നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല-വി:ഖുര്‍‌ആന്‍

ചൊവ്വാഴ്ച, ജൂൺ 07, 2011

ആരാണ് മതത്തെ കളവാക്കുന്നവന്‍ .......?


വിശുദ്ധ ഖുര്‍‌ആനിലൂടെ കണ്ണോടിക്കുമ്പോള്‍ ഏറെ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടനല്‍കുന്ന വാക്യങ്ങളിലൊന്നാണ് സൂറത്തുല്‍ മാഊനിലെ പ്രഥമ ആയത്തുകള്‍ "മതത്തെ കളവാക്കിയവനെ നീ കണ്ടുവോ...?അനാഥയെ ആട്ടിയകറ്റുന്നവനും,അഗതിയുടെ ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ അവന്‍...". അഥവാ നമസ്കരിക്കാത്തവനെ പോലെ,നോമ്പെടുക്കത്തവനെപോലെ,ദൈവ നിഷേധിയെ പോലെ ദീനിനെ കളവാക്കുന്നവനാണ് അനാഥകളേയും അഗതികളേയും പരിഗണിക്കാത്തവരും എന്ന് സാരം.ദീന്‍ എന്ന് പറയുന്നത് കേവലം പള്ളിമൂലകളില്‍ ഒതുങ്ങി നില്‍ക്കുന്നതാണെന്നും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളല്ല എന്നും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക കാലത്ത് ഇതിനേറെ പ്രാധാന്യമുണ്ട്.
"ഞാനും അനാഥയെ സം‌രക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇത് പോലെയായിരിക്കും"(തന്റെ രണ്ട് വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ച്) എന്ന് പറഞ്ഞ പ്രവാചക വചനം അനാഥ-അഗതി സം‌രക്ഷണത്തിന്റെ കൂടുതല്‍ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു.

മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തില്‍ ഏറ്റവും ചെറിയ ഘടകം കുടുംബമാണ്. ഭദ്രമായ കുടുംബമാണ് വ്യക്തികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത്. കുടുംബത്തിന്റെ കേന്ദ്രബിന്ദു മാതാപിതാക്കളാണ്.അവരുടെ സാന്നിധ്യവും സ്നേഹവും സംരംക്ഷണവുമാണ് കുട്ടികള്‍ക്ക് എന്നും എവിടെയും ആശ്വാസവും സമാധാനവും നല്‍കുന്നത്.
മനുഷ്യരൊഴിച്ചുള്ള ജീവികള്‍ക്ക് ശരീരവും ശാരീരികാവശ്യങ്ങളുമാണുള്ളത്. അതിനാല്‍,ശാരീരികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് പ്രാപ്തമാവും വരെയുള്ള സംരംക്ഷണമേ അവക്ക് ആവശ്യമുള്ളു. എന്നാല്‍ ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയും പക്വതയും നേടുന്നതുവരെ മാതാപിതാക്കളുടെ സാന്നിധ്യവും സംരംക്ഷണവും മനുഷ്യ മക്കള്‍ക്ക് അനിവാര്യമാണ്. വിദ്യാഭ്യാസവും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ജോലിയും വിവാഹവുമൊക്കെ ആവുന്നത് വരെ മക്കള്‍ ഇന്ന് മാതാപിതാക്കളുടെ സംരംക്ഷണത്തിലാണ്. ഈ സംരംക്ഷണം നഷ്ടപ്പെടുമ്പോള്‍ അവര്‍ ഏകാന്തതയും അരക്ഷിത ബോധവും അനുഭവിക്കുന്നു. അതിനാലാണ് മാതാപിതാക്കളോ അവരിലാരെങ്കിലുമോ നഷ്ടപ്പെട്ടവരെ നാം അനാഥരെന്ന് വിളിക്കുന്നത്. അത്തരക്കാര്‍ക്കാവശ്യം പരിലാളനയും പരിരക്ഷയുമാണ്.
അതുകൊണ്ട് തന്നെയാണ് ഇസ്ലാം അനാഥ സംരംക്ഷണത്തിന് വമ്പിച്ച പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്. ഇസ്ലാമിക വീക്ഷണത്തില്‍ അനാഥ സംരംക്ഷണം ഒരു ഔദാര്യമല്ല,നിര്‍ബന്ധ ബാധ്യതയാണ്. അനാഥയെ അവഗണിക്കുന്നതും സംരംക്ഷിക്കാതിരിക്കുന്നതും മതനിഷേധമാണെന്നാണ് ഖുര്‍ആന്‍ സൂക്തം അതാണ് നമ്മെ പഠിപ്പിക്കുന്നത്.അനാഥയെ ആദരിക്കണമെന്നും അര്‍ഹമായ അംഗീകാരം നല്‍കണമെന്നും അതാവശ്യപ്പെടുന്നു.

അനാഥക്ക് മനോവേദനയുണ്ടാക്കുന്ന ഒന്നും സംഭവിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. അതുകൊണ്ടു തന്നെ അനാഥ ക്കുട്ടിയുടെ സാന്നിധ്യത്തില്‍ സ്വന്തം മക്കളെ ലാളിക്കുന്നതും ഓമനിക്കുന്നതും പ്രവാചകന്‍ വിലക്കിയിരിക്കുന്നു. അനാഥയെ തലോടലും സ്നേഹം പ്രകടിപ്പിക്കലും മഹത്തായ പുണ്യകര്‍മമാണെന്ന് അവിടുന്ന് വാക്കുകളിലൂടെയും പ്രായോഗിക മാതൃകകളിലൂടെയും പഠിപ്പിക്കുകയുണ്ടായി. അനാഥ സംരംക്ഷണത്തിന് മരണാനന്തര ജീവിതത്തില്‍ മഹത്തായ പ്രതിഫലമുണ്ടെന്നും പ്രവാചകന്‍ അറിയിച്ചിരിക്കുന്നു.
നരകത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരോട് അതിന്റെ കാരണമന്വേഷിക്കുന്ന ഒരു രംഗം ഖുര്‍‌ആന്‍ വര്‍ണ്ണിക്കുന്നുണ്ട്.."ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല,ഞങ്ങള്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നവരായിരുന്നില്ല" എന്ന അവരുടെ മറുപടി ആരേയും ചിന്തിപ്പിക്കേണ്ടതാണ്.അതോടൊപ്പം സ്വര്‍ഗം നേടണമെങ്കില്‍ ദുര്‍ഗമ മാര്‍ഗം മറികടക്കണമെന്ന് പറഞ്ഞിട്ട് പരിചയപ്പെടുത്തുന്നതും അഗതിക്കും അനാഥക്കും ഭക്ഷണം നല്‍കുന്നതാണ്.അത് കൊണ്ട്തന്നെ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ എന്ന ബോധം നമ്മെ നയിക്കേണ്ടതുണ്ട്. അവിടെ മത-ജാതി ചിന്തകള്‍ക്ക് സ്ഥാനമില്ല എന്നും തിരിച്ചറിയുക...
വാല്‍ക്കഷ്ണം:സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ എണ്ണാന്‍ വിസമ്മതിക്കുന്നവര്‍ ഇത്തരം ആയത്തുകളും ഹദീസുകളുമൊക്കെ ഒന്ന് കണ്ണ് തുറന്ന് വായിച്ചാല്‍ ചില വെളിച്ചങ്ങള്‍ ലഭിക്കാതിരിക്കില്ല.കൂട്ടത്തില്‍ ഉസ്മാന്‍ (റ)ന്റെ കാലത്തെ 'ബിഅ്റ് റൂമ'സംഭവത്തിന്റെയൊക്കെ ഇസ്ലാമികത കൂടി പഠനവിധേയമാക്കുക .എങ്കില്‍ സ്വയം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചില്ലെങ്കിലും ആ മാര്‍ഗത്തിലുള്ളവരെ പരിഹസിക്കുന്നതില്‍നിന്നെങ്കിലും വിട്ടു നില്‍ക്കാം.

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ പിന്തുണയാണെന്റെ ശക്തി.......അഭിപ്രായം രേഖപ്പെടുത്താതെ പോകരുതേ....