നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ജൂലൈ 03, 2011

അഹ്‌ലു സുന്നത്തും ശീഇസവും വഴിപിരിയുന്നത്.....


ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പിന്തുടര്‍ന്ന് വരുന്ന ആഖീദയെ കുറിച്ചും ,അതില്‍ അഹ്‌ലു സുന്നത്തിന്റെയും ശീഇസത്തിന്റെയും സ്വാധീനത്തെ കുറിച്ചും ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അഹ്‌ലു സുന്നത്തും ശീഇസവും വഴിപിരിയുന്ന സുപ്രധാനമായ വിഷയങ്ങളെ ചെറുതായി ഒന്ന്‍ പരാമര്‍ശിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.കാര്യ കാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിയോജിക്കാം.
മൂന്നാം ഖലീഫ ഉസ്മാന്റെ ചില നിലപാടുകളോട് എതിര്‍പ്പ് പുലര്‍ത്തുകയും ഉസ്മാന്റെ വധത്തെ തുടര്‍ന്ന് അധികാര തര്‍ക്കത്തില്‍ പ്രവാചകന്റെ പിതൃവ്യ പുത്രനും ജാമാതാവുമായ അലിയുടെ പക്ഷത്ത്‌ നില്‍ക്കുകയും ചെയ്തവര്‍ ശീഅത് അലി (അലിയുടെ പക്ഷക്കാര്‍) എന്ന്‍ അറിയപ്പെട്ടുപോന്നു.മുഖ്യമായും ചരിത്രപരവും രാഷ്ട്രീയ പരവുമാണ് ശീഇസത്തിന്റെ ഉത്ഭവ പക്ഷാത്തലം.
കാലാന്തരേണ വിശ്വാസപരവും, അനുഷ്ടാന പരവുമായ വ്യത്യാസങ്ങളും ഉടലെടുത്തു.അതിന്റെഫലമായുള്ളവിദ്വേഷവും സംഘട്ടനവും ചരിത്രത്തിലുടനീളം തുടര്‍ന്നുപോന്നു എന്നത് ഒരു സത്യമാണ്.ഇസ്ലാമിക ലോകത്തെ അതുല്യ വ്യക്തിത്വങ്ങളായ ഖലീഫ അബൂബക്കര്‍ ,ഉമര്‍ , ഉമ്മുല്‍ മുഉമിനീന്‍ ആയിശ(റ) എന്നിവരെ ശകാരിക്കുന്ന ശീഈ സമ്പ്രദായം ഇന്നും നിലനില്ക്കുന്നുണ്ട്.ഇത് സുന്നികളെ പ്രകോപിപ്പിക്കുന്നത് സ്വാഭാവികം.അതേസമയം ഉമവീ കാലഘട്ടത്തില്‍ ഖലീഫ അലി(റ)യെ വെള്ളിയാഴ്ച ഖുതുബകളില്‍ ശകാരിക്കുന്ന രീതിയും നിലനിന്നിരുന്നു.ഖലീഫ ഉമറബ്നു അബ്ദുല്‍ അസീസാണ് ഈ പതിവ് നിര്‍ത്തലാക്കിയത്.
ഇമാമത്തും ഖിലാഫത്തും
ഇമാമത്താണ് ശീഇകളിലെ പ്രബല വിഭാഗങ്ങളായ ഇമാമീ,സൈദീ,ഇസ്മാഈലി സരണികളുടെഎല്ലാം അടിക്കല്ല്.ഇതര ഇസ്ലാമിക വിഭാഗങ്ങളുമായുള്ള തര്‍ക്കത്തിന്റെയും വാഗ്വാദങ്ങളുടെയും മര്‍മമവും അതുതന്നെയാണ്. പ്രവാചകനുശേഷം അലിക്കും,ശേഷം അലിയുടെ സന്താനങ്ങള്ക്കും അവകാശപ്പെട്ടതാണ് ഖിലാഫത്ത്‌ എന്നതാണവരുടെ വിശ്വാസം.അതിനവര്‍ പ്രധാന തെളിവായി ഉദ്ധരിക്കുന്നത് ഗദീറു ഖുമ്മ്സംഭവമാണ്. ഞാന്‍ ആരുടെ സഹായിയാണോ ,ഇതാ അലിയും അയാളുടെ സഹായി ആയിരിക്കും .അല്ലാഹുവേ അലിയെ സഹായിച്ചവനെ സഹായിക്കണമേ, അവനോടു ശത്രുത പുലര്‍ത്തുന്നവനോട് നീയും ശത്രു ആകേണമേ എന്ന്‍ ഹജ്ജത്തുല്‍ വിദാഇല്‍ നിന്ന് തിരിച്ചുവരുമ്പോള്‍ പ്രവാചകന്‍ നടത്തിയ പ്രാര്‍ത്ഥനയാണ് ആ സംഭവം.ഇന്നും ശീഇകള്‍ വസിക്കുന്ന സ്ഥലങ്ങളിലെല്ലാം ആ ദിനം ഈദുല്‍ ഗദീര്‍ എന്നപേരില്‍ കൊണ്ടാടാറുണ്ട്. എന്നാല്‍ തനിക്ക് ശേഷം ആരെയും പിന്‍‌ഗാമിയായി നിശ്ചയിക്കാതെ ,അക്കാര്യം മുസ്ലിംകളുടെ കൂടിയാലോചനക്ക് വിട്ടുകൊടുത്തുകൊണ്ടാണ് പ്രവാചകന്‍ വിടപറഞ്ഞത് എന്നകാര്യത്തില്‍ മുസ്ലിം ലോകത്ത്‌ അഭിപ്രായ വ്യത്യാസങ്ങളില്ല.
ചിന്താപരമായ ഭിന്നത വൈജ്ഞാനിക അന്വേഷണത്തിന്റെയും അഭിപ്രായ വൈവിധ്യത്തിന്റെയും സീമകള്‍ ഉല്ലംഘിച്ചുകളഞ്ഞു. ശീഇകള്‍ ഖുലഫാഉറാശിദുകളെയും ഉമ്മഹാത്തുല്‍ മുഉമിനുകളില്‍ ചിലരെയും അധിക്ഷേപിച്ചു തുടങ്ങിയതോടെ അത് കൂടുതല്‍ തീഷ്ണവും രൂക്ഷവുമായി തീര്‍ന്നു.പ്രവാചക പത്നിമാര്‍ക്കും സഹചാരികള്‍ക്കും എതിരെ എന്നതിലപ്പുറം ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന് നേരെ പ്രയോഗിക്കാന്‍ പാടില്ലാത്തത്ര കടുത്തതും മൂര്‍ച്ച ഏറിയതുമായിരുന്നു ഈ അധിക്ഷേപ വര്‍ഷം.ഇവിടെ തന്നെ ഇരു വിഭാഗങ്ങളുടെയും ചിന്തകളിലെ തുല്യതയില്ലായ്മ പ്രകടമാണ്.അഹ്‌ലു സുന്നത്ത്‌ ഖുലഫാഉറാശിദുകളെ എല്ലാവരെയും തുല്യമായി കാണുകയും അവരെ ഒരുപോലെ സ്‌നേഹിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ അലി (റ) ഒഴികെയുള്ള ഖലീഫമാരെ അലിയുടെ സ്ഥാനം തട്ടിയെടുത്തവരുടെ ഗണത്തില്‍ പെടുത്തി ഒരുതരം ധിക്കാരം നിറഞ്ഞ ,തെറിപറച്ചിലിന്റെ സമീപനമാണ് ശീഇകള്‍ കൈകൊണ്ടത്.തങ്ങള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഖുലഫാഇന്നു വേണ്ടി ശക്തമായ പ്രതിരോധ നിര സൃഷ്ടിക്കാന്‍ ഇത് ഇതര ഇസ്ലാമിക പണ്ഡിതന്മാരെ നിര്‍ബന്ധിതരാക്കി.സ്വാഭാവികമായി ചരിത്രപരമായ സംഘട്ടനങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.
അബൂബക്കറിനെയും, ഉമറിനെയും,ഉസ്മാനെയും ബൈഅത്ത് ചെയ്ത അതെ ആളുകള്‍ തന്നെയാണ് അവരെയൊക്കെ ബൈഅത്ത് ചെയ്ത അതെ ഉപാധിയോടു കൂടി എന്നെയും ബൈഅത്ത് ചെയ്തത്.അതിനാല്‍ പങ്കെടുത്ത ആള്‍ക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ അനുവാദമില്ല.പങ്കെടുക്കാത്തവന് തള്ളി പറയാനും അധികാരമില്ല. കൂടിയാലോചന മുഹാജിര്‍ -അന്‍‌സ്വാറുകളുടെ അവകാശമാണ്.ആരുടെയെങ്കിലും കാര്യത്തില്‍ അവര്‍ തീരുമാനം കൈകൊള്ളുകയും അയാളെ ഇമാമായി നിര്‍ദ്ധേശിക്കുകയും ചെയ്യുന്നതോടെ അതു അല്ലാഹുവിങ്കല്‍ സ്വീകാര്യമായി തീര്‍ന്നു.അവരുടെ തീരുമാനത്തില്‍ നിന്ന് ആക്ഷേപമുന്നയിച്ചോ പുതുവാദമുന്നയിച്ചോ ആരെങ്കിലും പുറത്ത്‌ പോയാല്‍ അയാളെ അതിലേക്ക് തിരിച്ചു കൊണ്ടുവരണം.അയാള്‍ സമ്മതിക്കുന്നില്ലെങ്കില്‍ വിശ്വാസികളുടെതല്ലാത്ത വഴി പിന്തുടര്‍ന്നതിന്റെ പേരില്‍ അയാളോട് യുദ്ധം ചെയ്യണം.(നഹ്ജുല്‍ ബലാഗ -3:7) അലി (റ) ന്റെ ഈ പ്രസ്താവന, ഈ വിഷയത്തില്‍ അഹ്‌ലു സുന്നത്തിന്റെ സമീപനമാണ് കൂടുതല്‍ സുതാര്യം എന്നതിലേക്കാണ് വെളിച്ചം വീശുന്നത്.
ശീഇസം ചില സവിശേഷതകള്‍
1. തഖിയ്യ:-വിപ്ലവകാരികളുടെ നായകനും,രക്തസാക്ഷികളുടെ നേതാവുമായ ഇമാം ഹുസൈന്റെ സഹായികളാണ് ഞങ്ങള്‍ എന്ന് വാദിക്കുന്ന ശീഇകളില്‍ കണ്ടുവരുന്ന ഏറ്റവും വലിയ വിരോധാഭാസമാണ് തഖിയ്യ.നിലവിലെ പ്രതികൂല സാഹചര്യത്തോട് പുറമേ രാജിയാവുകയും ഉള്ളില്‍ അതിനെ നിരാകരിക്കുകയും ചെയ്യുക എന്ന കുതന്ത്രമാണ് തഖിയ്യ. ഇതര മുസ്ലിം വിഭാഗങ്ങളുമായി ഇടപഴകേണ്ടി വരുമ്പോള്‍ തങ്ങളുടെ ശീഈ ചിന്താഗതി അവരില്‍ നിന്ന് മറച്ചുവെച്ച് അവരുടെ ആരാധനാ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ശേഷം വീട്ടില്‍ നിന്ന് വീണ്ടും നിര്‍‌വ്വഹിക്കുകയും ചെയ്യുന്ന മറച്ചു വെക്കല്‍ തന്ത്രം സ്വീകരിക്കല്‍ തങ്ങളുടെ ബാധ്യതയായി അവര്‍ മനസ്സിലാക്കുന്നു.
2. ഇമാം മഹ്ദി:-ഭൂമിയില്‍ അനീതിയും അക്രമവും നിറഞ്ഞതില്‍ പിന്നെ നീതിയും ന്യായവും പുനസ്ഥാപിക്കുന്ന ഒരു നായകന്‍ അവസാനകാലത്ത് രംഗപ്രവേശം ചെയ്യുമെന്ന വിശ്വാസം-മഹ്ദി ചിന്ത-മിക്ക മതങ്ങളിലും കണ്ടുവരുന്നു.തന്റെ സന്താന പരമ്പരയില്‍നിന്ന് അവസാനകാലത്ത്‌ ഒരു മഹ്ദി വരുമെന്നരൂപത്തില്‍ പ്രവാചകനില്‍ നിന്ന് വന്ന ഹദീസാണ് ഇതിന് തെളിവായി ഉദ്ധരിക്കാറുള്ളത്‌. അത് വ്യക്തി നിര്‍ണയം നടത്തിക്കൊണ്ടുള്ളതല്ല.എന്നാല്‍ പ്രതീക്ഷിത മഹ്ദി ഇമാം ഹസന്‍ ഹസ്കരിയുടെ മകനാണെന്ന തങ്ങളുടെ ഇമാമുമാരുടെ ഉദ്ധരണികളെയാണ് ശീഇകള്‍ അവലംഭിക്കുന്നത്.ശീഇകളുടെ പതിനൊന്നാമത്തെ ഇമാമാണ് ഇമാം ഹസനുല്‍ അസ്കരി. അദ്ദേഹത്തിന്റെ മരണ സമയത്ത് അദ്ദേഹത്തിനുണ്ടായിരുന്ന അഞ്ചുവയസ്സുകാരനായ മകന്‍ മുഹമ്മദാണ് പ്രതീക്ഷിത മഹ്ദി എന്നാണു ശീഈ വിശ്വാസം.പിതാവിന് ശേഷം അദ്ദേഹത്തിന്റെ തന്നെ നിര്‍ദ്ധേശം അനുസരിച്ച് ഇമാമത്ത് ഏറ്റെടുത്ത മകന്‍ വര്‍ഷങ്ങളോളം ഒളിവുജീവിതം നയിക്കുകയും,ശേഷം പൂര്‍ണ്ണമായി അപ്രത്യക്ഷമാവുകയും ഇനി അല്ലാഹുവിന്റെ അനുമതിയോടു കൂടി വീണ്ടും അവതരിക്കുകയും ചെയ്യുമെന്നതാണ് ആ വിശ്വാസത്തിന്റെ കാതല്‍.എല്ലാ ഇമാമുമാരുടെയും ജന്മ ദിനങ്ങളും ചരമ ദിനങ്ങളും ആഘോഷിക്കുന്ന ശീഇകള്‍ ഇമാം മഹ്ദിയുടെ ജന്മ ദിനം മാത്രമേ ആഘോഷിക്കാറുള്ളൂ.
3. ആശൂറാ നാളിലെ ശരീര പീഡനം :-ഇമാം ഹുസൈന്റെ വധത്തില്‍ ദു:ഖാചരണം നടത്തി മുഹറം പത്തിന് ചങ്ങലകൊണ്ട് തോളിലടിക്കുകയം വാളുകൊണ്ട് തലക്കും ശരീരത്തിനും മുറിവേല്പിക്കുകയും ചെയ്യുന്ന വിചിത്ര രീതി ഇന്നും തുടര്ന്ന് കൊണ്ടിരിക്കുകയാണ്.പാകിസ്ഥാന്റെ പല ഭാഗങ്ങളിലും രക്ത പങ്കിലമായ സുന്നീ -ഷിയാ സംഘട്ടനങ്ങള്ക്ക് പലപ്പോഴും ഇത് നിമിത്തമാകുന്നു.കര്‍ബ ലയില്‍ ഹുസൈന്റെ ഖബറിനു ചുറ്റും സന്ദര്‍ശകര്‍ ഒറ്റക്കും കൂട്ടായും നടക്കും.ഏങ്ങിയും വാവിട്ടും കരയും.കരഞ്ഞുവേണം ആ ചടങ്ങുകള്‍ അവസാനിപ്പിക്കാന്‍ . ഹുസൈനുവേണ്ടി കരയുകയോ കരച്ചില്‍ അഭിനയിക്കുകയോ ചെയ്യുന്നവന് സ്വര്‍ഗ്ഗം ഉറപ്പാണ് എന്ന ഇമാമീ ഉദ്ധരണിയാണ് അതിനവര്‍ക്ക് അവലംബം.
4. മൂന്നാമത്തെ ശഹാദത്ത്‌ :-ബാങ്കില്‍ രണ്ടു ശഹാദത്തുകള്‍ക്ക് ശേഷം അശുഹദു അന്ന അലിയ്യന്‍ വലിയ്യുല്ലാഹ് എന്ന മൂന്നാമത്തെ ശഹാദത്ത് ശീഈ ഫിഖ്‌ഹുകള്‍ ഒറ്റക്കെട്ടായി നിരാകരിച്ചിട്ടുണ്ട്.എന്നാല്‍ ഷാ ഇസ്മാഈല്‍ സ്വഫവി ഇറാനില്‍ ശീഈ വല്ക്കകരണം നടപ്പിലാക്കിയതുമുതല്‍ ഈ മൂന്നാം ശഹാദത്ത് അവരുടെ ബാങ്കുകളില്‍ സ്ഥാനം പിടിക്കുകയും അന്നുമുതല്‍ ലോകതലത്തില്‍ തന്നെ ഇത് വ്യാപകമായി ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്തു. ഇന്ന് കിഴക്കോ പടിഞ്ഞാറോ ഉള്ള ഒരു ശീഈ പള്ളിയും ഇതില്‍ നിന്ന് മുക്തമല്ല.
5. ഹുസൈന്റെ മണ്ണിലെ സുജൂദ്‌:-നമസ്കാരത്തില്‍ സുജൂദ്‌ ചെയ്യാനുപയോഗിക്കുന്ന മണ്ണില്ലാത്ത ശീഈ വീട് അത്യപൂര്‍‌വ്വമായിരിക്കും.ആ മണ്ണ് കര്‍ബലയിലെതാണ്. ഹുസൈന്റെ വിശുദ്ധ ശരീരാവഷിഷ്ടം അടക്കം ചെയ്ത ഭൂമിയിലെ മണ്ണ്.അതില്‍ സുജൂദ്‌ ചെയ്യുക,അത് ചുംബിക്കുക,അതുകൊണ്ട് അനുഗ്രഹം തേടുക,ആ മണ്ണ് കൊണ്ട് ഉണ്ടാക്കിയ രൂപങ്ങള്‍ കീശയിലിട്ട് നടക്കുക,രോഗശമനമുദ്ധെശിച്ച് കര്‍ബലയിലെ മണ്ണ് തിന്നുക,അതിന് പ്രത്യേക വിശുദ്ധിയും ആദരവും കല്പിക്കുക തുടങ്ങി ഒരുപാട് ആചാരങ്ങള്‍ ഇന്നും ഷിയാ വിഭാഗങ്ങള്‍ തുടരുന്നു.
ഇതുപോലെ താല്ക്കാ ലിക വിവാഹം (മുത്അ),ജുമുഅ ഖുതുബ,ഖുര്‍ആനിലെ ഭേദഗതി തുടങ്ങി ഒരുപാട് വിഷയങ്ങളില്‍ പൊതു മുസ്ലിം നിലപാടുകളില്‍ നിന്ന് വിരുദ്ധമായ നിലപാടുകളാണ് ശിയാക്കള്‍ കാലങ്ങളായി പുലര്‍ത്തി പോരുന്നത്.
ഇതില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന താല്‍ക്കാലിക വിവാഹം മുസലിം ലോകം അംഗീകരിക്കുന്ന സുസ്ഥിര വിവാഹത്തില്‍ നിന്ന് എങ്ങനെ വ്യതിരക്തത പുലര്‍ത്തുന്നു എന്നതും പഠന വിധേയമാക്കേണ്ടതാണ്
സുസ്ഥിര വിവാഹം / താല്‍ക്കാലികവിവാഹം
രണ്ടു സാക്ഷികള്‍ വേണം/ സാക്ഷികള്‍ ആവശ്യമില്ല
ഭാര്യയുടെ ചെലവ് ഭര്‍ത്താവിന്റെ ബാധ്യത /ഭര്‍ത്താവിന്റെ ബാധ്യതയില്‍ പെട്ടതല്ല
പരമാവധി നാല് ഭാര്യമാര്‍ /എത്ര ഭാര്യമാരും ആവാം
വിവാഹക്കാലം ജീവിതം ഉടനീളമാണ്. /എത്രയുമാവാം.ഒരുനിമിഷമോ ഒരു ദിവസമോ,വര്‍ഷങ്ങളോ
ഇതുപോലെ വിവാഹ മോചന നിയമങ്ങളിലും ഒരുപാട് വൈജാത്യങ്ങള്‍ നമുക്ക്‌ കാണാം.
ചുരുക്കത്തില്‍ ശീഇസം രൂപപ്പെടാനുണ്ടായ സാഹചര്യങ്ങളെ ഒരു പരിധിവരെ അന്നത്തെ രാഷ്ട്രീയ പരമായ സന്ദര്‍ഭങ്ങളെ മുന്‍ നിര്‍ത്തി ന്യായീകരിക്കാമെങ്കിലും അതിനുശേഷം വിശ്വാസപരവും കര്‍മപരവുമായ രംഗങ്ങളില്‍ പ്രവാചകന്റെയും സ്വഹാബത്തിന്റെയും സുന്നത്തുകള്‍ക്ക് വിരുദ്ധമെന്ന് തോന്നുന്നരൂപത്തില്‍ പോലും മുന്നോട്ടു പോവുകയും അലിയുടെയും,ഫാത്തിമത്ത് സുഹ്റയുടെയുമൊക്കെ ആഖീദകള്‍ക്ക് പോലും വിരുദ്ധമായി വര്‍ത്തിക്കുകയും ചെയ്യുന്നഒരു സാഹചര്യം സംജാതമായിട്ടുണ്ട് എന്ന് അംഗീകരിക്കാതെ തരമില്ല. അവിടെ തന്നെയാണ് നിലവിലെ അഹ്‌ലു സുന്നത്തിന്റെ ചിന്താധാരകളില്‍ നിന്ന് ശീഇസം വഴിപിരിഞ്ഞ് പോകുന്നതും.ചുരുക്കം ചില കേരളീയ ചെരുപ്പക്കാരെയെങ്കിലും ശീഈ കാഴ്ചപ്പാട്‌ സ്വാധീനിച്ചിട്ടുണ്ട്.ഉല്പതിഷ്ണുക്കളിലും പാരമ്പര്യ വാദികളിലും അത്തരക്കാരുണ്ട്. സാമ്രാജ്യത്വത്തിനെതിരെ ഇസ്ലാമിക നവജാഗരണം രൂപപ്പെടുത്തുമ്പോഴും ആദര്‍ശ രംഗത്തും നബി(സ)യെയും അനുചരന്മാരെയും അവിടുത്തെ പത്നിമാരെയും കുറിച്ചുള്ള ധാരണകളിലും ശരിയുടെയും വസ്തുതയുടെയും വഴിയെ നീങ്ങണമെന്ന നിര്‍ബന്ധബുദ്ധി കൂടിയേ തീരൂ.എങ്കിലേ അന്തിമ വിശകലനത്തില്‍ അത് പ്രയോജനം ചെയ്യുകയുള്ളൂ.വിശ്വാസവും ആചാരാനുഷ്ടാനങ്ങളും ശരിയായിരിക്കുന്നതോടൊപ്പം അന്ധവിശ്വാസവും അനാചാരവും അവഹേളനവും അതില്‍ കടന്നുകൂടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.അതുകൊണ്ടുതന്നെ പല ശീഈ രീതികളെയും പരിവര്‍ജ്യമായി കാണേണ്ടിവരും.ആരിലുമുള്ള നന്മയെ കൈകൊള്ളാം ,തിന്മകളെ വര്‍ജിക്കുകയും വേണം.
പുണ്യത്തിലും തഖ് വയിലും പരസ്പരം സഹകരിക്കുവിന്‍ ,പാപത്തിലും ശത്രുതയിലും പരസ്പരം സഹകരിക്കാതിരിക്കുവിന്‍ (ഖുര്‍ആന്‍ )
(റഫറന്‍‌സ്: അശ്ശീഅത്തു വത്തസ്വ്‌ഹീഹ് - ഡോ:മൂസ അല്‍ മൂസവി)

ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

5 അഭിപ്രായങ്ങള്‍:

Jefu Jailaf പറഞ്ഞു... മറുപടി

മാഷാ അല്ലാഹ് .. പഠനാര്‍ഹമായ ഒരു പോസ്റ്റ്‌.. jazakallah..

ANSAR NILMBUR പറഞ്ഞു... മറുപടി

നാം പറയുന്നത് (അന്‍സാര്‍ അലിയും സമാന ചിന്താ ഗതിയുള്ള മണ്ടന്മാരും:):):)) ശീഅകളും മുസ്ലീങ്ങള്‍ തന്നെ എന്നാണ്. നമ്മുടെ വീക്ഷണത്തില്‍ അര്‍ത്ഥവും ആശയവും അറിഞ്ഞ് അംഗീകരണ മനസ്ഥിതിയോടെ അല്ലാഹു ഏക ഇലാഹെന്നും മുഹമ്മദ്‌(സ) ദൈവ ദൂതന്‍ എന്നും പ്രഖ്യാപിച്ചാല്‍ അവന്‍ മുസ്ലിമായി. അല്ലാഹുവിനെ സ്വന്തം ദൈവമായും ഇസ്ലാമിനെ സ്വന്തം മതമായും കുര്‍ആനെ സ്വന്തം വേദമായും മുഹമ്മദ് നബി(സ)യെ ദൈവ ദൂതനായ പ്രവാചകനായും അംഗീകരിച്ചവനെ നാം മുസ്ലിം എന്നു വിളിക്കുന്നു. ഈ നാലു കാര്യങ്ങളും അംഗീകരിക്കുന്നവന്‍ ഏതു വന്‍പാപം ചെയ്താലും ഇസ്ലാമിലെ ഏതു കാര്യങ്ങള്‍ നിഷേധിച്ചാലും ഏതു നന്മ ചെയ്യാതിരുന്നാലും ഏതു അന്ധ വിശ്വാസവുമായി നടന്നാലും എന്ത് അവകാശ വാദങ്ങളുമായി വന്നാലും എന്ത് ബിദ്അതുകള്‍ നിര്‍മിച്ചുണ്ടാക്കിയാലും നാമവനെ മുസ്ലിമെന്നു തന്നെ പറയും. ശീഅകളിലെ മുഴുവന്‍ ഗ്രൂപ്പുകളും ഈ നാലു മൌലിക കാര്യങ്ങളും അംഗീകരിക്കുന്നു. അതവര്‍ അംഗീകരിക്കുന്നിടത്തോളം കാലം നാം അവര്‍ക്കെതിരെ തക്ഫീറിന്‍റെ വാള്‍ വീശാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ നമ്മെ കാഫിറുകള്‍ എന്നു വിളിച്ചാലും ശരി. അവര്‍ ചെയ്യുന്ന തിന്മകള്‍ നാം അല്ലാഹുവിനെ ഏല്‍പിക്കുന്നു. ഒരു പക്ഷെ അവര്‍ പൂര്‍ണ മുസ്ലീങ്ങള്‍ അല്ലായിരിക്കും. എന്നാലും അവരെ തീരെ മുസ്ലീങ്ങളല്ല എന്ന് പറയാന്‍ നാമില്ല. നാം അവരെ ഉപദേശിക്കുന്നു .അവര്‍ക്കു വേണ്ടി പാപ മോചനം തേടുന്നു. അല്ലാഹുമ്മ ഉഫിര്‍ ലഹും വര്‍ഹം ഹും വഹ്ദി ഇലാ സുബുലില്‍ ഹക്ക്. ...ആമീന്‍ .

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നബി(സ.അ) ദീന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അവിടെ ഒരു രാഷ്റ്റ്രം ഉണ്ടായി എന്നത് വാസ്തവം, അതു എങ്ങനെ മുന്നോട്ട് പോണം എന്നതിനു വ്യക്തമായ നിര്‍ദ്ദേശം നല്‍കി, അതിന്‍റെ നായകന്‍ ആയി അലിയെ നിശ്ചയിച്ചു എന്നതില്‍ നിന്നാണു വേര്‍തിരിയുന്നത്. ഞാന്‍ 2 കാര്യങ്ങല്‍ വിട്ടേച്ചു പോകുന്നു അതില്‍ ഒന്നു അല്ലാഹുവിന്‍റെ കിതാബ് രണ്ടാമത്തേത് അഹ്ലുബൈത്-ഇതരത് എന്നു ഹദീഥിനു മുന്തൂക്കം. അലി ഖലീഫയായില്ലെങ്കിലും മറ്റു മൂന്നു ഖലീഫമാര്‍ക്കെതിരില്‍ യുദ്ധം ചെയ്യാനോ, നേരിട്ടു എതിര്‍ക്കാനോ അലി നിന്നില്ല. എന്നാല്‍ അലി ഖലീഫയായതു അംഗീകരിക്കാതെ സമൂഹത്തെ പിളര്‍ത്തി മുആവിയ്യ ഭരണം പിടിക്കുകയും തുടര്‍ന്നു കുടുംബം നബി കുടുംബത്തിനെതിരെ കിരാത ഭരണം തുടരുകയും, നബി കുടുംബത്തെ അംഗീകരിക്കുന്നവരെ വേട്ടയടുകയും, ആല്‍ മുഹമ്മദിന്‍റെ മേല്‍ ലാഅനത് ചൊല്ലുന്ന ജുമുഅ നടപ്പില്‍ വരുത്തുകയും ചെയ്തു. ഇതു ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍റെ കാലം വരെ തുടര്‍ന്നു.ഈ കാലയളവില്‍ അമവി ഭരണകൂടത്തെ പിന്താങ്ങുകയും ചെയ്ത ആളുകളെ നിരാകരിക്കുമ്പോഴയാണു വ്യ്ത്യാസം ഉണ്ടാകുന്നത്.പുരത്തറിഞ്ഞാല്‍ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ ഉള്ളതു കൊണ്ട് പലരും തഖിയ്യ കൈകൊണ്ടു.അതുമല്ല പല ഇമാമുകള്‍ക്കുംസ്വതന്ത്രമായി സമൂഹത്തെ പഠിപ്പിക്കാനോ സമൂഹത്തിനു അവരോടു സഹകരിക്കാനും പറ്റിയിരുന്നില്ല.
അബ്ബാസി ഭരണകൂടത്തിനെതിരില്‍ ജിഹാദ് നടത്താന്‍ വന്ന സൈദ് ബിന്‍ അലിയുടെ അനുയായികള്‍ സൈദി എന്ന പേരില്‍ ഉള്ളവര്‍, അവര്‍ പൊതുവെ ശിയാകല്‍ എന്നറിയപ്പെടുന്നില്ല, കേരള മുസ്ലിംകളില്‍ സൈദി ചിന്ത വളരെ ആഴത്തില്‍ ഉണ്ട്.പഴയ കുണ്ടോട്ടി കൈ തര്‍ക്കം അതിന്‍റെ ഭാഗം.
അനാചാരങ്ങളും ബിദ്-അത്തുക്കളും പൊതു സുന്നി സമൂഹവുമായി തട്ടിച്ചു നോക്കിയാല്‍ ഒരു പോലെ തന്നെയാണു. തവസ്സുല്‍ ഇസ്തിഘാസ തബര്രുക്. മര്‍മ്മ പ്രധാന മായതു അഹ്ലു സുന്ന വല്‍ ജമാഅത് എന്നത് അമവി ഭരണ കൂടത്തെ താങ്ങിയ ആളുകള്‍ ഉണ്ടാക്കിയ പൊതു ധാരയാണു എന്ന വിശ്വാസമാണു. അതു കൊണ്ടു തന്നെ അബു ഹുറൈറ, ആയിശ എന്നിവരില്‍ നിന്നുള്ള ഹദീഥുകള്‍ക്ക് യാതൊരു പരിഗണനയുമില്ല. ആല്‍-മുഹമ്മദിലെ ഇമാമുകളുടെ വാക്കുകളും അവര്‍ ഉദ്ധരിക്കുന്ന ഹദീഥുകളും പ്രമാനം.

Abid Ali പറഞ്ഞു... മറുപടി

good,informative......

Unknown പറഞ്ഞു... മറുപടി

തഖിയ്യക്ക് നല്ല നിർവചനം ലഭിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....