നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2011

ഭര്‍ത്താക്കന്മാര്‍ക്ക്‌ 40 ഉപദേശങ്ങള്‍


ദാമ്പത്യാവകാശങ്ങളെക്കുറിച്ച ചര്‍ച്ചകളില്‍ മുഴുക്കെ സ്ത്രീകള്‍ക്ക് പുരുഷന്മാരോടുള്ള ബാധ്യതകളാണ് മുഴച്ചുകാണാറുള്ളത്. സ്വന്തം ഭാര്യമാരോട് പുരുഷന്മാര്‍ പെരുമാറേണ്ടതെങ്ങിനെയെന്നത് അപൂര്‍വമായി മാത്രമേ നാം കേള്‍ക്കാറുള്ളൂ. 'നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സ്വന്തം ഭാര്യമാരോട് ഏറ്റവും നല്ലനിലയില്‍ വര്‍ത്തിക്കുന്നവരാണെ'ന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ. തിളക്കമാര്‍ന്ന ഈ തിരുമൊഴിയുടെ പ്രായോഗിക പതിപ്പായി സ്വയംമാറാന്‍ മുസ്ലിം ഭര്‍ത്താക്കന്മാര്‍ക്ക് സഹായകമായേക്കാവുന്ന നാല്‍പതു ഉപദേശങ്ങള്‍:
1. ദൈവഭക്തി പുലര്‍ത്തുക. വിശിഷ്യാ കുടുംബത്തോടുള്ള നിന്റെ പെരുമാറ്റങ്ങളിലും സമീപനങ്ങളിലും
2. സ്വകുടുംബത്തോടുള്ള നിന്റെ സല്‍പെരുമാറ്റം നിന്നെ ദൈവത്തിലേക്കടുപ്പിക്കാനുള്ള മാര്‍ഗ്ഗമാണെന്ന് സദാ ഓര്‍ത്തിരിക്കുക.
3. ദൈവാനുസരണ കാര്യങ്ങളില്‍ ഭാര്യയുമായുള്ള നിന്റെ സഹകരണവും പ്രബോധന പ്രവര്‍ത്തന പ്രവര്‍ത്തനങ്ങളിലെ അവരുടെ പങ്കാളിത്തവും ഉരപ്പുവരുത്തുകയും ആ മാര്‍ഗ്ഗത്തല്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുക.
4. സത്യസന്ധത, വിശ്വസ്തത, ഉത്തമ നേതൃത്വം, ഉത്തരവാദിത്തബോധം തുടങ്ങിയ ശരിയായ പൌരുഷത്തിന്റെ സവിശേഷഗുണങ്ങള്‍ നിന്റേതാക്കി മാറ്റുക.
5. ഖവ്വാം (കാര്യം നോക്കി നടത്തുന്നവന്‍) എന്ന, പുരുഷപദവിയെക്കുറിച്ച ഖുര്‍ആനിക പ്രയോഗത്തെ, ഉത്തമ നേതൃത്വം, ഉത്തരവാദിത്തബോധം, പരിഗണന, മമത, തുടങ്ങിയ വിശിഷ്ട ഗുണങ്ങളിലൂടെ ശരിയായ വിധം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. സ്വേച്ഛാപ്രമത്തത, താന്തോന്നിത്തം, ഭീഷണിയും വിരട്ടലും എന്നീ ഗര്‍ഹണീയമായ ദുര്‍ഗുണങ്ങളിലൂടെ അത് മനസ്സിലാക്കാതിരിക്കുക.
6. ഭാര്യയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുക.
7. വീഴ്ചകള്‍ നോക്കി നടക്കാതെയും തെറ്റിദ്ധാരണ ഉളവാക്കാതെയും ഗുണദോഷിക്കലും അഭികാമ്യമായ ആത്മരോഷ പ്രകടനങ്ങളും ആകാവുന്നതാണ്.
8. നിനക്ക് എത്രതന്നെ ജോലിതിരക്കുണ്ടായാലും ഭാര്യോടൊത്തിരിക്കാനും കളിതമാശകളും നര്‍മോക്തികളും രാക്കഥകളും പറയാനും സമയം കണ്െടത്തുക.
9. അവള്‍ക്കേറ്റവും ഇഷ്ടമുള്ള പേരുകളില്‍ അവളെ വിളിക്കുകയും മധുരവും മൃദുലവുമായ അഭിസംബോധനകള്‍ നടത്തുകയും ചെയ്യുക.
10. അവളെക്കുറിച്ച് അത്ഭുതം കൂറുകയും അവളുടെ സൌന്ദര്യത്തെയും ആകാര സൌഷ്ഠവത്തെയും പാചകവൈദഗ്ധ്യത്തെയും പ്രശംസിക്കുകയും ചെയ്യുക.
11. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നിന്റെ സാന്നിധ്യത്തില്‍ നിന്റെ അശ്രദ്ധമുതലെടുത്ത് പരപുരുഷന്മാരില്‍ കണ്ണുകളുടക്കി നില്‍ക്കുന്നത് നീ അവഗണിച്ചു കളയരുത്.
12. കോപക്രോധങ്ങള്‍ വെടിഞ്ഞ് സകല സമയങ്ങളിലും സൌമ്യതയോടും മൃദുലതയോടും കൂടി പെരുമാറുക. നിന്റെ ആവശ്യങ്ങള്‍ കല്‍പനാ രൂപം വിട്ടൊഴിഞ്ഞ് അപേക്ഷാ സ്വരത്തിലായിരിക്കട്ടെ.
13. ഭംഗിയും അലങ്കാരവും ഉപേക്ഷിക്കുന്നത് ലാളിത്യമാണെന്ന് വിലയിരുത്താതിരിക്കുക. തീര്‍ച്ചയായും ആ വിലയിരുത്തല്‍ ജീവിതത്തെ അലങ്കോലപ്പെടുത്തുകയും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
14. നിന്റെ എല്ലാ അഭിലാഷങ്ങളിലും പദ്ധതികളിലും ഭാര്യയോടൊത്ത് ചര്‍ച്ചചെയ്യുകയും അവളുമായി കൂടിയാലോചന നടത്തുകയും ചെയ്യുക, അവളുടെ അഭിപ്രായവും പരിഗണിക്കുക. ഒരു ജീവിത പങ്കാളിയെപ്പോലെ അവളോട് പെരുമാറുക.
15. നിന്റെ മുഴുവന്‍ രഹസ്യങ്ങളുടേയും കേന്ദ്രമായ അവളെ വിശ്വാസത്തിലെടുക്കുകയും തദ്വിഷയകമായി അവളെ ബോധവതിയാക്കുകയും ചെയ്യുക.
16. എത്ര ചെറുതും പരിചിതവുമാകട്ടെ, അവള്‍ നിനക്ക് തരുന്ന എല്ലാ വസ്തുക്കളേയും മാനിക്കുക.
17. അവളുടെ ജീവിതത്തിലെ പ്രത്യേകാവശ്യങ്ങളെയും ഹോബികളെയും വേണ്ടവിധം പരിഗണിക്കുകയും നിന്റെ സജീവ പരിഗണനയില്‍ അവളുടെ വിഷയങ്ങളുണ്െടന്ന് അവളെ തര്യപ്പെടുത്തുകയും ചെയ്യുക.
18. വിനോദപരിപാടികളിലും യാത്രകളിലും ഭാര്യയുടെ സഹവാസവും സാന്നിധ്യവും അവഗണിക്കാതിരിക്കുക.
19. നിന്റേതെന്ന് നിനക്കുറപ്പുള്ള തെറ്റുകളില്‍ നീ ഭാര്യയോട് മാപ്പിരക്കുക. കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കുന്ന ഒരു വികാരത്തോടുകൂടിയാവണമത്. അല്ലാതെ, ദേഷ്യപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്ത് കൊണ്ടാവരുത്.
20. ഭാര്യ നിനക്ക് അലങ്കാരങ്ങൊളൊരുക്കിത്തരും പ്രകാരം നീ അവള്‍ക്കും അലങ്കാരങ്ങളൊരുക്കിക്കൊടുക്കുക.
21. അവളുടെ ആരോഗ്യപ്രതിസന്ധി ഘട്ടങ്ങളില്‍ ദയാ കാരുണ്യവികാരങ്ങളോടെ നീ അവളുടെ ചാരത്ത് തന്നെ നിലയുറപ്പിക്കുക.
22. എത്ര നിസ്സാര സംഗതികളാണെങ്കിലും ഭാര്യ നിന്നോടാവശ്യപ്പെടുന്നതെന്തും സംഘടിപ്പിച്ചു കൊടുക്കാന്‍ നീ മറക്കാതിരിക്കുക.
23. ചര്‍ച്ചകളിലും സംഭാഷണങ്ങളിലും മൃദുലതയും നൈര്‍മല്യവും പുലര്‍ത്തുകയും നിന്റെ അഭിപ്രായങ്ങള്‍ക്ക് നേര്‍വിപരീതമാണെങ്കിലും ശരിയായ അഭിപ്രായം സ്വീകരിക്കാനുള്ള മനസ്സ് കാണിക്കുകയും ചെയ്യുക.
24. ഭാര്യയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന യാത്രാവേളകളിലും മറ്റും ഫോണ്‍ മുഖേനയും മറ്റു മാര്‍ഗങ്ങളിലൂടെയും ഭാര്യയുമായി നിരന്തരബന്ധം പുലര്‍ത്തുക.
25. വിട്ടുനിന്നതിനുശേഷം പുനഃസമാഗമിക്കുമ്പോള്‍ തടംകെട്ടി നിര്‍ത്തിയ സ്നേഹം കരകവിഞ്ഞൊഴുകട്ടെ.
26. പുഞ്ചിരിതൂവുന്ന മുഖവുമായി വീട്ടിലേക്ക് കയറിച്ചെല്ലുക. സാധിക്കുമെങ്കില്‍ വിളിച്ചു കൊണ്േടാ, ബെല്ലടിച്ചോ സാന്നിധ്യമറിയിച്ച് കടന്നുചെല്ലുക. വീട്ടില്‍ സ്നേഹത്തിന്റെയും തമാശകളുടെയും അന്തരീക്ഷം സൃഷ്ടിക്കുകയും സ്നേഹ-സന്തോഷവികാരങ്ങള്‍ തളംകെട്ടി നിര്‍ത്തുകയും ചെയ്യുക.
27. അവളില്‍ ദൃശ്യമാകുന്ന വേദനകളുടേയും പ്രയാസങ്ങളുടേയും വികാസങ്ങള്‍ക്കു നേരെ അജ്ഞത നടിക്കാതിക്കുക. എന്നല്ല അതിന്റെ കാരണങ്ങള്‍ കണ്െടത്താനും സ്നേഹം കൊണ്ട് ചികിത്സിക്കാനും ധൃതികൂട്ടുകയും ചെയ്യുക.
28. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവാനന്തരം എന്നീ ഘട്ടങ്ങളില്‍ അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥകള്‍ സവിശേഷം പരിഗണിക്കുകയും അത്തരം സന്ദര്‍ഭങ്ങളില്‍ സ്നേഹത്തോടെയും സഹനത്തോടെയും കാരുണ്യത്തോടെയും അവളോട് വര്‍ത്തിക്കുകയും ചെയ്യുക.
29. നിന്റെ മാതാവും ഭാര്യയും തമ്മിലുണ്ടാവുന്ന പ്രശ്നങ്ങള്‍, അവരിരുവരുടെയും അടുപ്പത്തിനും രജ്ഞിപ്പിനും സഹായകമാവുംവിധം ബുദ്ധിപൂര്‍വകമായും സാമര്‍ഥ്യത്തോടെയും കൈകാര്യം ചെയ്യുക.
30. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ നിന്റെ ഭാര്യയെ കുറ്റപ്പെടുത്താതിരിക്കു. എന്നാല്‍ ഗുണദോഷിച്ചും ഉപദേശിച്ചും നീയുദ്ദേശിക്കുന്ന നിലവാരത്തിലേക്കവളെ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുക.
31. ഭക്ഷണം പാകം ചെയ്യുന്നതിലും വീട് നിയന്ത്രിക്കുന്നതിലും ഭാര്യയുടേതായ രീതികള്‍ വിമര്‍ശനവിധേയമാക്കാതിരിക്കുകയും ഉമ്മ, കൂട്ടുകാരന്റെ ഭാര്യ തുടങ്ങിയവരുടെ രീതികളുമായി തുലനം ചെയ്ത് സംസാരിക്കുകയും ചെയ്യാതിരിക്കുക.
32. ഭാര്യയുടെ മാതാപിതാക്കളെ ആദരിക്കുകയും അവര്‍ക്ക് സ്വന്തം മാതാപിതാക്കളുടെ സ്ഥാനം വകവെച്ചുകൊടുക്കുകയും ചെയ്യുക.
33. ഭാര്യയുടെ വീട്ടുകാരെയും കൂട്ടുകാരികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
34. നിന്റെ മുമ്പാകെ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ ബുദ്ധിയും യുക്തിയുമുപയോഗിച്ച് പഠിക്കുക.
35. ഇരുവരുടെയും ആഭ്യന്തരമായ പ്രശ്നപരിഹാരത്തിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക. സങ്കീര്‍ണസാഹചര്യങ്ങളില്‍ മറ്റാരെങ്കിലുമായി കൂടിയാലോചന നടത്താന്‍ നിര്‍ബന്ധിതമാവുകയാണെങ്കില്‍ നിന്റെ ബന്ധുവാണെങ്കില്‍കൂടി സ്വഭാര്യയെക്കുറിച്ച് നീ അയാളോട് പരത്തി പറയാതിരിക്കുക.
36. ദാമ്പത്യ പ്രശ്നങ്ങളില്‍ നിങ്ങളിരുവരുടെയും മാതാപിതാക്കളിലൊരാളെയും ഇടപെടീക്കാതിരിക്കുക. കാരണം, സ്വാഭാവികമായും സ്വന്തം മകന്റേയോ മകളുടെയോ ഭാഗത്താണല്ലോ ഏതൊരു മാതാവും പിതാവും നില്‍ക്കുക. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവുമല്ലാത്ത മറ്റെന്തും കടത്തിവിടാന്‍ നടന്നേക്കാവുന്ന ബാഹ്യ ശ്രമങ്ങളെ കരുതിയിരിക്കുക.
37. നിസ്സാര കാര്യങ്ങളില്‍ അനാവശ്യമായി എടുത്തുചാടുകയും കോപിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ നിലപാടുകളും പ്രതികരണങ്ങളും കാര്യങ്ങളുടെ ഗൌരവത്തിനനുസൃതമായിരിക്കുകയും നിര്‍മാണാത്മകമായിരിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കുക.
38. വീട്ടില്‍ ഭാര്യയുടെ ക്രമീകരണങ്ങളെ മാനിക്കുകയും നിങ്ങളുടെ ആവശ്യങ്ങള്‍ അവയ്ക്കനുസൃതമായി രൂപപ്പെടുത്തുകയും ചെയ്യുക.
39. നിനക്ക് സമയം ലഭിക്കുന്ന മുറക്ക് ബാധ്യതകളിലും ജോലികളിലും അവളെ സഹായിക്കാന്‍ ആര്‍ത്തി കാണിക്കുക. സാധനങ്ങള്‍ വാങ്ങുക, കുട്ടികളുടെയിടയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കുക, ഭാരമുള്ള ഫര്‍ണിച്ചറുകളും മറ്റും വഹിക്കുക തുടങ്ങി പ്രയാസകരമായ കാര്യങ്ങളിലും കുട്ടികളോടൊത്തിരിക്കുന്നതുള്‍പ്പെടെയുള്ള ചെറിയ കാര്യങ്ങളിലുമൊക്കെ നിര്‍ലോഭം സഹകരിക്കാവുന്നതാണ്.
40. വീട്ടില്‍ ഭാര്യയുടെ കൂട്ടുകാരികളായ വല്ല അതിഥികളും വന്നാല്‍ ആതിഥ്യമൊരുക്കുന്നതില്‍ പരമാവധി അവളെ സഹായിക്കാന്‍ പരിശ്രമിക്കുകയും അതിഥിയുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവള്‍ക്ക് സൌകര്യമൊരുക്കുകയും ചെയ്യുക.
അവലംബം: അല്‍മുജ്തമഅ്
സ്ത്രീകളോടുള്ള ചില വര്‍ത്തമാനങ്ങള്‍ ഇവിടെ വായിക്കുക 

4 അഭിപ്രായങ്ങള്‍:

വിധു ചോപ്ര പറഞ്ഞു... മറുപടി

ഇതൊക്കെ ചെയ്തിട്ടും നന്നാകുന്ന ലക്ഷണം അവൾ കാണിക്കുന്നില്ലെങ്കിൽ?

ANSAR NILMBUR പറഞ്ഞു... മറുപടി

നിങ്ങള്‍ അവരോടു മര്യാദയോടെ പെരുമാറുക, അവര്‍ നിങ്ങളുടെ വസ്ത്രവും നിങ്ങള്‍ അവരുടെ വസ്ത്രവുമാണ് എന്നീ ദൈവീക വചനങ്ങളുടെ വിശദീകരണമാണ് ഈ ലേഖനം. ദാമ്പത്യ ജീവിതം സുഖകരമാക്കാന്‍ ഇണയില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ മറന്ന് അങ്ങോട്ടുള്ള ബാധ്യതകളെ എപ്പോഴും ഓര്‍മിച്ചു പെരുമാറിയാല്‍ മതി.....


ഡിയര്‍ വിധു ചോപ്രാ......ഇതൊന്നും ചെയ്തിട്ടും ഭാര്യ നന്നാവുന്നില്ല എന്നു തോന്നുമ്പോള്‍ ഭാര്യയും ഭര്‍ത്താവും കൂടി മാരിട്ടല്‍ കൌന്സലിങ്ങില്‍ പ്രാവീണ്യമുള്ള നല്ല ഒരു സൈക്കോളജിസ്റ്റിനെ കാണുക. രണ്ടു പേരും കൌന്സലിങ്ങിനു വിധേയമാകുക. ആര്‍ക്കാ കുഴപ്പം എന്നറിയാമല്ലോ.......

Ameen പറഞ്ഞു... മറുപടി

Jazak Allah Khair

Vp Ahmed പറഞ്ഞു... മറുപടി

എല്ലാവരും വായിച്ചു പഠിക്കട്ടെ . നല്ല സംരംഭം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....