നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ബുധനാഴ്‌ച, മേയ് 18, 2011

സ്വപ്നം കാണുന്നത് പാപമോ.....?
'ഹിജ്റയുടെ വേളയില്‍ പ്രവാചകനേയും, അബൂബക്കര്‍ (റ) യേയും പിന്തുടര്‍ന്ന സുറാഖത്തുബ്നു ജഹ്ഷ് കീഴടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് പ്രവാചകന്‍ ചോദിച്ചു: ഇതില്‍ കിസ്രയുടെ വളകള്‍ അണിയിച്ചാല്‍ എങ്ങനെയുണ്ടാവും...? സ്വന്തം നാടും,വീടും വരെ വിട്ട് കൊടുത്ത് മറ്റൊരു നാട്ടിലേക്ക് പാലായനം നടത്തുന്നവന്റെ കേവല ജല്പനങ്ങളായിരുന്നില്ല അത് ..... പിന്നീട് ഉമര്‍ (റ) വിലൂടെ അത് അക്ഷരം പ്രതി പാലിക്കപ്പെട്ടതിന് ചരിത്രം സാക്ഷി.....'
ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇഖാമതുദ്ധീന്‍ ആണ്,അഥവാ അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ദീനിന്റെ സംസ്ഥാപനം.ഇന്ത്യപോലെ വിവിധ ജാതിക്കാരും,മത വിശ്വാസികളും,മതമില്ലാത്തവരും എല്ലാം ഒത്തൊരുമിച്ച് ജീവിക്കുന്ന,മതേതരത്വം ജ്വലിച്ച് നില്‍ക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ അത്തരം ഒരു ലക്ഷ്യം മുന്നില്‍ വെച്ച് പ്രവര്‍ത്തിക്കുന്നത്പോലും തെറ്റും ഇസ്ലാമിക താല്പര്യങ്ങള്‍ക്ക് വിരുദ്ധവുമല്ലേ എന്നതാണ് കാലാകാലങ്ങളായി എല്ലാ മുസ്ലിം നാമധാരികളായ സെക്യുലര്‍ ബുദ്ധിജീവി നാട്യക്കാരേയും ഒരുമിച്ചണിനിരത്തി കേരളത്തിലെ സാമുദായിക-മത സംഘടനകള്‍ ജമാഅത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങളുടെ ആകെത്തുക.
കൂട്ടത്തില്‍ "അല്ലെങ്കില്‍ ഇങ്ങനെ ഒരു ലക്ഷ്യമൊക്കെ മുന്നില്‍‌വെച്ചിട്ട് എന്ന് നടപ്പാവാനാ,ജമാഅത്ത്കാര്‍ക്ക് പോലും അതില്‍ വലിയ പ്രതീക്ഷയുണ്ട് എന്ന് തോന്നുന്നില്ല" എന്ന ഒരു ആതമഗതവും. ജമാഅത്തിനെതിരെ അവരുന്നയിക്കുന്ന തീവ്രവാദ-ഭീകരവാദ ആരോപണങ്ങളും ഇതില്‍നിന്നുത്ഭൂതമാവുന്നതാണ്.
ഇവിടെയാണ് ഞാന്‍ നല്‍കിയ വിഷയത്തിന്റേയും,ഉദ്ധരിച്ച ചരിത്ര ശകലത്തിന്റേയും പ്രസക്തി.അഥവാ ചരിത്രത്തില്‍ നിന്ന് നാം ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്.നല്ല നാളേക്ക് വേണ്ടി പണിയെടുക്കുന്നവന് ഒരു നല്ല സുപ്രഭാതത്തെകുറിച്ച് സ്വപ്നം പോലുമില്ലെങ്കില്‍ ആ പ്രവര്‍ത്തനങ്ങള്‍ക്കെന്ത് പ്രസക്തി."നിങ്ങള്‍ എന്നെന്നും ഈ ലോകത്ത് ജീവിക്കുന്നവരെന്ന് കരുതി ഈ ലോകത്തിനുവേണ്ടി പണിയെടുക്കുക;നാളെ തന്നെ മരിക്കുന്നവരെന്ന് കരുതി പരലോകത്തിനുവേണ്ടിയും പണിയെടുക്കുക" എന്ന പ്രവാചക വചനം ഇവിടെ സ്മരണീയമാണ്.ഈ ലോകത്ത് ഇസ്ലാം പുലരേണ്ടതില്ലെന്നോ,മുസ്ലിമെന്ന നിലക്ക് അതിന്റെ ബാധ്യത നമ്മുടെ മേല്‍ ഇല്ല എന്നോ പരസ്യമായി വാദിക്കാന്‍ തയ്യാറുള്ളവരല്ല ഈ മത സംഘടനാ നേതാക്കളൊന്നും തന്നെ എന്നതാണ് കൂടുതല്‍ രസകരം. അതേസമയം അങ്ങനെയൊന്ന് സ്വപ്നം കാണുന്നതില്‍ നിന്നും,അതിനുവേണ്ടി പണിയെടുക്കുന്നതില്‍ നിന്നും അവരെ തടഞ്ഞ് നിര്‍ത്തുന്നതെന്താണ്.ആ മാര്‍ഗത്തില്‍ പണിയെടുക്കുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും വേണ്ട അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഇവരെ പ്രചോദിപ്പിച്ചതും എന്തായിരിക്കും.അത് കേവല ഭൗതിക താല്പര്യങ്ങളും ,ഇസ്ലാം വിരുദ്ധ ശക്തികളുടെ പ്രീതിയും,മതേതരത്വ ലേബലിനോടുള്ള ആര്‍ത്തിയുമാണെന്ന് ആരെങ്കിലും ധരിച്ച് പോയാല്‍ അവരെ കുറ്റം പറയാനാവുമോ...? ഇസ്ലാമിനോടുള്ള അടങ്ങാത്ത സ്നേഹവും പ്രതിബദ്ധതയും കാരണമാണ് അവരുടെ വിമര്‍ശനമെന്ന ന്യായം ഒരുപക്ഷേ സ്വന്തം മനസ്സിനെപോലും വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ച് കൊള്ളണമെന്നില്ല.
സഹായിക്കാനാരാരുമില്ലാത്ത, എല്ലാവിധ ജാഹിലിയ്യത്തുകളും കൊടികുത്തിവാണിരുന്ന ഒരു മരുപ്രദേശത്ത് നിന്ന്, വരാനിരിക്കുന്ന സുന്ദരമായ ഒരു ലോകത്തെകുറിച്ച് സ്വപ്നം കാണാന്‍ സാധിച്ച,അതിനുവേണ്ടി പണിയെടുത്ത വിപ്ലവകാരിയായിരുന്നു അല്ലാഹുവിന്റെ റസൂല്‍ (സ).തന്റെ വാക്കുകളിലെപ്പോഴും ആ ഒരു സ്വപ്നം ജ്വലിപ്പിച്ച് നിര്‍ത്താനും പ്രവാചകന് സാധിച്ചിരുന്നു.'സയഅതീ സമാനുന്‍ അലാ ഉമ്മത്തീ' (എന്റെ സമൂഹത്തിന് ഒരുകാലം വരാനുണ്ട് )എന്ന രൂപത്തില്‍ ഒരുപാട് പ്രവചനങ്ങള്‍ പ്രവാചകന്‍ നടത്തിയതായി നമുക്ക് കാണാം.അതില്‍ ശുഭപ്രതീക്ഷകളോടൊപ്പം,മുന്നറിയിപ്പുകളും വന്നിട്ടുണ്ടെങ്കിലും സന്‍‌ആ മുതല്‍ ഹദറമൗത് വരെ ഒരു പെണ്‍കുട്ടിക്ക് തനിച്ച് സഞ്ചരിക്കാന്‍ സാധിക്കുന്ന കാലത്തെകുറിച്ചും,ജൂത സമൂഹത്തിന്റെ അധ:പതനത്തെകുറിച്ചും,ഇസ്ലാമിന്റെ അതിജയത്തെകുറിച്ചുമൊക്കെ പ്രവാചകന്‍ പറഞ്ഞ് വെച്ചിട്ടുണ്ട്.അല്ലാഹുവില്‍ നിന്നുള്ള ദിവ്യബോധനം അതിന്റെ പിന്നിലുണ്ടായിരുന്നെങ്കില്‍ പോലും സുന്ദര സ്വപ്നങ്ങള്‍ കാണാനുള്ള ഒരു പ്രചോദനം അത് വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ട്.
വ്യക്തി ജീവിതത്തില്‍ , വരാനിരിക്കുന്ന കാലത്തെകുറിച്ചും,മക്കളുടെ ഭാവിയെ കുറിച്ചും,ജോലിയിലെ പുരോഗതിയെ കുറിച്ചുമൊക്കെ സ്വപ്നം കാണുകയും,പണിയെടുക്കുകയും, ത്യാഗങ്ങളനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് എന്തുകോണ്ടാണ് തന്റെ വിശ്വാസ സംഹിതയെ കുറിച്ച് അങ്ങനെ ഒരു സ്വപ്നം കണാന്‍ പോലും സാധിക്കാത്തത് ? അതിന്റെ പേരില്‍ വരാനിരിക്കുന്ന വെല്ലുവിളികളേയും, എതിര്‍പ്പുകളേയും ആര്‍ജവത്തോടെ നേരിടുമെന്ന് തീരുമാനിക്കാന്‍ സാധിക്കാത്തത്..? ഇസ്ലാം ലോകത്തിനുമുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കണ്ട് ഹര്‍ഷപുളകിതരാകാന്‍ കൊതിക്കാത്തത്...?
ചുരുക്കത്തില്‍ , സന്നദ്ധതയാണ് വിഷയം.ലക്ഷ്യം വെച്ചാല്‍ അതിലേക്കുള്ള പ്രവര്‍ത്തനം നിര്‍ബന്ധമാണ്.ലക്ഷ്യബോധമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യമാണ്.ശുഭ പ്രതീക്ഷകളില്ലാത്ത സ്വപ്നങ്ങള്‍ പേകിനാവുകളും.ലക്ഷ്യം പോലെതന്നെ അതിലേക്കുള്ള മാര്‍ഗവും പരമപ്രധാനമാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനമാര്‍ഗം രചനാത്മകമായിരിക്കുമെന്നും,മനം മാറ്റത്തിലൂടെ വ്യവസ്ഥാമാറ്റം എന്നതാണ് അതിന്റെ നിലപാടെന്നതും നേരത്തെ പ്രഖ്യാപിക്കപ്പെട്ടതാണ്.അത് കോണ്ടുതന്നെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ഈ ദീന്‍ സംസ്ഥാപിക്കപ്പെടുന്ന ഒരു സുന്ദര ദിവസത്തെ സ്വപ്നം കാണുന്നു,ആ ദിനം കണ്‍കുളിര്‍ക്കെ കാണാന്‍ കരളുരുകി പ്രാര്‍ത്ഥിക്കുന്നു,ആ സ്വപ്ന സാഫല്യത്തിനുവേണ്ടി പണിയെടുക്കുന്നു. അതെ,അത് പുലരുകതന്നെചെയ്യും;അല്ലാഹുവിന്റെ വാഗ്ദാനമാണത്."അവര്‍ അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനുദ്ധേശിക്കുന്നു;അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും,സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും ശരി"(വിശുദ്ധ ഖുര്‍‌ആന്‍ )

1 അഭിപ്രായങ്ങള്‍:

anas m m പറഞ്ഞു... മറുപടി

vayattil onniladhikam kallukal kettivechu varuthiyude varachattiyil kidannu vevumpozhum samrajyathangalude pathanangale kurichu pravachikkan ISLAMIKA Prasthanathinte asayadarsangalude ruchi-saundaryangal thiricharinjavarkke sadhikoo.Islamika prasthanangal "thottalum" ISLAM vijayikkm, theercha.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....