളില്‍ മുഴുകുന്നു..... എല്ലാം സന്തോഷപ്രദമായ കാര്യങ്ങള്‍ ..... ഒരു പക്ഷെ, നാളെ നേരം പുലര്‍ന്നാല്‍, അല്ലെങ്കില്‍ അടുത്തമാസം, അടുത്തവര്‍ഷം എന്ത് സംഭവിക്കും എന്നുള്ള വിവരം മുന്‍‌കൂട്ടി അറിയാനുള്ള ശേഷി അല്ലാഹു നമുക്ക് നല്‍കിയിരുന്നുവെങ്കില്‍ നാമൊന്നും ഇത്രമാത്രം ആഹ്ലാദിക്കില്ലായിരുന്നു.... അഥവാ....തീര്‍ത്തും അനിശ്ചിതത്വം നിറഞ്ഞതാണ് നമ്മുടെ ജീവിതം..... നമ്മുടെ ചുറ്റുപാടുകളില്‍, നമുക്ക് വേണ്ടപ്പെട്ടവരില്‍ നാം അറിയുന്ന ഒരുപാട് പരീക്ഷണങ്ങളൂണ്ട്..... ഒരു സുപ്രഭാതത്തില്‍ പ്രിയപ്പെട്ടവര്‍ മരണത്തിന് കീഴടങ്ങിയ അനുഭവങ്ങള്‍ ..... മാരകമായ അപകടങ്ങളാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ ..... ഗുരുതരമായ അസുഖങ്ങള്‍ കൊണ്ട് നീറി നീറി കഴിയുന്നവര്‍ ..... കടുത്ത സാമ്പത്തിക പ്രതിസന്ധികളും അസുഖങ്ങളുമെല്ലാം ഒരേസമയം അനുഭവിക്കുന്നവര്‍ ..... ഓടിച്ചാടി നടക്കേണ്ടുന്ന പ്രായത്തില്‍ തന്നെ അനങ്ങാനാവാതെ കിടപ്പിലായവര്‍ ...... ഇനിയുമിനിയും എത്രയോ.... നമുക്കറിയില്ല, നാളെ നേരം പുലരുമ്പോള്‍ ഇതുപോലുള്ള എന്ത് വാര്‍ത്തയാണ് നമ്മെ തേടിയെത്താനിരിക്കുന്നത് എന്ന്.... സമ്പത്തിന്റെ പളപളപ്പില്‍ തിളക്കുമ്പോള്‍ നാളെ ദാരിദ്ര്യവും അസുഖങ്ങളും കൊണ്ട് പരീക്ഷിക്കപ്പെട്ടേക്കാം എന്ന ഒരു ചിന്തപോലും നമ്മെ അലട്ടുന്നില്ല.....!!! എന്റെ മരണവാര്‍ത്ത കേട്ടുകൊണ്ടായിരിക്കാം നാളെ നേരം പുലരുന്നത് , ഞാനില്ലാത്ത, എനിക്കൊന്നുമറിയാന്‍ സാധ്യമല്ലാത്ത ഈ ലോകത്ത് എന്റെ പ്രിയപ്പെട്ടവര്‍ തേങ്ങിക്കരയുമ്പോള്‍ ഒന്നും ഉരിയാടാനാവാതെ, അവരെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാവാതെ ഞാന്‍ നിസ്സഹായനായിരിക്കും എന്ന് നാം ചിന്തിക്കുന്നുപോലുമില്ല.... ഞാനകപ്പെട്ട ഭയാനകമായ ഒരു അപകടത്തിന്റെ വാര്‍ത്തയുമായിട്ടായിരിക്കാം നാളത്തെ പ്രഭാത പത്രങ്ങള്‍ പുറത്തിറങ്ങുന്നത് എന്ന് നാം ഓര്‍ക്കുന്നുപോലുമില്ല.... കേവലമൊരു പനിയുടെ പേരില്‍ ഡോക്ടറെ കാണാനിരിക്കുന്ന എനിക്ക് മാരകമായ അസുഖത്തെ കുറിച്ചുള്ള വിവരമായിരിക്കാം അവിടെ നിന്ന് ലഭിക്കുന്നത് എന്ന് നാം ആലോചിക്കുന്നുപോലുമില്ല..... അഥവാ, അതെല്ലാം മറ്റുള്ളവര്‍ക്ക്, എന്റെ കാര്യത്തില്‍ അതൊന്നും ബാധകമല്ല എന്നൊരു ഭാവത്തിലാണ് നാം നാളുകള്‍ കഴിച്ച് കൂട്ടുന്നത്.... പക്ഷെ, അത് നമ്മുടെ ഒരു 'അമിത വിചാരം' മാത്രമാണെന്ന് നമുക്കുതന്നെ നന്നായറിയാം.... അതുകൊണ്ട്, ഞാനെന്തെ ഇങ്ങനെയൊക്കെ ആയിപ്പോകുന്നൂ എന്ന് ചിന്തിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഇനിയും വൈകിക്കൂടാ.... "അല്ലാഹുവെ സൂക്ഷിക്കുക, നീ എവിടെയാണെങ്കിലും" (മുഹമ്മദ് നബി)

13 അഭിപ്രായങ്ങള്‍:

prekrthiyiloode പറഞ്ഞു... മറുപടി

ഓഫീസിലെ ഫോണ്‍ ഒഫീസ് അവഷ്യതിനല്ലതെ ഉപയോഗിക്കുന്നതിൽ നമ്മളെല്ലാവരും സൂക്ഷ്മത പലികെന്ദതില്ലെ........

thurannu parachil പറഞ്ഞു... മറുപടി

ജീവിതത്തിന്റെ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് ചിലപ്പോള്‍ ഒരു അര ദിര്‍ഹമായിരിക്കാം !

താങ്ക് യൂ അനീസ്‌

iqbal paravoor പറഞ്ഞു... മറുപടി

മനസ്സിനെ തൊട്ടുണർത്തുന്ന ചിന്ത ശകലങ്ങൾ

സബിത അനീസ്‌ പറഞ്ഞു... മറുപടി

നന്മ നിറഞ്ഞ അറിവുകൾ.....
ഇനിയും പങ്കുവെക്കുമല്ലൊ....
ദൈവം അനുഗ്രഹിക്കട്ടെ...

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

Thanks to all. ...

ഷെബു പറഞ്ഞു... മറുപടി

Keep writing..

അജ്ഞാതന്‍ പറഞ്ഞു... മറുപടി

Very crct anees sahib ente arivil kure perundu edakidakku umra pogum nattil pogum ella pirivinnum agamazinnu sahaykkum niskaratinnu munnil undagum avarudesambadyatte patti anwesichal poornamayyum haram ayrikkum aa akrantattil ente oru parichayakkaran friday visa issue cheytu kodutitundu

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ഈന്നത്തെ നാമസ്കാരം തന്നെ മുസ്ലിം സമുദായത്തെ ഖുർ ആനിൽ നിന്നു അകറ്റി പുരൊഹിതന്മാരുടെ നിലനിൽപിനു വേണ്ടി അവർ തന്നെ ഉണ്ടാക്കിയതാണു. അത്കൊണ്ടുതന്നെ അത്‌ ആജരിക്കുന്നവർക്ക്‌ അതിന്റെ ഷർത്തും ഫർളും സുന്നത്തും മാത്രമെ പ്രഷ്ണമാവുകയുള്ളു. അത്‌ വള്ളി പുള്ളി തെറ്റാതെ നിർവ്വഹിക്കുന്നവരെ വെരുതെ എന്തിനാ വിമർഷിച്ചു സമയം കളയുന്നത്‌ സമുദായം എന്നാണൊ ഖുർ ആനിലെ സ്വലാത്ത്‌ അന്യേശിച്ചു വരുന്നത്‌ അന്നു ഈ സമുദായത്തിന്റെ ജീവിതവും ഖുർ ആനായി തീരും

Unknown പറഞ്ഞു... മറുപടി

ഫ്ലാറ്റിലെ ലൈറ്റുകള്‍ തുടങ്ങി ഒരു വിന്റോ എസി വരെ കമ്പനിയിലെ സ്റ്റോറില്‍ നിന്നും അടിച്ച് മാറ്റിയത് ഒരു അഭിമാനമായി എന്നോട് പറഞ്ഞ ഒരാളും നമസ്കാരം ഒഴിവാക്കത്തയാളാണ്!

shahul പറഞ്ഞു... മറുപടി

ഡ്യുട്ടി സമയത്ത് ബാങ്ക് കേട്ടാല്‍ പള്ളിയിലേക്ക്‌ ഓടുന്ന പലരും ഡ്യുട്ടി കഴിഞ്ഞാല്‍ പള്ളിയിലെ കാണാറില്ല ....

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

പലരും ചോദിക്കുന്നു....ആ സഹോദരന് നിങ്ങള്‍ സത്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തോ എന്ന്....തീര്‍ച്ചയായും.... ഞാന്‍ അത് പറഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം ആ സഹോദരന് ബോധ്യപ്പെട്ടത്.....

സര്‍ഗം പറഞ്ഞു... മറുപടി

ജീവിതത്തിന്റെ വഴുതലുള്ള പാതയിലൂടെ നീങ്ങുമ്പോള്‍ അശ്രദ്ധയാല്‍ സംഭവിക്കുന്ന വഴുതലുകള്‍.... സഹോദരങ്ങളെ ഒരു കൈത്താങ്ങു നല്‍കി സഹായിക്കുക. അതുവഴി നേരെ നടക്കാനുള്ള ഊര്‍ജ്ജം നമുക്കും കിട്ടും. അല്ലാഹു അനുഗ്രഹിക്കട്ടെ.

ആത്മനൊമ്പരം പറഞ്ഞു... മറുപടി

ആത്മനൊമ്പരം - ഈ മുസ്ലിം സമുദായത്തിനെന്തുപറ്റി ?http://aathmanomparam.blogspot.in/2011/03/5.html

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....