നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ജൂലൈ 10, 2011

റമദാന്‍ സമാഗതമാവുകയായി....

എന്താണ് റമദാന്‍ ....ഒരുമാസം മുഴുവന്‍ നോമ്പനുഷ്ടിക്കുന്നതിലൂടെ ഇസ്ലാം ലക്ഷ്യമാക്കുന്നതെന്ത്.... അറിയേണ്ടവര്‍ക്കുവേണ്ടി ചെറിയരൂപത്തില്‍ .....

ഹിജ്റ മാസത്തിലെ ഒമ്പതാം മാസമാണ് റമദാന്‍. പ്രസ്തുത മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. വ്രതനാളുകളില്‍ വിശ്വാസികള്‍ പ്രഭാതത്തിന് മുമ്പ് അത്താഴം കഴിച്ചാല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നു. ലോകര്‍ ആരുമറിയില്ലെങ്കിലും ഒരു വറ്റോ ഒരു തുള്ളി വെള്ളമോ വയറ്റിലേക്കിറങ്ങിപോകാതിരിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നു. ദൈവം എല്ലാം കാണുകയും അറിയുകയും ചെയ്യുമെന്ന വിശ്വാസവും ബോധവുമാണ് ഇതിനുകാരണം. ഇത് നേടിയെടുക്കലാണ് റമദാനിലെ വ്രതാനുഷ്ഠാനത്തിന്റെ മുഖ്യലക്ഷ്യം.അല്ലാഹു പറയുന്നു: വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെതന്നെ. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍. (ഖുര്‍ആന്‍ 2:183)


തന്റെ വികാരവിചാരങ്ങളും വാചാകര്‍മങ്ങളുമെല്ലാം അല്ലാഹു കാണുകയും കേള്‍ക്കുകയും കാണുകയും ചെയ്യുമെന്ന ബോധം സദാ സജീവമായി നിലനിര്‍ത്താനുള്ള ശക്തമായ പരിശീലനമാണ് നോമ്പിലൂടെ നേടിയെടുക്കേണ്ടത്. ഇവ്വിധം ചെയ്യുന്നവര്‍ വന്‍ പാപങ്ങളുടെ കുഴിയില്‍ വീഴുകയില്ലെന്നും വിശുദ്ധജീവിതത്തിന്റെ ഉടമകളായിത്തീരുമെന്നുറച്ച് ജീവിതവിശുദ്ധിക്ക് വഴിയൊരുക്കുമെന്ന് പറയാനുള്ള കാരണവും ഇതുതന്നെ.
നോമ്പുകാരന്‍ കഠിനമായ ദാഹമുണ്ടായിട്ടും കൈയെത്താവുന്ന ദൂരത്തുള്ള വെള്ളം കുടിക്കുന്നില്ല. എന്നല്ല, അതിശക്തമായ വിശപ്പുണ്ടെങ്കിലും ആഹാരത്തിലേക്ക് കണ്ണയക്കുകപോലുമില്ല. പകലിലെ നോമ്പിന്റെയും മറ്റു ജോലികളുടെയും കടുത്ത ക്ഷീണമുണ്ടായിട്ടും രാത്രിയില്‍ ദീര്‍ഘമായി നിന്ന് നമസ്കരിക്കുന്നു. ഇങ്ങനെ നോമ്പ് ശാരീരികേഛകളെ നിയന്ത്രിക്കാനും ജന്തുസഹജമായ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാനും മാനുഷികതയെ വളര്‍ത്തിക്കൊണ്ടുവരാനും അതുവഴി സംസ്കാരസമ്പന്നനാകാനും കരുത്തേകുന്നു.
നാവിനെ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ മഹാ ഭാഗ്യവാന്‍മാരാണ്. നോമ്പ് അതിനുള്ള പരിശീലനം നല്‍കുന്നു. നോമ്പുകാരന്‍ മറ്റുള്ളവരില്‍ നിന്ന് എത്ര രൂക്ഷമായ ആക്ഷേപമോ ശകാരമോ കേട്ടാലും കോപിക്കുകയോ മറുത്തുപറയുകയോ ചെയ്യരുതെന്ന് പ്രവാചകന്‍ കല്‍പിച്ചിരിക്കുന്നു. ഞാന്‍ നോമ്പുകാരനാണെന്ന് മാത്രം പറഞ്ഞ് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. നാവിനെ നിയന്ത്രിക്കാതെ വ്യാജം പറയുന്നത് നോമ്പിനെ പാഴാക്കുമെന്ന് താക്കീതു ചെയ്തിട്ടുമുണ്ട്. ഇതനുസരിക്കാത്തവരുടെ നോമ്പ് ജീവനില്ലാത്ത കേവലാചാരം മാത്രമത്രെ.
നാമൊക്കെ സദാ എന്റെ കൈ,എന്റെ കാല്‍,എന്റെ കണ്ണ്,എന്റെ കാത് എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ സൂക്ഷ്മാര്‍ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. നമ്മുടേതാണെങ്കില്‍ അവയ്ക്ക് രോഗമോ അവശതയോ മരണമോ ബാധിക്കുകയില്ല. അതിനാല്‍ നമ്മുടെ ശരീരികാവയവങ്ങളും ജീവനും ജീവിതവുമെല്ലാം അല്ലാഹുവിന്റേതാണ്. അവനാണല്ലോ അവയെല്ലാം അവനുദ്ദേശിച്ചവിധം സൃഷ്ടിച്ചത്. അതിനാല്‍ നമ്മുടെ മേലുള്ള ഉടമാവകാശം അല്ലാഹുവിനാണ്. ഉപയോഗാനുമതിയേ നമുക്കുള്ളു. അതും അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം. ഈ ബോധം വളര്‍ത്തുന്നതിലും നിലനിര്‍ത്തുന്നതിലും നോമ്പ് വലിയ പങ്ക് വഹിക്കുന്നു. അല്ലാഹു ആഹാരം കഴിക്കാനാവശ്യപ്പെട്ടതനുസരിച്ച് പതിവുശീലത്തിനു വിരുദ്ധമായിട്ടും പുലര്‍ച്ചക്കു മുമ്പെ തിന്നുകയും കുടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച് വിശപ്പും ദാഹവും സഹിക്കുന്നു. അങ്ങനെ തന്റെ ശരീരം സ്വന്തം താല്‍പര്യത്തിനനുസരിച്ച് ഉപയോഗിക്കാനുള്ളതല്ലെന്നും അതിന്റെ ദാതാവായ ദൈവത്തിന്റെ വിധിവിലക്കുകള്‍ക്കനുസരിച്ച് മാത്രം വിനിയോഗിക്കാനുള്ളതാണെന്നും സ്വന്തത്തെ ശക്തമായി ബോധ്യപ്പെടുത്തുന്നു.
ഖുര്‍ആന്‍ അവതരണം ആരംഭിച്ച മാസമായതിനാലാണ് റമദാനില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പട്ടത്. ഇത് ഖുര്‍ആനുമായി നോമ്പുകാരെ കൂടുതല്‍ അടുപ്പിക്കുന്നു. അതിനാലാണ് മറ്റേതുകാലത്തേക്കാളുമേറെ റമദാനില്‍ അതിന്റെ പാരായണത്തിനും പഠനത്തിനും താല്‍പര്യം കാണിക്കുന്നത്. ഇത് വിശ്വാസികളെ പാശ്ചാത്താപത്തിനും പാപമോചന പ്രാര്‍ഥനകള്‍ക്കും ദൈവകീര്‍ത്തനങ്ങള്‍ക്കും പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
നാം ജീവിക്കുന്ന ലോകത്ത് പാവപ്പെട്ടവരും പണക്കാരുമുണ്ട്. സാധാരണഗതിയില്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും വിശപ്പോ ദാഹമോ അനുഭവിക്കാതെ കഴിഞ്ഞുകൂടാന്‍ സാധിക്കുന്ന കോടിക്കണക്കിനു മനുഷ്യരുണ്ട്. എന്നാല്‍ റമദാനില്‍ അവരും മറ്റുള്ളവരെപ്പോലെ പതിനാലും പതിനഞ്ചും മണിക്കൂര്‍ വിശപ്പും ദാഹവും അനുഭവിക്കേണ്ടിവരുന്നു. നീണ്ട ഒരു മാസക്കാലം ഈ അവസ്ഥ തുടരുകയും ചെയ്യുന്നു. ലോകത്തെങ്ങുമുള്ള നൂറുകോടിയിലേറെ മനുഷ്യര്‍ മുപ്പതുനാള്‍ ഇവ്വിധം ഒരേ ജീവിതരീതി പങ്കിടുകയെന്നത് അത്യത്ഭുതകരവും അതോടൊപ്പം അതിമഹത്തരവുമത്രെ. മറ്റൊരു ജനവിഭാഗത്തിലും ഇതിനു തുല്ല്യത കണ്ടെത്താനാവില്ല.
സമ്പന്നരും ദരിദ്രരെപ്പോലെ വിശപ്പും ദാഹവും അനുഭവിക്കുന്നതിനാല്‍ അവര്‍ കൂടുതല്‍ ഉദാരരായി മാറുന്നു. കഷ്ടപ്പെടുന്നവരോട് കൂടുതല്‍ കാരുണ്യവും ദയയും സഹാനുഭൂതിയുമുള്ളവരായിത്തീരുന്നു. റമദാന്‍ ദാനധര്‍മങ്ങളുടെ മാസമാകാനുള്ള കാരണവും ഇതുതന്നെ.
റമദാന്‍ കൂട്ടായ്മയുടെ കാലമാണ്. സാമാന്യം സാമ്പത്തിക ശേഷിയുള്ളവരെല്ലാം കൂട്ടുകാരെയും കുടുംബക്കാരെയും ക്ഷണിച്ചുവരുത്തി നോമ്പ് തുറപ്പിക്കുന്നു. സല്‍ക്കരിക്കുന്നു. സംഘടിത നമസ്കാരത്തിന് പള്ളിയിലെത്താന്‍ മറ്റേത് കാലത്തേക്കാളും ജാഗ്രത പുലര്‍ത്തുന്നു. രാത്രി നമസ്കാരത്തിന് സ്ത്രീകളും കുട്ടികളും വരെ പള്ളിയില്‍ ഒരുമിച്ച് കൂടുന്നു. ഇങ്ങനെ റമദാന്‍ സ്നേഹപൂര്‍വമായ കൂട്ടായ്മകള്‍ക്ക് വഴിയൊരുക്കുന്നു. ബന്ധവും സൌഹൃദവും ഊട്ടിയുറപ്പിക്കുന്നു. സംഘബോധത്തോടെയും ഒരുമയോടെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ റമദാനിലെ നോമ്പ് വിശ്വാസികളെ ഭക്തരും ശക്തരുമാക്കുന്നു. വിശുദ്ധരും വിനീതരുമാക്കുന്നു. കാരുണ്യവാന്‍മാരും ഉദാരരുമാക്കുന്നു. ത്യാഗശീലരും സമര്‍പ്പണസന്നദ്ധരുമാക്കുന്നു. സാമൂഹികബോധവും സമത്വവികാരമുള്ളവരുമാക്കുന്നു. തുടര്‍ജീവിതത്തിലും അത് തികവോടെ നിലനില്‍ക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേനോമ്പ് അര്‍ഥ പൂര്‍ണവും ഫലപ്രദവും പരലോകത്ത് പ്രതിഫലാര്‍ഹമായിത്തീരുകയുള്ളു.


ഈ വിഷയത്തില്‍ സുന്ദരമായ പ്രഭാഷണം ഇവിടെ കേള്‍ക്കാം 

2 അഭിപ്രായങ്ങള്‍:

ANSAR NILMBUR പറഞ്ഞു... മറുപടി

very good and useful description....

സബിത അനീസ്‌ പറഞ്ഞു... മറുപടി

റമളാന്‍ ഇങ്ങടുത്തെത്തി നില്‍ക്കുന്ന ഈ സമയത്ത് ........വളരെ ഉചിതം....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....