നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, നവംബർ 17, 2013

സാജിദ് ഓര്‍മ്മയായി

കഴിഞ്ഞ നവംബര്‍ 13 ന് മരണപ്പെട്ട സഹോദരന്‍ സി.എച്ച് മുഹമ്മദ് സാജിദിനെ കുറിച്ചുള്ള ഒരു അനുസ്മരണ കുറിപ്പാണ് ഇതോടൊപ്പം ഉള്ളത് ...സി.എച്ച് അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ മൂത്ത മകനായ സാജിദ് സജീവ ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു ...മൂന്ന് മക്കളാണ് സാജിദിന്.



സാജിദ് ....എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന്റെ പ്രിയങ്കരനായ മകന്‍ ..... അവന്‍ ഇന്ന് ഈ ഭൂമിയിലില്ല എന്ന് സ്വന്തത്തെ വിശ്വസിപ്പിക്കാന്‍ പാട് പെടുകയാണ്.... അതെ, ഒരു മനുഷ്യായുസ്സില്‍ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ നിറ യൗവ്വനത്തില്‍ തന്നെ പൂര്‍ത്തീകരിച്ച് കൊണ്ടാണ് അവന്‍ മടങ്ങിയത്.... പരിചയപ്പെട്ട ആര്‍ക്കും നല്ലതല്ലാതെ ഒന്നും പറയാന്‍ അവന്‍ ഇട നല്‍കിയില്ല... വശ്യമായ പുഞ്ചിരിയും , ഹൃദ്യമായ ഇടപെടലും, നര്‍മ്മത്തില്‍ ചാലിച്ച സംസാരവും കൊണ്ട് നീ ഹൃദയങ്ങള്‍ കീഴടക്കി.... എന്നെ ഏല്പിച്ച ഒന്നും പൂര്‍ത്തീകരിക്കപ്പെടാതെ ഭൂമിയിലുണ്ടാവരുത് എന്ന നിന്റെ ദൃഡനിശ്ചയമായിരിക്കാം ഒരു പക്ഷെ ദിവസങ്ങള്‍ക്ക് ശേഷം മലപ്പുറത്ത് നടക്കേണ്ടുന്ന വെല്‍ഫയര്‍ പാര്‍ട്ടിയുടെ പരിപാടിയുടെ പോസ്റ്ററുകള്‍ മരണത്തിന് മുമ്പ് തന്നെ സ്വന്തമായി മലപ്പുറം വരെ പോയി പതിക്കാന്‍ നിനക്ക് പ്രചോദനമായത്.... നീ മാതൃകയായിരുന്നു...നമ്മുടെ കുടുംബത്തിനും സമൂഹത്തിനും...വ്യക്തിജീവിതത്തില്‍ ആത്മീയ വിശുദ്ധി കാത്ത് സൂക്ഷിക്കേണ്ടതെങ്ങനെ, കുടുംബ ജീവിതം സുന്ദരമാക്കേണ്ടത് എങ്ങനെ, മക്കളെ എങ്ങനെ വളര്‍ത്തണം..... എല്ലാം നീ കാണിച്ച് തന്നു...നിന്റെ മൂന്ന് കുഞ്ഞു മക്കള്‍ അതിന്റെ നേര്‍ സാക്ഷ്യങ്ങളാണ്.... എന്നിട്ട് ചുറ്റുമുള്ളവര്‍ പൊട്ടിക്കരഞ്ഞപ്പോള്‍ പുഞ്ചിരിച്ച് കൊണ്ട് ശാന്തനായി നീ നിന്റെ നാഥങ്കലേക്ക് യാത്രയായി.... വെണ്ണയില്‍ നിന്ന് നൂല് വലിച്ചൂരുന്നത് പോലെ മൃദുവായിട്ടായിരിക്കണം അല്ലാഹുവിന്റെ മലക്ക് നിന്റെ ആത്മാവിനെ സ്വീകരിച്ചിട്ടുണ്ടാവുക...അതുകൊണ്ടായിരിക്കുമല്ലോ നിന്റെ കൂടെ ഉറങ്ങാന്‍ കിടന്നവര്‍ക്ക് പോലും നീ ഒരു സൂചന നല്‍കാതിരുന്നത്.....
 
എന്നും നീ ആഗ്രഹിച്ചതും പരമകാരുണ്യകന്റെ സവിധത്തില്‍ ഒരുന്നത സ്ഥാനം എന്നതായിരുന്നല്ലോ... മൂന്ന് വര്‍ഷം കൊണ്ട് പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ച നിന്നെ പലരും ഭയപ്പെടുത്തി....ഭാവിയുടെ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്.... അവരോട് നീ പറഞ്ഞത് "ഈ ദുനിയാവില്‍ വലിയ പ്രൗഢമായ ജീവിതമൊന്നും ഞാന്‍ കൊതിക്കുന്നില്ല,പകരം അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം ലഭിച്ചാല്‍ മതി" എന്നായിരുന്നല്ലോ....അതെ നിന്റെ ആ ആഗ്രഹം അല്ലാഹു നിനക്ക് വേണ്ടി കാത്ത് വെച്ചിട്ടുണ്ടാവണം.....എന്നും ലാളിത്യമായിരുന്നല്ലോ നിന്റെ മുഖ മുദ്ര.... അവസാനം കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ പരസ്പരം കണ്ടപ്പോള്‍ നീ പറഞ്ഞു "അനീ...നീ തടികുറക്കണം,....നിന്റെ വീട് പണി കഴിഞ്ഞാലുടനെ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ കൂടാന്‍ ശ്രമിക്കണം" ....ഇന്‍ഷാ അല്ലാഹ് ....ഞാന്‍ ശ്രമിക്കും..... പക്ഷെ...മൂന്ന് വര്‍ഷത്തെ പ്രവാസം നിന്നെ സംബന്ധിച്ചിടത്തോളം കഠിന പരിശ്രമങ്ങളൂടേതായിരുന്നു... കിട്ടുന്ന ഒഴിവുസമയങ്ങള്‍ നീ ഇസ്‌ലാമിക പഠന-വായനകള്‍ക്ക് വേണ്ടി നീക്കിവെച്ചു....അതിന്റെ ബാക്കി പത്രമായിരുന്നല്ലോ മരിക്കുന്നത് വരെ നീ നിര്‍‌വ്വഹിച്ച ഖുതുബകള്‍ ...... പ്രസ്ഥാനം നിന്നെ ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ .... കുടുംബ ബന്ധം ചേര്‍ക്കുന്നതില്‍ നീ കാണിച്ച ആത്മാര്‍ത്ഥതയായിരിക്കാം നമ്മുടെ കുടുംബത്തില്‍ നിന്നെ ഇത്ര പ്രിയങ്കരനാക്കിയത് ... നിന്നെക്കാള്‍ പ്രായം കുറഞ്ഞ എന്നെ അല്പം നര്‍മ്മം കലര്‍ത്തി അനിയാപ്പാ എന്ന് നീ വിളിക്കാറൂണ്ട്....പക്ഷെ അവസാനമായി നിന്റെ ആ ശാന്ത സുന്ദരമായ മുഖം ഒരു നോക്ക് കാണാന്‍ ഈ ആപ്പാക്ക് വിധിയുണ്ടായില്ല മോനേ....മനസ്സ് നിറയെ നിനക്ക് വേണ്ടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളാണ് ഇപ്പോള്‍ .... നിന്റെ നന്മകളും, സുകൃതങ്ങളുമാണ് എല്ലാവര്‍ക്കും പറയാനുള്ളത് ...പക്ഷെ, ഞങ്ങളെ തനിച്ചാക്കി ഇത്രയും പെട്ടെന്ന് നീ പോയ് മറയും എന്നാരും നിനച്ചിരുന്നില്ല....അതാണല്ലോ അല്ലാഹുവിന്റെ അലംഘനീയമായ വിധി....നിന്റെ ഉപ്പയുടെ നിരന്തര പ്രാര്‍ത്ഥനകളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇസ്‌ലാമിക മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുകവഴി തന്റെ കാലില്‍ പുരണ്ട പൊടിയുമായി, നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങളുമായിത്തന്നെ തന്റെ നാഥനെ കണ്ട് മുട്ടാന്‍ നിനക്ക് സാധിച്ചു..... പ്രവാസം അവസാനിപ്പിച്ച് നീ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ നീ പറഞ്ഞ ഹദീസ് ഒരു പക്ഷെ ജീവിതത്തിലുടനീളം നീ മനസ്സില്‍ സൂക്ഷിച്ച് കാണണം " പ്രഭാതമായാല്‍ നിങ്ങള്‍ പ്രദോഷത്തെ പ്രതീക്ഷിക്കരുത്, പ്രദോഷമായാല്‍ പ്രഭാതത്തേയും" ..... പക്ഷെ, ആ സത്യം ജീവിതത്തില്‍ ഒരിക്കല്‍കൂടി ഞങ്ങളെ ഓര്‍മ്മപ്പെടുത്താനും നീ തന്നെ വേണ്ടിവന്നു എന്നതാണ് സത്യം..... ഇനി സ്വര്‍ഗ്ഗത്തിന്റെ കവാടത്തില്‍ നിന്റെ പ്രിയ കുടുംബാംഗങ്ങളേയും കൂട്ടുകാരേയും സ്വീകരിക്കാന്‍ നീ ഒരുങ്ങിനില്‍ക്കുന്ന ആ സന്ദര്‍ഭത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.... ഒരു പക്ഷെ ആ സുന്ദര സ്വര്‍ഗ്ഗത്തിന്റെ സുഗന്ധം നീ ഇപ്പോള്‍ തന്നെ അനുഭവിക്കുന്നുണ്ടാവാം....അല്ലാഹു പരലോകത്ത് അവന്റെ സുന്ദരമായ സ്വര്‍ഗ്ഗപ്പൂന്തോപ്പില്‍ ഒരുമിച്ച് കൂടാന്‍ നമ്മെ അനുഗ്രഹിക്കട്ടെ.....നിന്റെ വിയോഗം കാരണം പ്രയാസമനുഭവിക്കുന്ന നിന്റെ പ്രിയപ്പെട്ടവര്‍ക്ക് നാഥന്‍ മനസ്സമാധാനം നല്‍കുമാറാകട്ടെ...ആമീന്‍

3 അഭിപ്രായങ്ങള്‍:

Mohammed Kutty.N പറഞ്ഞു... മറുപടി

പ്രിയപ്പെട്ട സഹോദരന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അവന്‍റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കട്ടെ .അദ്ധേഹത്തിന്റെ കുടുംബത്തിന് സഹനവും സമാശ്വാസവും നല്‍കട്ടെ ...ആമീന്‍ !

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു... മറുപടി

ആമീൻ യാ റബ്ബ്

ajith പറഞ്ഞു... മറുപടി

ആദരാഞ്ജലികള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....