നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ഞായറാഴ്‌ച, ജൂൺ 12, 2011

മനുഷ്യകുലത്തിന്റെ പ്രവാചകന്‍


വിവിധ പ്രദേശങ്ങളിലും പ്രത്യേക സമുദായങ്ങളിലുമായിട്ടായിരുന്നു ആദ്യകാലങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിച്ചിരുന്നത്. മനുഷ്യകുലത്തിന്റെ പിതാവായ ആദം തന്നെയായിരുന്നു പ്രഥമ പ്രവാചകന്‍. പില്‍കാലത്ത് വിവിധ സ്ഥലങ്ങളില്‍ ആദമിന്റെ സന്തതികള്‍ വ്യാപിച്ചതോടെ ദൈവിക സന്ദേശത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വിസ്മൃതമാവുകയും അതില്‍ നിന്ന് അവര്‍ വ്യതിചലിക്കുകയും ചെയ്തു. അപ്പോള്‍ അവരെ അടിസ്ഥാന സന്ദേശത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പുതിയ പ്രാവാചകന്‍മാരെ ദൈവം നിയോഗിച്ചുകൊണ്ടിരുന്നു. ലോകം ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്തതിനാല്‍ ആ പ്രവാചകന്‍മാരുടെ ശിക്ഷണങ്ങള്‍ സ്വസമുദായത്തിലും സ്വന്തം ദേശത്തും ഒതുങ്ങുന്നതായിരുന്നു. സത്യമാര്‍ഗത്തില്‍ നിന്നുള്ള ഓരോ ജനതയുടെയും വ്യതിചലനവും വ്യത്യസ്തമായിരുന്നു. ആഗോളതലത്തിലുള്ള ഒരു സന്ദേശവാഹകന്റെ ആഗമനം അന്ന് പ്രായോഗികമോ പ്രസക്തമോ ആയിരുന്നില്ല.


പിന്നീട് മനുഷ്യസമൂഹം ശൈശവഘട്ടം തരണംചെയ്തു കൂടുതല്‍ പുരോഗതി പ്രാപിച്ചുതുടങ്ങി. കപ്പല്‍ സഞ്ചാരം വഴിയും വ്യാപാരസംഘങ്ങളിലൂടെയും വിദൂരദേശങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടുതുടങ്ങി. ഈ ഘട്ടത്തിലാണ് അറേബ്യയിലെ മക്കയില്‍ മുഴുവന്‍ മാനവ സഞ്ചയത്തിനുമായി മുഹമ്മദ് നബിയെ ദൈവം നിയോഗിക്കുന്നത്. ആഗതാനാകുന്നത്. ഭൂമിശാസ്ത്രപരമായി അറേബ്യ ഭൂഖണ്ഡങ്ങളുടെ ഏതാണ്ട് മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രവാചകന്‍മാരുടെ കുലപതിയായി അറിയപ്പെടുന്ന ഇബ്റാഹീം (അബ്റഹാം) പ്രവാചകന്റെ പാരമ്പര്യത്തിലുള്ളവരായിരുന്നു അറേബ്യന്‍ നിവാസികള്‍. ഇബ്റാഹീമിന്റെ പുത്രന്‍ ഇസ്ഹാഖിന്റെ താവഴിയാലുള്ളവരാണ് ഇസ്രായീല്യരെങ്കില്‍ ഇസ്മാഈലി(യിശ്മയേല്‍)ന്റെ പിന്‍തലമുറക്കാരാണ് അറേബ്യന്‍ നിവാസികള്‍. എന്നാല്‍ അവര്‍ പിതാവായ ഇബ്റാഹീം നബിയുടെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചുപോയിരുന്നു. ഏകദൈവാരാധനക്കായി ഇബ്റാഹീം പ്രവാചകന്‍ നിര്‍മിച്ച കഅ്ബാലയത്തില്‍ പോലും ബിംബങ്ങളെ പ്രതിഷ്ഠിച്ചു പൂജിച്ചിരുന്നു അവര്‍. മദ്യപാനം, ചൂതുകളി,വ്യഭിചാരം എന്നീ അധാര്‍മികതകളും കവര്‍ചയും കൊലയും ലഹളയും സര്‍വവ്യപകവുമായിരുന്നു. എങ്കിലും സ്വാതന്ത്യ്രബോധവും അഭിമാനബോധവും ധൈര്യവും അവരുടെ ഗുണങ്ങളായിരുന്നു. അക്കാലത്തെ സാമ്രാജ്യശക്തികളായിരുന്നു റോമയും പേര്‍ഷ്യയും. ലോകത്തിന്റെ പലഭാഗങ്ങളും അവരുടെ കീഴിലായിരുന്നെങ്കിലും അറേബ്യന്‍ ജനത അവരുടെ അധികാരത്തിന് കീഴടങ്ങിയിരുന്നില്ല. അതിനാല്‍ അവരെ സംസ്കരിക്കുകയാണെങ്കില്‍ ലോകത്തെ മുഴുവന്‍ ഉദ്ധരിക്കാനുള്ള പ്രാപ്തി അവര്‍ക്കുണ്ടായിരുന്നു.

ഈ പശ്ചാതലത്തിലാണ് മുഹമ്മദ് നബി അവര്‍ക്കിടയില്‍ 40 ാംവയസ്സില്‍ പ്രാവാചകനായി ആഗതനാകുന്നത്. പ്രവാചകത്വത്തിന്റെ മുമ്പും അദ്ദേഹത്തിന്റെ ജീവിതം വളരെ പരിശുദ്ധവും സത്യസന്ധവുമായിരുന്നു. വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന അല്‍അമീന്‍ എന്ന പേരിലായിരുന്നു അദ്ദേഹം സമൂഹത്തില്‍ അറിയപ്പെട്ടിരുന്നത്. ഭാരം വഹിക്കുന്നവര്‍ക്കും ദുഃഖിതര്‍ക്കും ദുര്‍ബലര്‍ക്കും, അനാഥനായി വളര്‍ന്ന അദ്ദേഹം എപ്പോഴം താങ്ങും തണലുമായി വര്‍ത്തിച്ചു. ആരാധനക്കര്‍ഹന്‍ ദൈവം മാത്രമാണെന്നും അവന്റെ കല്‍പനകള്‍ക്ക് വിധേയമായല്ലാതെ ഒരു സൃഷ്ടിയേയും അനുസരിക്കരുതെന്നും മനുഷ്യരെല്ലാം സമന്‍മാരാണെന്നും ഗോത്രമഹിമക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നുമുള്ള നബിയുടെ പ്രബോധനങ്ങള്‍ അദ്ദേഹത്തിന്റെ ജന്‍മനാടായ മക്കയിലെ പ്രമാണിവര്‍ഗത്തെ പ്രകോപിതരാക്കി. എങ്കിലും നിര്‍മലബുദ്ധികളായ ഉന്നതകുലജാതര്‍ക്കുപുറമെ അടിമകളടക്കമുള്ള സമൂഹത്തിലെ അടിത്തട്ടിലുള്ളവരും ധാരാളമായി അദ്ദേഹത്തെ പിന്‍പറ്റിതുടങ്ങി. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തെയും അനുയായികളെയും രാജ്യത്ത് നിന്ന് പുറത്താക്കിയെങ്കിലും മദീനയില്‍ ഒരു രാജ്യം കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ മുമ്പില്‍ ഒടുവിലവര്‍ അടിയറവ് പറഞ്ഞു. 23 കൊല്ലത്തിനിടയില്‍ സ്വന്തം സ്വഭാവവൈശിഷ്ട്യത്താല്‍ ബദ്ധവൈരികളെപ്പോലും അദ്ദേഹം ആത്മമിത്രങ്ങളാക്കുകയും ഒരു ജനതയെ സംസ്കാരസമ്പന്നമായ വിപ്ളവശക്തിയായി പരിവര്‍ത്തിപ്പിക്കുയും ചെയ്തു. 63 ാം വയസ്സില്‍ ഈലോകത്തോട് വിടപറയുമ്പോള്‍ താന്‍ നിര്‍വഹിച്ച് വന്ന ദൌത്യം അന്ത്യനാള്‍വരെ തുടരാന്‍ കഴിവുള്ള മഹത്തായ ഒരു സമൂഹത്തെ അദ്ദേഹം വളര്‍ത്തിയെടുത്തിരുന്നു.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....