നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, ജൂൺ 15, 2011

എവിടെയാണ്‌ പിഴക്കുന്നത് ? - അബ്ദുല്‍‌വദൂദ്

ഈയടുത്ത്‌ മുസ്‌ലിം പ്രസ്ഥാന പ്രവര്‍ത്തകരുടെ ഒരു സംഗമത്തില്‍ മതാനുഷ്‌ഠാനങ്ങളിലെ ശ്രദ്ധയെക്കുറിച്ച്‌ സ്വയം വിചാരണക്ക്‌ അവസരം നല്‌കിയപ്പോള്‍ അതീവ ദയനീയവും അതിലേറെ ഗുരുതരവുമായ ഫലങ്ങളാണ്‌ ഓരോരുത്തര്‍ക്കും സ്വയം തിരിച്ചറിയാനായത്‌. മുഴുവന്‍ പേരും കൃത്യമായി പത്രം വായിക്കുന്നവരാണെങ്കിലും ഖുര്‍ആന്‍ പാരായണം ദിനചര്യയാക്കിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. സുന്നത്തു നോമ്പുകള്‍ ശീലമാക്കിയത്‌ നൂറില്‍ ഒന്നോ രണ്ടോ പേര്‍. ഓഫീസില്‍ കൃത്യമായെത്തുന്നവര്‍ക്ക്‌ നമസ്‌കാരങ്ങളില്‍ ആ നിഷ്‌ഠ പാലിക്കാന്‍ സാധിക്കുന്നില്ല. ഏറ്റവും സങ്കടകരമായ അവസ്ഥ നമസ്‌കാരത്തിന്റെ കാര്യമായിരുന്നു. കൃത്യമായ ശ്രദ്ധയും പ്രാധാന്യവും ഏറെ ആവശ്യമുള്ള നമസ്‌കാരത്തില്‍ മിക്കവരും ഗുരുതരമായ വീഴ്‌ച വരുത്തിയിരിക്കുന്നു!


ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ സജീവ പങ്കാളികളാകുന്നവരില്‍ പോലും ഇത്രയും അശ്രദ്ധയുണ്ടെങ്കില്‍,മറ്റുള്ളവരുടെ കാര്യം എത്രമാത്രം ആപത്തായിരിക്കും! സമയവും ആരോഗ്യവും സമ്പത്തും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എത്രയും ചെലവഴിക്കുന്നവര്‍,അത്രയൊന്നും ചെലവോ അധ്വാനമോ ആവശ്യമില്ലാത്ത ആരാധനാ കാര്യത്തില്‍ അലസമായ അജ്ഞത കാണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
തിരുനബി(സ)യുടെ ഒരു താക്കീതുണ്ട്‌: ``അന്ത്യനാളില്‍ മനുഷ്യന്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത്‌ നമസ്‌കാരത്തെക്കുറിച്ചായിരിക്കും. അതു ശരിയായാല്‍ മറ്റെല്ലാം ശരിയായി. അതു മോശമായാല്‍ മറ്റെല്ലാം മോശമായി.'' (ഇമാം സുയൂഥി, ജാമിഉസ്സഗീര്‍ 2818, അല്‍ബാനി, സില്‍സിലതുസ്സ്വഹീഹ1358)
ധര്‍മസമരത്തിന്‌ പുറപ്പെടുന്നവര്‍ തീര്‍ച്ചയായും ശ്രവിക്കേണ്ട മറ്റൊരു തിരുവചനമുണ്ട്‌: ഒരാള്‍ പ്രവാചകന്റെ അടുക്കലെത്തി ചോദിച്ചു: ``ഏറ്റവും ശ്രേഷ്‌ഠമായ കര്‍മമേതാണ്‌?'' നബി(സ) പറഞ്ഞു: ``നമസ്‌കാരം.'' ``പിന്നെയേതാണ്‌?'' ``നമസ്‌കാരം.'' ``അതിനു ശേഷമോ?'' ``നമസ്‌കാരം.'' ``പിന്നെയോ?'' ``അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരം.'' (ഇബ്‌നുഹിബ്ബാന്‍1:288)
അന്ധനായ അബ്‌ദുല്ലാഹിബ്‌നു ഉമ്മിമക്‌തൂം തിരുനബിയോട്‌ ഒരിക്കല്‍ ചോദിച്ചു:``റസൂലേ,താങ്കള്‍ക്കറിയുന്നതു പോലെ പ്രായമേറുകയും എല്ലുകള്‍ ദുര്‍ബലമാവുകയും കാഴ്‌ചശക്തി നഷ്‌ടപ്പെടുകയും ചെയ്‌ത ആളാണു ഞാന്‍. പള്ളിയിലേക്ക്‌ എന്നെ കൊണ്ടുവരാന്‍ പറ്റുന്ന വഴികാട്ടിയും എനിക്കില്ല. അതിനാല്‍ അഞ്ചു നമസ്‌കാരങ്ങള്‍ വീട്ടില്‍ വെച്ച്‌ നിര്‍വഹിക്കാന്‍ എനിക്ക്‌ അനുവാദം ലഭിക്കുമോ?''തിരുനബി ചോദിച്ചു: ``താങ്കള്‍ വീട്ടിലിരിക്കുമ്പോള്‍ പള്ളിയില്‍ നിന്നുള്ള ബാങ്ക്‌ കേള്‍ക്കാറുണ്ടോ?'' -``അതെ,കേള്‍ക്കാറുണ്ട്‌.'' അപ്പോള്‍ തിരുനബി ഇങ്ങനെ ഉപദേശിച്ചു:``എങ്കില്‍ അതില്‍ നിന്ന്‌ മാറിനില്‍ക്കാനുള്ള ഒരു ഇളവും ഞാന്‍ കാണുന്നില്ല. ജമാഅത്ത്‌ നമസ്‌കാരത്തിനായുള്ള നടത്തത്തിന്റെ മഹത്വം അറിഞ്ഞിരുന്നെങ്കില്‍ കൈകാലുകള്‍ ഇഴഞ്ഞാണെങ്കിലും പള്ളിയിലെത്തിയിരിക്കും''(മജ്‌മഉസ്സവാഇദ്‌ 2:43).
അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌ പറയുന്നത്‌ കേള്‍ക്കാം:``മുസ്‌ലിമായിക്കൊണ്ട്‌ നാളെ അല്ലാഹുവിനെ കാണണമെന്ന്‌ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാങ്ക്‌ വിളികേട്ട സ്ഥലത്തുചെന്ന്‌ തന്നെ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കട്ടെ. കാരണം,അല്ലാഹു നിങ്ങളുടെ നബിക്ക്‌ സന്മാര്‍ഗ നിയമങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്‌. ജമാഅത്ത്‌ നമസ്‌കാരങ്ങള്‍ അതില്‍ പെട്ടതാണ്‌. ജമാഅത്തില്‍ പങ്കെടുക്കാതെ മാറിനില്‌ക്കുന്നവനെപ്പോലെ നിങ്ങളും ആവുകയാണെങ്കില്‍ നിങ്ങളുടെ പ്രവാചകന്റെ ചര്യയെ നിങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. പ്രവാചകചര്യയെ തള്ളിക്കളഞ്ഞാല്‍ നിങ്ങള്‍ പിഴച്ചതു തന്നെ. ഞങ്ങളുടെ കാലത്ത്‌ അറിയപ്പെട്ട മുനാഫിഖുകള്‍ മാത്രമേ ജമാഅത്തില്‍ നിന്ന്‌ മാറിനില്‌ക്കാറുള്ളൂ. നടക്കാന്‍ കഴിയാത്തവരെപ്പോലും മറ്റുള്ളവര്‍ തോളിലേറ്റി കൊണ്ടുവന്ന്‌ സ്വഫ്‌ഫില്‍ അണിനിരത്തും''(മുസ്‌ലിം654,ഇബ്‌നുമാജ 777)
തിരുനബിയുടെ അത്യനിമിഷത്തെക്കുറിച്ച്‌ അനസ്‌(റ) പറഞ്ഞുതരുന്നു: ``അന്ത്യസമയത്ത്‌ പ്രവാചകന്റെയടുക്കല്‍ ഞങ്ങളുണ്ടായിരുന്നു. അവിടുന്ന്‌ ഞങ്ങളോട്‌ പറഞ്ഞു: നമസ്‌കാരത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ സൂക്ഷിക്കുക. നമസ്‌കാരത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ സൂക്ഷിക്കുക. മൂന്നു പ്രാവശ്യം ഇതാവര്‍ത്തിച്ചു. നിങ്ങളുടെ കീഴിലുള്ള അടിമകളുടെ കാര്യത്തിലും ദുര്‍ബലരായ വിധവയുടെയും അനാഥയുടെയും കാര്യത്തിലും നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നമസ്‌കാരത്തിന്റെ കാര്യത്തില്‍ പ്രത്യേകം സൂക്ഷിക്കുക. തിരുനബി`നമസ്‌കാരം, നമസ്‌കാരം' എന്ന്‌ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മരണം തൊണ്ടയിലെത്തുകയും ഒടുവില്‍ ജീവന്‍ വെടിയുകയും ചെയ്യുന്നതു വരെ!'' (ശുഅബുല്‍ ഈമാന്‍ 11053)
എത്ര ഗൗരവത്തിലാണ്‌ ഈ നിര്‍ദേശങ്ങള്‍! അത്രയും മഹത്വം നമസ്‌കാരത്തിന്‌ കല്‌പിക്കുന്നു. നമ്മളോ?ജീവിതത്തിലെ ചെറിയ നഷ്‌ടങ്ങളുടെ പേരില്‍ പോലും വല്ലാതെ വ്യസനിക്കുന്ന നമ്മള്‍ ജമാഅത്തുകള്‍ നഷ്‌ടമായാല്‍ സങ്കടപ്പെടുന്നേയില്ല. എല്ലാ ജോലികളും ചെയ്‌തു പൂര്‍ത്തിയാക്കിയാലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കപ്പെടാതെ നീണ്ടുപോകും. രാത്രി മുഴുവനും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയവര്‍ രാവിലെ സ്വുബ്‌ഹ്‌ നമസ്‌കരിക്കാതെ കിടന്നുറങ്ങുന്നു! എവിടെയാണ്‌ നമുക്ക്‌ പിഴച്ചത്‌?തിരുത്തേണ്ടവര്‍ തിരുത്തുക തന്നെ വേണം. ``ഞങ്ങള്‍ നമസ്‌കരിച്ചവരായിരുന്നില്ല'' എന്ന്‌ നരക വാസികള്‍ വ്യസനിക്കുന്ന അവസ്ഥയെ ഖുര്‍ആന്‍ താക്കീതു ചെയ്‌തിട്ടുണ്ട്‌ (74:43).
കിട്ടാനുള്ളതെല്ലാം അപ്പപ്പോള്‍ ചോദിച്ചു വാങ്ങുന്നവരാണു നാം. സമയം തെറ്റുന്നത്‌ നമുക്കിഷ്‌ടമേ അല്ല. നമ്മില്‍ നിന്ന്‌ അല്ലാഹുവിന്‌ ലഭിക്കേണ്ട ആരാധനകള്‍ പിന്നെന്തുകൊണ്ട്‌ സമയം തെറ്റുന്നു?
കച്ചവടം നടത്തുന്നവര്‍ മൂലധനത്തില്‍ നിന്ന്‌ ഒന്നുമെടുത്ത്‌ ചെലവാക്കാറില്ല. ലാഭത്തില്‍ നിന്നേ ചെലവഴിക്കൂ. നമ്മുടെ മൂലധനമാണ്‌ നമസ്‌കാരം. അതില്‍ നിന്ന്‌ വല്ലതും നഷ്‌ടപ്പെടുത്തിയാല്‍ ജീവിതമാകുന്ന കച്ചവടം പൊളിയും. ഇല്ലെങ്കിലോ, വിജയത്തില്‍ നിന്ന്‌ വിജയത്തിലേക്ക്‌ വളരും.1 അഭിപ്രായങ്ങള്‍:

rasheedtandasseri പറഞ്ഞു... മറുപടി

പുത്തന്‍ സാങ്കേതിക വിദ്യകളും ,നവ അറിവുകളും ,നേടുന്നതില്‍ മികവു കാണിക്കുന്ന നമ്മള്‍ അനുഷ്ടാന കാര്യങ്ങളില്‍ പിന്നോട്ട് പോകുന്നുണ്ടോ ..? ..പുതിയ കാലം പ്രവര്‍ത്തകന്റെ മുന്നില്‍ ഉയര്‍ത്തുന്ന വലിയ ചോദ്യം ഇതുതന്നെ ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....