നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, ജൂൺ 29, 2011

വേണം നമുക്ക് നല്ല നേതൃത്വങ്ങള്‍


ആഗോള തലത്തില്‍ തന്നെ ഇന്ന് മുസ്ലിം ലോകം അനുഭവിച്ച് കൊണ്ടിരിക്കുന്ന രൂക്ഷമായ പ്രതിസന്ധികളിലൊന്നാണ് നേതൃക്ഷാമം.ഇസ്ലാമികമായ പാണ്ഡിത്യത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നവര്‍ പോലും ഒരു പ്രത്യേകമായ വിഷനോ,മിഷനോ ഇല്ലാതെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്ന് അവരുടെ ഇടപെടലുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ നമുക്ക് ബോധ്യമാവും.
തികഞ്ഞ സംഘടനാ പക്ഷപാതിത്വത്തില്‍ നിന്നും, സങ്കുചിതത്വത്തില്‍നിന്നും ഉടലെടുത്ത പരസ്പര പകയും,വിദ്വേഷവും നെഞ്ചകത്തില്‍ സൂക്ഷിക്കുന്ന നേതാക്കന്മാരും കുറവല്ല.
ഇസ്ലാം എന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലെങ്കിലും സുപ്രധാനമായ സംഗതികളില്‍ പരസ്പരം സഹകരിക്കാനും,ഒന്നിച്ച് നീങ്ങാനും ഒരു പരിധിവരെ തയ്യാറാവുന്ന ചിത്രമാണ് കേരളത്തിന് പുറത്ത് നിന്ന്, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ നിന്ന് കാണുന്നതെങ്കില്‍ , ഒരുവിധത്തിലുള്ള പ്രതിപക്ഷ ബഹുമാനവും കാത്ത് സൂക്ഷിക്കാതെ,ഇസ്ലാമികമായ മര്യാദകളൊന്നും ദീക്ഷിക്കാതെ സ്റ്റേജുകളിലും,പേജുകളിലും പരസ്പരം കടിച്ച് കീറിക്കൊണ്ടിരിക്കുന്ന അതി ദാരുണമായ ചിത്രങ്ങളാണ് കേരളീയ മുസ്ലിം സംഘടനകളില്‍ നിന്നും,നേതാക്കന്മാരില്‍ നിന്നും നമ്മള്‍ കണ്ട്കൊണ്ടിരിക്കുന്നത്.
ഇവിടെ എതാര്‍ത്ഥ പ്രശ്നം ആരുടേതാണ്?അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തില്‍ വെച്ച് പോലും പരസ്പരം കൊലവിളി നടത്തുന്നരൂപത്തില്‍ തങ്ങളുടെ അണികളെ വളര്‍ത്തുകയും,കയറൂരി വിടുകയും അവരുടെമേല്‍ ഒരു നിയന്ത്രണവുമില്ലാതെ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വരികയും ചെയ്യുന്ന രൂപത്തില്‍ ആ പ്രസ്ഥാനത്തെ നയിച്ച നേതാക്കന്മാര്‍ക്കും,സംഘടനാ വ്യവസ്ഥക്കും ഇതില്‍ ഒരു പങ്കുമില്ലേ.?പ്രവര്‍ത്തകരെ ഉദ്ബോധിപ്പിക്കുമ്പോള്‍ പരലോക ചിന്തയെ കുറിച്ചും അനുഷ്ടാന കര്‍മ്മങ്ങളെ കുറിച്ചും ഭക്തി സാന്ദ്രമായ രൂപഭാവങ്ങളോട് കൂടി സംസാരിക്കുന്നവര്‍ ,വെള്ളിയാഴ്ചകളില്‍ പൊതുസമൂഹത്തിന് സദുപദേശം നല്‍കുന്നവര്‍ ,നാവിന്റെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ഉല്‍ബുദ്ധരക്കുന്നവര്‍ ...ഇതേ ആളുകള്‍ തങ്ങളുടെ എതിരാളികള്‍ക്കെതിരെ ഖണ്ഡന-മണ്ഡനങ്ങളുടെ പേര് പറഞ്ഞ് പരസ്പരം പോര്‍‌വിളി നടത്തുകയും ,കേട്ടാല്‍ അറക്കുന്ന വാക്കുകള്‍കൊണ്ട് അഭിഷേകം ചെയ്യുകയും ,ഇന്റര്‍നെറ്റ് ,എല്‍ .സി.ഡി യുദ്ധങ്ങള്‍ നയിക്കുകയും ചെയ്യുമ്പോള്‍ അത് പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്...?ഇസ്ലാമിന്റെ ഏത് തെളിവുകള്‍ കൊണ്ടാണ് ഇത് ന്യായീകരിക്കാനാവുക."അല്ലയോ വിശ്വസിച്ചവരേ, പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നുവരാം. സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായെന്നു വരാം.പരസ്പരം അവഹേളിക്കരുത്.ദുഷ്പേരുകള്‍ വിളിക്കയുമരുത്.വിശ്വാസം കൈക്കൊണ്ടശേഷം ദുഷ്പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രെ.ഈ ദുശ്ശീലത്തില്‍നിന്നു പിന്തിരിയാത്തവര്‍ ധിക്കാരികള്‍ തന്നെയാകുന്നു."(അല്‍ ഹുജുറാത്ത് :11)
പ്രവര്‍ത്തിക്കാത്തത് പറയുക എന്ന അല്ലാഹുവിങ്കല്‍ ഏറ്റവും കോപിഷ്ടമായ കാര്യമാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ആരെങ്കിലും വിശ്വസിച്ച്പോയാല്‍ അവരെ കുറ്റം‌പറയാനൊക്കുമോ?അല്ലാഹുവിനെ സൂക്ഷിച്ച്,അവന്റെ പ്രവാചകന്റെ കല്പനകള്‍ ശിരസ്സാവഹിച്ച് മുന്നോട്ട് പോകുന്നതിനാല്‍ ഇത്തരം കലാപരിപാടികളില്‍നിന്ന് വിട്ട് നില്‍ക്കുന്നവരെ 'ഭീരുക്കള്‍ ' എന്ന പരിഹാസപ്പേരിട്ട് വിളിക്കുന്നവര്‍ ഇതിനെകുറിച്ചൊക്കെ ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍ ? സം‌ഹാരം വളരെ എളുപ്പമാണ്;നിര്‍മ്മാണമാണ് പ്രയാസം.പരസ്പര ബന്ധങ്ങളുടേയും,പരസ്പര വിശ്വാസത്തിന്റേയുമൊക്കെ കാര്യം അങ്ങനെത്തന്നെയാണ്.വൈകാരികത ആഘോഷമാക്കിയ ചില 'ഞരമ്പ്' ജീവികള്‍ക്കെല്ലാതെ ആര്‍ക്കാണ് ഈ വിദ്വേഷവും,പകയുമൊക്കെ ഉത്സവക്കാഴ്ചകളാകുന്നത്?
അപ്പോള്‍ പ്രശ്നം നേതാക്കന്മാരുടേത് തന്നെയാണ്. സ്വന്തം വാക്കുകള്‍ കര്‍മ്മങ്ങളിലേക്ക് സന്നിവേശിപ്പിക്കാത്ത നേതാക്കന്മാര്‍ ,സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി തന്റെ പ്രസ്ഥാനത്തെ നടുകെ പിളര്‍ക്കാന്‍ പോലും മടിയില്ലാത്ത നേതാക്കന്മാര്‍ ,പടച്ചറബ്ബിന്റെ പ്രീതിക്കുപരി അനുയായികളുടെ കരഘോഷങ്ങളില്‍ സായൂജ്യമടയുന്ന നേതാക്കന്മാര്‍ .ആസുകല്ലിന് ചുറ്റും കഴുത ചുറ്റുന്നത് പോലെ ,കുടല്‍ മാലകള്‍ പുറത്ത് തള്ളി നരകത്തില്‍ അവര്‍ വട്ടം ചുറ്റിക്കൊണ്ടിരിക്കും എന്നാണ് അത്തരം നേതാക്കന്മാരെ കുറിച്ച് പ്രവാചകന്‍ സൂചിപ്പിച്ചത്.
അതുകൊണ്ട് നമുക്ക്‌വേണം നല്ല നേതാക്കന്മാരെ, അല്ലാഹുവിനെ ഭയപ്പെടുന്ന,വാക്കുകള്‍ കര്‍മ്മങ്ങളാക്കിമാറ്റുന്ന നേതാക്കന്മാരെ, അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സ്വന്തം ജീവന്‍ നല്‍കാനും മടിയില്ലാത്ത നേതാക്കന്മാരെ,അനുയായികള്‍ക്ക് നന്മയില്‍ മാതൃകകളാകുന്ന നേതാക്കന്മാരെ,അണികള്‍ സ്നേഹിക്കുന്ന,അണികളെ സ്നേഹിക്കുന്ന അതുവഴി അല്ലാഹുവിന്റെ സ്നേഹം നേടുന്ന നേതാക്കന്മാരെ,വികാരത്തെ മറികടക്കുന്ന വിവേകമുള്ള നേതാക്കന്മാരെ...അത്തരം ഒരു നേതൃത്വത്തിന് കീഴിലേ മുസ്ലിം ലോകത്തിന് ശുഭപ്രതീക്ഷകളോടെ മുന്നോട്ട് പോകാനാവൂ.

1 അഭിപ്രായങ്ങള്‍:

പാറക്കണ്ടി പറഞ്ഞു... മറുപടി

നേതാക്കാന്‍ മാര്‍ ശരിയായാല്‍ മാത്രമേ സമൂഹം ശരിയാവുകയുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാം നേതാക്കളെ ആര് നേരെ ആക്കും . ദൈവഭയം തീരെ ഇല്ലാത്ത പണ്ഡിതരും പ്രമാണിമാരുമാണ് ഉത്തമ സമുദായത്തെ നയിക്കുന്നത് . അവരെ മാതൃകയാക്കുന്ന അണികളില്‍ നിന്ന് സമൂഹത്തിനു കിട്ടുന്നതോ തികച്ചും അരാജകത്വം നിറഞ്ഞ ഒരു അന്തരീക്ഷവും കേരളത്തിലെ കുറ്റകൃത്യങ്ങളില്‍ സമുദായത്തിന്റെ വലിയൊരു പങ്കു പണ്ഡിതരും നേതാക്കളും ഇനിയും ഗൌരവത്തില്‍ എടുത്തില്ലെങ്കില്‍ വരാനിരിക്കുന്ന തലമുറയെ നമുക്ക് രക്ഷിക്കാനാവില്ല .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....